കൊതി



















വരി മുറിച്ചെഴുതി
നാലു വരികളിൽ ഒതുക്കുന്ന
മാന്ത്രികത കാട്ടാമെന്നു
കടലിനെ കൊതിപ്പിക്കുന്നു
തെറിച്ചു പോയൊരു
കടൽച്ചീളിൽ
കവിയൊഴുകി പോകുന്നു


ഏകാന്തത

നീ വരച്ചയച്ച നിന്റെ ആകാശത്തെ
ഡൗണ്ലോഡ് ചെയ്തെടുക്കുന്നു.
അതിലെ ഒറ്റ നക്ഷത്രത്തിനു കീഴെ
നിനക്കൊപ്പം ഏകാന്തത പുതയ്ക്കുന്നു.


വഴി

ഓർമകളെ പറ്റിയല്ലാതെ
വർത്തമാനത്തെ പറ്റി എഴുതിക്കൂടെ
നിങ്ങൾക്ക് ?
വയറു നിറഞ്ഞിരിക്കുന്നയാൾക്ക്
വിശപ്പിനെ ഓർത്തെഴുതുകയല്ലാതെ
മറ്റെന്തു വഴിയാണ് !!


തീർച്ച

അത്രമേലടുത്തിരുന്നത് കൊണ്ടാണ്.
മറ്റൊന്നുമല്ല ,
കീറിപ്പോയ ആ കടലാസുകളിൽ
തന്നെയായിരിക്കും
നമ്മളെ
അടയാളപ്പെടുത്തിയിരിക്കുന്നത്, തീർച്ച.


അക്കരപ്പച്ച 

ഇരട്ട മുഖമുള്ളവരുടെ ലോകത്തിൽ
നിന്നു ഇറങ്ങി നടന്നിട്ടും
ചലനങ്ങളിൽ, ശരീരം കൊണ്ട് കളവു പറയുന്നവരുടെ
കടലും കടന്നിട്ടാണത്രേ
അക്കരപ്പച്ച 


പൊരുത്തം 

ആൾക്കൂട്ട ബഹളത്തിനിടയിലും
കൈവിട്ടു പോയ കുഞ്ഞിന്റെ വിളി തിരിച്ചറിയുന്ന 
അമ്മയുടെ മാന്ത്രികത പോലെ,
എത്രപേരു കണ്ടാലും
ആ 'ഒരാൾക്ക്' മാത്രം
മനസ്സിലാകുന്ന വാട്ട്‌സ്ആപ്പ്
സ്റ്റാറ്റസുകൾ !


വാക്കറ്റം :
ഇരുട്ട് നിലാവിനെ ചേർത്തു പിടിക്കുന്നതാണത്രേ സ്നേഹം
പകലിൽ മുഖം മൂടിയും അഭിനയവുമാണെന്ന്.

പകരം






















വളർത്തിയെടുത്തു,
വസന്തമാകുമ്പോഴേക്കും
മുറിച്ചു നട്ടു പുതിയ തോട്ടമുണ്ടാക്കുന്നവരോട്,

മുറിഞ്ഞു പോയ ആ ഒറ്റ ശിഖിരത്തിന്റെ സ്ഥാനത്ത്, 
നിറഞ്ഞു പെയ്യുന്ന മഴയ്ക്കു ശേഷം,
നൂറു മുകുളങ്ങൾ തീർത്താണ്‌
പ്രകൃതി പകരം ചോദിക്കുന്നത്..



പടർച്ച 


കൂട്ടത്തിലിരുന്നിട്ടല്ല,
ഇറങ്ങി നടന്നിട്ടു തന്നെയാണ്
നാടാകെ പടർന്നത്.



കാഴ്ച 

പുതിയ
ഉദയം വരെയെങ്കിലും 
മറഞ്ഞിരിക്കുമെന്നു കരുതിയതാണ്
നിലാവാസ്തമിക്കാത്ത രാത്രിയിൽ 
എന്തു മാഞ്ഞു പോകാനാണ് !



വേദന 

വെച്ചു നീട്ടുന്നത് ജീവിതമെന്ന
നിനവിലാണ് ചൂണ്ടലിൽ കൊത്തിയത്.
കരയിൽ,
ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞാണ് തിരിച്ചു വീണതും.
ചെകിള തുളഞ്ഞ വേദനയിൽ
ഓരോ ശ്വാസത്തിലും ഓർമകൾ തിന്നിങ്ങനെ..
വലിച്ചിട്ടപ്പോൾ മരിച്ചു പോയിരുന്നെങ്കിലെത്ര
നല്ലതായിരുന്നു.


യാത്ര 

നിറയെ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ
'നമ്മുടെ ' ലോകത്തിന്റെ കാഴ്ച്ച,
സ്വപനത്തിലേക്ക് കൊടുത്തയച്ചതിനെ പറ്റി നീ പറയുന്നു. നാളുകൾക്കിപ്പുറം
ഞാനേറ്റു വാങ്ങുമ്പോഴേക്കും
വെളിച്ചത്തിലേക്ക് നീ പറന്നുയർന്നെന്നും അറിയുന്നു.



വാക്കറ്റം :

ജീവിതമെന്ന് ഓർക്കുമ്പോഴേ 
മുകളിലേക്ക് നോക്കി പോകുന്നത്,
എണ്ണി തീരാൻ ബാക്കിയുള്ള 
നക്ഷത്രങ്ങൾ ആകാശത്തിലും ബാക്കിയുണ്ട് 
എന്നുള്ളതും കൊണ്ടാകണം.

പുതുനാമ്പ്














കാലവർഷത്തിനു ശേഷമെന്ന്
കാത്തുവെച്ചാലും വേനലിലെ ഒറ്റ മഴയ്ക്ക് ശേഷവും
കിളിർത്തു പോകും..
കാലമായിട്ടില്ലെന്നോർത്താലും
സ്നേഹ നനവുകളുടെ തൊട്ടു വിളിക്കലുകളിൽ



ഓർമകൾ

ഓരോ മഞ്ഞു വീഴ്ചയിലും
തണുത്തുറഞ്ഞു പോകുമെന്ന് കരുതും
ഏകാന്തതകളിൽ
ഓർമകൾ തിളച്ചു തൂവി
നിന്റെ ചിത്രം വരയ്ക്കും


നിന്റെ പേര് 

ഊതി വീർപ്പിച്ചൊരു ജീവിതം
തകർന്നു തീർന്നതിനെ
നിന്റെ പേരെന്ന
ഒറ്റ വാക്കു കൊണ്ടെഴുതി വെക്കുന്നു


ഓർമകൾ

ഏകാന്തതയ്ക്കെന്ത് പറ്റാനാണ് ?
എത്ര മെല്ലെ, ശ്രദ്ധിച്ചു മുന്നോട്ട് കാലമർത്തുമ്പോഴും,
ചരൽ കല്ലിൽ കരിയിലയെന്ന പോൽ
ഓർമകൾ പിറുപിറുക്കുന്നു.

മടി

മടി തിന്നു ചീർത്തതാണ്‌
അലസതയുടെ ആകാശത്തിൽ
ഒഴുകി നടക്കുന്നത്


വേദനയുടെ ഗ്രാഫ് 

മുറിവും ചോരയും കാണാം
ഞാനേറ്റ വേദനയോ ?
തെളിഞ്ഞു കാണുന്നത്
മുറിവുണങ്ങിയ പാടുകളല്ല
വേദനയുടെ ഗ്രാഫുകളാണ്. !


നമ്മളിടങ്ങളെ
കുഴിച്ചെടുത്ത് മാറ്റുകയാണ്
അകലെയല്ലാതെ 
ആർത്തലച്ച് കയറി വരാനൊരുങ്ങുകയാണ്
ഓർമകളുടെ ഒരു കടൽ

വാക്കറ്റം :

ആകാശത്തെ പറ്റിയെന്താ ?
ഒരുമിച്ചിരിക്കുമ്പോൾ നമ്മളെന്നു ചിരിച്ചെത്തുന്നവർ തന്നെയാണ്
ഒറ്റയ് ക്കാകുമ്പോൾ നോക്കി ചിരിക്കുന്നതും !



മഷിത്തണ്ടിന്റെ കൂട്ടുകാര്‍