വേലിയേറ്റം


ഒരു ചെറു തിര കൊണ്ടെങ്കിലും തലോടാതെ 
എത്ര നേരം പിണങ്ങിയിരിക്കാനാകും കടലിന് 
അത്ര പോലുമാകില്ലെനിക്ക് 
നിലാവുദിക്കുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന 
സ്നേഹത്തിന്റെ വേലിയേറ്റം !!ഓർമ്മ 

ഇരുണ്ടു കൂടി പെയ്യുമെന്ന്‍ കരുതി 
ഇരുള്‍ പരത്തി വിരിഞ്ഞു നിന്നിട്ടും 
ചെറു കാറ്റിന് തിരിച്ചു പറക്കുന്ന 
മഴ മേഘങ്ങള്‍ നിന്നെ ഓര്‍മിപ്പിക്കുന്നു

വാക്കറ്റം :

മുള്ള് കൂര്‍പ്പിച്ചു വെച്ചിട്ടും 
എത്ര തവണ പിണങ്ങി കൂമ്പിയിരുന്നിട്ടും 
വേദനിപ്പിക്കാതെ 
പൂവ് നീട്ടി ചിരിക്കുന്നവള്‍ ഉറപ്പ്

ഉറപ്പ് 

ഇരുമ്പുറപ്പായിരുന്നു
കാത്തിരുന്ന്‍ തുരുമ്പിച്ചതാവണം 
അല്ലെങ്കില്‍ ഒരുമ്മ കൊണ്ടെങ്ങനെ 
തകര്‍ന്നു പോകാനാണ്


ബ്ലാക്ക് ബോർഡ് 


കറുത്ത നെഞ്ചില്‍ എത്രയാവര്‍ത്തി 
മായ്ചെഴുതിയിട്ടുണ്ട് 
അകം വെളുപ്പിക്കാനുള്ള 
അക്ഷരങ്ങള്‍ !!


റേഡിയോ


കയ്യാലപ്പുറത്ത് നീല കോളാമ്പി പൂത്തിരിക്കുന്നു, 

തേന്‍ കുടിക്കാനെത്തുന്ന വണ്ടിനെ
പൂവോടു കൂടി തീപ്പെട്ടി കൂടിനകത്തെക്ക് 
എത്രയെളുപ്പമായിരുന്നു 
നിന്റെ ചിരിയിലേക്ക് ട്യൂണ്‍ ചെയ്യുന്ന റേഡിയോ ഉണ്ടാക്കുവാന്‍കുടമരങ്ങള്‍

ഏതു വേനലിലും കുടയാകുന്നൊരു പതാക കീഴിലെക്കാണ്
മുദ്രാവാക്യങ്ങളുമായി നടന്നെത്തുന്നത്
ഒത്തു ചേര്‍ന്നതൊന്നും കൊടിമരചുവട്ടിലല്ല 
തണല്‍ ചില്ലകളുള്ള കുടമരങ്ങള്‍ !!


ഒരുമ  

വിടര്‍ന്നു വളര്‍ന്നപ്പോള്‍ അകന്നു പോയത് 
മൊട്ടായിരുന്നപ്പോള്‍ ഒത്തു ചേര്‍ന്നിരുന്നവരായിരുന്നു !!തൊട്ടാവാടി 

വിരഹ വേനലില്‍ ചിരിച്ചു പൂവിടര്‍ത്തി നിന്നവള്‍ 
ഒരു തലോടലിനു പിണങ്ങി കൂമ്പിയിരിക്കുന്നു 


വാക്കറ്റം :

ഏറിയും കുറഞ്ഞുമിരിക്കുന്ന  നിഴൽ സ്നേഹം !!

മതം
വേനലിലെ കിണറാണ് മതം 
ആഴത്തിലാണ് ഒഴുക്കില്ലാത്ത ജലം !!
ഇണ 

നാട് ചുറ്റിക്കണ്ട് ക്ഷീണിച്ച പ്രണയം 
തിരിച്ചെത്തി അമ്മച്ചൂടില്‍ ചുരുണ്ടുറങ്ങുന്നു 
ഊരിയെറിഞ്ഞ ചെരുപ്പ് 
നടന്ന വഴികളിലെ പൊടിയും 
പോറലുകളും താലോലിച്ച് 
മഞ്ഞുകാലമൊറ്റയ്ക്ക് നനഞ്ഞു തീര്‍ക്കുന്നു !!


വേരുകൾ 

പേരുകള്‍ക്ക് വേലി തീര്‍ത്ത് മുറിച്ചെടുക്കുന്ന
നിങ്ങള്‍ക്ക് വേരുകളെ കുറിച്ചെന്തറിയാം

നൂറ്റാണ്ടുകളായി ചരിത്രത്തിന്റെ
പല രുചികളെ വലിച്ചെടുത്ത് തടിച്ചു വീര്‍പ്പിച്ചവര്‍
മുറിച്ച കഷണങ്ങളാണേല്‍
എന്നെ ഉണങ്ങി വീണേനെ !!

വാക്കറ്റം :
കവിത വന്നത് എഴുതി വെക്കാന്‍ മടിച്ച്
പിന്നീട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍
മറന്നു പോയെന്ന്‍ മനസ്സിലാക്കിയ
വരികളല്ലോ നിന്റെ പ്രണയം


ഓർമ്മകളുടെ വെയിൽ
വെയിലിനിട്ട ഓര്‍മ്മകളെ നനച്ചു കൊണ്ട്
ഒരു മഴക്കഷണം വെറുതെ പാഞ്ഞു പോയി
എല്ലാത്തിനേം അടുക്കി വെച്ചിട്ടും
നിന്റെ മണത്തെ മാത്രം നനഞ്ഞ മണ്ണ്‍
ഓര്‍ത്തെടുത്തു കൊണ്ടേയിരുന്നു !!


അപ്പൂപ്പന്‍താടി

ഒന്ന് പൊട്ടിത്തെറിക്കാനാണ് എല്ലാവരും കാത്തിരുന്നത്
എത്രകാലമാണ്
ഉണങ്ങിയ പുറന്തോടിനുള്ളില്‍ അടയിരിക്കുക
നേര്‍ത്ത നാരുകള്‍, വിസ്മയത്തിന്റെ ചിറകുകള്‍
വിത്തുകള്‍ 
ഭാരമാറിയാതെ ഉയരങ്ങളില്‍ പറന്നെത്തുക തന്നെ ചെയ്യും


ചിന്തകളുടെ കാട്

എത്ര നേരം പണിപ്പെട്ടാണ് ഒന്ന് വെട്ടിത്തെളിച്ചത്
എന്നിട്ടുമെത്ര പെട്ടെന്നാണ് 
വളര്‍ന്നു പന്തളിക്കുന്നത് 
വഴികള്‍ ഒന്നില്‍ നിന്നുമാറ്റൊന്നിലെക്ക്
കാക്കത്തൊള്ളായിരം ഇടവഴികളുള്ള 
വെളിച്ചമെത്തിനോക്കാത്ത
നിറഞ്ഞ ചിന്തകളുടെ കാട് !!പ്രണയമേ

വിരഹത്തിൻ പകലെത്ര നീണ്ടാലും 
ഏതൊക്കെ കടൽ കടന്ന് പറന്നാലും
ഇരുട്ടു വീഴും മുമ്പേ കൂടെത്തി കുറുകുന്ന
പക്ഷിക്ക്‌, പ്രണയമേ 
നിന്റെ പേരിട്ട്‌ വിളിക്കുന്നു..!


വാക്കറ്റം : 

ഒരൊച്ച പോലും കൂട്ടിനെത്താത്ത 
മരുഭൂമിയിലെ ഇരുട്ടില്‍ 
ഒറ്റയ്ക്ക് മഞ്ഞു നനയുന്നു 
നട്ടുച്ചകളില്‍ മരീചികകള്‍ എങ്കിലും കണ്ടേനെ !

ഇണപ്പേജ്‌ !


വാശിപ്പുറത്ത്‌ കീറിയെറിഞ്ഞിട്ടും 
നാളുകൾക്ക്‌ ശേഷം 
എഴുതിയെഴുതി നടുപ്പേജും കഴിഞ്ഞ്‌ മുന്നോട്ടു പോകുമ്പോൾ കാണാം 
ഇളകി കിടക്കുന്ന 
ഇണപ്പേജ്‌ ! 
ഒറ്റനൂലുകൊണ്ട്‌ തുന്നിച്ചേർത്ത പ്രണയപുസ്തകമല്ലോ
നമ്മൾ!!നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


കൂട്ടിനു വന്ന നക്ഷത്രങ്ങൾ 
മേഘക്കീറിൽ മൂടിപ്പുതച്ചുറങ്ങുന്നു
തണുപ്പിൽ, ഏകാന്തതയിൽ 
നിന്നെ കാത്തിരുന്ന് 
നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


പ്രപഞ്ചം 


പ്രണയമുറഞ്ഞു കിടന്ന കടലാഴത്തിൽ നിന്ന്
മുകളിലേക്ക്‌ പുറപ്പെട്ട വായുകുമിള,
ഇരയെന്ന് കരുതി വിഴുങ്ങിയ കുഞ്ഞുമീനിന്റെ ചെകിള വഴി പുറത്തെത്തി,
ജലപ്പരപ്പിലൊരു ജലകുമിളയായി ;
തന്നിലൊരു ഭൂമിയെയും ആകാശത്തെയും വരച്ചു കാട്ടുന്നു.. !വാക്കറ്റം :

വിരഹത്തണുപ്പിൽ 
ഇനിയുമെത്രകാലം 
നിനക്കായെഴുതിയ അക്ഷരങ്ങൾക്ക്‌ തീകൊളുത്തി 
ചൂടു കായും നീ

മഞ്ഞ്‌ വീഴ്ച

മഞ്ഞ്‌ വീഴ്ചയിൽ കുട പിടിച്ച്‌ നൽകുന്നവരോട്‌ 
ഇലകളില്ലാത്ത ശിഖരത്തിനു താഴെ,
വലിയ മഴക്കാലം ഒറ്റയ്ക്കാണത്രെ 
നനഞ്ഞു തീർത്തത്‌..


കിണർ 

കടലിലേക്കുള്ള ഉൾവഴികളിലെ ഞരമ്പിലാവണം 
കിണറു കൊണ്ട്‌ മുറിവേൽപ്പിച്ചത്‌. 
അടിയൊഴുക്ക്‌ ശക്തമായതിനാലാകണം 
മഴ പെയ്തു തോർന്നിട്ടും 
ഇടയ്ക്കിടയ്ക്കിങ്ങനെ 
കിണർ കലമ്പി കലങ്ങുന്നത്‌.

കാശിത്തുമ്പ
രാവിൽ എത്ര നേരം പെയ്തിട്ടാണ്‌ മഞ്ഞ്‌,
ഇലയിലൊരു തുള്ളിയായി താഴേക്ക്‌ കുതിച്ചത്‌.
എന്നിട്ടും 
ഒന്നു ചുണ്ട്‌ ചേർക്കുന്നതിനു മുമ്പേ
പിണങ്ങി പൊട്ടിത്തെറിച്ച്‌ പോകുന്നു
കാത്തു സൂക്ഷിച്ച വിത്തുകൾ..


വാക്കറ്റം :

തിരിക്ക്‌ തീ കൊടുക്കേണ്ടയാൾ 
ഉറങ്ങിപ്പോയതു കൊണ്ട്‌
രാത്രിമഞ്ഞ്‌ നനഞ്ഞ്‌,
വിറച്ചിരിക്കുന്ന പൂക്കുറ്റി.. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍