ഇനിയും നമ്മൾ മരിച്ചിട്ടില്ലെന്ന് ചിലരെങ്കിലും കാണിച്ചു തരുന്നത് എങ്ങനെയൊക്കെയാണ്

ഇനിയും നമ്മൾ മരിച്ചിട്ടില്ലെന്ന് ചിലരെങ്കിലും
കാണിച്ചു തരുന്നത്  എങ്ങനെയൊക്കെയാണ് 

പൂക്കളൊക്കെ കൊഴിഞ്ഞ ശേഷം
ശലഭങ്ങളും കിളികളും ഉപേക്ഷിച്ചു പോയ ശേഷവും
ഇടനേരങ്ങളിൽ മഞ്ഞയായും ചുവപ്പായും
നിറം മാറി
പോയ കാലത്തെ
ഓർമകളെ ചേർത്തു വരയ്ക്കാറുണ്ട്
നമ്മളെ ചേർന്ന് നിൽക്കുന്ന ഇലകൾ

ഓരോ ഇല കൊഴിയുമ്പോഴും
പറന്നു പോകാൻ മടിച്ച
ഏതോ ഒരു
ചിത്ര ശലഭത്തിന്റെ  ചിറകടിയെ
അനുകരിക്കുന്നുണ്ടാകും
നമുക്ക് വേണ്ടി


ഒരുവൾ വിലപിച്ചു കൊണ്ടേയിരുന്നു..
ഏറെ നാൾ മുൻപ് വെച്ചു മാറിയതിനാൽ
ഓരോ കരച്ചിലും മുഖത്ത്
ചിരിയുടെ അടയാളങ്ങളാണത്രേ
പരത്തിയത്..

മുറിവുകളുടെ ഭൂപടമായിരുന്നു
അവളുടെ ഉടൽ
പാഴായി പോകുന്ന ആത്മഹത്യ ശ്രമങ്ങൾ
വാർഷിക വലയങ്ങൾ എന്നപോലെ
ഉടലിൽ പുതിയ പുതിയ അടയാളങ്ങൾ ശേഷിപ്പിച്ചു.
ഏറ്റവും പഴയ പാടിന്
അവളോളം പ്രായമുണ്ടെന്ന്
അവളെഴുതിയത്‌ പെട്ടെന്ന് ഓർമ വന്നു.
അവൾക്കല്ലാതെ മറ്റാർക്കുമറിയില്ല
പുറമുണങ്ങിയിട്ടും അകമുണങ്ങാത്ത
മുറിവുകളുടെ എണ്ണം


വാക്കറ്റം


ഏകാന്തതയ്ക്കെന്താ ഇത്ര ലഹരിയെന്നോ

ഫ്രീസ് ചെയ്തു വെച്ച ഏതോ ഒരു കാലത്തെ
ആവശ്യം പോലെ
ചൂടാക്കി കഴിച്ചു നോക്കിയാലറിയാം

മഷിത്തണ്ടിന്റെ കൂട്ടുകാര്‍