രാത്രിയൂണ്‌


 














അനിയത്തിക്ക് പൂവിന്റെ ചിത്രമുള്ള തളികയില്‍
ഒരിത്തിരി ചോറും കറിയുടെ കഷണങ്ങളും മാത്രം .
രണ്ടു കയ്യ് കൊണ്ടും ഒരു പോലെ കുഴച്ചു
കാക്കയ്ക്കും പൂച്ചയ്ക്കും അമ്പിളി മാമനും കൊടുത്ത്
കഥ പറഞ്ഞും അങ്ങനെ ..
(അമ്മ തന്നെ ഉരുളയാക്കി കൊടുത്താല്‍ സന്തോഷം..!! )

ഏട്ടന് വൃത്തിയാണ് പ്രധാനം , അഴുക്കിന്റെ
ഒരു പൊടിയെങ്കിലും കണ്ടാല്‍ പിന്നെ പാത്രങ്ങള്‍
മുറ്റത്തു നിന്നും പെറുക്കിയെടുക്കാം..
(ചായയില്‍ ഒരു കുഞ്ഞുറുമ്പുണ്ടായിരുന്ന അന്ന് കട്ടിലിനടിയില്‍ നിന്നാണ് ഗ്ലാസ്സിന്റെ
കഷണങ്ങള്‍ പെറുക്കിയെടുത്തത് ..!!)

അച്ഛന്  സ്വര്‍ണ കളറുള്ള കിണ്ണ ത്തിലാണ്  ഊണ്
വിളമ്പിയ ചോറിനെ, സ്കെയില് വെച്ച് അളന്നത് പോലെ
കൃത്യമായി പകുതിരിക്കും (മറ്റേ പകുതി അമ്മയ്ക്ക് )
ചോറ്  ഉണ്ണുമ്പോള്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ല
(മിണ്ടിയാല്‍ പിന്നെ ഈര്ക്കിലിയോ ചൂരലോ ആണ് തിരിച്ചു മിണ്ടുക..!! )

അച്ഛന്റെ പകുതി, ഏട്ടന്റെയും  അനിയത്തീടെയും ബാക്കി
കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ.
(അമ്മയിപ്പോഴും , എപ്പോഴും പാവം ..!)

ഏതേലും പാത്രത്തില്‍ വിളമ്പി  അടച്ചു വെച്ചിട്ടുണ്ടാകും
തിന്നു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളണം
തിന്നുന്നതിന് മുന്പ് കയ്യെങ്കിലും കഴുകിയാല്‍ നല്ലതെന്ന് അശരീരി ഉണ്ടാകാം.
(പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)


പിന്കുറിപ്പ് :

കപ്പ പറങ്കി പൊടിച്ച പച്ച മോരൊഴിച്ചു
മങ്ങണത്തില്‍ കുടിക്കുന്ന കുളുത്തിനു
നിന്റെ രുചി , മണവും ..!!






*കപ്പ പറങ്കി :  പച്ച (കാന്താരി )മുളക്
മങ്ങണം : മണ്ണ് കൊണ്ടുള്ള ഒരു തരം പാത്രം
കുളുത്ത് : പഴങ്കഞ്ഞി 



ഓര്‍മ്മ













കുപ്പി വളകള്‍ അണിയാറുണ്ടോ  നീയിപ്പോഴും ?
വള കഷണം  ഉള്ളം  കയ്യില്‍ വെച്ച് പൊട്ടിച്ചു 
സ്നേഹം നോക്കിയാലോ നമുക്ക് ?!!
വലിയ കഷണം പൊട്ടി ബാക്കിയാവുമ്പോള്‍ ,
വിചാരിച്ചത് നിന്നെയാണെന്ന്
സമ്മതിക്കുമ്പോള്‍ , മുഖത്ത് വിരിയാറുള്ള 
ആ ചിരി ഒന്നൂടെ കാണണമെന്നുണ്ട് ..!!

പിന്കുറിപ്പ് :
നിന്റെ  ഹൈഡ്രജന്‍  ബലൂണുകളോട്,
പച്ചീര്‍ക്കില്‍ വളച്ചു വെച്ച്  
കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
എങ്ങനെ  മത്സരിക്കാന്‍  ആണ്..?!! 



പിറന്നാള്‍






ജൂലൈ 31 നു മഷിത്തണ്ടിന്റെ രണ്ടാം പിറന്നാള്‍ നാളിതു  വരെ  മഷിത്തണ്ട്  വായിക്കുകയും അഭിപ്രായങ്ങള്‍  പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഔപചാരികതയ്ക്കപ്പുരത്തെ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു . തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ... എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു !!

പിറന്നാള്‍ പ്രമാണിച്ച്  കഴിഞ്ഞ പിറന്നാള്‍ മുതലുള്ള, മഷിത്തണ്ടില്‍ എന്നും ചര്ച്ചയാകാറുള്ള  പിന്കുരിപ്പുകള്‍  ഒരുമിച്ചു  പോസ്റ്റുന്നു !!




വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...  



































മഴ – മരം , കാട് – കുട












ഇപ്രാവശ്യം പതിവ് തെറ്റി ;
കണ്ണും കരളും നിറച്ചു മഴ പെയ്തിട്ടും
ഒരു മഴക്കവിത പോലും എഴുതിയില്ല,
  പുറത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു
  ജനല്‍ ചില്ലിലൂടെ മഴയെ നോക്കി
  മനോഹരം എന്ന് പറഞ്ഞില്ല !!


മഴ വരും മുന്‍പേ ഞാന്‍ നട്ട
വിത്തുകള്‍ക്കൊപ്പം മഴയെ മുഴുവനായും നനയുകയായിരുന്നു..

  അകവും പുറവും ആകെ കുതിര്‍ന്നു പോയിരിക്കുന്നു..
  വരും വേനലില്‍ തണുപ്പും കുളിരും നല്‍കേണ്ട
  ആര്‍ദ്രതയുടെ വിത്തുകള്‍ മുള പൊട്ടുന്നത്
  ഇവിടെ നിന്നായിരിക്കാം…!


മുമ്പ് ആവേശത്തോടെ നനഞ്ഞവരെല്ലാം
കാടായി കുട പിടിച്ചു നില്‍ക്കുന്നുണ്ട് ചുറ്റിലും … !!

  പന്തലിച്ചു വന്മരമായില്ലെങ്കിലും,
  വലിചെറിഞ്ഞവയും കുഴിച്ചിട്ടവയും ഉറപ്പായും മുളക്കും
  ഒരു കുളിരും കുടയും സമ്മാനിക്കും ..!

ഇറങ്ങി വാടോ, മഴ നിലച്ചിട്ടില്ല
നമുക്കൊരുമിച്ചു നനയാം..
പടു മുളയായെങ്കിലും നമ്മളും മുളച്ചാലോ..?!!


പിന്കുറിപ്പ് :
വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...



ബുഫല്ലോ സോള്‍ജ്യര്‍  പരിസ്ഥിതി പതിപ്പില്‍ വന്നത്

വഴികളിലുള്ളത് !!












നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക്  സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ
മറ്റെന്തിനാണ് വിട്ടിനടുത്തെ ഇടവഴിയില്‍
ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് ?

   ഒരൊറ്റയുമ്മ കൊണ്ട് നിന്റെ പിണക്കം
   മാറ്റാനല്ലെങ്കില്‍  പിന്നെയെന്തിനാണ്
   കാവിനുള്ളിലെ വഴിയില്‍ ഇത്ര ഇരുട്ട് ?

കൈകോര്‍ത്തു പിടിച്ചു തോളുരുമ്മി
നടക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കുന്നിന്‍ മുകളിലേക്ക് ഈ ഒറ്റയടിപ്പാത ?

   ഒരു സൈക്കിളില്‍ ഒരു വലിയ മഴ
   ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
   പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?



ടവഴി റോഡാകുമ്പോഴും
കാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..


പിന്കുറിപ്പ് :
നേരായ വഴിയിലൂടെ ഒരിക്കല്‍ പോലും വരാത്തത് കൊണ്ട്
നിന്നിലേക്കുള്ള  ഓരോ കുറുക്കു വഴിയും
എനിക്ക് മന പാഠമാണ് !!

കുറിപ്പുകള്‍

വേര് ജീവിതം












ആഴങ്ങളിലെ, ഘനീ ഭവിച്ച ഓര്‍മ്മകള്‍ക്ക്  മുകളില്‍ 
തപസ്സിരിക്കുന്നതല്ല ;
മണ്ണടരുകളില്‍  നിന്നും  കാലഘട്ടത്തിന്റെ  അറിവിനെ  വേര്‍തിരിച്ചെടുത്തു, 
തണ്ടിന്  കരുത്ത്  പകര്‍ന്നു,
പ്രതിലോമതയുടെ  കൊടുങ്കാറ്റില്‍  ഉലയാതെ  നിര്‍ത്തി; 
പുതിയ ബീജത്തിന്  ചരിത്രത്തിന്റെ ധമനികളെ
സമ്മാനിച്ച്‌
ഇലകളിലൂടെ വീണ്ടും മണ്ണില്‍ അലിയിക്കുന്നതും കൂടിയാണ് ..!!



ആയിരത്തി ഒന്നാം രാവ്



 















വെറുമൊരു കഥ പറഞ്ഞു തീരാത്തതിനാല്‍,
ജീവിതം  തിരിച്ചു കിട്ടിയ ഒരു കുമാരിയുണ്ട് കഥയില്‍ .
കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ്  ഇവിടെ  പലരും ..!


പിന്‍ കുറിപ്പ് :
ഔപചാരികതയുടെ 
 മെസ്സേജ് കള്‍ എല്ലാം  അയച്ചു തീര്‍ന്നു

ഇനി നിനക്കും എനിക്കുമിടയില്‍ നിശബ്ദത മാത്രം !!






ബോണ്‍ (ബ്ലോഗ്‌ )സായ്

















ചില്ല് കൂട്ടില്‍ വളര്‍ന്ന് ;
കാണുന്നവര്‍ക്കൊക്കെ,
കൌതുകത്തെ മാത്രം 'ജനിപ്പിക്കാന്‍' കഴിയുന്ന
കുഞ്ഞു വിത്തുകള്‍ സമ്മാനിച്ച്‌ ,
പ്രശംസകള്‍ തേടുന്ന
നാരുവേരുകളെ മാത്രം വെച്ച്
പുറം ലോകത്തെ തിരയുന്ന
തായ് വേരുകളെ സൌകര്യ പൂര്‍വ്വം
മുറിച്ചു മാറ്റിയവന്‍... !!




പിന്കുറിപ്പ് :

പ്രണയം ഇറങ്ങിപ്പോയ നാള്‍ മുതല്‍
എത്ര പെട്ടെന്നാണ് നമുക്ക്
സംസാരിക്കാന്‍ വിഷയമില്ലാതായത് ..!!

എന്‍ഡോസള്‍ഫാന്‍ - ഇരകളുടെ രണ്ടു വാക്ക്




















വഴികള്‍ രണ്ടുണ്ട് പച്ച യാഥാര്‍ത്ഥ്യത്തിലേക്കുള്ളതും സ്വപ്ന ലോകത്തിലെക്കുള്ളതും

നിന്റെ 'നീല പല്ലു'കളിലൂടെ "പുതിയ സാധന"ത്തിനു പകരമായി
പച്ച ജീവിതത്തെ ഒരു തവണയെങ്കിലും  പകര്‍ന്നു കൊടുത്തതിനു നന്ദി.
നിങ്ങള്‍  നീട്ടി വിളിച്ച മുദ്രാവാക്യത്തിനും ഞങ്ങള്‍  കടപ്പെട്ടിരിക്കുന്നു.

പുതിയ തലമുറയെ സംരക്ഷിച്ച സന്തോഷത്തോടെ ഒരുത്തര്‍ക്കും
ഉയരങ്ങളിലെ സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാം,
തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളിവിടെ തന്നെ ഉണ്ടാകും.

പെയ്തൊഴിഞ്ഞ ദുരന്തത്തിന്റെ
ഒരു വില കുറഞ്ഞ കാരിക്കേച്ചറായി നമ്മളിവിടെ അവശേഷിക്കും.

കണ്ണ് ചിമ്മിയും തുറന്നും നാക്ക് നീട്ടിയും
നടന്നും ഇഴഞ്ഞും അനങ്ങാതെ  കിടന്നും
ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!


കഴിഞ്ഞ ആഴ്ചത്തെ വര്‍ത്തമാനം ആഴ്ചപ്പതിപ്പ് (എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ പതിപ്പ് ) ല്‍ വന്നത് .

നൊസ്റ്റാള്‍ജിയ

അപ്പൂപ്പന്‍  താടി 
 














വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്‍ത്തുമ്പിലേക്ക്  പാറി വന്നു
സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, കാത്തു  വെച്ച ഒരേ   ഒരു  വിത്ത് സമ്മാനിച്ച്‌,
ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി
കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും 
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!


പല്ല് വേദന











വന്നു കഴിഞ്ഞാല്‍ പിന്നെ
മറ്റൊന്നിനെ  കുറിച്ചും ചിന്തിക്കാന്‍
അവസരം തരാത്ത
കൂട്ടുകാരിയാണ്‌ നീ ...


പിന്കുറിപ്പ് :
തറവാട്ടു മുറ്റത്ത്‌ കുട്ടികള്‍ ഇപ്പോഴും കളിക്കുന്നുണ്ട് ,
ചെമ്പക പൂ കമ്മല്‍ ഉണ്ടാക്കി കൊടുക്കാത്തതിനാല്‍
അവരുടെ ഇടയില്‍
ആരും ഇത്രയും കാലം പിണങ്ങാറില്ല പോലും..!!

കവല

പ്രതിമ














ഒന്നിനും പ്രതികരിക്കാതെ നില്‍ക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ
സന്തതികള്‍ മാത്രമല്ല;
പത്തു മാസം ചുമന്നു നൊന്തു പെറ്റവയും
പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്, പല അവസരങ്ങളിലും..!!


 കൊടിമരങ്ങള്‍













എപ്പോഴും തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കും ,
ഏതു നിറത്തിലുള്ള കൊടികള്‍ ആയാലും
കാറ്റിനനുസരിച്ച് ഇടത്തോട്ടോ വലത്തോട്ടോ പാറും
എന്നാല്‍ ശക്തിയായി കാറ്റടിക്കുമ്പോള്‍
കൊടിമരത്തോട് ചേര്‍ന്ന് നില്ക്കാറാണ്  പതിവ് !!

തട്ടുകട













ചായ കുടിക്കാന്‍ ചെന്നാല്‍
ചുവപ്പും വെളുപ്പും കാവിയും പച്ചയും
വേണ്ട രീതിയില്‍ ചേര്‍ത്ത്
"നമുക്ക് വേണ്ടി" ചായ തരുന്ന സ്ഥലം വേറെയില്ല ..!




തിരൂര്‍ ബ്ലോഗ്‌ മീറ്റില്‍ വെച്ച്  പ്രകാശനം  ചെയ്ത കാ വാ രേഖ യില്‍ നിന്ന്

ഉപമ

മിതത്വം














കൊമ്പാണോ വാലാണോ ഉള്ളത് എന്നല്ല
ഉമ്മറത്താണോ പൂജാമുറിയിലാണോ എന്നതുമല്ല
ഉള്ളിലെത്ര നിറഞ്ഞിരുന്നാലും ഒഴിഞ്ഞിരുന്നാലും
പുറത്തേക്കൊഴുകുന്നത് തുല്യമാണ് എന്നതാണ് !!

പ്രണയം













അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!! 



പിന്കുറിപ്പ് :
പോര്‍ട്ടബിലിറ്റി വന്നതില്‍ പിന്നെ
സ്വപ്നങ്ങള്‍ക്കൊക്കെയും നിന്നിലേക്ക്‌ 
മാറാനാ  താല്‍പ്പര്യം..!!!

ആനുകാലികം

പുനരുദ്ധാരണം




















വായു കടക്കാത്ത
വാര്‍പ്പ് മുറിക്കകത്ത്
ശ്വാസം മുട്ടുന്നുണ്ടാവണം
ദൈവങ്ങള്‍ക്ക് ...

രൂപാന്തരണം


















സംഭവിക്കുകയാണെങ്കില്‍ ആമയായി മാറാനാണെനിക്കിഷ്ടം...
ഓട്ട മത്സരത്തില്‍ മുയലിനെ തോല്‍പ്പിച്ചത് കൊണ്ടല്ല !
പുറം ലോകത്തെ തീരെ ശ്രദ്ധിക്കാതെ
കൈയും തലയും പരമാവധി ഉള്ളിലേക്ക് വലിച്ചു
അങ്ങനെ കിടക്കാലോ..?!!


പിന്കുറിപ്പ് :
നിന്നെ കാത്തു നിന്ന വഴിയിലെ
കരിയിലകളെ പോലും ചിതലരിച്ചു തുടങ്ങി
വാഗ്ദാനം ചെയ്ത ഒരു ചുംബനം
ഒന്നിനും തികയാതെ വന്നേക്കും ...

ആത്മഗതങ്ങള്‍

തിരക്ക് 
 












സഖാവേ , ജീവിതം പൊതുവേ തിരക്കിലാണെന്നും
റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍
എനിക്ക് സമയമില്ല എന്നും നിനക്കറിയാമല്ലോ ..?

ആനുകാലിക പ്രശ്നങ്ങള്‍ക്കെതിരെയെല്ലാം
' ഓണ്‍ലൈന്‍' മാധ്യമങ്ങളില്‍ ശക്തമായിത്തന്നെ
പ്രതികരിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ..
നിരവധി കമന്റുകള്‍ അതിനു കിട്ടുന്നുമുണ്ട്.

പിന്നെയും എന്തിനാണ് നിങ്ങള്‍
എന്റെ അടച്ചിട്ട വാതിലില്‍ മുട്ടുന്നത് ..?!!!



വിശ്വാസം










കുറിയുടെയും ലോണിന്റെയും പണമടക്കേണ്ട
അവധി കഴിഞ്ഞ് നാളേറെയായി
ബാങ്കുകാരനും പലചരക്ക് കടക്കാരനും
വീട്ടില്‍ വന്നു അന്വേഷിച്ചു എന്നാ ഭാര്യ  പറഞ്ഞത്.
ദൈവമേ..,  കഴിഞ്ഞ സംക്രമത്തിനു
അമ്പലത്തിലെ ചില്ല്  ഭണ്ടാരത്തില്‍
100 ന്റെ നോട്ടിട്ടത് നീ കണ്ടില്ലെന്നുണ്ടോ ..?!!



പിന്കുറിപ്പ് :


ആ പഴയ ഓട്ടൊഗ്രാഫ്  പുസ്തകത്തിലെ
പേജുകളെല്ലാം പൊടിഞ്ഞു പോയിട്ടും
വടിവില്ലാത്ത അക്ഷരത്തില്‍ നീ എഴുതി വെച്ച
വാക്കുകള്‍ ഇപ്പോഴും 'മോണോലിസ ചിരി' ചിരിക്കുന്നുണ്ട്..

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?
















റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും





വര്‍ത്തമാനം ആഴ്ച പതിപ്പില്‍ അച്ചടിച്ച്‌ വന്നത്

ആകാശക്കാഴ്ച












  
ആദ്യം ഒരു വലിയ മതിലു കെട്ടണം.
കുറഞ്ഞത്‌ മൂന്നാളുടെ ഉയരം വേണം, മതിലിനു
മുകളില്‍ കമ്പി വേലി കെട്ടി, ബാക്കിയുള്ള സ്ഥലത്ത്
കുപ്പിച്ചില്ല് വിതറണം..
'ആന വലിച്ചാല്‍ തുറക്കാത്ത' ഇരുമ്പ് ഗേറ്റില്‍
'അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും'
എന്ന ബോര്‍ഡു വെക്കണം...
എന്നിട്ട് വേണം ,

നട്ടപ്പാതിരയ്ക്ക് മലര്‍ന്നു കിടന്നു എന്‍റെ മാത്രം
ആകാശം നോക്കാന്‍ ....



പിന്കുറിപ്പ് :

വഴിയരികിലെ വളവില്‍ ചിരിച്ചു
നില്‍ക്കുന്ന പ്രണയമേ
നിന്റെ പേരും നാളും പറഞ്ഞില്ലെങ്കിലും
വയസ്സറിയണം, മൂപ്പെത്താത്ത എല്ലുകള്‍ക്കുള്ള
ഡിമാണ്ട് കുറഞ്ഞിട്ടില്ല ഇതുവരെ ...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍