ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം





















 മഴ മാറിയിട്ടില്ലാത്ത 

ഓരോണക്കാലത്താവും 

മുന്നറിയിപ്പില്ലാതെ ഞാൻ മരിച്ചു പോവുക.

ബോഡി എത്രമണിക്ക് എടുക്കുമെന്ന്

പരസ്പരം ചോദിച്ച് അവരവരുടെ വീട്ടിൽ 

നിങ്ങളിരിക്കുമ്പോൾ

നിങ്ങൾക്ക് അപരിചിതരായ ചിലർ

കിട്ടാവുന്ന വാഹനങ്ങളിൽ ഓടിപ്പിടിച്ചെത്തും

ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നതിനാൽ

ഭൂതകാലത്തെ മുറികളിൽ പരതി

എനിക്ക് വേണ്ടി കഥകളുണ്ടാക്കും

നായകനായ ഞാൻ മരിച്ചു

 പോകേണ്ടവനെയല്ലെന്നു വരെ പ്രസ്താവിച്ചു കളയും

നന്നായറിയുന്ന ചിലർ മാത്രം 

അതു കേട്ട് ഉള്ളിൽ ചിരിക്കും.

ഓർമ്മകൾ പോലുമവശേഷിപ്പിക്കാതെ

മരിച്ചു പോകുന്നതിനെ പറ്റി

ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം,

അടുത്ത വർഷം 

ഈ കവിത ഫേസ്‌ബുക്ക്

 ഓര്മിപ്പിക്കുമ്പോൾ അവർ ഓർത്തെടുക്കും.


ഉണങ്ങിയ വേരിലും വസന്തം തൊടുന്ന മാന്ത്രിക നിമിഷങ്ങൾ.!


തണലെന്ന് 
മറ്റാരെങ്കിലും അടയാളപ്പെടുത്തുന്ന
നേരത്താവും ഇളവെയിലിൽ
ഉണങ്ങിപ്പൊടിയുന്നത്.
എന്നിട്ടും
ബാക്കിയാവുന്നതെങ്ങനെയെന്നറിയുമോ ?
ആർക്കുമറിയാത്ത
അവനവൻ നേരങ്ങളുണ്ട്,
ഉണങ്ങിയ വേരിലും
വസന്തം തൊടുന്ന
മാന്ത്രിക നിമിഷങ്ങൾ.!


വാക്കറ്റം 

അവസാനത്തെ  ബസ് മിസ്സായതല്ല, 
നിന്റടുത്തെത്താനുള്ള ആവേശത്താൽ 
ബസിനു വേഗം പോരാ തോന്നി 
ഇറങ്ങി നടന്നതാണെന്ന്.



മഴവില്ല്





 





എത്രയമർത്തി വരച്ചിട്ടും,

നിറം പിടിക്കാത്ത ജീവിതങ്ങൾ

മഴവില്ല് കാണുന്നു.

കവിതയിലൊരു വരി മാറ്റിവെച്ചതാണ്

മാഞ്ഞു പോകും മുൻപേ പകർത്തണം.


വീട് 

മഴയത്ത് വീട്ടിലേക്ക് നടന്നെത്തുന്നു.

ഓടാമ്പലില്ലാത്തത് കൊണ്ട് മാത്രം 

എനിക്ക് നേരെ കൊട്ടിയടക്കാൻ

പറ്റാത്ത വീടിന്റെ വാതിലെന്നത്

ആരുടെ നിസ്സഹായതയാണ് ?

ഉള്ളിൽ ജീവനിരിക്കുമ്പോഴുള്ള കരുതൽ,

പേമാരിയിലും

നിലം പൊത്താതെ നിവർന്നിരിക്കുന്ന

വീടിനെ നോക്കി പഠിക്കാം. 

നിസ്സഹായതയുടെ ചോദ്യങ്ങൾ ശബ്ദമില്ലാതെ ഉയരും,

ഉത്തരങ്ങൾ

അകം പുറം പെയ്യുന്ന മഴയിലൊളിക്കും. 

പുറത്തേക്കൊഴുകാതെ വീട് തടയും.


വിഷാദവും പൂച്ചയും 


എത്ര തവണ പുറത്താക്കി

വാതിലടച്ചാലും

പിന്നെയും വന്നു കുറുകുന്ന,

ഇരയെ കൊല്ലാതെ, തിന്നാതെ 

തട്ടി കളിക്കുന്ന,

വിഷാദത്തിനു പൂച്ചയുടെ ശരീരഭാഷയാണ്, 

വന്യതയെ അത്രമേൽ ഒളിപ്പിക്കുന്ന 

മറ്റൊരു മുഖവുമില്ല !


വാക്കറ്റം 

അറിഞ്ഞിട്ടു പോലുമുണ്ടാകില്ലവർ

വിശേഷം തിരക്കാനായി

ചോദിച്ച വാക്കുകളാണ്

എന്നെന്നേക്കുമായടച്ചിട്ട

പലയോർമകളുടെയും 

താക്കോലെന്ന്

അവനവന്റെ ആകാശത്തിലേക്കുള്ള വാതിലുകൾ














 തട്ടി നോക്കാത്തത് കൊണ്ട്

തുറക്കാതിരിക്കുന്ന

അവനവന്റെ 

ആകാശത്തിലേക്കുള്ള

വാതിലുകൾ

ഉത്തരത്തിലോ കക്ഷത്തിലോ

ഒന്നുമില്ലാതിരുന്നിട്ടും

ഓരോ തവണയും 

വന്നു തിരിച്ചു നടക്കുന്നു



മഴ.

വലിപ്പ ചെറുപ്പമില്ലാതെ

മുഖത്തെഴുത്തുകളെ

മായ്ച്ചു കളയുന്നു, മഴ. 

ചിരി വരച്ചു ചേർത്തവർ

കരഞ്ഞു തീരാത്തവർ

ചമയങ്ങളില്ലാതെ

നനഞ്ഞൊട്ടി വെളിപ്പെടുന്നു.

നീണ്ടകാലം എന്നത് എല്ലാ കാലത്തേക്കും എന്നല്ലല്ലോ



അധികമാർക്കും മനസ്സിലാകാനിടയില്ല.


ഓരോ അനക്കത്തെയും,

നിന്റേതെന്ന് നിനയ്ക്കും. 

ഉടനെ തന്നെ, 

നേരമായില്ലെന്ന് തിരുത്തും. 

കണ്ടുമുട്ടിയിട്ടേയില്ലാത്തൊരാളെ 

കൂടെ കൊണ്ട് നടക്കുന്നതിനെ 

അധികമാർക്കും മനസ്സിലാകാനിടയില്ല.



വേരുകളോട് ചോദിക്കണം


സ്വന്തം വഴി കണ്ടെത്തുന്നതിനു മുൻപേ

ഒരിടത്തു നിന്നു 

മറ്റൊരിടത്തേക്ക്

പറിച്ചു നടുന്ന മരങ്ങളുടെ

വേരുകളോട് ചോദിക്കണം

പറിച്ചു നടലിന്റെ 

വേദനകളെ പറ്റി.



കാത്തിരിപ്പിനൊടുവിൽ 


കാത്തിരിപ്പിനൊടുവിൽ 

കണ്ടുമുട്ടാതെ പോയാൽ 

അടയാള കല്ല്‌ വെക്കണമെന്നായിരുന്നു നിയമം. 

പല കുറി പെയ്തിട്ടും കുത്തിയൊലിച്ചിട്ടും

മഴ തൊട്ടു നോക്കിയിട്ടില്ല 

പണ്ടെങ്ങോ നീ വച്ചു പോയ അടയാളങ്ങളെ


പക വീട്ടുന്നതാകണം 


മറ്റൊരാൾക്ക് 

തേടി വരാൻ പറ്റാത്ത വിധമാണ് 

വഴികൾ മറഞ്ഞു പോകുന്നത്. 

നീണ്ട കാലം ചവിട്ടി മെതിച്ചതിന്റെ 

പക വീട്ടുന്നതാകണം 

അല്ലെങ്കിൽ ഇത്രപെട്ടെന്ന്‌

എങ്ങനെ വളരാനാണ് 

നാം നടന്ന വഴികളിലേക്കീ 

മുൾക്കാടുകൾ



വാക്കറ്റം  :

ഉണങ്ങാത്ത മുറിവുകളെ
കൂട്ടക്ഷരങ്ങളെന്നു അടയാളപ്പെടുത്തുന്നു.
എപ്പോഴേ പൂർത്തിയായതാണ്
മുറിവുകളുടെ അക്ഷരമാല. !

നിറങ്ങളുടെ ആൽബം

 











ലോകത്തെവിടെയും

കറുപ്പൊരിക്കലും,

ഒരു നിറം മാത്രമായിരുന്നിട്ടില്ല !


എത്രയാഴത്തിലേറ്റാലും, 

ഒരു മുറിവിന്റെ അടയാളത്തെ പോലും  സ്വന്തമാക്കാതെ, 

കൊണ്ടു നടക്കാതെ

കടൽ നീല !

ആകാശ നീല !!


മറ്റെല്ലാ തണലുകളുമുണങ്ങിയ

വേനലിൽ, 

പ്രണയം,  തണൽ വിരിക്കുന്ന 

ചുവപ്പെന്നു വാക  


കേവലമൊരു നിറമല്ല

മുറിച്ചിട്ടാലും

തളിർക്കുമെന്നൊരു

ജീവന്റെ ഉറപ്പാണ്

പച്ചയെന്ന് 

പ്രകൃതി


വാക്കറ്റം  :

വരണ്ടുണങ്ങിയ പാടത്ത്

ഒറ്റമഴ എഴുതിവെക്കുന്ന

പച്ചപ്പുകളെ കണ്ടിട്ടുണ്ടോ

കവിതയെന്നത്

കുട്ടിക്കളിയല്ല !


പഴയ പ്രണയം












 പഴയ  പ്രണയം 

ഫിലമെന്റ് ബൾബ് പോലെയാണ് 

കെട്ടു പോയതിനു ശേഷവും 

മഞ്ചാടി നിറച്ചും 

കളർ വെള്ളം നിറച്ചും

ഗപ്പിയെ വളർത്തിയും 

 കൗതുകത്തോടെ

താലോലിക്കുന്നു  ചിലർ



വെയില് കായുന്ന മരങ്ങൾ 


ഇലയഴിച്ചിട്ട് 

വെയില് 

കായുന്നു മരങ്ങൾ 

നീ കോറിയിട്ട 

മുറിവുകളെ 

എങ്ങനെയുണക്കാനാണ്

വേനൽ 




ഏകാന്തത


വഴി നീളെ ഒളിച്ചു വെച്ച, 

വീണാൽ സ്വയമടയുന്ന 

ചില്ലു കൂടിനെ 

ഏകാന്തതയെന്നു 

വിളിക്കുന്നു.

സ്വന്തം വീടെന്ന പോലെ 

എത്ര പരിചിതമാണ് ആ ഇടങ്ങൾ


വാക്കറ്റം  :

ഒറ്റമഴത്തണുപ്പിലെ പുതപ്പ്
നട്ടുച്ച വെയിലിലെ കാറ്റ്
അനുഭവിച്ചവർക്കറിയാം
ഏകാന്തത വേഷം മാറി വരുന്ന നേരങ്ങൾ

മാജിക്ക്
















 കൈകാലുകൾ കെട്ടി 

ഇരുമ്പു കൂട്ടിനകത്തിട്ടു വെള്ളത്തിലേക്കെറിഞ്ഞ മജീഷ്യൻ 

കാണികൾക്കിടയിൽ നിന്നും 

ചിരിച്ചു കൊണ്ട് കടന്നു വരുന്നു 


അതോക്കെ വെറും മാജിക്കല്ലേ 


ഒരിക്കലുമാവില്ലൊരാൾക്കും

അത്രവേഗം തിരിച്ചെത്താൻ, 

വിഷാദം കൊണ്ട് വരിഞ്ഞു

ജീവിതത്തിലേക്കെറിഞ്ഞാൽ

വിഷാദം പൂത്തൊരുവൻ 


ഏതു കാട്ടിലും  ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാനാകും 

വേനൽ തൊടുമ്പോൾ പൂവിടുന്ന ചുവപ്പിനെ 

എല്ലാ ആൾക്കൂട്ടത്തിലും 

ഒറ്റപ്പെട്ടു നിൽക്കുന്നുണ്ടാകും

വിഷാദം പൂത്തൊരുവൻ 


വെറുതെയിരിക്കുമ്പോൾ 


വെറുതെയിരിക്കുമ്പോൾ 

എത്ര വലുതാണ് നമ്മുടെ 

ആകാശം

പൂമ്പാറ്റക്കെണി കൊണ്ട് 

രാത്രിയിൽ നക്ഷത്രങ്ങളെ 

പിടിക്കാം 

വെയിലുദിക്കുമ്പോൾ 

അവ പൂച്ചട്ടിയിൽ 

പൂക്കളായി ചിരിക്കും


വാക്കറ്റം  :

ഇലകളെ നോക്കി പഠിക്കണം 

വളർച്ചയുടെ നിറഭേദങ്ങളത്രയും 

ഒറ്റച്ചോദ്യത്തിൽ ഒരു ചെടിയും പറയാറില്ല ഒന്നും 

വേദനകളെ പറ്റി

 









വേദനകളെ പറ്റി 

നീയെഴുതുമ്പോൾ

അക്ഷരങ്ങൾ പട്ടാള ക്യാമ്പിൽ നിന്നെന്ന

പോലെ വരിവരിയായി പേപ്പറിലേക്കിറങ്ങി പോകുന്നു.

ശസ്ത്രക്രിയ കത്തികളെ പോലെ വാക്കുകൾ

അത്ര സൂക്ഷ്മതയിൽ

വേണ്ട ആഴത്തിൽ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു. 

പൊട്ടിച്ചിരി എന്ന വാക്കിനരിക് കൊണ്ടു

 മുറിഞ്ഞത്  ഇനിയുമുണങ്ങാതെ പഴുത്തത്

ഉപയോഗിക്കാതെ തുരുമ്പിച്ചതിനാലത്രേ



പുതുമഴ നനയരുതെന്ന്


പുതുമഴ നനയരുതെന്ന്

ഒരു കുടയോ വീടോ 

വിളിച്ചു പറയും

അല്ലെങ്കിലും

ഓർമകളെ പറ്റി അവർക്കെന്തറിയാം 

നനഞ്ഞൊട്ടും

തണുത്ത് വിറക്കും

ദിവസങ്ങൾ നീളുന്ന

പനിയോ ചുമയോ തുമ്മലോ 

ശല്യപ്പെടുത്തും

എങ്കിലും 

ഓര്മകളിങ്ങനെ ആർത്തലച്ചു 

പെയ്യുമ്പോൾ

നനായതിരിക്കുവാതെങ്ങനെ


വാക്കറ്റം :


മുറിവേറ്റാലും

നിങ്ങൾ

തല്ലി കൊഴിക്കുന്നതല്ലാതെ

ഒരിലയും

ആത്മഹത്യ ചെയ്യാറില്ല. 

ജീവിതം

പറയുന്ന

ഇല നിറങ്ങൾ...


ഒറ്റയ്ക്കിരിക്കുമ്പോൾ




 









ഒറ്റയ്ക്കിരിക്കുമ്പോൾ

നമ്മൾ വെളിച്ചം തീർന്നു പോയ 

നക്ഷത്രങ്ങളാകുന്നു.

സ്നേഹവെളിച്ചം തെളിച്ചാരു വന്നാലും

മുറുകെ മുറുക്കെ ചേർത്തു പിടിക്കും.

വെള്ളത്തിൽ, 

മുങ്ങിത്താഴുന്നതിനു മുന്നേ എത്തിപ്പിടിക്കുന്ന

കച്ചിത്തുരുമ്പ് പോലെയാണത്. 

അതിൽ നിന്നും രക്ഷപ്പെട്ടു പോയൊരാൾ 

പറഞ്ഞ കഥകൾ കൊണ്ടാണ് നമുക്ക് ചുറ്റും വേലി കെട്ടുന്നത്. 

 ജീവനും കൊണ്ടൊരാൾ

 രക്ഷപ്പെട്ടു പോകും വഴിക്ക് തീർത്ത

കഥകളുടെ വേലി ആര് തകർക്കാനാണ്. 

വെറുതെയിരിക്കുമ്പോൾ ആകാശത്തേക്ക് നോക്കുക

നക്ഷത്രങ്ങളെക്കാൾ ഇരുട്ട് കൂടുതലെന്ന്‌ 

കാണുമ്പോൾ വെളിച്ചം നഷ്ടപ്പെട്ട നക്ഷത്രങ്ങളെയോർക്കുക



വാക്കറ്റം :

പ്രണയത്തിന്റെ

വരണ്ട വേനൽക്കാലം

അനുഭവിച്ചവർക്കറിയാം

കൊയ്ത പാടത്ത്

വെയില് കാണാതെ 

ഒളിച്ചു വെച്ചതൊക്കെയും

ഒരു മഴക്കൂറ്റിന്

മുളച്ചു പൊന്തുന്നതിനെ പറ്റി



വേനലല്ലേ








 #വേനലല്ലേ,

ആഴത്തിൽ
വേരു പിടിപ്പിച്ചിട്ടുണ്ട് വെയിൽ.
അവസാനത്തെ ദിനമെന്ന് കരുതി
വെറുതേയിരിക്കുന്നേയില്ല അവ

#വേനലല്ലേ,

അവസാനത്തെ തുള്ളിയും വലിച്ചെടുത്തു
ഉണക്കിയെടുക്കും
കരുതലാണ്
വരും നാളിലെന്നോ
മഴയിൽ അലിയിച്ചെടുക്കാൻ

#വേനലല്ലേ,

നീണ്ട ആഴത്തിൽ നിന്നും
കോരിയെടുത്ത് അയച്ചു തരുന്നതാണ്
നിനക്ക് തട്ടി തൂവാൻ
തെളി നീരോർമകൾ

#വേനലല്ലേ,

ഇതുവരെ വന്നിട്ടില്ലാത്ത
നിനക്ക്
അകലെ നിന്നേ
ഒറ്റ നോട്ടത്തിൽ വീട് മനസ്സിലാക്കാനാകണം
വേലിക്കൽ നിറയെ
പൂത്തു നില്പുണ്ട്
ചുവന്ന ചെമ്പരത്തി..

#വേനലല്ലേ,

വഴിയിൽ ഏറെ അകലെയല്ലാതെ
കാത്തിരിക്കുന്നതായി തോന്നും.
മരീചികയെ പറ്റി
പറഞ്ഞു പഠിപ്പിച്ചത്
എത്ര ശ്രമിച്ചാലും ഓർമയിലെത്താതെ
ഒളിച്ചിരിക്കും.

#വേനലല്ലേ,

കൊഴിഞ്ഞു പോകുന്ന ഓരോ ഇലയും
എന്റേത് എന്റേത് എന്നു ഓർത്തു കരയാതെ ഇരിക്കുന്നതിനാലാണ്
ഏതു പൊള്ളുന്ന വേനലും
അതിജീവിക്കാൻ പറ്റുന്നതെന്ന്
ഇലകൊഴിച്ചിട്ട മരങ്ങൾ പഠിപ്പിക്കുന്നു.

#വേനലല്ലേ,

വെയില് വെള്ളം കുടിക്കാൻ
പോകുന്ന പോലെ ഇടയ്ക്കിടെ
പാഞ്ഞു പോയെത്തി നോക്കും,
ആരും കാത്തിരിപ്പില്ലെന്നു
മുരിക്കിൻ പൂമണം നെഞ്ചേറ്റിയ
കാറ്റ് അപ്പോഴൊക്കെ ഓർമ്മിപ്പിക്കും.

#വേനലല്ലേ,

തണല് തേടി കിളികളൊക്കെ പറന്നു പോകും.

വെയിലേറ്റ് ഉണങ്ങാറൊന്നുമില്ലന്നെ
ഓർമ്മകളിൽ പൊള്ളിപ്പോകുന്നതാണ്.

ഒറ്റയാകുമ്പോഴെല്ലാം,
കൊഴിഞ്ഞു വീണ ഓർമകൾ
കാട്ടുതീയായി പടരും.

#വേനലല്ലേ,

ഓർമകൾ വറ്റുമ്പോൾ
വലിഞ്ഞു മുറുകി വിണ്ടു കീറിയതാണെന്നു തോന്നും.

മുന്നറിയിപ്പില്ലാതെ
നീ പെയ്താലും
ഏറ്റവുമുള്ളിലേക്ക്
ചേർത്തു വെക്കാൻ
പാകപ്പെടുന്നതാണ്. !

#വേനലല്ലേ,

പതിവു പോലെ
ഓര്മകളുരഞ്ഞു
പുകഞ്ഞു കത്തും.
കനലാകുന്നതിനു മുൻപ്
ഊതിക്കെടുത്താൻ വിട്ടതാണ്
ഊതിയൂതി ആളിക്കത്തിച്ചു, തിരിച്ചു വന്നു
തല കുനിച്ചിരിക്കുന്നു കാറ്റ്.

വാക്കറ്റം :

പെയ്യാൻ വൈകുന്നതല്ല. 

ഉണങ്ങിയ മുറിവുകളുടെ

അടയാളങ്ങളെ മായ്ച്ചു കളയാൻ

വേണ്ടുന്നത്രയും കരുതി വെക്കുന്നതാണ്,

വേനൽ !


മഷിത്തണ്ടിന്റെ കൂട്ടുകാര്‍