തൊട്ടാവാടി










പിണങ്ങുമ്പോഴും

തൊട്ടാവാടിയിതളുകൾ

പോലെ ചേർന്നിരിക്കുന്നു.

ഒളിപ്പിച്ചു വെച്ച,

വേദനിപ്പിക്കുന്ന കൂർത്ത മുള്ളുകൾ

പുറത്തു കാട്ടുന്നു



ഓർമകളിങ്ങനെ


 ഇരുട്ടിലെ തിളക്കം

കനല്ലെന്ന് കരുതും.

ഏറെ നേരം കാത്തിരിക്കാതെ

ഓർമകളുടെ കരിയിലകൾ

കത്തി തീരുമെന്നും.

വെളിച്ചം വരുന്നത് വരെയും

ഓർമകളിങ്ങനെ സ്വർണ്ണ നിറത്തിൽ

മിന്നി തിളങ്ങുന്നതും

കണ്ട് ഉറങ്ങാതെ ഉണ്ണാതെ



കളഞ്ഞു പോയതിനെ


കണ്ണാടി കാണും വരെ

പരതി നടക്കാറുണ്ട്

മുഖത്ത് വെച്ചിരിക്കുന്ന

കണ്ണട

കൂടെയുള്ളതിനെ

മറന്ന് വെച്ച്

കളഞ്ഞു പോയതിനെ

ഓർത്തു കൊണ്ടേയിരിക്കും



കടൽ


ആദ്യത്തെ തിരയിൽ

തന്നെ മാഞ്ഞു പോകും

നീ വരച്ചിടുന്ന

മുറിവുകൾ, കുമ്പസാരങ്ങൾ

എത്രയാഴത്തിൽ മുറിച്ചാലും

സ്നേഹം കൊണ്ട്

ആകെ മൂടുന്ന

വേലിയേറ്റത്തിന് ശേഷം

ഒരു അടയാളം കൊണ്ട് പോലും

ഓർമ്മിപ്പിക്കില്ല, കടൽ..!



അവസാനത്തെ മുറിവെന്ന്


അവസാനത്തെ മുറിവെന്ന്

ആണയിടും,

വെളിച്ചം മുറിവുണക്കും,

തിരിച്ചു നടക്കുമ്പോൾ

ഒളിച്ചു വെച്ചതിൽ തട്ടി വീണ്

ചോര വാർന്ന് മരിക്കും



മണ്ണാങ്കട്ടയും കരിയിലയും


മണ്ണാങ്കട്ടയും കരിയിലയും പോലെ

പരസ്പരം ഉറപ്പും പുതപ്പുമെന്നാവർത്തിക്കും

പണ്ടെങ്ങോ കൊണ്ട വെയിലിന്റെ

ഓർമയിൽ ഇലത്തണലിൽ

പൊടിഞ്ഞു തുടങ്ങും



നിലാവ് 


പോകുന്നിടത്തൊക്കെ

കൂടെയുണ്ടാകും

നമുക്ക് വേണ്ടി പ്രകാശിക്കുന്നത്

എന്നൊക്കെ കരുതും

നിലാവിന്റെ കുളിർമ്മയെന്നൊക്കെ

കവിതയിൽ അടയാളപ്പെടുത്തും

വലിയ മറ്റൊന്നിനെ

നോക്കിയിരുന്ന്

തിളങ്ങുന്നതെന്ന്

മറ്റാരെങ്കിലും തിരുത്തും



വാക്കറ്റം :

വരച്ചു ചേർക്കപ്പെട്ടിട്ടില്ലാത്ത

അതിരുകളുണ്ട് ഓരോരുത്തരുടെ ആകാശത്തിനും.

നമ്മളെന്ന് ചേർത്ത് വെച്ചാലും മുകളിലൂടെ ഒന്നു പറന്ന് നോക്കണം

വാക്കേറ്റ് മുറിഞ്ഞു വീഴുന്നത് കാണാം




1 അഭിപ്രായം:

  1. വരച്ചു ചേർക്കപ്പെട്ടിട്ടില്ലാത്ത

    അതിരുകളുണ്ട് ഓരോരുത്തരുടെ ആകാശത്തിനും.

    നമ്മളെന്ന് ചേർത്ത് വെച്ചാലും മുകളിലൂടെ ഒന്നു പറന്ന് നോക്കണം

    വാക്കേറ്റ് മുറിഞ്ഞു വീഴുന്നത് കാണാം

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍