കവിതയാവാൻ വരി തികയാത്തവയിൽ ചിലത്

ജീവിതം 



  









തലയ്ക്ക്‌ തീപ്പിടിച്ച ഗുൽമോഹറിനു കീഴെ
ബസ്‌ കാത്തു നിൽക്കുന്ന തീക്കുട്ടീ...
ഇത്രയും ' കുത്തു' നോട്ടങ്ങളെ പ്രതിരോധിക്കാൻ
ഹോർലിക്സ്‌ വുമൻ പ്ലസിനാകില്ലെന്നുറപ്പുണ്ട്‌

നട്ടുച്ച പോലും തോറ്റു പോകുന്ന ജീവിത പൊള്ളലിൽ
തന്റേടത്തിന്റെ പാഠങ്ങളുടെ പ്രാക്റ്റിക്കലുകൾ...





ഒറ്റ


















അവസാനത്തെ, 


 

ഒറ്റ നക്ഷത്രത്തെയും
എറിഞ്ഞിട്ട
ഇരുട്ടാണു ജീവിതത്തിൽ..

ചുറ്റുമുണ്ടായിട്ടും കൂടെ ഇല്ലാത്ത
ചില്ലു കൂട്ടിനപ്പുറത്തെ ആൾക്കൂട്ടവും..!!



 കൂട്ട്‌
 


  


















 വേണം എനിക്കു നിന്നെ പോലൊരു കൂട്ട്‌...
ഇത്ര സാകൂതം എന്നെ കേൾക്കുവാൻ..

ഒരു ചക്രവാളം ഉയിർത്തു വരും നമുക്കു ചുറ്റും..

പുറം തിരക്കിനെ നിശ്വാസത്തിലൂടെ പറത്തി വിട്ട്‌
പരസ്പര പ്രേമത്തിന്റെ ഒരു ശ്വാസമായി
ഇരുവരുടെയും ഉള്ളിലേക്ക്‌... ഉള്ളിലേക്ക്‌..!!



കാത്തിരിപ്പ് 















ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ
എനിക്കുറപ്പുണ്ട്‌
ഇടിമിന്നലൊരുക്കി പെയ്യുന്ന
ഏതോ
ഓർമ്മയുടെ മഴ നനഞ്ഞ്‌
വിറച്ച്‌ ഇരിക്കുകയാണു
നീയെന്ന്..

മൗനത്തിന്റെ ഓരൊ മുറിയിലും
ആരൊക്കെയാണു നമ്മെ കാത്തിരിക്കുന്നത്‌..



 ഓർമ്മ

















കൈ ചേർത്തു പിടിച്ച, നിശബ്ദതയിൽ
എത്ര ഉത്തരങ്ങളാണു മുങ്ങി മരിച്ചത്‌..
നനഞ്ഞ മഴയുടെ അവസാനത്തെ തുള്ളിക്കു വരെ നിന്റെ മണം..




 പിന്കുറിപ്പ് :

'പറഞ്ഞു' പറ്റിച്ചതിനേക്കാൾ സങ്കടമാണു നീ
പറയാതെ പറ്റിച്ചപ്പോൾ..
 



ആമയും മുയലും

























പണ്ട്,
ഓട്ട മത്സരത്തിൽ തോറ്റ 
വെളുമ്പൻ മുയലിന്റെ കൊച്ചു  മകളും 
ജയിച്ച  കറുമ്പൻ ആമയുടെ കൊച്ചു മകനും 
ഇന്നലെ ടൌണിൽ വെച്ച്  കണ്ടുമുട്ടി. 

തോറ്റതിന്റെ  പക തീരാതെ മരിച്ച മുയലിന്റെയും 
ജയിച്ച ആഹ്ലാദത്തിൽ 
ഹാർട്ട് അറ്റാക്ക് വന്നു മരിച്ച ആമയുടെയും 
ആത്മാക്കളടക്കം കവലയിലെ സകലമാന പേരും 
കടകളിൽ നിന്നും പുറത്തിറങ്ങി നോക്കി ..

ന്യൂ ജനറേഷൻ പിള്ളേരുടെ പുതിയ മത്സരം എന്തായിരിക്കും ..?!!

ആഗോളവൽകരണം, അഴിമതി , രാസായുധം ...
മനസ്സിൽ പലതുമുണ്ടായിട്ടും 
മഞ്ഞ പല്ല് മൊത്തം പുറത്തു കാണത്തക്ക വിധം 
'വെളുക്കനെ ' ചിരിച്ച് അഞ്ചു തവണ  കൈ പിടിച്ച് 
കുലുക്കി രണ്ടു പേരും  എതിർദിശയിലേക്ക്  നീങ്ങി..


അല്ല മാഷേ.. ഇത്രേ ഉള്ളൂ.
നിങ്ങളോടാരാ കൂടുതൽ ആലോചിക്കാനൊക്കെ  പറഞ്ഞത് ?



പിന്കുറിപ്പ് :
നമുക്കിടയിൽ 
ഇത്രയും ഉറപ്പുള്ള ഒരു കണ്ണാടി മതിൽ 
ഉണ്ടായിരുന്നെന്ന് ഇന്നലെ 
തട്ടി വീണപ്പോഴാ അറിഞ്ഞത് ..
എന്തു നന്നായി കണ്ടതാണു നാം പരസ്പരം ..!!

തേങ്ങ























പൂവാകകൾ  ഗുൽമോഹറിലേക്ക്  പേര് മാറ്റിക്കൊണ്ട് 
ഗസറ്റ് വിജ്ഞാപനം നടത്തിയതിന്റെ തലേന്നാളാണ് 
ഞാനവനെ അവസാനമായി കണ്ടത് ...

കാവിമുണ്ട്‌ മടക്കി കുത്തി അരയിൽ അരിവാളിറക്കി 
പശുവിനരിഞ്ഞു വെച്ച പുല്ലു വലിച്ചു കയറ്റുകയായിരുന്നു 

കൂട്ടുകാരിയുടെ പേരിട്ടു വളർത്തിയ കയ്യാലപ്പുറത്തെ 
ചെമ്പരത്തി ആട് കടിക്കാതെ നോക്കണമെന്നാണ് 
അവസാനം പറഞ്ഞത് ..

അമ്മേടെ കെട്ടുതാലി വിറ്റു നാടുവിട്ടവൻ 
മുതലാളിയായി തിരിച്ചു വന്ന് 
കതകിൽ  മുട്ടി ചിരിച്ചു നിൽക്കുന്നത് 
സ്വപ്നം കണ്ടു ഞെട്ടിയെണീറ്റിട്ടുണ്ട് പല തവണ 

' ആടുജീവിതം ' വായിച്ചതിനു ശേഷമാണ് 
അവനെപറ്റി ആധി കൂടിയത്..
വെള്ളപ്പൊക്കത്തിന്റെ  പേരു പറഞ്ഞ് കുപ്പായം 
ചോദിക്കാൻ വന്ന ആസാമീ  ചെറുപ്പക്കാരന് 
അവന്റെ ഛായ ഉണ്ടെന്നു വരെ  തോന്നീട്ടുണ്ട് 


കഴിഞ്ഞ ആഴ്ച രക്തസാക്ഷി ദിനാചരണത്തിന് 
പോയപ്പോഴാണ് അവനെ വീണ്ടും കണ്ടത് 
മൂന്ന് പശുക്കളും തൂമ്പയും അരിവാളും കയ്യാലപ്പുറത്തെ 
ആ പഴയ പെണ്ണും കൂടെയുണ്ട്.. 
ജീവിതത്തെ മുഖത്തു കാണാമെങ്കിലും 
സുഖം തന്നെ സഖേ.. എന്ന മറുപടിയും..

അല്ലെങ്കിലും  സാധാരണക്കാരന്റെ ജീവിതത്തിലൊന്നും 
ഒരു " തേങ്ങയും"  സംഭവിക്കാറില്ല ന്നേ ...


പിന്കുറിപ്പ് :

വാക്കുകളുടെ ഒരു  കടൽപ്പാലം 
പണിതു വെച്ചിട്ടുണ്ട് 
എനിക്കറിയാം 
ഓർമ്മകളുടെ കടലിൽ 
പിടിവള്ളികളില്ലാതെ 
തുഴയുകയായിരിക്കും 
നീയെന്ന് ..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍