എന്നിട്ടും ബാക്കിയാകുന്നത്


 


നാളത്തെ നാലു മണിയുടെ കൂട്ട ബെല്ലോടു കൂടി
എന്തൊക്കെയാണു ഇവിടെ അവശേഷിക്കാൻ പോകുന്നത്‌..

കഞ്ഞിപ്പുരയുടെ തേക്കാത്ത ചുവരിൽ
കളർ ചോക്കു കൊണ്ടെഴുതി വെച്ച എന്റെയും നിന്റെയും പേരു.
വയറു കീറിയ ഡസ്റ്റർ, നാരായണൻ മാഷ്ക്ക്‌ ഉന്നം തെറ്റിയ ചോക്കു കഷണങ്ങൾ,
ഒരു കാലൊടിഞ്ഞിട്ടും ചുമരും ചാരി നിൽക്കുന്ന
സ്കൂളിനോളം പഴക്കമുള്ള ബ്ലാക്ക്‌ ബോർഡ്‌...

കോപ്പിയടിക്കാൻ ബെഞ്ചിലെഴുതിവെച്ച
കണക്കിലെ സമവാക്യങ്ങൾ
സാമൂഹ്യത്തിലെ കൊല്ലങ്ങൾ, സയൻസിലെ കോശങ്ങൾ...

ഓരോ ഇങ്ക്വിലാബിലും ചുരുൾ നിവർത്തി ആവേശത്തോടെ പാറുന്ന ശുഭ്ര പതാക
മനസ്സിലെ വിപ്ലവത്തെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റിയ സ്വന്തം നോട്ടീസ്‌ ബോർഡ്‌..

ഏറ്റവും ഒടുവിൽ
വാക്കുകൾ തെറ്റിയെഴുതി നീ കീറിയെറിഞ്ഞ
എന്റെ ഓട്ടോഗ്രാഫിലെ കുന്നിക്കുരുവിന്റെ ചിത്രമുള്ള നടുപ്പേജ്‌..

അങ്ങനെയങ്ങനെ...

ഓർമ്മകളുടെ നീളൻ വരാന്ത നിറയെ
നിന്നിലേക്കെത്താൻ മറന്നിട്ട
വളപ്പൊട്ടുകളുടെ കിലുക്കം..
പിന്കുറിപ്പ് :

നട്ടുച്ചയുടെ ഇരുട്ടിലേക്ക്‌ 
കണ്ണു തുറന്നപ്പോൾ 
മുന്നിലെ കളത്തിലൊരു 
"ഒറ്റ മൈന.. " 

രണ്ടു വാക്യങ്ങൾ


 ചുവന്നുള്ളി പോലൊരു പ്രണയം  

ചുവന്നുള്ളി പോലൊരു പ്രണയം 
 
പ്രതീക്ഷയോടെ അടുത്ത്
പൊളിച്ചു ഉള്ളിലെത്തിയപ്പോഴേക്കും
ശൂന്യം ..

കൈ നാറിയതും
കണ്ണ് നിറഞ്ഞതും ബാക്കി ...

ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..സ്നേഹത്തിലേക്ക്‌ വേരുകൾ നീട്ടി വളരുന്ന,
സൗഹൃദത്തിന്റെ നിരവധി ശിഖിരങ്ങളുള്ള
ഒരു ഒറ്റ മരത്തിന്റെ കാടുണ്ട്‌ , മനസ്സിൽ..

കൊഴിഞ്ഞു വീണ പഴുത്തിലകൾക്കു മീതെ
വാസന പൂവു വിടരുന്നു..
ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..പിന്കുറിപ്പ് :
 
ഒരനക്കം, ഒരു വാക്ക് ..
അത്യാവശ്യമാണ് , ഓര്മ്മകളെ പോലും ചിതലരിക്കാൻ
തുടങ്ങിയിട്ടുണ്ട്
എത്ര കാലമായി
മനസ്സിൽ
നീയിങ്ങനെ
ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ..  

ഓർമ്മ

ഓർമ്മകളുടെ നനവിലേക്ക്‌ വേരിറക്കി
വളരുന്ന ഒരു മരമുണ്ടാകും എല്ലാ മനസ്സിലും..

മഞ്ഞു കാലത്തിൽ
ഇലകൾ പൊഴിക്കുമ്പോൾ നഗ്നമാകുന്ന
ശരീരത്തിൽ ഓർമ്മകളുടെ എന്തൊക്കെ
അടയാളങ്ങളായിരിക്കും തെളിഞ്ഞു കാണുക ..

ഓരോ വേനലിലും അപ്പൂപ്പൻ താടി പോലെ
കുറേ ഓർമ്മ വിത്തുകൾ പൊട്ടിത്തെറിച്ച്‌
പറന്നു പോകും, നാടു ചുറ്റി
പിടി കിട്ടാത്ത അകലത്തിലേക്ക്‌..

ആദ്യ മഴയ്ക്കു തന്നെ വിത്തുകളെല്ലാം
പൊട്ടി മുളച്ച്‌ ഓർമ്മയുടെ കാടുകൾ
വളർന്നു വരാറുണ്ടൊ നിനക്കു ചുറ്റിലും..

അവസാനമായി കൈ ചേർത്തു പിടിച്ച
സായാഹ്നത്തിൽ പാലിക്കപ്പെടാതെ പോയ വാക്കും ഓർമ്മ വിത്തായി
അലയുന്നുണ്ടാവണം വായുവിലെവിടെയോ...


പിന്‍ കുറിപ്പ്  :

ഹലോ ..

ഓര്‍മ്മയിലുണ്ടോ
എന്റെ പേരെങ്കിലും ... 

ഫോട്ടൊ : © മാനസ സ്റ്റുഡിയോ പാടിയൊട്ടു ചാൽ

രക്ത സാക്ഷി
നിന്റെ ഒറ്റ നിമിഷത്തെ നിശബ്ദത ഒരു നിഷേധം...

സ്വപ്നങ്ങളുടെ രക്ത സാക്ഷികളെ
ശൃഷ്ടിക്കാറുണ്ട്‌ ...
ഒരു തുള്ളി
രക്തം പോലും ചിന്താതെ മനസ്സിനകത്തു..
പൂർണ്ണമാകും മുൻപെ മുറിഞ്ഞു വീണതു കൊണ്ട്‌
യുവത്വം അസ്തമിക്കാത്തത്‌... തെളിച്ചം മങ്ങാത്തത്‌..

പെണ്ണേ.. എന്നാണു നമുക്കൊരുമിച്ച്‌ ഒരടുപ്പിൽ വെച്ചുണ്ണാൻ കഴിയുന്നത്‌..??!!പിന്‍ കുറിപ്പ്  : 
 എന്നെ സഹിക്കാൻ കഴിയാത്തതിനാൽ 
ഇറങ്ങി നടന്ന 
നിഴൽ 
പിന്നിൽ നിന്നും മുരടനക്കുന്നു...
അമ്പട ഞാനേ.. 

ഇനി നിന്നെ കൂടെ കൂട്ടൂല...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍