എന്നിട്ടും ബാക്കിയാകുന്നത്


 














നാളത്തെ നാലു മണിയുടെ കൂട്ട ബെല്ലോടു കൂടി
എന്തൊക്കെയാണു ഇവിടെ അവശേഷിക്കാൻ പോകുന്നത്‌..

കഞ്ഞിപ്പുരയുടെ തേക്കാത്ത ചുവരിൽ
കളർ ചോക്കു കൊണ്ടെഴുതി വെച്ച എന്റെയും നിന്റെയും പേരു.
വയറു കീറിയ ഡസ്റ്റർ, നാരായണൻ മാഷ്ക്ക്‌ ഉന്നം തെറ്റിയ ചോക്കു കഷണങ്ങൾ,
ഒരു കാലൊടിഞ്ഞിട്ടും ചുമരും ചാരി നിൽക്കുന്ന
സ്കൂളിനോളം പഴക്കമുള്ള ബ്ലാക്ക്‌ ബോർഡ്‌...

കോപ്പിയടിക്കാൻ ബെഞ്ചിലെഴുതിവെച്ച
കണക്കിലെ സമവാക്യങ്ങൾ
സാമൂഹ്യത്തിലെ കൊല്ലങ്ങൾ, സയൻസിലെ കോശങ്ങൾ...

ഓരോ ഇങ്ക്വിലാബിലും ചുരുൾ നിവർത്തി ആവേശത്തോടെ പാറുന്ന ശുഭ്ര പതാക
മനസ്സിലെ വിപ്ലവത്തെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റിയ സ്വന്തം നോട്ടീസ്‌ ബോർഡ്‌..

ഏറ്റവും ഒടുവിൽ
വാക്കുകൾ തെറ്റിയെഴുതി നീ കീറിയെറിഞ്ഞ
എന്റെ ഓട്ടോഗ്രാഫിലെ കുന്നിക്കുരുവിന്റെ ചിത്രമുള്ള നടുപ്പേജ്‌..

അങ്ങനെയങ്ങനെ...

ഓർമ്മകളുടെ നീളൻ വരാന്ത നിറയെ
നിന്നിലേക്കെത്താൻ മറന്നിട്ട
വളപ്പൊട്ടുകളുടെ കിലുക്കം..
പിന്കുറിപ്പ് :

നട്ടുച്ചയുടെ ഇരുട്ടിലേക്ക്‌ 
കണ്ണു തുറന്നപ്പോൾ 
മുന്നിലെ കളത്തിലൊരു 
"ഒറ്റ മൈന.. " 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍