വഴികളെപ്പറ്റി

 

 

 

 

 

 


 

 

 

 

 

 

 

 

 

വഴികളെപ്പറ്റി
കൂടുതലൊന്നുമില്ല.
എല്ലാവരുമെഴുതിയത് വായിച്ച്,
തിരിഞ്ഞു നടക്കാനുള്ളതും കൂടിയാണെന്നതിനു 

അടിവരയിട്ട്
തിരിച്ചു നടക്കുന്നു !


വഴികാട്ടി

 
അവസാനത്തെ
 മിനുക്കു പണിയിൽ
തകർന്ന
ഒറ്റക്കൽ ശില്പങ്ങളെയും
ഒറ്റവാക്കിലെ ഉത്തരത്തിൽ
തോൽവിയിലേക്ക്
രേഖപ്പെടുത്തും.
അനുഭവ സമ്പത്തിന്റെ
പരീക്ഷയിൽ
ഒറ്റവഴി മാത്രമറിയുന്നവൻ
വഴികാട്ടിയാകും.

 

നിഷ്കളങ്കതയുടെ കുമ്പസാരങ്ങൾ.

ഒറ്റ മെസേജ്,
വാട്ട്സ്ആപ്പ് ഡിപി,
സ്റ്റാറ്റസ്.
മറ്റാർക്കും മനസ്സിലാവാതെ
ഒറ്റ നോട്ടത്തിൽ
വായിച്ചെടുക്കുന്നു,
നിഷ്കളങ്കതയുടെ
കുമ്പസാരങ്ങൾ.


നീ വന്ന ശേഷം തുടങ്ങാൻ


നീണ്ട കാലത്തിനപ്പുറം ഓർത്തെടുക്കാൻ പറ്റാത്ത,
കൂടെ നിൽക്കുന്ന ചില ഫോട്ടോ നിമിഷങ്ങളിൽ നിറയെ ചിരിച്ച്
അവനവന്റെ സങ്കടങ്ങളിലേക്ക് നടന്നു പോകുന്നു.
നിറഞ്ഞിരിക്കുന്നതത്രയും പിന്നത്തേക്ക് മാറ്റി വെച്ചതാണ്
നീ വന്ന ശേഷം തുടങ്ങാൻ. 


പ്രണയ നീരാളി


കറുത്ത ചിറകു വീശി
കഥകൾ പറന്നെത്തും മുമ്പ്,
ചേർത്തു പിടിക്കാൻ പോലും
പറ്റാത്ത കൈകൾ കൊണ്ട്
കടലാഴങ്ങളെ പകുത്തെടുക്കുന്നു
 പ്രണയ നീരാളി !


കീറിപ്പോവുക തന്നെ ചെയ്യും

ഏറെ സങ്കടപ്പെടുന്നൊരുവളെ,
വാക്കുകൾ കൊണ്ട് പൊതിഞ്ഞു കെട്ടി
തിരിച്ചയക്കും.
ചത്തു പോയതാണ് ഞാനെന്ന്,
ഉറക്കെ വിളിച്ചു പറയുമെങ്കിലും
വാക്ക് പതിയുന്ന ഏതു കടലാസിലാണ്
ജീവനുള്ള ഒരാളെ പൊതിഞ്ഞു കെട്ടാനാകുക ?
അവസാനത്തെ ശ്വാസമെടുക്കാനുള്ള
 വെപ്രാളത്തിലെങ്കിലും,
എല്ലാ പൊതിഞ്ഞു കെട്ടലുകളും,
കീറിപ്പോവുക തന്നെ ചെയ്യും.


വളർന്ന ശേഷം തിരിച്ചു കിട്ടുന്ന

 
വളർന്ന ശേഷം തിരിച്ചു കിട്ടുന്ന,
മുമ്പെങ്ങോ കളഞ്ഞുപോയ
ബാലപുസ്തകത്തിലെ
കുത്തുകളെ യോജിപ്പിക്കുന്നു.
നഷ്ടപ്പെട്ടുപോയ പണ്ടത്തെ
സന്തോഷങ്ങളെ രഹസ്യമായെങ്കിലും
ഓമനിക്കുന്നു.
കിളച്ചു ചെന്നാലറിയാം
ഓരോ പാറയ്ക്കുള്ളിലും ഒളിച്ചിരിക്കുന്ന
തെളിനീർ ഹൃദയം.

 

വാക്കറ്റം :

ഫോൺ കോൾ കട്ടു ചെയ്ത ശേഷം
വരകളില്ലാത്ത നോട്ട് പുസ്തകത്തിലേക്
പകർത്തുന്നു.
ഓർമയോളം പഴക്കമുള്ള
ആദ്യത്തെ ലഹരി !

2 അഭിപ്രായങ്ങൾ:

  1. വഴികളെപ്പറ്റി
    കൂടുതലൊന്നുമില്ല.
    എല്ലാവരുമെഴുതിയത് വായിച്ച്,
    തിരിഞ്ഞു നടക്കാനുള്ളതും കൂടിയാണെന്നതിനു

    അടിവരയിട്ട്
    തിരിച്ചു നടക്കുന്നു !

    മറുപടിഇല്ലാതാക്കൂ
  2. പറ്റാത്ത കൈകൾ കൊണ്ട്
    കടലാഴങ്ങളെ പകുത്തെടുക്കുന്നു
    പ്രണയ നീരാളി !

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍