രണ്ടിടങ്ങളിലെ ഒറ്റയൊറ്റ ചിറകുകൾ.


 












രണ്ടിടങ്ങളിലെ

ഒറ്റയൊറ്റ ചിറകുകൾ.

ആകാശത്തെ സ്വപ്നം കണ്ടിരുന്നവർ

തേടികിട്ടിയ കൂട്ടിനൊപ്പം

ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ

ആയവും ആവൃത്തിയും

മാറി പലതവണ പരാജയപ്പെട്ടവർ.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്

പരസ്പരം കണ്ടു മുട്ടി

ആകാശം തൊട്ടിറങ്ങി

ഇണച്ചിറകുകളെന്നു

പ്രഖ്യാപിക്കുന്നു.

ഒരു പോലെ പറക്കുന്ന

ചിറകുകൾ എന്നാൽ

ആത്മവിശ്വാസം എന്നാണർത്ഥമെന്ന്

ചില്ലകൾ ചിരിക്കുന്നു



സന്തോഷങ്ങൾ
















പകലസ്തമിച്ചാലും

നിഴലുകളില്ലാത്ത നിലാവിൽ

നിനക്കൊരുക്കി വെക്കുന്നു

സന്തോഷങ്ങൾ.



കൈചൂട്‌ പകർന്നു മുത്തി കുടിക്കുന്ന  ലഹരി























നിന്റെ ചുണ്ടോ

ചായയോ?

ഓരോ കാഴ്ചയിലും

കൈചൂട്‌ പകർന്നു

മുത്തി കുടിക്കുന്ന

ലഹരി!




ദൂരം 
















ഒരു നിമിഷത്തിന്റെ ദൂരമേയുള്ളൂ

നിന്നിലേക്ക്


കൂടെയുള്ളപ്പോഴുള്ളതിന്റെയാവില്ല

കാത്തിരിക്കുമ്പോളുള്ളത്!



അസാധ്യം 
















പെയ്യാൻ പോകുന്നതോ

പെയ്തു തീർന്നതോ ആയ

മഴയെ ഒളിപ്പിക്കാനുള്ള

ആകാശത്തിന്റെ ശ്രമത്തെ

മഴവില്ല് പൊളിച്ചു കളയുന്ന പോലെ

കണ്ടുമുട്ടുന്നതിനു മുൻപോ ശേഷമോ

നിന്റെ സാനിധ്യത്തെ ഒളിപ്പിക്കാൻ

കഴിയുന്നില്ലെനിക്കും



സ്വപ്നങ്ങളെ















സ്വപ്നങ്ങളെ

ഊതിവീർപ്പിക്കുകയാണ്.

പൊട്ടിപ്പോകുമെന്നറിഞ്ഞാലും

ചിലപ്പോഴെങ്കിലും

നമ്മെളെയും കൊണ്ടുയരത്തിൽ

പറന്നാകാശത്തെ

തൊടുമെന്നോർത്ത്!




വാക്കറ്റം : 















ദൂരെ നിന്ന് നോക്കുമ്പോൾ

ഇലയുണങ്ങിയ മരങ്ങൾക്കിടയിൽ

വേനലിൽ, തീപ്പിടിച്ചതെന്ന് കരുതും

വേരുകൾ പ്രണയത്തെ തൊടുമ്പോൾ

ചുവന്നു പൂക്കുന്നതാണ്

ഉടലു പൊള്ളിക്കാതെ ഉയർന്നു കത്തുന്നു

പ്രണയത്തിന്റെ പൂ ജ്വാലകൾ



രണ്ടുടൽ മരങ്ങളുടെ ഒറ്റ വേര്!




















 


പ്രണയത്തിന്റെ

വേരുകളത്രേ

ചുംബനങ്ങൾ...

പരന്നു പടരുന്ന

ചെറു ചുംബനങ്ങൾ...

ആഴത്തിലേക്ക്

നീണ്ടു പോകുന്ന

ദീർഘ ചുംബനങ്ങൾ...

പൂക്കാൻ കൊതിക്കുന്ന

രണ്ടുടൽ മരങ്ങളുടെ

ഒറ്റ വേര്!



ഇലമുളച്ചികൾ















മണ്ണിൻ നനവിൽ,

ചെയ്തു തീർന്നിട്ടും

മതി വരാത്തഏതോ

ചെയ്തിയുടെ ഓർമ്മകൾ

ഓരോ അണുവിലും

തികട്ടുമ്പോഴകണം

പറിച്ചെടുത്തിട്ടും

പുതു വേരുകൾ

വിടർത്തി ഇലമുളച്ചികൾ

മണ്ണിലേക്കൂർന്നിറങ്ങാൻ

ശ്രമിക്കുന്നത്


വിരഹം :



















പഴയ കാൽപാടുകൾ മായ്ച്ചു കളഞ്ഞെങ്കിലും

ചിര പരിചിതനെപ്പോലെ

തിര വന്നു കുശലം ചോദിക്കുന്നു.

വേനലിനെ അതിജീവിക്കാനാവാതെ

വയലറ്റ് പൂക്കളത്രയും

വാടിക്കരിഞ്ഞിരിക്കുന്നു.

പൊള്ളുന്ന വെയിലിൽ

കാറ്റാടി മരങ്ങൾ മാത്രം

ചില്ല കുലുക്കി നിന്നെയന്വേഷിക്കുന്നു.


ക്രമരഹിത സന്ദേശങ്ങളല്ല















ക്രമരഹിത സന്ദേശങ്ങളല്ല,

ഉണർവ്വിൽ നഷ്ടപ്പെട്ടു പോകുന്നതാണ്.

ചിറകുകളിൽ കവിതകൾ നിറച്ച,

ഉറക്കത്തിൽ

ഇടിച്ചു കയറുന്ന

സ്വപ്നങ്ങളുടെ കടലാസ് വിമാനങ്ങൾ




ഉത്തരമില്ലാതിരുന്ന
















ഉത്തരമില്ലാതിരുന്ന

ഒരു ചോദ്യമുനയിൽ

തകർന്നു പോയതെന്ന് നടിക്കും.

പറയാതെ വെച്ച

ഉത്തരങ്ങളാണ്

ആ മൗനത്തിൽ

ഒഴുക്കി കളഞ്ഞതെന്ന്

പിന്നീട് പറയും





വാക്കറ്റം :












ഓരോ ആൾക്കൂട്ടത്തിൽ നിന്നും

ആരെങ്കിലുമൊക്കെ അടുത്തേക്ക്

നടന്നടുക്കുമ്പോൾ

നിന്നെ പറ്റി ചോദിക്കാനെന്ന് കരുതി

ഹൃദയമിടിപ്പ് കൂടുന്നു.

നീയുണ്ടാവില്ലെന്നറിഞ്ഞിട്ടും

യാത്രയ്ക്കിടെ ഓരോ കവലയിലും

നിന്നെ പരതുന്നു കണ്ണുകൾ..!



പ്രണയച്ചിറകിലെ അപ്പൂപ്പൻ താടി












 അതിരുകളെ പറ്റി

ആലോചിക്കുന്നേയില്ല

കാറ്റിൽ

പ്രണയച്ചിറകിലെ

അപ്പൂപ്പൻ താടി


മുതിർന്നതിനു ശേഷമുള്ള പ്രണയം













അളന്നു തയ്പ്പിച്ച

കുപ്പായം പോലെ

വടിവിനൊത്തു

ചേർന്ന് നിൽക്കുന്നു

മുതിർന്നതിനു ശേഷമുള്ള

പ്രണയം



ഒറ്റ വാക്കേറ്














കരുതി വച്ചതൊക്കെയും

ചോർത്തിക്കളയുന്ന

ഒറ്റ വാക്കേറ്.

തുളുമ്പി

കൂവിയാർത്തതൊക്കെയും

ഊർന്നിറങ്ങി

നിശബ്ദമാകുന്നു.


ചേർന്നിരിക്കുമ്പോഴും















ചേർന്നിരിക്കുമ്പോഴും

ആഞ്ഞു പതിക്കുന്ന

ഒറ്റ വാക്ക് മതി

മുറിച്ചു വേർപെടുത്താൻ.

പിന്നീടെത്ര തവണ

വിളക്കി ചേർത്ത്

ദൃഢപ്പെടുത്തണം

നാം..


ഒരു നിഷേധത്താൽ














ഒരു നിഷേധത്താൽ

ചീട്ട് കൊട്ടാരം തകരുന്ന പോലെ

ഓരോന്നും ഒന്നിന് പിന്നാലെ

അടഞ്ഞു പോകുന്നത്

കാണാം,

നീണ്ട നേരമെടുത്ത്

പല താക്കോലിട്ട് തുറന്നിട്ട

സന്തോഷത്തിന്റെ പൂട്ടുകൾ


വാക്കറ്റം :














മുറിഞ്ഞു പോയ

നമ്മുടെ സംസാരങ്ങളെ പറ്റി,

അടുത്ത് വരാതെ

ദൂരെ നിന്ന് പിറുപിറുക്കുന്നുണ്ട് ഉറക്കം.

മഴ നിലച്ചിട്ടും ബാക്കിയാകുന്ന,

തണുപ്പിനൊപ്പം

അരിച്ചു കയറുന്ന ഓർമകൾ!

വിണ്ടു കീറിയ പാടത്തിൽ നിന്നും













വിണ്ടു കീറിയ പാടത്തിൽ

നിന്നും കണ്ടെടുത്തിട്ടും

അവസാനിക്കാത്ത

വേനലില്ലെന്ന് ഇടയ്ക്കിടെ

ഓർമ്മിപ്പിച്ചിട്ടും

ഇന്നും

പകർത്തിയയക്കാൻ

മറന്നിട്ടുണ്ടാകും നീ

വേനലറിയാത്ത

നീരുറവ.




ലഹരി













 കാത്തിരുന്നു

പഴകിയതിന്റേതാകണം

ഇത്ര ലഹരി,

ഇരുൾക്കാട്ടിൽ

ഒളിച്ചു വെച്ചിരിക്കുന്ന

പാതി നിറച്ച

വൈൻ ഗ്ലാസ്സുകൾ..





നമ്മളായി പകർത്തി വരയ്ക്കുന്നു മറ്റൊരാൾ!














ഇണ ചേരുന്ന പാമ്പുകൾക്ക്

ഏതോ ഒരു കുസൃതി

കൈകൾ വരയ്ക്കുന്നു.

കാറ്റാടി മരത്തണലിൽ

കെട്ടിപ്പിടിച്ചിരിക്കുന്ന

നമ്മളായി പകർത്തി

വരയ്ക്കുന്നു മറ്റൊരാൾ!



വാക്കറ്റം :














തിര നനയ്ക്കാത്ത

അകലത്തിൽ

കൈകോർത്തിരുന്നൊരുവൾ

ചോദിക്കുന്നു

"എത്രയിഷ്ടം?"

"കടലോളം "

കടൽ ചിരിക്കുന്നു,

കണ്ണിലൊരു കടലൊളിപ്പിച്ചവളും..


മഷിത്തണ്ടിന്റെ കൂട്ടുകാര്‍