ബോണ്‍ (ബ്ലോഗ്‌ )സായ്

ചില്ല് കൂട്ടില്‍ വളര്‍ന്ന് ;
കാണുന്നവര്‍ക്കൊക്കെ,
കൌതുകത്തെ മാത്രം 'ജനിപ്പിക്കാന്‍' കഴിയുന്ന
കുഞ്ഞു വിത്തുകള്‍ സമ്മാനിച്ച്‌ ,
പ്രശംസകള്‍ തേടുന്ന
നാരുവേരുകളെ മാത്രം വെച്ച്
പുറം ലോകത്തെ തിരയുന്ന
തായ് വേരുകളെ സൌകര്യ പൂര്‍വ്വം
മുറിച്ചു മാറ്റിയവന്‍... !!
പിന്കുറിപ്പ് :

പ്രണയം ഇറങ്ങിപ്പോയ നാള്‍ മുതല്‍
എത്ര പെട്ടെന്നാണ് നമുക്ക്
സംസാരിക്കാന്‍ വിഷയമില്ലാതായത് ..!!

എന്‍ഡോസള്‍ഫാന്‍ - ഇരകളുടെ രണ്ടു വാക്ക്
വഴികള്‍ രണ്ടുണ്ട് പച്ച യാഥാര്‍ത്ഥ്യത്തിലേക്കുള്ളതും സ്വപ്ന ലോകത്തിലെക്കുള്ളതും

നിന്റെ 'നീല പല്ലു'കളിലൂടെ "പുതിയ സാധന"ത്തിനു പകരമായി
പച്ച ജീവിതത്തെ ഒരു തവണയെങ്കിലും  പകര്‍ന്നു കൊടുത്തതിനു നന്ദി.
നിങ്ങള്‍  നീട്ടി വിളിച്ച മുദ്രാവാക്യത്തിനും ഞങ്ങള്‍  കടപ്പെട്ടിരിക്കുന്നു.

പുതിയ തലമുറയെ സംരക്ഷിച്ച സന്തോഷത്തോടെ ഒരുത്തര്‍ക്കും
ഉയരങ്ങളിലെ സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാം,
തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളിവിടെ തന്നെ ഉണ്ടാകും.

പെയ്തൊഴിഞ്ഞ ദുരന്തത്തിന്റെ
ഒരു വില കുറഞ്ഞ കാരിക്കേച്ചറായി നമ്മളിവിടെ അവശേഷിക്കും.

കണ്ണ് ചിമ്മിയും തുറന്നും നാക്ക് നീട്ടിയും
നടന്നും ഇഴഞ്ഞും അനങ്ങാതെ  കിടന്നും
ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!


കഴിഞ്ഞ ആഴ്ചത്തെ വര്‍ത്തമാനം ആഴ്ചപ്പതിപ്പ് (എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ പതിപ്പ് ) ല്‍ വന്നത് .

മഷിത്തണ്ടിന്റെ കൂട്ടുകാര്‍