ജീവിതം
വെന്തു പൊള്ളി
തിളച്ചു മറിഞ്ഞുണ്ടായതാണ്
നാവു പൊള്ളിക്കുന്ന
ലഹരി !
കൂടെ
നടന്നു പൊയ്ക്കൊണ്ടിരിക്കെ
ജന നിബിഡമായ വഴികളെ
ആരോ പകർത്തുന്നു.
കൂടെയുണ്ടെന്ന് ചിത്രങ്ങൾ നോക്കി സാക്ഷ്യപ്പെടുത്തുന്നു.
ഇതൊന്നുമറിയാതെ
ഓരോരുത്തരും
അവരവരുടെ താവളങ്ങളിലേക്ക്
ഒറ്റയ്ക്കൊറ്റയ്ക്ക് നടന്നു കയറുന്നു.
വേനൽ
മുറിച്ചെടുത്തപ്പോൾ
ബാക്കിയായ
വേരുകളെ,
ഉണക്കി
കളയുന്നുണ്ട്
വേനൽ
രണ്ടു പേർ
ഒരേ ജനലിലൂടെ
രണ്ടു പേർ പുറത്തേക്ക് നോക്കുന്നു
ഒരാൾ ആകാശത്തെയും
മറ്റെയാൾ ഭൂമിയേയും കാണുന്നു.
പരസ്പരം മിണ്ടാതെ,
കഴച്ചകളെ വെച്ചു മാറാതെ
ഇരുട്ടിലെ നെടുവീർപ്പിലേക്ക് മടങ്ങുന്നു.
ലോകം
ഉയരത്തിലല്ലെങ്കിലും
ആകാശത്തിലാണ്
നിലം തൊടാതെ,
കാൽക്കീഴിൽ
നമ്മളോളം
ചെറിയൊരു ലോകം
മഴവില്ല്
രാത്രിയിലും മാഞ്ഞു പോകുന്നേയില്ല
രണ്ടറ്റങ്ങളിൽ നിർത്താതെ സംസാരിച്ചു
വാക്കുകൾ കൊണ്ട്
നാം തീർത്ത മഴവില്ല് !
വാക്കറ്റം :
കോപ്പി പുസ്തകത്തിൽ
നിന്റെയോർമ്മകളെ മാത്രം
ആവർത്തിച്ചെഴുതി
മനോഹരമാക്കുന്നു. !