വീട്ടിലേക്കുള്ള ദൂരം












 ബസിറങ്ങിയാൽ

വീട്ടിലേക്ക്

അച്ഛനൊരു ദിനേശ് ബീഡിയുടെ

ദൂരമായിരുന്നത്രെ.

ഓരോരുത്തർക്കും ഓരോ ദൂരമാണല്ലോ

പണ്ടെനിക്കൊരു പൊതി

നിലക്കടലയുടെതായിരുന്ന ദൂരമാണ്

ഇപ്പോൾ നിന്റെ ഫോൺ വിളിയുടെ

ദൈർഘ്യം


ഇലരേഖകൾ














ഓരോ കയ്യും

ഓരോ ഇലകൾ.

ഒട്ടുമാവർത്തിക്കാത്ത

കൈരേഖകൾ പോലെ

ഇല ഞരമ്പുകൾ!

ഭാവിയിൽ ഉണങ്ങി വീണാലും

കൂടെയുള്ളിടത്തോളം കാലം

പട്ടിണിയില്ലെന്ന് മാത്രം

പറയുന്ന

ഇലരേഖകൾ!



ഒറ്റയ്ക്കൊറ്റക്ക്















ഒറ്റയ്ക്കൊറ്റക്ക് യാത്ര പോയപ്പോൾ

നീണ്ടു നീണ്ടു പോയ പാതകൾ

ഒരുമിച്ചു തിരിച്ചു വരുമ്പോൾ

ചെറുതായി പോയതായി ഓർക്കുന്നുണ്ടോ

പെട്ടെന്ന് വീടെത്തിയത് കൊണ്ട് മാത്രം

അവസാനിപ്പിക്കേണ്ടി വന്ന കഥകളെത്രയാണ്

സത്യമെന്ന് തോന്നിക്കുന്ന

പല ചിന്തകളുടെയും

ആകെ തുകയാണ് പ്രണയം




മനുഷ്യർ














ഉണങ്ങിയ ഇല

മരം പോലുമറിയാതെയാണ്

അവസാനമായി

ചുംബിച്ചു പിരിയുന്നത്

അത്രമേൽ പൂർണതയോടെ

കണ്ടുമുട്ടി പിരിഞ്ഞു പോകുന്നു

പോയ പ്രണയകാലത്തിലെ

മനുഷ്യർ.



വാക്കറ്റം 















ആർക്കും സ്വന്തമാകാത്ത

കണ്മുന്നിലെ ആകാശം.

ഇപ്പോഴെത്ര നോക്കിയിട്ടും

കാണുന്നില്ല,

നിന്നെ കണ്ടുമുട്ടില്ലെന്ന്

കണ്ണു ചിമ്മി ചിരിച്ച

നക്ഷത്രങ്ങളെ!



ആണി

 













ചെറുത്, മൂർച്ചയേറിയത്

വേദനിപ്പിക്കാൻ പ്രാപ്തിയുള്ളത്

ഇളകിയാടാതിരിക്കാൻ,

വീണു പോകാതിരിക്കാൻ

അടിച്ചുറപ്പിക്കുന്നത്


സ്നേഹത്തിനും ആണിക്കും

ഒത്തു ചേരുന്ന വിശേഷങ്ങൾ

എത്രയെണ്ണമാണ്!




ജീവിതമെന്ന്















കൂടെയുള്ളവർ,

കണ്ടുമുട്ടുന്നവർ

മായ്ച്ചെഴുതാൻ പ്രേരിപ്പിക്കും.

എത്ര മായ്ച്ചാലും മായാത്ത

അടയാളങ്ങൾ വീണ്ടുമുണ്ടാക്കി

ഓരോരുത്തരും

അതിനെ ജീവിതമെന്ന്

വിളിക്കും.



പ്രണയം











വേലിക്കലെ ചെമ്പരത്തി ചെടി പോലെ,

പ്രണയം.

എത്ര തവണ കൊത്തിയരിഞ്ഞാലും

ഒരു വേനൽമഴക്കിപ്പുറം

ചിരിക്കുന്നു, തളിർക്കുന്നു

പ്രണയത്തിന്റെ

ചെമ്പരത്തിപ്പൂ ജീവിതം


വാക്കറ്റം :

ഉള്ളിലെ വേലിയേറ്റങ്ങളെ

ചുംബനം കൊണ്ടൊളിച്ചു പിടിക്കുന്നു.

തിരകൾ വിരലുകളെ

നനച്ച് തിരിച്ചു പോകുന്നു.






മഷിത്തണ്ടിന്റെ കൂട്ടുകാര്‍