പൂവാകവഴിയിലെ അവസാനത്തെ പച്ചയും 
കരിച്ചു കളയുന്ന വേനൽ.
പോകുന്നത് നിന്നെ കാണാനെന്നു വെറുതെ പറഞ്ഞതെയുള്ളൂ
വഴി നീളെ ചുവന്നു പൂക്കുന്നു
പൂവാകകൾ..


പരിചയം 

നിന്റെ ചങ്ങാതിയെന്നു കരുതി
പരിചയപ്പെട്ടാണ്,
നിന്നെ കാണും മുമ്പേ
ആ നാട്ടിൽ നിനക്കറിയുന്നതിനെക്കാൾ കൂടുതൽ
പരിചയക്കാർ ഉണ്ടായത്..

വഴികൾ 

കൈ രേഖകളെന്നോണം
മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്
നിന്റടുത്തേക്കെന്നു കരുതി
നടന്നു തീർത്ത ആ നാട്ടിലെ
വഴികളത്രയുംവാക്കറ്റം :

വിയർത്തൊലിച്ച
എത്ര വേനലുകളെ
അതിജീവിച്ചാണ് നാം
മഴ നനഞ്ഞു കുതിർന്നു
പരസ്പരം പുതപ്പുകളാകുന്നത്.. !

നമ്മളിടങ്ങൾ


ഓർത്തു വെക്കുകയാണ്,
കടന്നു പോകുന്ന ഓരോ ഇടങ്ങളേയും.
ആദ്യമായി നമ്മൾ കാണുമ്പോൾ ,
അതിനു മുന്നേ നിന്നെ കണ്ടിരിക്കാനുള്ള
ഇടങ്ങളെന്ന നിലയിൽ !

നമ്മൾ 

കുഴിച്ചെടുക്കാനും കാണാതെ പോകുന്നത്
ആകാശത്തു നിന്നും പൊഴിഞ്ഞു നിറയും.
അകന്നിരുന്നു
വളർന്നു വരണ്ട വിടവുകളിൽ
നമ്മള് നിറഞ്ഞു തൂകും.


മടുപ്പ് 
ഓരോ കാൽവെപ്പിലും
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കണം
മടുപ്പിന്റെ,
ഒതുക്കു കല്ലുകളില്ലാത്ത
കിണറിലേക്കുള്ള വീഴ്ച 

വാക്കറ്റം 
ഒറ്റയായതിന്റെ വേദനയിലാകണം മെയ്‌മരത്തിന്റെ ചില്ലയിൽ
വേനലിലും വിഷാദമിങ്ങനെ ചുവന്നു പൂക്കുന്നത് 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍