വഴികളെപ്പറ്റി

 

 

 

 

 

 


 

 

 

 

 

 

 

 

 

വഴികളെപ്പറ്റി
കൂടുതലൊന്നുമില്ല.
എല്ലാവരുമെഴുതിയത് വായിച്ച്,
തിരിഞ്ഞു നടക്കാനുള്ളതും കൂടിയാണെന്നതിനു 

അടിവരയിട്ട്
തിരിച്ചു നടക്കുന്നു !


വഴികാട്ടി

 
അവസാനത്തെ
 മിനുക്കു പണിയിൽ
തകർന്ന
ഒറ്റക്കൽ ശില്പങ്ങളെയും
ഒറ്റവാക്കിലെ ഉത്തരത്തിൽ
തോൽവിയിലേക്ക്
രേഖപ്പെടുത്തും.
അനുഭവ സമ്പത്തിന്റെ
പരീക്ഷയിൽ
ഒറ്റവഴി മാത്രമറിയുന്നവൻ
വഴികാട്ടിയാകും.

 

നിഷ്കളങ്കതയുടെ കുമ്പസാരങ്ങൾ.

ഒറ്റ മെസേജ്,
വാട്ട്സ്ആപ്പ് ഡിപി,
സ്റ്റാറ്റസ്.
മറ്റാർക്കും മനസ്സിലാവാതെ
ഒറ്റ നോട്ടത്തിൽ
വായിച്ചെടുക്കുന്നു,
നിഷ്കളങ്കതയുടെ
കുമ്പസാരങ്ങൾ.


നീ വന്ന ശേഷം തുടങ്ങാൻ


നീണ്ട കാലത്തിനപ്പുറം ഓർത്തെടുക്കാൻ പറ്റാത്ത,
കൂടെ നിൽക്കുന്ന ചില ഫോട്ടോ നിമിഷങ്ങളിൽ നിറയെ ചിരിച്ച്
അവനവന്റെ സങ്കടങ്ങളിലേക്ക് നടന്നു പോകുന്നു.
നിറഞ്ഞിരിക്കുന്നതത്രയും പിന്നത്തേക്ക് മാറ്റി വെച്ചതാണ്
നീ വന്ന ശേഷം തുടങ്ങാൻ. 


പ്രണയ നീരാളി


കറുത്ത ചിറകു വീശി
കഥകൾ പറന്നെത്തും മുമ്പ്,
ചേർത്തു പിടിക്കാൻ പോലും
പറ്റാത്ത കൈകൾ കൊണ്ട്
കടലാഴങ്ങളെ പകുത്തെടുക്കുന്നു
 പ്രണയ നീരാളി !


കീറിപ്പോവുക തന്നെ ചെയ്യും

ഏറെ സങ്കടപ്പെടുന്നൊരുവളെ,
വാക്കുകൾ കൊണ്ട് പൊതിഞ്ഞു കെട്ടി
തിരിച്ചയക്കും.
ചത്തു പോയതാണ് ഞാനെന്ന്,
ഉറക്കെ വിളിച്ചു പറയുമെങ്കിലും
വാക്ക് പതിയുന്ന ഏതു കടലാസിലാണ്
ജീവനുള്ള ഒരാളെ പൊതിഞ്ഞു കെട്ടാനാകുക ?
അവസാനത്തെ ശ്വാസമെടുക്കാനുള്ള
 വെപ്രാളത്തിലെങ്കിലും,
എല്ലാ പൊതിഞ്ഞു കെട്ടലുകളും,
കീറിപ്പോവുക തന്നെ ചെയ്യും.


വളർന്ന ശേഷം തിരിച്ചു കിട്ടുന്ന

 
വളർന്ന ശേഷം തിരിച്ചു കിട്ടുന്ന,
മുമ്പെങ്ങോ കളഞ്ഞുപോയ
ബാലപുസ്തകത്തിലെ
കുത്തുകളെ യോജിപ്പിക്കുന്നു.
നഷ്ടപ്പെട്ടുപോയ പണ്ടത്തെ
സന്തോഷങ്ങളെ രഹസ്യമായെങ്കിലും
ഓമനിക്കുന്നു.
കിളച്ചു ചെന്നാലറിയാം
ഓരോ പാറയ്ക്കുള്ളിലും ഒളിച്ചിരിക്കുന്ന
തെളിനീർ ഹൃദയം.

 

വാക്കറ്റം :

ഫോൺ കോൾ കട്ടു ചെയ്ത ശേഷം
വരകളില്ലാത്ത നോട്ട് പുസ്തകത്തിലേക്
പകർത്തുന്നു.
ഓർമയോളം പഴക്കമുള്ള
ആദ്യത്തെ ലഹരി !

അവനവന്റെ മാത്രം ആകാശം


 

 

 

 

 

 

 

 

 

 

 

നട്ടു വളർത്തുകയാണ്
സ്വന്തം ആകാശത്തെ
നക്ഷത്രങ്ങളെ ഭൂമിയെ..
വേരുകൾ മുറിച്ചു വളർത്തുന്ന
ബോണ്സായ്‌ മരം പോലെ
ചുരുക്കി ചുരുക്കിയെടുക്കുന്ന
അവനവന്റെ മാത്രം
 ആകാശം

തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം 

 
വീട്ടിലേക്ക് വിളിച്ചില്ല
കാത്തു നിർത്തിയുമില്ല.
വാക്ക് കൊണ്ടൊരു മുറിയുണ്ടാക്കി
ഒളിച്ചു വെച്ചതുമില്ല.
മുറിവുകളത്രയും തുന്നി കെട്ടി
വെറുതെ വിട്ട ശേഷം,
തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം
എന്നൊരു വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ
മുഖമൊളിപ്പിക്കുന്നു.

ഒറ്റമരം 

 
ഉൾ നനവുകളുടെ നിനവിൽ
വേര് നീട്ടി നടന്നെത്തുന്നു,
വേനലിൽ ബാക്കിയായ
ഉള്ളു പൊള്ളയായ
ഒറ്റമരം

പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം

 
പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം
കാശിത്തുമ്പ വിത്തു പോലെ
കവിത പൊട്ടിത്തെറിക്കും
ചിറകുകൾ എന്നു കരുതി ഇലകൾ
ലോക സഞ്ചാരത്തിനിറങ്ങും.
മണ്ണരിച്ചിട്ടും ബാക്കിയാകും
ഇല ഞരമ്പുകൾ..

വാക്കറ്റം :


വഴി തെറ്റിപ്പോയ
പൂമ്പാറ്റയെ കാത്തു നിൽപ്പാണ്
വസന്തം കഴിഞ്ഞു
ഏറെ വൈകി വിരിഞ്ഞ
ഗന്ധമില്ലാത്ത പൂവ്

വളർച്ചയുടെ പാഠങ്ങൾ


 

 

 

 

 

 

 

 

 

 

 

 കലപില പറഞ്ഞവർ
പറ്റിച്ചേർന്നിരുന്നവർ
ഓരോരുത്തരായി വിട്ടുപോകും
വെളിച്ചപ്പെട്ടുപോയ
മുറിവുകളെ പറ്റിയും
ഇപ്പോഴത്തെ ഏകാന്തതയെ പറ്റിയും
വാനമ്പാടികൾ ദേശാടനക്കിളികളോട്
പറഞ്ഞു കൊടുക്കും.
മണ്ണിനടിയിൽ
ശബ്ദമെത്താത്ത ആഴത്തിലെ
വേരുകൾ മാത്രമത് കേൾക്കില്ല.
ഏറെ കാത്തിരിക്കാത്ത മഴയെ,
വലിച്ചെടുത്തു പുതിയ ഇലകൾക്ക്
വേരുകൾ പറഞ്ഞു കൊടുക്കും
ഉപേക്ഷിക്കുക എന്നതും വളർച്ചയുടെ
പാഠമാണെന്ന്

 

എല്ലാവർക്കും പാകമാകുന്ന കവിതയെന്നാൽ

എല്ലാവർക്കും പാകമാകുന്ന
കവിതയെന്നാൽ
നിന്നെ കണ്ടുമുട്ടിയിട്ടില്ല
എന്നു മാത്രമാണർത്ഥം.
കാത്തു വെച്ചിട്ടുണ്ട്
നിന്നെയെഴുതാനുള്ള
കടലാസുകൾ !

 

 കവിതയിലിരിക്കുക എളുപ്പമാണ്

കവിതയിലിരിക്കുക എളുപ്പമാണ്.
ഇരുട്ടിനെ പകലാക്കിയും
പകലിനെ ഇരുട്ടാക്കിയും
കണ്ണു പൊത്തിക്കളിച്ചും
ഉറക്കെ ചിരിച്ചും, ഉറക്കെ പറഞ്ഞും
 ചൂണ്ടിക്കാണിച്ചും വിറപ്പിച്ചു നിർത്തിയും
വരിതീരും വരെ അതങ്ങനെ ഒഴുകും..
പുറത്തിറങ്ങുന്നതും
കാത്തിരിപ്പാണ്
ജീവിതം !

വാക്കറ്റം  :

 ഇലകളിൽ
മഴവില്ലിനെ
വരച്ചു പഠിക്കുന്നു
മരങ്ങൾ !

 

ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ


 

 

 

 

 

 

 

 

 

 

 

ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ,
അലറാം വച്ചെന്ന പോലെ ചിലർ കയറി വരും.
കഥകൾ കൊണ്ടു പടവുകൾ കെട്ടി
ആകാശത്തേക്ക് കൊണ്ടു പോകും
തൂങ്ങിച്ചാവാനെടുത്ത കയറിൽ
ഊഞ്ഞാലിട്ട് ഭൂമിയെ നോക്കി ചിരിക്കും.

 

 

 ഓരോ തണലും

ഓരോ തണലും
അവസാനത്തേതെന്നു കരുതും..
വാതിലുകൾക്ക് പിറകിൽ
ഏകാന്തത കൈമാടി വിളിക്കും.
കാത്തിരുന്നു മുഷിഞ്ഞൊരു
കവിത എങ്ങോട്ടോ ഇറങ്ങി നടക്കും.

 

 ദൂരം

 കൂട്ടായ്മയെന്നു
അകലെയിരിക്കുന്നവർക്ക് തോന്നുന്നതാണ്.
ഒരു വിരൽ കൊണ്ട് 

മറക്കാൻ പാകത്തിലടുത്തു നിൽക്കുമ്പോഴും 

നക്ഷത്രകൂട്ടങ്ങളിലെ അകലത്തിന്
 പ്രകാശ വർഷങ്ങളുടെ ദൂരം

വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
വരച്ചു ചേർക്കുകയാണ്
ആകാശത്തെ.
മറന്നതല്ല,
അതിരുകളൊക്കെ
മായ്ച്ചു നിന്നിലേക്കുള്ള
വഴികൾ വരയ്ക്കാൻ.

ഒറ്റയാകാൻ കാത്തു നിൽപ്പാണവർ

 


 

 

 

 

 

 

 

ഏറ്റവും പ്രിയപ്പെട്ട തെരുവിൽ കാത്തിരിക്കുന്നു.
മഴയൊടുക്കത്തിൽ അവര് കയറിവരും.
ഉപയോഗിച്ചു പോയവരോട്
പോലും ചോദ്യങ്ങളുണ്ടായിരുന്നില്ല.
നീണ്ടു നിന്ന കാത്തിരിപ്പിനെ പറ്റി
ഒരക്ഷരം മിണ്ടാതെ
മഞ്ഞു കാലത്തിലേക്ക് ചുവട് വെക്കും.
അവസാനമായി കിട്ടിയ കത്തിൽ
തന്നെ കാൻവാസ് പോലെയെന്നുപമിച്ചത്
ഓർത്തുപോകും
ചിത്രം വരച്ചവർ, കവിതയെഴുതിയവർ
ഒപ്പുമരത്തിലേക്ക് ചേർത്തു കെട്ടിയവർ
അരികു ചീന്തി നെഞ്ചോട് ചേർത്തവർ
കീറിയെറിഞ്ഞവർ, ഉപേക്ഷിച്ചു പോയവർ...
ഓർമ്മകളുടെ വെയിൽച്ചൂടിലുണക്കാൻ
ഒറ്റയാകാൻ കാത്തു നിൽപ്പാണവർ!


ഏറെയൊന്നും കണ്ടിട്ടില്ല ആരും

ഏറെയൊന്നും കണ്ടിട്ടില്ല ആരും.
ഒരേയളവിലെ
റെഡിമെയ്ഡ്
കുപ്പായങ്ങൾക്കുള്ളിൽ
 അവരൊതുങ്ങാറുണ്ടെന്നു മാത്രം
ഉടുപ്പിലേക്ക്,
അതിനുള്ളിലെ നഗ്നതയിലേക്ക്.
അതിനുമുള്ളിലേക്ക്
എത്തിനോക്കാൻ
മെനക്കെടാറിലൊരുത്തനും


വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
കണ്ട് കണ്ട് മനപഠമാണ്
ഏഴു നാട്ടിലെ ജീവിതം.
കൂട്ടുകൂടലിന്റെ,
കടൽ ജീവിതം കാണാത്ത
അലങ്കാര മത്സ്യത്തിനു
എന്റെ കണ്ണുകൾ !


മഷിത്തണ്ടിന്റെ കൂട്ടുകാര്‍