വിരുദ്ധം

ഒറ്റ












ചെറു വിടവിലൂടെ
ഇറങ്ങിപ്പോയാലും
നാലുകാലിൽ നിലം തൊട്ടാലും
'ഒറ്റ' കുരുക്കിൽ തളച്ചിടപ്പെട്ടവൻ



വിരുദ്ധം 

രണ്ട്‌ ധ്രുവങ്ങളിൽ നിന്നും മനസ്സു കൊണ്ട്‌
പരസ്പരം മിണ്ടുന്നു
ഏകാന്തത അസ്വസ്ഥമാക്കിയ ദിനങ്ങളിൽ
ഓടിപ്പോകാനിടമില്ലാതെ കരഞ്ഞു തീർത്ത 
ദിവസങ്ങളെ പങ്കു വെക്കുന്നു
ഒരേ ചരടിൽ പരസ്പരം ബന്ധിക്കുന്നതിന്റെ
 ഉറപ്പിനെ പറ്റി സങ്കടപ്പെടുന്നു
കാത്തിരുന്ന് തുരുമ്പെടുക്കുന്ന വാക്കിന്റെ വിശ്വാസത്തെ ഓർമ്മിപ്പിക്കുന്നു
അസ്തമിക്കാത്ത പകലുകളുടെ ലോകം
ഇരുളിന്റെ മറ്റേ അറ്റം
പ്രണയമലകൾ ഉരുകി പ്രളയത്തിൽ
അപ്രത്യക്ഷമാകുന്നു നാം
കണ്ടു മുട്ടാനാകാതെ
ഇരു കരകളിൽ വീശുന്ന കാറ്റിൽ
നെടുവീർപ്പിന്റെ ഹുങ്കാരം





വാക്കറ്റം: 

പിരിഞ്ഞു നീയിറങ്ങിയ വഴിയാണ്‌ മുന്നിൽ 
സ്വന്തം നിഴലു മാത്രം ബാക്കി വെച്ച്‌ 
പിറകിൽ ഭൂമിയസ്തമിക്കുന്നു

കാത്തിരിപ്പ്





അനങ്ങാതിരുന്നാലും തുള്ളികളുറ്റി കലങ്ങിതന്നെയിരിക്കുന്നു,
വറ്റി തീരും വരെ ജീവിതം..!!
നീരൊഴുക്കു നിലക്കും മുന്നേ ഒഴുക്കിലേക്കെത്തണം
നീ വരുമെന്നെത്ര കാലം തങ്ങി തടഞ്ഞു 
കാത്തിരിക്കും ?

മുറിവുണക്കത്തിന്റെ ഒറ്റമൂലി


വേനലിലെ ഇലകൊഴിച്ചലല്ലായിരുന്നു,
പണ്ടേക്കുപണ്ടേ വേരുണങ്ങിയിരിക്കണം,
അല്ലെങ്കിലിത്ര പെട്ടെന്നെങ്ങനെ
മുറിഞ്ഞു പോകാനാണ്‌..
നിന്റെയോർമ്മകളുടെ
കുഴിയാനക്കുഴിക്ക്‌ പുറത്താണ്‌
മുറിവുണക്കത്തിന്റെ ഒറ്റമൂലി..

നിലച്ചു പോയ ഒഴുക്ക് 

കാത്തിരുന്ന് ശ്വാസം മുട്ടിയപ്പോഴാണ്‌
ജീവിതത്തിലേക്കെടുത്ത്‌ ചാടുന്നത്‌
മെലിഞ്ഞുണങ്ങിയ പുഴയിലെ
നിലച്ചു പോയ ഒഴുക്കിലേക്ക്‌..



വാക്കറ്റം : 
മുറിഞ്ഞു പോയെന്നറിഞ്ഞിട്ടും
നീ നിറഞ്ഞ ഇടങ്ങളിലേക്കെത്തി നോക്കുന്നു ഓർമ്മകൾ
ഞാനിരുന്ന തണലു മാഞ്ഞ്‌ വെയിൽ വെളിച്ചത്തിന്റെ തിളക്കം

മഷിത്തണ്ടിന്റെ കൂട്ടുകാര്‍