മുറിവുകൾ

മുറിവുകൾ


വേനലിൽ,
മഴയിൽ 
കുടയായി നിന്നിട്ടും
മഞ്ഞ്‌ കാലത്തൊരില കൊഴിഞ്ഞപ്പോൾ തന്നെ 
പറന്ന് പോകുന്ന പക്ഷിയോട്‌ 
ഇലകൾ കൊഴിഞ്ഞ നഗ്നതയിലേക്ക്‌ നോക്കുക
ദേഹം നിറയെ,
പ്രണയകാലത്ത്‌ നീ കോറിയിട്ട മുറിവുകൾ കാണാം.
ആനയോ കുതിരയോ


കുഞ്ഞു നാളിൽ കൈവിരലുകളിൽ
കണ്ണിമാങ്ങാണ്ടി പിടിച്ച്‌
ആനയോ കുതിരയോ കളിക്കുമ്പോഴെന്നപോലെ,
ഇന്നെത്ര വളർന്നിട്ടും സ്നേഹ വിരലുകൾക്കിടയിൽ നിന്നും
തെറിച്ചു നീങ്ങുന്നു നീയും..
ആ പഴയ കുതിരയുംവാക്കറ്റം :

ബന്ധങ്ങളുടെ
 ഇലകൊഴിച്ചിട്ട്‌ ഒറ്റയാക്കപ്പെട്ട 
പ്രണയമരച്ചില്ലയിൽ 
ഒരേ കനവു പുതച്ച്‌ തണുപ്പകറ്റുന്നു 
നമ്മൾ.. 

ജീവിതം


രണ്ട്‌ സ്വപ്നങ്ങൾ..
നിന്റെ സ്വന്തമല്ലാത്തതിനാൽ
അടയിരുപ്പിന്റെ ചൂട്‌ പകരാതെ, 
വിരിയാതെ പോയ 
എന്റെ തന്നെ സ്വപ്നമാണ്‌ ഞാൻ..


ജീവിതത്തിലേക്ക്‌ 
ജീവിതത്തിലേക്ക്‌ , 
ഒരായുസ്സ്‌ കൂർപ്പിച്ച്‌ എഴുതി ചേർത്തതെല്ലാം 
ഒരു നിമിഷം കൊണ്ടെത്രയെളുപ്പത്തിൽ
മായ്ച്ചു കളയുന്നു 
നീ...
വേനലു തീരും മുമ്പേ


വേനലു തീരും മുമ്പേ
ഉറവ വറ്റി വെള്ളം തീർന്നു പോയ കിണർ..
ആഴത്തിലെവിടെയോ 
ചെളിയിലുണാങ്ങാതിരുന്നൊരു തുള്ളി
നിറഞ്ഞു തുളുമ്പിയ പ്രണയകാലത്തെയോർത്തു വിയർക്കുന്നു...വാക്കറ്റം :

ഒരു കുഞ്ഞ്‌ കരട്‌ തിരുമ്മി തിരുമ്മി
കണ്ണു നീറി ചുവക്കുന്നതു പോലെ
ഒരു വാക്കു തടവി തടവി
മനസ്സ്‌ നീറി തമ്മിലകന്നു പോകുന്നു 
നാം

പൂന്തോട്ടം

ഓർമ്മ 
വസന്തവും വണ്ടും
ഏറെ നേരം കാത്തു നിന്നിട്ടും വിടരാൻ മടിച്ച
പൂമൊട്ട്‌
ഞാനൊറ്റയായി പോയെന്നിപ്പൊ നിലവിളിക്കുന്നു..
ഓർമ്മയില്ലേയെന്നെയെന്ന് കുറിമാനം കൊടുത്തയക്കുന്നു...

കുമ്പസാരം

നിന്നെയോർക്കുമ്പോഴൊക്കെയും,
പൂർത്തിയാക്കാനാകാത്തതിനാൽ
ചവച്ചരക്കാതെ വിഴുങ്ങേണ്ടി വന്ന,
വാക്ക്‌
ദഹിക്കാതെ പുളിച്ചു തികട്ടുന്നുണ്ട്‌.
ചർദ്ദിലൊരു കുമ്പസാരമായിരിക്കും...


വേർപാട് 

പിടി വിടരുത്‌ നിനക്ക്‌ വേണ്ടി
ഊതി വീർപ്പിച്ച്‌ വെച്ചതാണ്‌
പെട്ടെന്ന് ഊർന്ന് പോയാൽ എങ്ങോട്ട്‌ വേണേലും തെറിച്ചു പോകാം
കേടുപാടുകളില്ലാതെ തിരിച്ചു കിട്ടാനുമിടയില്ലവാക്കറ്റം :

വിത്ത് മാറ്റിവെച്ചതാണ്
മറവിയുടെ നൂറ്റാണ്ട് കഴിഞ്ഞു തിരിച്ചെത്തി,
ഉണങ്ങി പൊടിഞ്ഞു പോയെന്ന
വേവലാതികണ്ണു തുറക്കുമ്പോൾ
വിടർന്ന പൂന്തോട്ടം
 ചിരിച്ചു നിൽക്കുന്നു 


തലകളില്ലാത്ത തൊണ്ടകൾ..

ഉദയം 
പാതിയായിരിക്കുന്നു 
നാമൊരുമിച്ചിരിക്കേണ്ട ലോകം
തീർന്ന് പോകുന്നതിനു മുൻപൊന്ന്
ചേർന്നിരുന്നൊരു
ഉദയത്തെ 
വിരുന്നു വിളിക്കണം...തലകളില്ലാത്ത തൊണ്ടകൾ..


ഉറക്കെ ഇനിയുമുറക്കെ 
വിളിച്ചു കൂവുന്നു
തലകളില്ലാത്ത തൊണ്ടകൾ..
ചേർത്തു പിടിക്കാനാവാതെ 
വിടർന്ന് പോയ കയ്യുകൾ..
തീരത്ത്‌ 
നുരതുപ്പി
ചത്തു പോയ 

തിരകൾ...

മാറ്റം 

കുന്നിന്മുകളിലെ പൂമരത്തിൽ 
പുഴു ജീവിതത്തെ ഓർത്തെടുക്കാൻ 
ശ്രമിക്കുന്നൊരു പൂമ്പാറ്റ, 
ഇപ്പോഴും പ്യൂപ്പയ്ക്കകത്ത്‌ 
തപസ്സിരിക്കുന്ന പ്രണയത്തോട്‌ 
നീയാകെ മാറിപ്പോയെന്ന് 
പരിതപിക്കുന്നു..

വാക്കറ്റം :


സ്വപ്നങ്ങളുടെ ആകാശപാടത്ത്‌ നിറയെ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു
വിളഞ്ഞ ചന്ദ്രനെ വിത്തിനു വെക്കണം..

സ്വപ്നംസ്വപ്നം


മഴയായ മഴയൊക്കെ നനഞ്ഞു കുളിർത്തിട്ടും
ആഴത്തിൽ വേരുകളാണ്ടു പോയിട്ടും
ഒരില പോലും തളിക്കാത്ത വിത്ത്‌
പൂക്കളെ സ്വപ്നം കണ്ട്‌ ഞെട്ടിയെണീക്കുന്നു
ആഴത്തിലെവിടെയോ ഒഴുകുന്നൊരു നീരുറവയെ
വേരുകളാൽ തൊട്ടു നോക്കുന്നു
താലോലിക്കുന്നു..


പിൻ വിളി

പിൻ വിളിക്കരുത്‌,
കാലമേറുന്തോറും മണമേറി വരുന്ന
ഓർമ്മകളുടെ പൂന്തോട്ടമാണ്‌ ചുറ്റിലും
ഏതു വേനലിൽ വാടിയാലും ഒരിറ്റ്‌ നനവിൽ പൂത്തുലയുന്ന
ഓർമ്മകളിൽ മാത്രം സ്വയമലിയുക--ഭദ്രം 

മഴ നിലച്ചപ്പോൾ
നട്ടുച്ച വെയിലിൽ എന്നെ ഉണങ്ങാനിടുന്നു
ഓർമ്മകളിറ്റുവീഴുന്നു
മേലേക്ക്‌ പറന്നിരിക്കുന്ന കാക്കകളെ
ആട്ടിയോടിക്കുന്നു..
ഇനിയുമെത്രകാലം മടക്കിസൂക്ഷിക്കുമെന്നെ നീപാതി


ഞാൻ പുറത്താക്കപ്പെട്ടിരിക്കുന്നു
നിന്റെ വാതിലിപ്പോഴും പാതി തുറന്ന് കിടപ്പാണ്‌
മുഴുവൻ തുറന്ന് ഇറങ്ങി വരാം,
ഒരുമിച്ച്‌ നനയാം
അല്ലേൽ കൊട്ടിയടക്കാംവാക്കറ്റം :

പാടിക്കൊണ്ടിരിക്കെ
മറുകൂവൽ നിലച്ചു
ഒറ്റയായിപ്പോയൊരു
കുയിൽ... 

ആകാശം നിറയെ നക്ഷത്രങ്ങൾ

കൂടെ ഞാനുമെന്ന് പ്രണയം


കൂടെ ഞാനുമെന്ന് പ്രണയം
ദൂരെ നിന്നും ഓടിക്കിതച്ചെത്തിയ 
ഒരു ചെവി 
ആഞ്ഞു കിതച്ച്‌ കൊണ്ടമ്പരക്കുന്നു.
വഴി നീളെ കണ്ണുകൾ 
കണ്ണൊന്നിനു പത്ത്‌ നാവുകൾ.. 
എത്ര വേഗത്തിൽ പാഞ്ഞിട്ടും 
നമുക്ക്‌ മുന്നേ 
വാർത്ത വീടെത്തുന്ന 

യാത്ര!പുതിയ വരി !


വരിയും വഴിയും തെറ്റി നടക്കുന്നൊരുറുമ്പ്‌ 
ഒറ്റയായതിനെപ്പോലും കൂസാതെകിടന്നുറങ്ങുന്നു
എഴുന്നേറ്റ്‌ തേൻ വഴിയിലെത്തി തിരിഞ്ഞു നോക്കുമ്പോൾ 
പിറകിലൊരു നീണ്ട പുതിയ വരി !ഒരു വാക്ക്‌

നിറഞ്ഞ വിഷാദം..
ശാന്തമായ ഉപരിതലം...
ഒരു വാക്ക്‌
എത്ര വലിയ ഓളങ്ങളെ സൃഷ്ടിക്കുന്നു
എത്ര ദൂരേക്ക്‌ അകന്ന് പോകുന്നു 

നാം..വാക്കറ്റം :


ആകാശം നിറയെ നക്ഷത്രങ്ങൾ

മിന്നാമിനുങ്ങിന്‌ വഴി തെറ്റിയിട്ടുണ്ടാകണം !

പ്രണയ ശാഖികൾ
ചേർത്തു വെക്കുന്തോറും 
പിളർന്നു മാറുന്നു,
രണ്ടായി മുറിച്ചാൽ 
ഉണങ്ങി പോകുമെന്നുറപ്പുള്ള 
പ്രണയ ശാഖികൾ..


രണ്ട്‌  ഒറ്റകൾ


ആൾക്കൂട്ടത്തിൽ നമ്മൾ കണ്ടുമുട്ടുന്നു
നൂറ്റാണ്ടുകളുടെ അകൽച്ചയ്ക്കു ശേഷമെന്ന പോലെ 
പരസ്പരം പുഞ്ചിരിക്കുന്നു.
ആൾക്കൂട്ടത്തിന്റെ തന്നെ മറവിൽ കൈ ചേർക്കുന്നു. 
ചേർന്നു ചേർന്നു നിൽക്കെ നമ്മുടെ തന്നെ
സ്വപ്നങ്ങളിൽ തട്ടി
ആൾക്കൂട്ടത്തിലേക്ക്‌ ചിതറി പോകുന്നു..


വാക്കറ്റം :
എത്രയടുത്ത്‌ ചേർത്ത്‌ വെച്ചിട്ടും 
ഇമ്മിണി വല്യ ഒന്നാകാത്ത 
രണ്ട്‌ 
ഒറ്റകൾ..

നമ്മൾ

ഒരേ ആകാശത്തിനു കീഴിലും 
ഒരേ നേരത്ത്‌ 
നമ്മിലൊരാൾ മഴയും 
മറ്റയാൾ വെയിലും കൊള്ളുന്നു
ഒറ്റയ്കൊറ്റയ്ക്ക്‌ മഞ്ഞിലലിയുന്നു..
പണ്ടെപ്പോഴോ
ഒരു സ്വപ്നം
ഒരുമിച്ച്‌ കാണാൻ കഴിഞ്ഞിരുന്നതിനെ
ഓർത്തെടുക്കുന്നു
നമ്മൾ..


പൂമരക്കീഴില്‍ 


ഏതു വേനലിലും 
പെരു മഴയത്തും 
ചുവന്നു പൂവിടുന്ന 

വിഷാദത്തിന്റെ പൂമരക്കീഴിലാണെന്നും..


വാക്കറ്റം :
വൈകി തളിരിട്ട ആ ഒറ്റ ഇല നീയായിരുന്നു.. 
വിഷാദത്തിന്റെ ആദ്യ തീക്കാറ്റിൽ തന്നെ 
നിശബ്ദമായി കരിഞ്ഞു പോയതും..

ഉൾക്കടൽ ജീവിതം..!

നിന്റെ തീരത്ത്‌ നങ്കൂരമിട്ട
സ്വപ്നങ്ങളെ
ദിശയറിയാത്ത ആഴക്കടലിലേക്ക്‌
ആരോ വലിച്ച്‌ കൊണ്ട്‌ പോകുന്നു...
തീരത്തേക്കുള്ള
വഴി മറന്നു പോയൊരു തിര,
കരയെക്കുറിച്ചോർമ്മിപ്പിക്കുന്നൊരു
ഉൾക്കടൽ ജീവിതം..!


സൗരയൂഥം

എന്നിലേക്ക്‌ ചെരിഞ്ഞൊരു
അച്ചുതണ്ട്‌ ഉണ്ടെങ്കിലും
സ്വന്തമായൊരു ഭ്രമണപഥവും നിരവധി ഉപഗ്രഹങ്ങളുമുള്ള,
സ്വയം പ്രകാശിക്കുന്ന,
ജീവനുള്ള ഗ്രഹം തന്നെയാണ്‌
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നടുത്തു വരാറുണ്ടെന്നേയുള്ളൂ..


കഥകളുടെ കൂമ്പാരമാണ്‌

കഥകളുടെ കൂമ്പാരമാണ്‌,
ഒരറ്റത്ത്‌ നിന്ന് തീ കൊളുത്താം എന്ന് കരുതുമ്പോൾ
അവിടൊക്കെ
നീ
ചിരിക്കുന്നു...


വാക്കറ്റം :

പോകുന്നിടത്തൊക്കെ വിഷാദം പെയ്യിച്ചാകെ നനക്കുന്നു എന്റെയാകാശം..

മഴവില്ല്


മഴവില്ല്  കാണാനാളും അൽഭുതവും
ഇല്ലാതിരിക്കുമ്പോൾ ഇത്രയും സ്ഥലം കളയുന്നൊരു
മഴവില്ലൊക്കെ ആർഭാടമാണെന്നേ
മുറിച്ചെടുത്ത്‌ കുട്ട്യോൾക്ക്‌ കളിക്കാൻ കൊടുക്കണം...ജീവിത താളുകൾ

പലതവണ പറഞ്ഞു കൊടുത്തിട്ടും
പിന്നെയും പിന്നെയും തെറ്റെഴുതി ചേർക്കുന്നവൾ..
ഓർക്കണം
ആ ഒറ്റ വാക്കെഴുതാൻ ശ്രമിച്ച്‌
തീർന്നു പോകുന്നു ജീവിത താളുകൾ..


മുറിവുകള്‍ 

ഓർക്കണം,
ഞാൻ തെളിച്ചിട്ട വഴികളിലൂടെ മാത്രമാണിന്നും
നിന്റെ സഞ്ചാരം.
വളവുകളും തിരിവും കല്ലും മുള്ളും - ഒന്നും
ഞാനറിയാതെയായി
ആ വഴിക്കില്ല
വീണ്ടും വീണ്ടും
നിന്റെ കളവുകളുടെ കുപ്പിച്ചില്ലുകൾ കൊണ്ട്‌
മുറിവേൽക്കാൻ വയ്യ.. !!


വാക്കറ്റം :
സ്നേഹം നനച്ച്‌ വളർത്തിയിട്ടും പതിരു വിളയുന്ന പാടത്താണ്‌, കൊയ്ത്തിനിറങ്ങിയത്‌

പ്രണയംജീവിതത്തിലേക്ക്‌ നീയെത്തുമ്പോൾ മാത്രമാണ്‌
തൊലിപ്പുറത്ത്‌ മഴവില്ല് കാട്ടാൻ തുടങ്ങിയത്‌..
തെളിഞ്ഞു കാണുവാൻ പുറത്തെടുത്തപ്പോഴെക്കും
ശ്വാസം മുട്ടി ചത്തു പോയിരുന്നു പ്രണയം...#2 വിരൽത്തുമ്പ്‌ വിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാനും
ഇഷ്ടമുള്ള വഴികളിലൂടെ
ആൾക്കൂട്ടത്തിലേക്ക്‌ ഊളിയിട്ട്‌
വല്ലപ്പോഴും തിരിച്ചെത്തുന്ന
വിധം
വളർന്ന് പോയിരിക്കുന്നു
പ്രണയം..
വാക്കറ്റം :
 വീണുപോകാതിരിക്കാൻ
കൈക്കുമ്പിളിലെടുത്തു വെച്ചത്‌..
കൈച്ചൂടു കൊണ്ടുരുകിയൊലിച്ച്‌
തീർന്നു പോകുന്നു.
സൂര്യകാന്തി‬

മുഖം വീർപ്പിച്ചിരിപ്പുണ്ടൊരുത്തി,
കാമുകൻ
കടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ്‌ നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!ചീട്ട്‌കൊട്ടാരം

ശ്വാസം പോലുമടക്കിപ്പിടിച്ച്‌
ഒരറ്റത്തു നിന്നേ
വച്ചു വളർത്തി കൊണ്ട്‌ വരുമ്പോൾ
എത്ര ലാഘവത്തിലാ
നീ തട്ടിയെറിഞ്ഞിറങ്ങി പോകുന്നത്‌..
വാക്കറ്റം :

വാക്കേറ്റു മുറിഞ്ഞ്‌
ചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.

കത്ത്കിടക്കും മുൻപേ
ജനാലകൾ തുറന്നിടണം
ചിറകുള്ളൊരു വാൽനക്ഷത്രത്തിന്റെ കയ്യിലാണ്‌
അവസാനത്തെ കവിത കൊടുത്ത്‌ വിട്ടത്‌
ഉറക്കമുമ്മ വെക്കും മുന്നേ പടിഞ്ഞാറുദിക്കും,
 കൈപ്പറ്റണം..
ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നത്തിലേക്ക്‌
എഴുത്തിടാൻ വയ്യ..കാറ്റ്‌ 

ഇലഞ്ഞിമരച്ചുവട്ടിലൂടെ
നടന്നെത്തിയ
കാറ്റ്‌ പറഞ്ഞിട്ട്‌ പോയി
നീ ഉണർന്നിരിപ്പുണ്ടെന്ന്...വാക്കറ്റം :
അല്ലേലും നമ്മളങ്ങനെയാ 
ഓരോ അനക്കവും വലുതാക്കി കാട്ടുന്ന ചില്ല് പാത്രങ്ങൾക്കുള്ളിലേക്കാ 

പ്രണയത്തെ പിടിച്ചിടുക..

വിളക്കുകൾ


തെരുവ്‌ വിളക്കുകൾ കത്താൻ തുടങ്ങിയപ്പോൾ
മാടനും മറുതയും 
പ്രേതവും
 യക്ഷിയും ഭൂതവും
 ഇറങ്ങി നടന്നൊരു വഴിയില്ലേ
അതുവഴിതന്നെ പോകും 
ദൈവങ്ങളും
ഉള്ളിലറിവിൻ വിളക്കുകൾ തെളിയാൻ 
തുടങ്ങുമ്പോൾ.


പറിച്ചെടുത്തതു പോലെ 

അതിരാവിലെ 
ഉറക്കത്തിൽ നിന്നെന്നെ 
പറിച്ചെടുത്തതു പോലെ വലിച്ചിറക്കിയതിനാലാകണം
പ്രണയത്തിൻ പാതിയിപ്പോഴും 
വഴിയിലെവിടെയോ 
മുറിഞ്ഞു തൂകുന്നത്‌


വാക്കറ്റം :

തിരക്കുകളിലെന്നും അവസാന അജണ്ടയാണ്‌ നിന്നോടുള്ള സംസാരം.. 
ഒരുമ്മ കൊണ്ടെന്നും പിണക്കത്തെ മായ്ച്ചു കളയാമെന്നുള്ള വിശ്വാസവും...
ഓഫ്‌ :- 
തിര വന്ന് തലതല്ലി ചത്താലും 
കല്ലിങ്ങനെ നോക്കി ചിരിക്കും 
അല്ലേൽ പിന്നെ അതിനെയാരേലും കല്ലെന്നു വിളിക്കുമോ...

വേനലിലേക്ക്‌ നീണ്ട വേരുകൾ

ഏറെ പിറകെ നടന്നിട്ടും 
പിടിക്കാൻ വാലില്ലാത്തൊരു തുമ്പി
ഒറ്റയ്ക്ക്‌ കല്ലേടുത്ത്‌ കളിയാക്കി ചിരിക്കുന്നു.. 


വേനലിലേക്ക്‌ നീണ്ട വേരുകൾ
ഉള്ളു നിറയെ കരുതലും
പുറത്ത്‌ കൂർത്ത മുള്ളുകളുമുള്ള
കള്ളിമുൾച്ചെടി,
വേനലിലേക്ക്‌ നീണ്ട വേരുകൾ
എന്റെയും കൂടിയാണ്‌

വാക്കറ്റം :
ഒന്ന് ചെവിയോർത്താൽ അറിയാം 
അരയാലിലകൾ 
കലപില പറയുന്നത്‌
നമ്മളെ പറ്റിയാണെന്ന്..


ഇലമുളച്ചിപറിച്ചെടുത്ത്‌ 
ഒളിച്ചു വെച്ചതാണ്‌
അവിടെയും വേരുകളിറക്കുന്നു
ഇലമുളച്ചി


ഒത്ത നടുവിൽ 

ഒത്ത നടുവിൽ 
രണ്ട്‌ തോണികൾ..
സമാന്തരങ്ങൾ..
എത്രകാലം നീയിങ്ങനെ പകുത്തു നൽകും
ഇരു ധ്രുവങ്ങളിലേക്ക്‌ 
വഴി പിരിയുകയാണ്‌...
വാക്കറ്റം 
സമയം തെറ്റി ഞെട്ടിയുണർന്നതാണ്‌ 
സൂര്യകാന്തി
കണ്ണു തുറന്നപ്പോൾ
ആകാശം നിറയെ നക്ഷത്രങ്ങൾ... !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍