കൊഴിഞ്ഞു വീണ നേരത്തെ
വേദനകളെയല്ല
ഓരോ പൂവും ഇലയും അടയാളപ്പെടുത്തുന്നത്,
വളർച്ചയുടെ കാല സൂചികകളെയാണ്..
അടയാളങ്ങൾ..
അക്ഷരങ്ങൾ അടയാള കല്ലുകളാകുന്നു
നിന്നെ തിരക്കി നടന്നു
താണ്ടിയ ഓർമ സൂചകങ്ങൾ.
നമ്മളെന്നു ചേർത്തെഴുതുമ്പോൾ
മാഞ്ഞു പോകുന്ന അടയാളങ്ങൾ..
ഒളിച്ചു കടത്തൽ
ഒരുത്തനും കണ്ടുപിടിക്കാനാകില്ല
എഴുത്തിൽ ഒളിച്ചു കടത്തുന്ന നിന്നെ.
ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നീ
എത്ര സമർത്ഥമായാണ്
വരികളിൽ പതുങ്ങിയിരിക്കുന്നത്..
തോന്നൽ
ഇടങ്ങളത്രയും
നിറച്ചിരിക്കുന്നു
നിന്റെയിഷ്ടങ്ങളെ കൊണ്ട്.
ഓരോ നിഴലനക്കവും നീയെന്നു കരുതി
തുറന്ന് വെക്കുന്നു വാതിലുകളും..
വാക്കുകൾ.
നീ കാണാനിടയില്ലെങ്കിലും
നിനക്കെഴുതി കുഴിച്ചു മൂടുന്നു വാക്കുകൾ.
വന്നൊന്നു തൊട്ടു നോക്കണം,
നിനക്കു ചുറ്റും വാക്കിൻ കാട് പൂക്കുന്നത് കാണാം..
വാക്കറ്റം :
യാത്ര കഴിഞ്ഞെത്തിയോ എന്നൊരു ആകാംക്ഷ
പരിഭവങ്ങളില്ലാതെ,
കാത്തിരിപ്പിന്റെ പുതപ്പിനുള്ളിൽ
ദീർഘമായി നിശ്വസിച്ചു തീർക്കുന്നുണ്ടാവണം