രാത്രിയൂണ്‌


 














അനിയത്തിക്ക് പൂവിന്റെ ചിത്രമുള്ള തളികയില്‍
ഒരിത്തിരി ചോറും കറിയുടെ കഷണങ്ങളും മാത്രം .
രണ്ടു കയ്യ് കൊണ്ടും ഒരു പോലെ കുഴച്ചു
കാക്കയ്ക്കും പൂച്ചയ്ക്കും അമ്പിളി മാമനും കൊടുത്ത്
കഥ പറഞ്ഞും അങ്ങനെ ..
(അമ്മ തന്നെ ഉരുളയാക്കി കൊടുത്താല്‍ സന്തോഷം..!! )

ഏട്ടന് വൃത്തിയാണ് പ്രധാനം , അഴുക്കിന്റെ
ഒരു പൊടിയെങ്കിലും കണ്ടാല്‍ പിന്നെ പാത്രങ്ങള്‍
മുറ്റത്തു നിന്നും പെറുക്കിയെടുക്കാം..
(ചായയില്‍ ഒരു കുഞ്ഞുറുമ്പുണ്ടായിരുന്ന അന്ന് കട്ടിലിനടിയില്‍ നിന്നാണ് ഗ്ലാസ്സിന്റെ
കഷണങ്ങള്‍ പെറുക്കിയെടുത്തത് ..!!)

അച്ഛന്  സ്വര്‍ണ കളറുള്ള കിണ്ണ ത്തിലാണ്  ഊണ്
വിളമ്പിയ ചോറിനെ, സ്കെയില് വെച്ച് അളന്നത് പോലെ
കൃത്യമായി പകുതിരിക്കും (മറ്റേ പകുതി അമ്മയ്ക്ക് )
ചോറ്  ഉണ്ണുമ്പോള്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ല
(മിണ്ടിയാല്‍ പിന്നെ ഈര്ക്കിലിയോ ചൂരലോ ആണ് തിരിച്ചു മിണ്ടുക..!! )

അച്ഛന്റെ പകുതി, ഏട്ടന്റെയും  അനിയത്തീടെയും ബാക്കി
കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ.
(അമ്മയിപ്പോഴും , എപ്പോഴും പാവം ..!)

ഏതേലും പാത്രത്തില്‍ വിളമ്പി  അടച്ചു വെച്ചിട്ടുണ്ടാകും
തിന്നു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളണം
തിന്നുന്നതിന് മുന്പ് കയ്യെങ്കിലും കഴുകിയാല്‍ നല്ലതെന്ന് അശരീരി ഉണ്ടാകാം.
(പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)


പിന്കുറിപ്പ് :

കപ്പ പറങ്കി പൊടിച്ച പച്ച മോരൊഴിച്ചു
മങ്ങണത്തില്‍ കുടിക്കുന്ന കുളുത്തിനു
നിന്റെ രുചി , മണവും ..!!






*കപ്പ പറങ്കി :  പച്ച (കാന്താരി )മുളക്
മങ്ങണം : മണ്ണ് കൊണ്ടുള്ള ഒരു തരം പാത്രം
കുളുത്ത് : പഴങ്കഞ്ഞി 



35 അഭിപ്രായങ്ങൾ:

  1. കപ്പ പറങ്കി പൊടിച്ച പച്ച മോരൊഴിച്ചു
    മങ്ങണത്തില്‍ കുടിക്കുന്ന കുളുത്തിനു
    നിന്റെ രുചി , മണവും ..!!

    മറുപടിഇല്ലാതാക്കൂ
  2. പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ;
    എന്റെ നിഴല് പോലും മിണ്ടില്ല
    മിണ്ടിയാല്‍ പിന്നെ ഈര്ക്കിലിയോ ചൂരലോ തിരിച്ചു മിണ്ടിയാലോ ?
    (എന്നാലും എപ്പോഴും പാവം അമ്മ ....
    അമ്മക്ക് രാത്രിയും പകലും ഒരു പോലെ )

    മറുപടിഇല്ലാതാക്കൂ
  3. അച്ഛന്റെ പകുതി, ഏട്ടന്റെയും അനിയത്തീടെയും ബാക്കി
    കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
    അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ.
    (അമ്മയിപ്പോഴും , എപ്പോഴും പാവം ..!)

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മ്മകളുടെ രുചി, മണവും!
    നന്നായി

    മറുപടിഇല്ലാതാക്കൂ
  5. (പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)
    തീവ്രവാദി ആണല്ലെ...?!

    മറുപടിഇല്ലാതാക്കൂ
  6. ആ ഇരുട്ടത്തെ ചോറിന്റെ രുചിപ്രപഞ്ചം എന്റെ രസനകളിലുമുണ്ട് ഉമേഷേ....ഓർമ്മ തന്നതിന് നന്ദി!
    http://valsananchampeedika.blogspot.com

    മറുപടിഇല്ലാതാക്കൂ
  7. കളിപ്പിച്ചു, സീരിയസ്സായി, വേദനിപ്പിച്ചു, ഒടുക്കം കൊതിപ്പിച്ചു. മൊത്തത്തില്‍ നന്നായി..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  8. നന്നായി അവതരിപിച്ചു .......
    ആശംസകള്‍ ........

    മറുപടിഇല്ലാതാക്കൂ
  9. നല്ലൊരു പോസ്റ്റ്‌. ആറ്റിക്കുറുക്കിയ വാക്കുകള്‍. നന്നായി.

    മറുപടിഇല്ലാതാക്കൂ
  10. ഹാവൂ ..പുതു വര്‍ഷത്തിനു പുതു
    പുത്തന്‍ പഴയ മണം....ഒരല്പം കഞ്ഞി,
    മോരും മുളകും കൂട്ടി കോരി കുടിച്ച
    സുഖം....

    പുലരി പ്രഭന്റെ മണ്ണിന്റെ മണമൂരുന്ന പോസ്റ്റ്‌
    വായിച്ചു കഴിഞ്ഞതെ ഉള്ളൂ....അതിന്റെ കൂടെ
    ഇതും....ആശംസകള്‍...പുതു വര്‍ഷത്തിന്റെയും കൂടി..

    മറുപടിഇല്ലാതാക്കൂ
  11. ഓര്‍മ്മകള്‍ എപ്പോഴും കൂടെ....

    പുതുവര്‍ഷാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. അപ്പോള്‍ അമ്മയ്ക്കാണ് കൂടുതല്‍ ,,അച്ഛന്റെ പകുതി യും പിന്നെ അനിയ്ത്തിയുടെയും ചേട്ടന്റെയും ബാക്കിയും .അപ്പോള്‍ ഏകദേശം ഫുള്‍ ,,അതോ ആ ചോറ് ആണോ അമ്മ കാത്തുവയ്ക്കുന്നത് ? മുന്‍ കവിതകളുടെ അത്ര ശക്തി പോരാ ..പിന്‍ കുറിപ്പും ..:)
    ഞാന്‍ ഉമേഷ്‌ ഫാന്‍ ആണ് കേട്ടോ നിരാശപ്പെടുത്തരുത് :)

    മറുപടിഇല്ലാതാക്കൂ
  13. ഉമേഷ് എന്റെ കൌമാരമെഴുതിയെന്നു തോന്നി. നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. ചിട്ടവട്ടങ്ങളോടെ ,വീട്ടിലുള്ളവരുടെ ശീലഗുണങ്ങളോടെ,അമ്മതൻ അനുഭവ വാത്സല്ല്യങ്ങളിലൂടെ തന്നെ ആ പഴയ നാട്ടുരുചികൾ വായിലെത്തിച്ചുവല്ലോ കൂട്ടുകാരാ നീ...

    മറുപടിഇല്ലാതാക്കൂ
  15. അസ്സലായി
    ചിത്രം കണ്ടപ്പോള്‍ വായില്‍ വെള്ളമൂറി. പ്രവാസികള്‍ക്ക് ഇത് അന്യമാനല്ലോ?

    മറുപടിഇല്ലാതാക്കൂ
  16. മനോഹരമായിരിക്കുന്നു, ഉമേഹ് ഭായ്. "അച്ഛന്റെ പകുതി, ഏട്ടന്റെയും അനിയത്തീടെയും ബാക്കി
    കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
    അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ". ഇതുതന്നെയായിരുന്നു പണ്ടത്തെ മിക്ക അമ്മമാരുടെയും ഗതി. പിന്നെ ഒരു സംശയം."രണ്ടു കയ്യ് കൊണ്ടും ഒരു പോലെ കുഴച്ചു" ഇങ്ങനെ രണ്ടു കൈ കൊണ്ടും ചോറ് കുഴയ്ക്കാറുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  17. മനംനിറച്ചൊരു അക്ഷരക്കൂട്ട്..!
    കഞ്ഞിപ്പടവുംകൂട്ടി...
    നന്മനിറഞ്ഞ നല്ലവര്‍ഷമാവട്ടേ വരുംവര്‍ഷമെന്ന് ,ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. ഈ ശീലങ്ങൾ കാണാത്തതുകൊണ്ടോ എന്തോ ...
    ഇന്നലെയുടെ അബദ്ധങ്ങൾ ഇന്നു ശീലമായ് തുടരണമെന്നില്ലല്ലോ . അവനവനു വേണ്ടുന്നത് അവനവൻ തന്നെ തിന്നണം ,അച്ഛനായാലും അമ്മയായാലും .
    ഓർമ്മകൾക്കെന്നും ആ കുളുത്തിന്റെ മണവും രുചിയുമുണ്ടാകുമല്ലോ ! പാതിരയ്ക്ക് കയറിവരുന്നവനു ഡിമാന്റുകളുണ്ടെങ്കിൽ പണിയാകും .തന്നത്താൻ ഉണ്ടാക്കി കഴിക്കേണ്ടി വരും !

    മറുപടിഇല്ലാതാക്കൂ
  19. സൂപ്പർഡാ.. കുളുത്ത് കുടിച്ച സുഖം.

    മറുപടിഇല്ലാതാക്കൂ
  20. (പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)

    വല്ലപ്പോഴും കയറി വരുന്നവനും...എന്നെ പോലെ...
    സംഗതി കൊള്ളാം...

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  21. ഏതേലും പാത്രത്തില്‍ വിളമ്പി അടച്ചു വെച്ചിട്ടുണ്ടാകും
    തിന്നു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളണം

    മറുപടിഇല്ലാതാക്കൂ
  22. ചില സത്യങ്ങള്‍ കവിതയായി തെളിയിച്ചു ,മനസ്സില്‍ തട്ടും വിധം.അഭിനന്ദിക്കാതെ വയ്യ.ഈ അര്‍ത്ഥവത്തായ കവിതകള്‍ വായിക്കാന്‍ ഇനിയും വരാം .

    മറുപടിഇല്ലാതാക്കൂ
  23. ഓര്‍മ്മകള്‍ മനോഹരമായി, ഉമേഷ്ജി...
    വരികളില്‍ തെളിയുന്ന ജീവിത ചിത്രം!
    പുതുവത്സരാശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  24. വീട്ടില്‍ നേരത്തും കാലത്തും പോയ്ക്കൂടെ?
    :)

    മറുപടിഇല്ലാതാക്കൂ
  25. നന്നായിട്ടുണ്ട്. അല്ലെങ്കിലും അമ്മമാര്‍ എന്നും പാവം തന്നെ.

    മറുപടിഇല്ലാതാക്കൂ
  26. ഉച്ചയ്ക്ക് സ്കൂള്‍ വിട്ടാല്‍ വീട്ടിലോരോട്റ്റ്‌ ഒരോട്ടമാണ്... ചോര്‍ ആയിട്ടുണ്ടാകില്ല.. കറിയും... ഉച്ചക്ക്‌ ശേഷം ക്ലാസില്‍ കയരേണ്ടവനും ഡിമാണ്ട് പാടില്ല... കുളുത്തും തലേന്നത്തെ മീന്ചാരും... വെറുതെ ആലോചിചിരുന്നാ മതി ഇപ്പോഴും വിശപ്പടക്കാന്‍....

    മറുപടിഇല്ലാതാക്കൂ
  27. പാതിരാത്രിയില്‍ കയറി വരുന്നവന്‍ വിപ്ലവകാരിയാണ്. അവനു ഉണ്ടാലും ഉണ്ടില്ലെങ്കിലും ഒന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  28. ഡിമന്റുകളില്ലാതെ വായ്ക്കു രുചിയായി കഴിച്ചു. നല്ല കവിത. സമയം കിട്ടുമ്പോള്‍ http://jasimsthattukada.blogspot.com/സന്ദര്‍ശിക്കുക.

    മറുപടിഇല്ലാതാക്കൂ
  29. ഇതൊരു കവിത എന്നതിനപ്പുരത്തെക്ക് ബാല്യത്തില്‍ കണ്ട ജീവിത സത്യമാണ്

    മറുപടിഇല്ലാതാക്കൂ
  30. ഗൃഹാതുരത്വം...
    ഒപ്പം ഇന്നിന്‍റെ രുചി...
    എല്ലാ അമ്മമാരും ഒന്നുപോലാണ്...

    മറുപടിഇല്ലാതാക്കൂ
  31. വീട്ടിലെ ഓരോരുത്തരുടെ സ്വഭാവങ്ങളിലൂടെ ഒന്നോടിപ്പോയി. നല്ല വരികൾ. ആസ്വദിച്ചൂ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍