യാത്രാബലൂണുകൾ

















ഇനിയൊരിക്കലും തമ്മിൽ കണ്ടുമുട്ടാത്ത ഉയരത്തിലെ,
സ്വപ്നത്തിലേക്കെന്നുറച്ച്‌
നീയിറങ്ങുന്നു.
എത്രകാലം ജീവനൂതി വീർപ്പിച്ച്‌ വച്ചതാണ്‌
നിന്റെ യാത്രാബലൂണുകൾ..


ആകാശം 

നട്ടുച്ചയുടെ പകലിൽ സൂര്യനെ മായ്ച്‌ ഇരുട്ടു വരക്കുന്നു.
മഞ്ഞു കാലം തീരും മുന്നേ മഴയാർത്തു പെയ്യുന്നു...
ഓരോ നിറങ്ങളും ഓരോ ജീവിതമെത്രെ,
വരച്ചും മാറ്റി വരച്ചും 
എന്റെ ആകാശമിങ്ങനെ..!

മഴ 

വേരിറങ്ങിയ മണ്ണ്‌
പാതിയുമൊലിച്ചു പോയിട്ടും
തലയുയർത്തി നിൽക്കുന്ന മരങ്ങൾ..!
നഗ്നമാക്കപ്പെട്ട വേരുകൾ
ഓർമ്മകളുടെ മരം പെയ്ത്തു നനയുന്നു.. !

യാത്ര 

അരികുപറ്റി മാറി
എത്ര ശ്രദ്ധിച്ച്‌ നിന്നാലും ജീവിതത്തെ
കീറി മുറിച്ച്‌ പാഞ്ഞു പോകുന്നു നീ

നക്ഷത്രങ്ങൾ

ഈയിരുട്ടിലെ ഏകാന്തതയെ
ഊതിവീർപ്പിച്ചതാണെന്റെ നക്ഷത്രങ്ങൾ.
ഓരോ അനക്കത്തിലും തികട്ടുന്നുണ്ടിപ്പോഴും
ഒറ്റയുടെ പുളിപ്പ്‌..!

പൊള്ളൽ 
എരിഞ്ഞു തീർന്നിട്ടും
ചുട്ടു പൊള്ളിക്കുന്നുണ്ട്‌
കനൽ നോക്കി നിന്ന
കല്ലു കഷണങ്ങൾ.

വാക്കറ്റം :
ഏതുപകലിലാരുപേക്ഷിച്ച്‌ പോയി
ഞാനൊറ്റയായെങ്കിലും
ഈയിരുളിലേകാന്തത വാരിപുണരുന്നു പ്രേമത്താൽ

ഇരുട്ടല്ല, നീയിറങ്ങിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുന്ന വെളിച്ചമാണ്‌ ശൂന്യത.

























നീയുപേക്ഷിച്ച്‌ പോയിടങ്ങളിൽ നിന്നും 
എന്നെ പരതിയെടുക്കുന്നു. 
ഏറെയും തകർന്ന് പോയിരിക്കുന്നു.. 
ഇനിയെന്നെങ്കിലും വിരിഞ്ഞു കിട്ടുന്ന 
പുതിയ ആകാശത്തിലേക്കായി 
നക്ഷത്രങ്ങളെയും ചന്ദ്രനെയും സൗരയൂഥത്തെയും 
എടുത്തു വെക്കുന്നു. 
ഇരുട്ടല്ല, നീയിറങ്ങിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുന്ന 

വെളിച്ചമാണ്‌ ശൂന്യത. 


ഓർമ്മ 

പെരുമഴ നനഞ്ഞിട്ടും
 വേനലിൽ ചിരിച്ച്‌ നിൽക്കുന്നു പുതുനാമ്പുകൾ.. 
മരം പെയ്ത്തിൽ നനഞ്ഞ്‌ 
തണലിൽ വളർന്നൊരു 
വള്ളിച്ചെടിയെ ഓർത്തു പോകുന്നു
ആൺ മരം


ഉണക്കം 

നീ പിഴുതെറിഞ്ഞിട്ടും 
വേരുകൾ 
വിരൽ നീട്ടി 
ആകാശം തൊടുന്നു. 
മുറിവുകൾക്കൊപ്പമുണങ്ങി 
തീർന്നു പോകുന്നു..



ജീവിതം !

മുറിച്ചെടുത്ത്
സ്വന്തമാക്കാൻ തുനിയുമ്പോൾ
നീയൊളിച്ചു വെച്ചതിൽ തട്ടി
തകർന്നു പോകുന്ന
ജീവിതം !



ലിറ്റ്മസ്‌ പേപ്പർ

ഒരിക്കലും ചേരാത്ത
ഇരു നിറങ്ങളിൽ നമ്മളെന്ന്,
ചെമ്പരത്തി ചോപ്പുരച്ച
പ്രണയത്തിന്റെ ലിറ്റ്മസ്‌ പേപ്പർ !!




വാക്കറ്റം :
നിലാവ്‌ മറച്ച നക്ഷത്രങ്ങൾ

ഏറെയരികിലായിരുന്നെന്നും
അതിനാലാകണം ഇതുവരെയും
കാണാതെ പോയതും




ലക്ഷ്യം













ഇഴഞ്ഞെത്തും മുൻപേ
എരിഞ്ഞടങ്ങുന്ന ലക്ഷ്യം
പൊരുതിയിട്ടും തോറ്റു പോകുന്നവർ


കടലോളം സ്നേഹമെന്നാണ്‌

കളിയായി ചോദിക്കുമ്പോൾ പറഞ്ഞതത്രയും
കടലോളം സ്നേഹമെന്നാണ്‌,
വേലിയിറക്ക നേരത്ത്‌ അകന്ന് പോയെന്ന് കരുതി
തിരിച്ച്‌ തിരിച്ചു നടക്കുന്നു..
തിരിഞ്ഞു നോക്കിയാൽ കാണാം
പിറകിലൊരു പ്രളയം ആർത്തിരമ്പുന്നു.
കണ്ടിട്ടും കാണാതെ മുന്നോട്ട്‌ മുന്നോട്ട്‌..!!

തീർന്നു പോകുന്നു നീ.

നീ മുറിച്ചിടം, 
അതേ മുറിവിലൂടൊഴുകി
തീർന്നു പോകുന്നു നീ..




ആകാശം നിറയെ നക്ഷത്രങ്ങൾ

ഏറെ നീണ്ടുപോയൊരു സ്വപ്നത്തിന്റെ അവസാനത്തിലായിരിക്കണം മുറിഞ്ഞു പോയത്‌,
കണ്ണുകളിലേക്ക്‌ മെല്ലെ മെല്ലെ
കാഴ്ചകൾ തിരികെയെത്തുന്നു.
ഇനിയും വെളുത്തിട്ടില്ല,
ആകാശം നിറയെ നക്ഷത്രങ്ങൾ..


ജീവിതത്തിലേക്കുള്ള വഴിക്കണക്കുകൾ

കണക്ക്‌ ബുക്കിലെ പേജുകളായിരുന്നു പറത്തി വിട്ടതത്രയും.
കടലാസ്‌ വിമാനങ്ങളിലെ ചിറകിലൊളിച്ചു പോകുന്നു,
ജീവിതത്തിലേക്കുള്ള വഴിക്കണക്കുകൾ..!



വാക്കറ്റം :

മഴ ബാക്കി വച്ച തുള്ളികൾ
ഓർമ്മകളുടെ തണുപ്പ്
മുറിഞ്ഞ്‌ വീണിട്ടും ഓർമ്മ നനഞ്ഞ്‌ തളിർത്തു പോകുന്നു

ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌



















ഓർക്കാപ്പുറത്തല്ല പെയ്തതെങ്കിലും,
ചിതറിയോടി മാറി നിന്നതാണ്‌.
മഴ തോർന്ന് നടക്കാൻ തുടങ്ങുമ്പോൾ
നനഞ്ഞ മണ്ണിലെന്റെ കാൽപാടുകൾ മാത്രം..

ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌..




യാത്ര 

നീണ്ട കാലം കരഞ്ഞ്‌ കരഞ്ഞ്‌ ,
നീ തീർത്തൊരു കടല്‌ ; 
പാതിപോലും നീന്തിയെത്താതെ 
കിതച്ചു പോകുന്നു ഞാൻ.
പുഞ്ചിരിയോടെ പുതിയ കരയിലെ 
ആകാശത്തിലേക്ക്‌ ചിറക്‌ വീശുന്നു നീ.. !



രണ്ടിടങ്ങളിൽ 

ശ്വാസം നിലച്ചെന്ന്
ഏതാണ്ടുറപ്പിക്കുന്നു.
ഔപചാരികതയുടെ പ്രഖ്യാപനങ്ങൾക്ക്‌ കാതോർക്കുകയാണ്‌,
നീണ്ടകാലം നമ്മുടേതായിരുന്ന
ഇടങ്ങളെല്ലാം പകുത്തു നൽകുന്നു.
വെച്ചു മാറിയതെല്ലാം തിരിച്ചെടുക്കുന്നു.
രണ്ടിടങ്ങളിൽ ചെവിയോർത്തിരിക്കുന്നു..!!




കെട്ടി മേയ്ക്കുന്ന പശു

ശ്രദ്ധിക്കാൻ മറന്നതാവണം,
കയറിത്തിരി നീണ്ടതാണെങ്കിലും
നീയും കെട്ടി മേയ്ക്കുന്ന പശു തന്നെ
ദ്രവിച്ചിട്ടും പൊട്ടാത്തൊരു കയറിൽ 
ഭൂതകാലത്തിലെന്നോ കെട്ടിയ കുറ്റിക്ക്‌ ചുറ്റും...

നിന്റെ കുത്തിവരകൾ

വേലിയിറക്കത്തിന്റെ നേരത്തായിരിക്കണം
നമ്മൾ കണ്ട്‌ മുട്ടുന്നത്‌
ജീവിതത്തിലേക്കെന്ന് നാമമർത്തി വരച്ച പേരുകളാണ്‌
നിന്റെയോർമ്മകളുടെ തിരമാലകൾ മായ്ച്‌ കളഞ്ഞത്‌
ഏറെ മുകളിലിപ്പോഴും മായാതെ കിടപ്പുണ്ട്‌
ഭൂത കാലത്തിലെ നിന്റെ കുത്തിവരകൾ

വാക്കറ്റം :

മുറിഞ്ഞ്‌ വീണിട്ടും
നെഞ്ചിൽ കുഴിച്ചിട്ട്‌
പ്രണയമൊഴിക്കുന്നു..
വളർന്നൊരു കാട്‌ പൂക്കുന്നത്‌
കനവിലുണ്ട്‌..


മഷിത്തണ്ടിന്റെ കൂട്ടുകാര്‍