മുറിവ്


വെപ്രാളം 



















രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
വെറും നിഴലുകളാണ്‌.
പിറകിലൊളിച്ചിരിക്കാനുള്ളത്‌...
വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..


മുറിവ് :

വേനലിൽ ഉറവ വറ്റുന്നൊരു പ്രണയത്തിന്റെ കിണർ
മഴയെത്തും മുന്നേ തൂർന്ന് പോയെന്ന്
അതിനു ശേഷമാണെത്രെ
ചെറിയ ആഴത്തിലെ മുറിവിലും 
പ്രണയമിങ്ങനെ കിനിഞ്ഞു തുടങ്ങിയത്‌..

വാക്കറ്റം :
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്‌.. ?!

നിന്റെ മുന്നിൽ തുറന്നിരിക്കുന്നെന്റെ ജീവിതം.

സ്വപ്നം





















കണ്ണു തുറന്നിട്ടും മാഞ്ഞു പോകാതെ , തലയ്ക്ക്‌ മുകളിൽ
വിഴുങ്ങാൻ പാകത്തിൽ
പ്രിയപ്പെട്ട സ്വപ്നം.. 


ജീവിതം.


കൂടുതലൊന്നുമില്ല, കൂടെ വിളിക്കുന്നുമില്ല
എത്രയാഴത്തിൽ, എത്ര പേജുകളിൽ
ഏത് ഭാഷകളിൽ, എത്രകാലമെഴുതി
നീയടച്ചു വെക്കും വരെ
നിന്റെ മുന്നിൽ തുറന്നിരിക്കുന്നെന്റെ ജീവിതം.





നിന്റെ പേര്‌


എഴുതി തീരാനായ പുസ്തകത്തിലെ
ഏറ്റവും ഒടുവിലത്തെ പേജിലായിരുന്നു നിന്റെ പേര്‌
ഇറങ്ങിപ്പോയാലും ഇനിയൊരു പ്രണയത്തെ എഴുതി ചേർക്കാൻ വേറെയിടമില്ല

മുറിവ് 


ഓർക്കാപ്പുറത്ത്‌
വാക്കേറു കൊണ്ടേറ്റ മുറിവിനെ
ചുംബനങ്ങൾ കൊണ്ടല്ലാതെ എങ്ങനെയുണക്കാൻ



സ്വപ്നം 

അതൊരു
സ്വപ്നമായിരുന്നത്രെ,
ഉറക്കമെണീറ്റിട്ടും
മുറിഞ്ഞ്‌
പോകാതെ ബാക്കിയായത്‌..!!

ചായം പൂശൽ  

നിന്റെ
വിരൽപ്പാടുകൾ, മുടിച്ചുരുളുകൾ
വിയർപ്പു മണം, മുറിവൊപ്പിയ ചോര
എല്ലാം സമർത്ഥമായ്‌ മായ്ചു കളഞ്ഞിട്ടുണ്ട്‌
അനിവാര്യതയുടെ ചായം പൂശലിൽ


വീഴ്ച 

ആകാശത്തോളം ഉയർന്ന് പറക്കുമ്പോഴാണറിയുന്നത്‌
തട്ടിവീഴാൻ ഭൂമിയിലേക്കാളും
തടസ്സങ്ങൾ ആകാശത്തിലാണെന്ന്
എത്ര വീണാലും തളരാത്ത ചിറകുകളാകുന്നവർക്കും
വഴികാട്ടികൾക്കുമാണിന്നെന്റെ 
ചുടു ചുംബനങ്ങൾ...!!



ഉണർവ് 

തേഞ്ഞ്‌ ചതഞ്ഞരഞ്ഞ്‌ തീരാനുള്ളതല്ലെന്ന്
മുറിവുണക്കത്തിന്റെ ഒറ്റമൂലി ചേർത്ത്‌ പിടിക്കുന്നു.
ജീവിതത്തിന്റെ ഒഴുക്കിലേക്ക്‌ തള്ളി നീക്കുന്നു
കാലമിത്ര തുരുമ്പെടുത്തിട്ടും
ചുവടുകൾക്ക്‌ ആയാസമില്ലെന്ന്
അൽഭുതപ്പെടുന്നു..


വാക്കറ്റം :

പൊടി തട്ടി, കഴുകി
പിഴിഞ്ഞുണക്കാനിടുന്നു
നീ ബാക്കിവെച്ച ജീവിതത്തെ...

വേരുകളിപ്പോഴും


















നാളുകളിത്ര കഴിഞ്ഞിട്ടും
നീ മുറിഞ്ഞു പോയതറിയാതെ
വേരുകളിപ്പോഴും...
നിന്റെയോർമ്മകളാൽ,
സ്നേഹത്താലെന്നെയൂട്ടുന്നു.



നവമ്പറിലെ നക്ഷത്രങ്ങൾ

നമ്മളു മറന്നാലും,
തലയ്ക്കു മുകളിൽ
ചിരിച്ചുദിച്ചു നിന്ന്
ഓർമ്മകളിലേക്ക്‌ വഴി കാട്ടുന്നു
നവമ്പറിലെ നക്ഷത്രങ്ങൾ..


നിന്റെ പേര്‌

എഴുതി തീരാനായ പുസ്തകത്തിലെ
ഏറ്റവും ഒടുവിലത്തെ പേജിലായിരുന്നു നിന്റെ പേര്‌
ഇറങ്ങിപ്പോയാലും ഇനിയൊരു പ്രണയത്തെ എഴുതി ചേർക്കാൻ വേറെയിടമില്ല

മുറിവുണക്കം 

ഓർക്കാപ്പുറത്ത്‌
വാക്കേറു കൊണ്ടേറ്റ മുറിവിനെ
ചുംബനങ്ങൾ കൊണ്ടല്ലാതെ എങ്ങനെയുണക്കാൻ


വാക്കറ്റം :

"എന്നിട്ട്‌ ?"
"എന്നിട്ടെന്താ ?"
"എന്തോ പറയാനില്ലേ?"
" ഞാനത്‌ പറഞ്ഞ്‌ തീർന്നല്ലോ..!"

നിഘണ്ടു


#പട്ടം





 














ചരടിൽ കൊണ്ട്‌ നടന്നപ്പോഴൊന്നുമായിരുന്നില്ല,
പൊട്ടിപ്പോയപ്പോഴാണ്‌
ഓർമ്മകൾ കൊണ്ട്‌ കെട്ടിയിടപ്പെട്ടത്‌



നിഘണ്ടു

ജീവിതത്തിലേക്കൊരിക്കലും ചേർത്തു വെക്കാനാകാതെ,
അലമാരയലങ്കരിക്കുന്ന പുസ്തകങ്ങൾ പോലെ
ചില ജീവിതങ്ങൾ
എത്ര വാക്കുകൾ കൊണ്ടും ശരികൾ കൊണ്ടും നിറഞ്ഞിരുന്നാലും
എന്നും വായിക്കാനെടുക്കാത്ത
നിഘണ്ടുവല്ലോ
നിനക്ക്‌ ഞാൻ.. 



 നീ.

ഇല്ലാതായപ്പോൾ നീ നിറഞ്ഞിരുന്ന
ഇടങ്ങൾ കണ്ട്‌ അമ്പരന്നു പോകുന്നു
ആകാശം, ഭൂമി, ചന്ദ്രൻ, നക്ഷത്രങ്ങൾ,
ഇരുൾ, വെയിൽ, മഴ, സമുദ്രം , വഴികൾ, പുസ്തകങ്ങൾ.....
കൂടെയുണ്ടായിരുന്നപ്പോൾ
ഒരു ഫോൺ കോളോ മെസേജോ
മാത്രമായിരുന്നില്ലേ നീ..  



കവിത

ഏകാന്തത സംഗീതം പൊഴിക്കുന്ന
നിശബ്ദ പൗർണ്ണമിയിൽ
നിന്റെയോർമ്മകളല്ലാതെ
മറ്റെന്താണിന്നെന്റെ കവിത !!



സ്വപ്‌നങ്ങൾ

ഈ സ്വപ്നങ്ങളെ കുറിച്ച്‌ പറയുമ്പോൾ
ആകാശത്തെ ഓർമ്മ വരുന്നതെന്തു കൊണ്ടായിരിക്കും ?
ചിറകുകളില്ലെങ്കിലും അകാശത്തിലുയരുന്ന
സ്വപ്നങ്ങളുടെ കാലം,
അതേയാകാശത്തിൽ നിന്നും
നൂലു കെട്ടിയിറക്കേണ്ടി വരുന്ന
സന്തോഷങ്ങളുടെയും..!!



ഓർമ്മ  

തടിയെരിഞ്ഞു തീർന്നിട്ടും
വേരുകൾ കരിച്ചിട്ടും
ഒരോ രാവിലൊറ്റയാകുമ്പോഴിപ്പോഴും
മുളച്ചു പൊന്തുന്നു
നിന്റെയോർമ്മകൾ


 വാക്കറ്റം :

മഴയായ്‌
പെയ്തു നനയ്ക്കുമെന്ന് കരുതി,
മഴവില്ലിലൊതുങ്ങി
മാഞ്ഞു പോയെന്ന്

നിന്റെയോർമ്മകളുടെ നനഞ്ഞ കുട

ഉപഗ്രഹം 

























ജീവിതത്തിൽ നിന്നും 
തെറിച്ചു പോയിട്ടും,
ഓർമ്മകളുടെ ഭ്രമണ പഥത്തിൽ 
നിനക്ക്‌ ചുറ്റും 
ഞാനിങ്ങനെ




നിന്റെയോർമ്മകളുടെ നനഞ്ഞ കുട



മഴയൊഴിഞ്ഞ നേരങ്ങളിലെല്ലാം 
ചൂടാനെടുക്കുന്ന കുടകളത്രയും
വെച്ച്‌ മറക്കാറല്ലേ പതിവ്‌? 
അതിനായി കൊണ്ട്‌ നടന്നിട്ടും
ഏതാൾക്കൂട്ടത്തിലും 
ഓർമ്മയോടെ കൂടെയിറങ്ങുന്നു,
പ്രണയം പെയ്തു തീർന്നിട്ടും
നിന്റെയോർമ്മകളുടെ നനഞ്ഞ കുട..!!



കൂട്‌.

ചിറകുകൾക്ക്‌ ബലം വരുന്നതു
വരെയുള്ള അഭയ കേന്ദ്രമാണ്‌ കൂട്‌.
പറന്നു പോകും മുമ്പേ
നീ കൊഴിച്ചിട്ട തൂവലുകളിൽ,
നിന്നെയോർത്തെടുക്കുന്നുണ്ടതിപ്പോഴും.. !



ഒറ്റ 


ചേർന്നു നിൽക്കുന്നവരിൽ നിന്നും
നീ മാത്രമിറങ്ങി പോകുന്നു..
നോക്കി നിൽക്കെ പേരറിയാത്ത ഭൂഖണ്‌ഡത്തിൽ
ഞാനൊറ്റയാകുന്നു.




ഇന്നലെകൾ 

ഓർക്കുന്നുവോ,
പിടഞ്ഞു വീഴുമ്പോഴും
നിന്റെയാകാശത്തിൽ
മഴവില്ലു തീർത്ത ഇന്നലെകളെ..!



വാക്കറ്റം :

ഇത്തിരിയെങ്കിലും
നിറഞ്ഞിരുന്ന
തേൻ തുള്ളി മധുരം നുണഞ്ഞ്‌
വലിച്ചെറിഞ്ഞു കളഞ്ഞില്ലേ നീ 

ഒരുമ


 ഒരുമ





















ചിന്തകളുടെ
വെവ്വേറെ ഭ്രമണപഥങ്ങളിൽ,
എത്രകാലം ചേർന്നു നിൽക്കാനാകും
നമുക്ക്‌
ചില ചിത്രങ്ങളിലല്ലാതെ..




പേമാരി

ഓർമ്മകളുടെ പേമാരിയിൽ
നീയൊലിച്ചു പോകാതിരിക്കാൻ
നനഞ്ഞിട്ടും , കുട ചൂടി തരുന്നു
നിന്റെ ഇഷ്ടങ്ങൾക്ക്‌..



നിന്റെയോർമ്മകൾ

എത്രയെത്ര നക്ഷത്രങ്ങൾ
കരങ്ങൾ നീട്ടിയിട്ടും
ഒന്നെത്തി പിടിക്കാൻ
പോലുമാകാത്ത വിധം
വലയം ചെയ്യുന്ന
നിന്റെയോർമ്മകൾ..



 കഥകളുടെ ആകാശം

നക്ഷത്ര തുളകളുള്ള
ഇരുട്ടു നോക്കിയിരിക്കുന്നു
കഥകളുടെ ആകാശം
നക്ഷത്രങ്ങളോളം കഥകൾ
എത്ര തവണ കേട്ടാലും
മുഴുമിക്കും മുന്നേ
വെളിച്ചം വന്നെത്തി
പാതിയിൽ നിർത്തി വെക്കുന്ന
കഥകൾക്കൊപ്പം നീയും



 വാക്കറ്റം :

ഒരിക്കലും
ഒത്തു ചേർക്കാൻ കഴിയാത്ത
സ്വപ്നങ്ങളുടെ തുടലറ്റത്തെ
നരച്ച
ലോകങ്ങളായിരുന്നു നാം  

ഒറ്റ മാത്രമെന്നോർമ്മപ്പെടുത്തൽ..!
















നീയൊപ്പമുണ്ടായിരുന്ന ഇറക്കം,
തിരിഞ്ഞിരിക്കുന്നു...
ജീവിതത്തിന്റെ മല കയറ്റം.
ഒരു വശത്ത്‌ ഒറ്റയെന്നുയരുന്നതിനെ
ആഞ്ഞു ചവിട്ടി താഴ്ത്താൻ ശ്രമിക്കുമ്പുഴേക്കും
മറുവശത്തുയർന്ന് ഒറ്റ മാത്രമെന്നോർമ്മപ്പെടുത്തൽ..!



സാമ്യം

ഇരുളിലേറെ കൊതിപ്പിച്ച്‌
വെളിച്ചത്തിൽ
മാഞ്ഞു പോയത്‌ നന്നായി
ഒറ്റപ്പെട്ടൊരു സാമ്യതയിൽ
എന്നേക്കും ചേർത്തു വെക്കാൻ
തോന്നിയിരുന്നല്ലോ നിന്നെ..  




കടലാസ്‌ തോണി.
 
ഒഴുക്ക്‌ നിലച്ചിരിക്കുന്നു, യാത്രയും.
തുള്ളികളുറ്റി വീണു
കുതിർന്നലിഞ്ഞു
പോകുന്നു സ്വപ്നങ്ങളുടെ
കടലാസ്‌ തോണി. 



 ഞാനും ജീവിതവും


എത്ര ശ്രമിച്ചിട്ടും,
ഏതു യാത്രയിലും,
പാതിയെത്തും മുൻപെയുദിക്കുന്ന
നിന്റെയോർമ്മകളുടെ
നിറങ്ങളിൽ തട്ടി
വീണു പോകുന്നു.
ഞാനും ജീവിതവും..!!  



രാവ്‌ തീരുന്നുവെന്ന്,

രാവ്‌ തീരുന്നുവെന്ന്,
ഇരുളിലെത്ര നാൾ
കുഴിച്ചിടും,
നമുക്കിടയിലെ നോവിനെ..
എത്ര നന്നായി തൂത്തു വെച്ചാലും
വെളിച്ചമടിക്കുമ്പോൾ
പറന്നു നടക്കുന്നു
നിന്റെയോർമ്മകളുടെ ധൂളികൾ..


വാക്കറ്റം

നിന്റെയോർമ്മകളെ
നേരിടാൻ കരുത്തു വേണമെന്നാഗ്രഹം
ഒരോ തവണയും
ഭൂതകാലത്തിന്റെ ഭാരം
താങ്ങാനാകാതെ
അടിതെറ്റി വീണു പോകുന്നു
ഞാൻ




 

മുറിവുണക്കി

മുറിവുണക്കി 























നിന്റെ വേദനകൾ
തീർന്നു പോകുമ്പോൾ,
കൺ മുന്നിലെ വെറും കാട്ടു ചെടികളായി മാറുന്നു,
മുറിവുണക്കിയ
തൊട്ടാവാടിക്കും കമ്മ്യൂണിസ്റ്റ് പച്ചയ്ക്കുമൊപ്പം
ഞാനും


  നനവ്


നാളുകളെത്ര കഴിഞ്ഞിട്ടും
തുള്ളികളായുറ്റി വീഴുന്നു
എന്റെയിഴകളിലൂടെ
നിന്റെയോർമകളുടെ നനവ്


ജ്വലനം 

തകർന്ന് പോയിട്ടും നിന്റെയോർമ്മയിൽ
ഒരു നിമിഷം കൂടി ജ്വലിച്ചു പോകുന്നു
ഞാൻ
മരിച്ചതിനു ശേഷവും പുറത്തു വരാൻ ശ്രമിക്കുന്ന,
ഉള്ളിലെവിടെയോ കുരുങ്ങിയ നിശ്വാസം പോലെ..


ചലനം

പതുക്കെയെങ്കിലും
നടന്നു തുടങ്ങിയിരുന്നെങ്കിൽ
ഏതേലുമൊരു ( ഹൃദയത്തിൻ) ചുവരിലെത്തിയേനേ
കാത്തിരുന്ന് തുരുമ്പിച്ച്‌
നടക്കാൻ പറ്റാതായിപ്പോയല്ലോ പ്രണയമേ..



രുചി

 
കരഞ്ഞു
കരഞ്ഞ്‌
വിശപ്പു കെട്ടു പോയൊരു
വിരഹം
പഴയ
പ്രണയകാലത്തെ
രുചികളെ
ഓർത്തെടുക്കുന്നു.  




 ബാക്കി 

പെരുമഴയത്ത്‌
ഒലിച്ചു വന്നതിൽപ്പെട്ടതാകണം
വിരഹം പെയ്തു തീർന്നിട്ടും
തിരിച്ചിറക്കി വിടാനാകാതെ
മനസ്സിനുള്ളിൽ സൂക്ഷിച്ച്‌
നീ ചത്തു പോവുകയേയുള്ളൂ
 



വാക്കറ്റം :

ആഴം കൂടുന്തോറും
നിശബ്ദമാകുന്ന
ഉൾക്കടൽ പോലെ
ഓർമ്മകൾ..
നേരമെത്ര കഴിഞ്ഞിട്ടും
മായാതെ കിടക്കുന്ന ജലരേഖകളിൽ
നീയിറങ്ങിപ്പോയ വഴി

ഉടലുണങ്ങിയിട്ടും തണലു നൽകുന്ന മരങ്ങൾ


 മഞ്ഞു തുള്ളി ജീവിതം























കണ്ടുമുട്ടാനാകാത്ത
അകലത്തിലിരുന്ന് ഒരു സ്വപ്നത്തിന്റെ
കരം ഗ്രഹിക്കുന്നു,
ഒരേ പാതയിലേക്കെന്ന്
ചുവട്‌ വെക്കുന്നു..
'വെയിലുദിക്കുമ്പോൾ മാഞ്ഞു തീരേണ്ട
മഞ്ഞു തുള്ളി ജീവിതം !'



  തണലു നൽകുന്ന മരങ്ങൾ

ഭൂതകാലത്തിന്റെ പച്ചയാണ്‌
കാലിനടിയിൽ കിരുകിരുക്കുന്നത്‌.
ഇനിയും ദ്രവിച്ച്‌ തീർന്നിട്ടില്ലാത്ത
ഓർമ്മകളുടെ ഞരമ്പുകൾ
ഉള്ളംകാലിൽ തൊട്ടു വിളിക്കുന്നു.
ഉടലുണങ്ങിയിട്ടും തണലു
നൽകുന്ന മരങ്ങൾ


മഴവില്ല്

മുറിഞ്ഞു
തീർന്നു പോകുന്നെന്റെ
നിറങ്ങൾ
നിന്റെയാകാശത്ത്‌
മഴവില്ലു തീർക്കയാൽ !!


സ്വപ്നങ്ങൾ
 
പറക്കാൻ
ചിറകുകൾ ഇല്ലെന്നറിഞ്ഞിട്ടും
കയ്യെത്താത്ത ഉയരത്തിലേക്ക്‌
മാറ്റി വെക്കപ്പെട്ട
സ്വപ്നങ്ങൾ.. 




ചങ്ങലകൾ

 
ഒറ്റ നിമിഷം കൊണ്ട്‌
തകർന്ന് തീർന്ന,
ഏറെ കരുതലിൽ
കാത്തു സൂക്ഷിച്ച
സ്വപ്നങ്ങൾ..!
കുതറും തോറും
മുറുകി വരുന്ന
ഓർമ്മകളുടെ
ചങ്ങലകൾ..!!


ഹ്രസ്വ യാത്രകൾ

എത്ര കുതിച്ചിട്ടും
കീഴടക്കാനാകാതെ
തളർന്ന് നിന്ന,
സങ്കട മലകളുടെ
പാതി താണ്ടിയെന്ന്.
കുഞ്ഞു സന്തോഷങ്ങളുടെ ചിറകിലെ
ഹ്രസ്വ യാത്രകൾ..




വാക്കറ്റം : 


ഇരുട്ടിൽ നക്ഷത്രങ്ങളെത്രെ വഴികാട്ടികൾ..
ബോധ പൂർണിമയിൽ
ആകാശം നിറയെ നക്ഷത്രങ്ങൾ..!

പ്രണയ മരീചികകൾ !

പ്രണയ മരീചികകൾ !






















നീയിറങ്ങിയ
മനസ്സ്‌
മരുഭൂമി.
കണ്ണെത്തും ദൂരത്തോളം
പ്രണയ മരീചികകൾ !


നമ്മളിലേക്ക്‌..

നമ്മളിലേക്ക്‌..
നീയെത്തുന്നതും കാത്തിരിക്കുന്നു,
നമുക്കായതിർത്തി നിശ്ചയിച്ചിട്ടില്ലാത്ത ആകാശം.



ഓര്‍മ്മ 


നീ പറഞ്ഞിട്ടേയില്ലെന്ന്,
അല്ലെങ്കിലും
ഓർമ്മയിലെ,
സ്വപ്നങ്ങളത്രയും പാതിയിൽ മുറിഞ്ഞവയല്ലെ..!



പ്രണയ മഴ
 
മറന്നതാവില്ലെന്നെ, ഒഴിച്ചിട്ടതാകണം.
മരുഭൂമികളെയും നിലനിർത്തണമല്ലോ


വായന 

അരികു പൊടിഞ്ഞു തുടങ്ങിയെങ്കിലും
തുറന്നു തന്നെയിരിക്കുന്നു
നിനക്ക്‌ മുന്നിൽ,
ഒന്നു നോക്കൂ..
പ്രണയത്തെ വായിച്ചെടുക്കാൻ പറ്റുന്നില്ലേയെന്ന്..!



 പാലം


കരിച്ചു കളഞ്ഞ
വേനലിനു പിന്നാലെ വന്ന
പ്രളയ മഴയും തോർന്നിരിക്കുന്നു.
വാക്കുകൾ കൊണ്ട്‌ കെട്ടിത്തുടങ്ങുന്നു
നിന്റെ ഹൃദയത്തിലേക്കൊരു
പാലം..




 വാക്കറ്റം :

വാതിലുകൾ തുറന്നിട്ട്‌ ,
തൂത്തു തീർക്കുന്നു പ്രണയമാറാലകൾ..

മഴ തോർന്ന ഇളവെയിലിൽ മുളക്കുന്ന ഓർമ്മകൾ !



ഒറ്റ




















ഒറ്റയുടെ കൂടിനുള്ളിലായിരിക്കുമ്പോഴാണ്‌
ഉച്ചത്തിൽ കൂവിയാർക്കേണ്ടി വരുന്നത്‌
'നമ്മളു'ണ്ടായിരുന്ന കാലം
എത്ര നിശബ്ദമായിരുന്നു സ്നേഹം


ഓര്‍മ്മ 



നിഴലു പോലും കൂട്ടിനില്ലാത്ത
അകലത്തിലേക്ക്‌ മാറിയിട്ടും
ഒരു നെടുവീർപ്പിടെ വന്നു വിഴുങ്ങുന്നു
നിന്റെയോർമ്മയുടെ തിമിംഗല കുഞ്ഞുങ്ങൾ..


ഇറക്കം 
 
വീട്ടിലല്ലേ എന്നാരോ ചോദിക്കുന്നു;
നീയിറങ്ങിയപ്പോൾ
കൂടെയിറങ്ങിയതാണ്‌ ,
വാതിലുകൾ, ജനലുകൾ, മേൽക്കൂര..!
ഉറക്കമില്ലാത്ത രാത്രികളിലെത്ര
പരതിയിട്ടും കണ്ടെടുക്കാനാകുന്നില്ല
പഴയ നക്ഷത്രങ്ങളെ !


 വേദന 
 
മുറിച്ച്‌ മാറ്റി വെക്കുന്നു
എന്നത്തെയും പോലെ
ഒരു കഷണം.
നീ തുറന്ന് നോക്കാത്ത
എന്റെ മാത്രം വേദനകൾ.. ! 



മടുപ്പ്

മടുപ്പിന്റെ നെറുകയിലിരുന്ന്
തിരിഞ്ഞു നോക്കുന്നു.
നിറഞ്ഞിരുന്ന ഇടങ്ങളിലെ ഞാനില്ലായ്മ,
നിറഞ്ഞിരിക്കുന്ന ഇടങ്ങളിലെ ഞാനല്ലായ്മ !!



തിരിച്ചിറക്കം

തിരിച്ചിറക്കം,
മണ്ണിലേക്ക്‌
ജീവിതത്തിലേക്ക്‌
ഏറെ നേരമില്ലിനി പകലിലേക്ക്‌, നിന്റെയോർമ്മയുടെ ഇരുട്ടു നീങ്ങുവാൻ



വാക്കറ്റം :
 
മഴ തോർന്ന
ഇളവെയിലിൽ മുളക്കുന്ന ഓർമ്മകൾ ! 




 

യാത്രാബലൂണുകൾ

















ഇനിയൊരിക്കലും തമ്മിൽ കണ്ടുമുട്ടാത്ത ഉയരത്തിലെ,
സ്വപ്നത്തിലേക്കെന്നുറച്ച്‌
നീയിറങ്ങുന്നു.
എത്രകാലം ജീവനൂതി വീർപ്പിച്ച്‌ വച്ചതാണ്‌
നിന്റെ യാത്രാബലൂണുകൾ..


ആകാശം 

നട്ടുച്ചയുടെ പകലിൽ സൂര്യനെ മായ്ച്‌ ഇരുട്ടു വരക്കുന്നു.
മഞ്ഞു കാലം തീരും മുന്നേ മഴയാർത്തു പെയ്യുന്നു...
ഓരോ നിറങ്ങളും ഓരോ ജീവിതമെത്രെ,
വരച്ചും മാറ്റി വരച്ചും 
എന്റെ ആകാശമിങ്ങനെ..!

മഴ 

വേരിറങ്ങിയ മണ്ണ്‌
പാതിയുമൊലിച്ചു പോയിട്ടും
തലയുയർത്തി നിൽക്കുന്ന മരങ്ങൾ..!
നഗ്നമാക്കപ്പെട്ട വേരുകൾ
ഓർമ്മകളുടെ മരം പെയ്ത്തു നനയുന്നു.. !

യാത്ര 

അരികുപറ്റി മാറി
എത്ര ശ്രദ്ധിച്ച്‌ നിന്നാലും ജീവിതത്തെ
കീറി മുറിച്ച്‌ പാഞ്ഞു പോകുന്നു നീ

നക്ഷത്രങ്ങൾ

ഈയിരുട്ടിലെ ഏകാന്തതയെ
ഊതിവീർപ്പിച്ചതാണെന്റെ നക്ഷത്രങ്ങൾ.
ഓരോ അനക്കത്തിലും തികട്ടുന്നുണ്ടിപ്പോഴും
ഒറ്റയുടെ പുളിപ്പ്‌..!

പൊള്ളൽ 
എരിഞ്ഞു തീർന്നിട്ടും
ചുട്ടു പൊള്ളിക്കുന്നുണ്ട്‌
കനൽ നോക്കി നിന്ന
കല്ലു കഷണങ്ങൾ.

വാക്കറ്റം :
ഏതുപകലിലാരുപേക്ഷിച്ച്‌ പോയി
ഞാനൊറ്റയായെങ്കിലും
ഈയിരുളിലേകാന്തത വാരിപുണരുന്നു പ്രേമത്താൽ

ഇരുട്ടല്ല, നീയിറങ്ങിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുന്ന വെളിച്ചമാണ്‌ ശൂന്യത.

























നീയുപേക്ഷിച്ച്‌ പോയിടങ്ങളിൽ നിന്നും 
എന്നെ പരതിയെടുക്കുന്നു. 
ഏറെയും തകർന്ന് പോയിരിക്കുന്നു.. 
ഇനിയെന്നെങ്കിലും വിരിഞ്ഞു കിട്ടുന്ന 
പുതിയ ആകാശത്തിലേക്കായി 
നക്ഷത്രങ്ങളെയും ചന്ദ്രനെയും സൗരയൂഥത്തെയും 
എടുത്തു വെക്കുന്നു. 
ഇരുട്ടല്ല, നീയിറങ്ങിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുന്ന 

വെളിച്ചമാണ്‌ ശൂന്യത. 


ഓർമ്മ 

പെരുമഴ നനഞ്ഞിട്ടും
 വേനലിൽ ചിരിച്ച്‌ നിൽക്കുന്നു പുതുനാമ്പുകൾ.. 
മരം പെയ്ത്തിൽ നനഞ്ഞ്‌ 
തണലിൽ വളർന്നൊരു 
വള്ളിച്ചെടിയെ ഓർത്തു പോകുന്നു
ആൺ മരം


ഉണക്കം 

നീ പിഴുതെറിഞ്ഞിട്ടും 
വേരുകൾ 
വിരൽ നീട്ടി 
ആകാശം തൊടുന്നു. 
മുറിവുകൾക്കൊപ്പമുണങ്ങി 
തീർന്നു പോകുന്നു..



ജീവിതം !

മുറിച്ചെടുത്ത്
സ്വന്തമാക്കാൻ തുനിയുമ്പോൾ
നീയൊളിച്ചു വെച്ചതിൽ തട്ടി
തകർന്നു പോകുന്ന
ജീവിതം !



ലിറ്റ്മസ്‌ പേപ്പർ

ഒരിക്കലും ചേരാത്ത
ഇരു നിറങ്ങളിൽ നമ്മളെന്ന്,
ചെമ്പരത്തി ചോപ്പുരച്ച
പ്രണയത്തിന്റെ ലിറ്റ്മസ്‌ പേപ്പർ !!




വാക്കറ്റം :
നിലാവ്‌ മറച്ച നക്ഷത്രങ്ങൾ

ഏറെയരികിലായിരുന്നെന്നും
അതിനാലാകണം ഇതുവരെയും
കാണാതെ പോയതും




ലക്ഷ്യം













ഇഴഞ്ഞെത്തും മുൻപേ
എരിഞ്ഞടങ്ങുന്ന ലക്ഷ്യം
പൊരുതിയിട്ടും തോറ്റു പോകുന്നവർ


കടലോളം സ്നേഹമെന്നാണ്‌

കളിയായി ചോദിക്കുമ്പോൾ പറഞ്ഞതത്രയും
കടലോളം സ്നേഹമെന്നാണ്‌,
വേലിയിറക്ക നേരത്ത്‌ അകന്ന് പോയെന്ന് കരുതി
തിരിച്ച്‌ തിരിച്ചു നടക്കുന്നു..
തിരിഞ്ഞു നോക്കിയാൽ കാണാം
പിറകിലൊരു പ്രളയം ആർത്തിരമ്പുന്നു.
കണ്ടിട്ടും കാണാതെ മുന്നോട്ട്‌ മുന്നോട്ട്‌..!!

തീർന്നു പോകുന്നു നീ.

നീ മുറിച്ചിടം, 
അതേ മുറിവിലൂടൊഴുകി
തീർന്നു പോകുന്നു നീ..




ആകാശം നിറയെ നക്ഷത്രങ്ങൾ

ഏറെ നീണ്ടുപോയൊരു സ്വപ്നത്തിന്റെ അവസാനത്തിലായിരിക്കണം മുറിഞ്ഞു പോയത്‌,
കണ്ണുകളിലേക്ക്‌ മെല്ലെ മെല്ലെ
കാഴ്ചകൾ തിരികെയെത്തുന്നു.
ഇനിയും വെളുത്തിട്ടില്ല,
ആകാശം നിറയെ നക്ഷത്രങ്ങൾ..


ജീവിതത്തിലേക്കുള്ള വഴിക്കണക്കുകൾ

കണക്ക്‌ ബുക്കിലെ പേജുകളായിരുന്നു പറത്തി വിട്ടതത്രയും.
കടലാസ്‌ വിമാനങ്ങളിലെ ചിറകിലൊളിച്ചു പോകുന്നു,
ജീവിതത്തിലേക്കുള്ള വഴിക്കണക്കുകൾ..!



വാക്കറ്റം :

മഴ ബാക്കി വച്ച തുള്ളികൾ
ഓർമ്മകളുടെ തണുപ്പ്
മുറിഞ്ഞ്‌ വീണിട്ടും ഓർമ്മ നനഞ്ഞ്‌ തളിർത്തു പോകുന്നു

ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌



















ഓർക്കാപ്പുറത്തല്ല പെയ്തതെങ്കിലും,
ചിതറിയോടി മാറി നിന്നതാണ്‌.
മഴ തോർന്ന് നടക്കാൻ തുടങ്ങുമ്പോൾ
നനഞ്ഞ മണ്ണിലെന്റെ കാൽപാടുകൾ മാത്രം..

ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌..




യാത്ര 

നീണ്ട കാലം കരഞ്ഞ്‌ കരഞ്ഞ്‌ ,
നീ തീർത്തൊരു കടല്‌ ; 
പാതിപോലും നീന്തിയെത്താതെ 
കിതച്ചു പോകുന്നു ഞാൻ.
പുഞ്ചിരിയോടെ പുതിയ കരയിലെ 
ആകാശത്തിലേക്ക്‌ ചിറക്‌ വീശുന്നു നീ.. !



രണ്ടിടങ്ങളിൽ 

ശ്വാസം നിലച്ചെന്ന്
ഏതാണ്ടുറപ്പിക്കുന്നു.
ഔപചാരികതയുടെ പ്രഖ്യാപനങ്ങൾക്ക്‌ കാതോർക്കുകയാണ്‌,
നീണ്ടകാലം നമ്മുടേതായിരുന്ന
ഇടങ്ങളെല്ലാം പകുത്തു നൽകുന്നു.
വെച്ചു മാറിയതെല്ലാം തിരിച്ചെടുക്കുന്നു.
രണ്ടിടങ്ങളിൽ ചെവിയോർത്തിരിക്കുന്നു..!!




കെട്ടി മേയ്ക്കുന്ന പശു

ശ്രദ്ധിക്കാൻ മറന്നതാവണം,
കയറിത്തിരി നീണ്ടതാണെങ്കിലും
നീയും കെട്ടി മേയ്ക്കുന്ന പശു തന്നെ
ദ്രവിച്ചിട്ടും പൊട്ടാത്തൊരു കയറിൽ 
ഭൂതകാലത്തിലെന്നോ കെട്ടിയ കുറ്റിക്ക്‌ ചുറ്റും...

നിന്റെ കുത്തിവരകൾ

വേലിയിറക്കത്തിന്റെ നേരത്തായിരിക്കണം
നമ്മൾ കണ്ട്‌ മുട്ടുന്നത്‌
ജീവിതത്തിലേക്കെന്ന് നാമമർത്തി വരച്ച പേരുകളാണ്‌
നിന്റെയോർമ്മകളുടെ തിരമാലകൾ മായ്ച്‌ കളഞ്ഞത്‌
ഏറെ മുകളിലിപ്പോഴും മായാതെ കിടപ്പുണ്ട്‌
ഭൂത കാലത്തിലെ നിന്റെ കുത്തിവരകൾ

വാക്കറ്റം :

മുറിഞ്ഞ്‌ വീണിട്ടും
നെഞ്ചിൽ കുഴിച്ചിട്ട്‌
പ്രണയമൊഴിക്കുന്നു..
വളർന്നൊരു കാട്‌ പൂക്കുന്നത്‌
കനവിലുണ്ട്‌..


മഷിത്തണ്ടിന്റെ കൂട്ടുകാര്‍