അനിയത്തിക്ക് പൂവിന്റെ ചിത്രമുള്ള തളികയില്‍
ഒരിത്തിരി ചോറും കറിയുടെ കഷണങ്ങളും മാത്രം .
രണ്ടു കയ്യ് കൊണ്ടും ഒരു പോലെ കുഴച്ചു
കാക്കയ്ക്കും പൂച്ചയ്ക്കും അമ്പിളി മാമനും കൊടുത്ത്
കഥ പറഞ്ഞും അങ്ങനെ ..
(അമ്മ തന്നെ ഉരുളയാക്കി കൊടുത്താല്‍ സന്തോഷം..!! )
ഏട്ടന് വൃത്തിയാണ് പ്രധാനം , അഴുക്കിന്റെ
ഒരു പൊടിയെങ്കിലും കണ്ടാല്‍ പിന്നെ പാത്രങ്ങള്‍
മുറ്റത്തു നിന്നും പെറുക്കിയെടുക്കാം..
(ചായയില്‍ ഒരു കുഞ്ഞുറുമ്പുണ്ടായിരുന്ന അന്ന് കട്ടിലിനടിയില്‍ നിന്നാണ് ഗ്ലാസ്സിന്റെ
കഷണങ്ങള്‍ പെറുക്കിയെടുത്തത് ..!!)
അച്ഛന് സ്വര്‍ണ കളറുള്ള കിണ്ണ ത്തിലാണ് ഊണ്
വിളമ്പിയ ചോറിനെ, സ്കെയില് വെച്ച് അളന്നത് പോലെ
കൃത്യമായി പകുതിരിക്കും (മറ്റേ പകുതി അമ്മയ്ക്ക് )
ചോറ് ഉണ്ണുമ്പോള്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ല
(മിണ്ടിയാല്‍ പിന്നെ ഈര്ക്കിലിയോ ചൂരലോ ആണ് തിരിച്ചു മിണ്ടുക..!! )
അച്ഛന്റെ പകുതി, ഏട്ടന്റെയും അനിയത്തീടെയും ബാക്കി
കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ.
(അമ്മയിപ്പോഴും , എപ്പോഴും പാവം ..!)
ഏതേലും പാത്രത്തില്‍ വിളമ്പി അടച്ചു വെച്ചിട്ടുണ്ടാകും
തിന്നു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളണം
തിന്നുന്നതിന് മുന്പ് കയ്യെങ്കിലും കഴുകിയാല്‍ നല്ലതെന്ന് അശരീരി ഉണ്ടാകാം.
(പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)
പിന്കുറിപ്പ് :
കപ്പ പറങ്കി പൊടിച്ച പച്ച മോരൊഴിച്ചു
മങ്ങണത്തില്‍ കുടിക്കുന്ന കുളുത്തിനു
നിന്റെ രുചി , മണവും ..!!
*കപ്പ പറങ്കി : പച്ച (കാന്താരി )മുളക്
മങ്ങണം : മണ്ണ് കൊണ്ടുള്ള ഒരു തരം പാത്രം
കുളുത്ത് : പഴങ്കഞ്ഞി