നിന്നിലെത്താനുള്ള ജീവിതം

 














കടലെത്തും മുമ്പേ

പുഴ നനച്ചെത്തിയ

വഴികളത്രെ പ്രണയം


ഏതു വഴി താണ്ടി

എത്ര കണ്ണീരൊപ്പി

എത്ര വട്ടം

മണൽപ്പാടെന്നുരുകിയാണ്

ഓരോ തവണയും

കടലിലെത്തുന്നത്


പുറപ്പെട്ടിട്ടുണ്ട്

നിന്നിലെത്താനുള്ള

ജീവിതം



പതിയെ പതിയെ മാഞ്ഞു പോകും


പതിയെ പതിയെ മാഞ്ഞു പോകും

ഓരോ പേരും മുറിവും

കൊഴിഞ്ഞ ഇലകളാൽ

നഗ്നമാക്കപ്പെട്ട ഉടലുകളെ

തളിരിലകൾ നാണം മറക്കും

ഒഴിഞ്ഞ ഇടങ്ങളിൽ

പേരറിയാത്ത കിളികൾ

ചേക്കേറും

നിലച്ചുപോയെന്നു കരുതിയ

സ്നേഹമാണ്

ഉറവകളിൽ നിറഞ്ഞൊഴുകുന്നത്.


വെയിൽ വെള്ളം കുടിക്കാൻ പോകുന്ന പോലെയെന്ന്


ഒറ്റയിലും കൂട്ടത്തിലും

മുന്നറിയിപ്പില്ലാതെ

കയറി വരുന്ന

ഏകാന്തതയെ

സ്നൂസ് ചെയ്യാൻ ശ്രമിക്കും


വെയിൽ വെള്ളം കുടിക്കാൻ

പോകുന്ന പോലെയെന്ന്

കവിതയിലെഴുതി വെക്കും


വാക്കറ്റം :

കണ്മുന്നിലൂടെ ഓടിപ്പോയിട്ടും

കണ്ടുമുട്ടുന്നില്ലല്ലോ എന്ന്

ലെവൽ ക്രോസിലെത്തുമ്പോൾ

ഓരോ വണ്ടിയും കൂകി ഓർമിപ്പിക്കും





നടന്നു നീങ്ങിയവർ
























 നടന്നു നീങ്ങിയവർ

എങ്ങനെയറിയാനാണ്,
പുലരിയിൽ കുടഞ്ഞെറിയുന്ന
മഞ്ഞുകണങ്ങൾ
ഓർമ്മകളെ അതിജീവിച്ച
രാത്രിയുടെ തുടർച്ചയാണെന്ന്.




മഞ്ഞു കാലത്തെ മരം പെയ്ത്തു നനയുന്നു


മഞ്ഞു കാലത്തെ
മരം പെയ്ത്തു നനയുന്നു
കൊഴിഞ്ഞു വീണാലും
കാറ്റിലെ ഇലയനക്കങ്ങൾ
നിന്റെ പേരോർത്തു വിളിക്കും
ചൂട് കായാൻ തീ പിടിപ്പിക്കുമ്പോൾ
ഓർമകളിങ്ങനെ ജ്വലിച്ചു നിൽക്കും



വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ


ബാലകഥകളിലെ ഇരുട്ടിൽ നിന്നും
ഇറങ്ങിവരുന്ന ഭൂത പ്രേതങ്ങളെ പോലെ
കണ്ണടച്ചിരുട്ടാക്കി ചിലർ വരും
വെളിച്ചത്തിൽ കോമാളിത്തരങ്ങൾ
കണ്ടു പൊട്ടിച്ചിരിക്കും കുട്ടികൾ
വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ



നീ മിണ്ടാതിരിക്കുമ്പോൾ

നീ മിണ്ടാതിരിക്കുമ്പോൾ
ശബ്ദമുഖരിതമായ നഗരത്തിരക്ക്
ചെവിയിലെത്തുന്നതേയില്ല.
എന്നാശ്ചര്യപ്പെടുന്നു.
ചെവിയോർത്താൽ കേൾക്കാം
ചുവരിലെ ക്ലോക്കിലെ
സെക്കൻഡ് സൂചിയുടെ അനക്കം
നിലച്ചുപോയ ക്ലോക്കോ
ബ്രേക്ക് പോയൊരു വാഹനമോ
ആയിരിക്കണം ഞാനപ്പോൾ.



വാക്കറ്റം :

കൊരുത്തെറിഞ്ഞ സ്നേഹം
തെറിച്ചു പോയിട്ടും
ഓരോ കാഴ്ചയിലും
ഒന്നുമാലോചിക്കാതെ കൊത്തുന്നു 
ചൂണ്ടക്കൊളുത്ത് പോലെ
വളഞ്ഞ ജീവിതത്തെ


മഷിത്തണ്ടിന്റെ കൂട്ടുകാര്‍