തകർച്ച

തകർച്ച 



















തകർന്നു പോയെങ്കിലും
ആഴത്തിലെ നിശബ്ദതയിൽ
ഇടയ്ക്കൊന്ന് മിടിച്ച്‌ പോകുന്നുണ്ട്‌
നിന്റെയോർമ്മകളിൽ..




മരണം 


























ഞെട്ടിയെണീക്കുകയോ 
കുത്തി പൊട്ടിക്കുകയോ ചെയ്യാമായിരുന്നിട്ടും
ഊതി വീർപ്പിച്ച സ്വപ്നങ്ങളുടെ 
നൂലിലാണ്‌ കെട്ടി തൂങ്ങി ചത്തത്‌.




കാൻവാസ്‌ 


നമ്മുടെ ചിത്രങ്ങൾക്ക്‌ 
നിറം പകരാനുള്ള 
കളർപ്പെൻസിലുകളാണല്ലോ
ആദ്യം മുനയൊടിഞ്ഞു തീർന്നത്‌.. 
എത്ര തഴുകിയിട്ടും മയപ്പെടാത്ത 
 പരുപരുത്ത കാൻവാസാണു നീ





അറിവ് 


നമ്മുടേതായിരുന്നൊരു ആകാശത്തിലെ
ലക്ഷ്യങ്ങളൊക്കെ മാഞ്ഞു തുടങ്ങിയിരികുന്നു,
വെളിച്ചമധികമായതിനാലാകണം
കണ്ടിട്ടും തമ്മിലറിയാതെ പോയത്
ഇരുട്ടാണെങ്കിൽ തൊട്ടറിഞ്ഞേനേ നാം.



ആ വെളുത്ത പൂവ്‌

വെയിലുദിച്ചാൽ മാഞ്ഞു പോകുന്ന
നിലാ വെട്ടം പോലെ 
നിന്റെ വാഗ്ദാനങ്ങൾ..
കാത്തിരുന്ന് പൊഴിഞ്ഞു പോകാനേ തരമുള്ളൂ 
ആ വെളുത്ത പൂവ്‌..



വാക്കറ്റം :


പ്രണയമേ
നിന്നോളം കാലമെടുത്ത്‌ നിറച്ചു വെച്ചിട്ടും
ഒരു വാക്കിൻ ചൂടിൽ
ഉരുകി തീർന്നു പോകുന്നു നീ..


നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ്‌ നാം

വര
















വരച്ച്‌ മുഴുമിപ്പിക്കും മുന്നേ
നിറങ്ങൾ തീർന്നു പോയത്‌ കൊണ്ട്‌
മുഴുവനാക്കാൻ കഴിയാതെ പോയ
ചിത്രങ്ങൾ പോലെ ചില ജീവിതങ്ങൾ
നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ്‌ നാം..



#Bu(we)dding

ഏറെ ശ്രദ്ധിച്ച്‌ ചേർത്തു വെച്ചത്‌
മുറിഞ്ഞു പോകാതിരിക്കാൻ ചേർത്തൊട്ടിച്ചത്‌
ഒരേ വേരിലൂടെ ജീവിതം വലിച്ചെടുത്തിട്ടും
രണ്ടുടലുകളായി ശിഖിരങ്ങളിൽ
വെ വ്വേ റെ ജീവിതം പൂക്കുന്നു.

 രേഖ

ചേർന്നിരുന്ന്
കൈത്തലം മടിയിൽ വിടർത്തി
കൈ രേഖകളിലൂടെ വിരലോടിക്കുന്നു
മുറിച്ച്‌ മുന്നേറുന്നൊരു രേഖയിൽ
ആകുലപ്പെട്ട്‌ മുഖമുയർത്തുന്നു
കണ്ണുകളിൽ നോക്കി
ചുണ്ടിൽ ചുണ്ടു ചേർക്കുന്നൊരുറപ്പിൽ
 മാഞ്ഞു പോകുന്നു
കൈത്തലത്തിലെ അന്ധ വിശ്വാസ രേഖകൾ


മണം

സ്വപ്നത്തിലായിരുന്നിരിക്കണം, 
ആഴത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ
മുറിയിലാകെ നിന്റെ മണം നിറഞ്ഞിരിക്കുന്നു
ഓർത്തെടുക്കാനാവുന്നേയില്ല
നിന്റെ മുഖം, സ്വരം...
ഓർമ്മയുടെ ഏതു ഉൾഫലകങ്ങളിലാണ്‌
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത
നിന്റെ മണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്‌..




വാക്കറ്റം :

എത്ര ശ്രദ്ധിച്ചാലും വരയ്ക്കപ്പുറത്തേക്ക്‌
ചാടുന്ന ദീർഘാക്ഷരങ്ങൾ
കൊണ്ടാകണം,
ജീവിതത്തിന്റെ കോപ്പി ബുക്കിലേക്ക്‌ നിന്റെ പേര്‌ വരച്ചിട്ടത്‌

മഷിത്തണ്ടിന്റെ കൂട്ടുകാര്‍