ഒറ്റയ്ക്കാവുമ്പോൾ
ഒറ്റയ്ക്കാവുമ്പോൾ
മുറിഞ്ഞ കഷണങ്ങൾ
ഉള്ളിലേക്കൊന്നും
ആരും
എത്തി നോക്കില്ല
ചായം
തേച്ചു മറക്കുന്നു
തൊലിപ്പുറത്തെ
പോറലുകൾ
എങ്കിലും
തമ്മിൽ
കലമ്പി
കിലുങ്ങി
ഒച്ചയുണ്ടാക്കാതെ
എത്ര
നാൾ കൊണ്ട് നടക്കാനാകും
മുറിഞ്ഞ
കഷണങ്ങൾ
ചൂണ്ടൽ കൊളുത്തുകൾ
മീനുകൾ
വാ
പൊളിക്കുന്നത്
പോലെ
ചുംബനങ്ങൾ,
ചുണ്ടുകൾ
ചൂണ്ടൽ
കൊളുത്തുകൾ..!
കാലിഡോസ്കോപ്പിൽ
ഒരു മുറിവിനു
തന്നെ
എത്ര
കാഴ്ചകളുണ്ടെന്നോ
കാലിഡോസ്കോപ്പിൽ
മനുഷ്യർ
അഗ്നി പർവതങ്ങളെ
പോലെ,
ഉള്ളിലാകെ
തിളച്ചു മറിയുമ്പോഴും
ഉള്ളിലടക്കി
വെക്കുന്നു
മനുഷ്യർ
മുറിവുകളുടെ പൂന്തോട്ടം
സ്വന്തമായിട്ടെന്തുണ്ടെന്നോ
ഓരോ
ഋതുവിലും
എല്ലാ
നേരത്തും
പൂത്തിരിക്കുന്ന
മുറിവുകളുടെ
പൂന്തോട്ടം
വാക്കറ്റം :
വിഷാദത്തിന്
മൊട്ടിടാൻ
ഇടങ്ങൾ
നൽകുന്ന
മടുപ്പൊരു
വേരില്ലാ താളി
പതിയെ പതിയെ നമ്മൾ നിറം മാറിപ്പോകും
സ്നേഹത്തെപ്പോലെ
വെറുപ്പും
ഒരു സഞ്ചിത നിക്ഷേപമാണ്
ഓരോ
തുള്ളികൾ,
നിരുപദ്രവകരമായ
ഓരോ തുള്ളികൾ..
പച്ച
വെള്ളത്തിൽ ഇടയ്ക്കെപ്പോഴോ
പതിക്കുന്ന നിറത്തുള്ളികളെപ്പോലെ..
വേരുകൾ
മുറിച്ചു കളഞ്ഞാലും
കളർ
വെള്ള കുപ്പിയിലെ
മഷിത്തണ്ട്
ചെടിയെപ്പോലെ
മുറിവുകൾ
ആ നിറങ്ങളെ
ഉള്ളിലേക്ക്
വലിച്ചെടുത്തു കൊണ്ടേയിരിക്കും
പതിയെ
പതിയെ നമ്മൾ നിറം മാറിപ്പോകും
പരുക്കരാക്കുന്നു
തെരെഞ്ഞെടുക്കപ്പെട്ട
ഓരോ"
പളുങ്കു
"പോലുള്ള
മനുഷ്യരെയും
മുറിവുകൾ
പരുക്കരാക്കുന്നു!!
കണ്ണുകൾ കിണറുകളെന്ന പോലെ
പല വർണ്ണശീലകൾ
കൊണ്ട്
പലതവണ
മറക്കും.
കണ്ണുകൾ
കിണറുകളെന്ന
പോലെ
ഏറ്റവുമുള്ളിലെ
മുറിവുകളെ
കാട്ടും!!
വാക്കറ്റം :
പകൽ
ചൂടിൽ
ഉരുകും,
രാത്രി
വിഷാദത്തിന്റെ
പുതപ്പ്..!
തീർന്നു പോകുന്ന ജീവിതത്തെ പറ്റി
തീർന്നു പോകുന്ന ജീവിതത്തെ പറ്റി
ജിബി തീർന്നു പോകുമ്പോൾ മാത്രം
ഓർത്തു പോകുന്നതിനെ
"ജിബി തം" എന്ന് വിളിക്കുന്നു
വേരുകളില്ലാത്ത മനുഷ്യർ
കാഴ്ചയിൽ ആശ്ചര്യപ്പെടുത്തി
ആകാശത്തു നിന്നും വന്നിറങ്ങുന്ന
ആദ്യ കൗതുകത്തിനു ശേഷം
ദൂരേക്ക് ഊതി പറത്തുന്ന
അപ്പൂപ്പൻ താടികളാകുന്നു
വേരുകളില്ലാത്ത മനുഷ്യർ
ഉണങ്ങിപ്പൊടിഞ്ഞു പോകുന്നില്ലൊരു മുറിവും.
ഉണങ്ങിപ്പൊടിഞ്ഞു
പോകുന്നില്ലൊരു മുറിവും.
ശേഷമേറ്റവയെ,
ഇതിനേക്കാൾ
ചെറുതെന്നോ വലുതെന്നോ
ആശ്വാസം കണ്ടെത്തി
മറന്നു / മാറ്റി വെക്കുക
മാത്രമാണ്.
വിഷാദം പൂക്കുന്ന നട്ടുച്ചകളിൽ
വിഷാദം പൂക്കുന്ന
ചില നട്ടുച്ചകളിൽ
ആരെന്തു പറഞ്ഞാലും
തൊലിപ്പുറം ചൊറിയും
വെട്ടിയിട്ടാലും മുറിഞ്ഞ
മുറിവുകൾ
ചിരിച്ചു കൊണ്ട് ചോദിക്കും
ജീവിതമെത്ര ലളിതം
കണ്ണ് ചിമ്മി തുറക്കുമ്പോൾ
കെട്ടി തൂങ്ങി ചത്ത് കളഞ്ഞാൽ
ആരൊക്കെ കരയും
എന്നറിഞ്ഞാലോ
എന്നാവും ചോദ്യം
മത്തു പിടിപ്പിക്കുന്ന ലഹരികളിൽ
കേമൻ വിഷാദം മാത്രമാണ്
വാക്കറ്റം :
ഓരോ പുലരിയിലും
ഉമ്മ വെച്ച് വിളിച്ചുണർത്തുന്ന
തണുപ്പ് ,
പുതച്ചുറങ്ങിയ
സ്വൈര്യ ജീവിതം
തീർന്നു പോയെന്ന്
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു
വിട്ടു പോകാതെ
വിട്ടു പോകാതെ
വെളിച്ചമേകി
ചുറ്റിക്കറങ്ങുമ്പോൾ
ഉപഗ്രഹമെന്ന്
തോന്നും,
ഗ്രഹം പോലുമല്ലാത്ത,
തലച്ചൂട് കൊണ്ട്
തിളച്ചു മറിഞ്ഞ്
ഉടലു പൊള്ളുന്ന
നക്ഷത്രമാണ്
സൂര്യൻ
പ്രണയത്തെ
ഇപ്പോൾ , വരുന്നതോ പോകുന്നതോ
അവസാനമെന്ന് കരുതും.
എല്ലാ കാലത്തും
ഓരോ മുറിവും
വേദനയും
ബോധപൂർവ്വമല്ലാതെ
പ്രണയത്തെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും
പകർത്തൽ
ഇടങ്ങളിൽ നിന്നെല്ലാം
മാഞ്ഞു പോകുന്ന കാലത്തും
ഒരാളെ ഏറ്റവും
നന്നായി പകർത്തി
വെച്ചിട്ടുണ്ടാകും
ആരുടെയെങ്കിലും
ഒരോർമയിലെങ്കിലും
വാക്കറ്റം
വേനലിൽ വറ്റി തീർന്നിട്ടും
നാട് തെണ്ടി,
ഉപ്പു ചേർക്കാത്ത കഥകൾ കൊണ്ടെത്തിച്ചു തന്ന
നദിയെ വന്നെത്തി നോക്കുന്നു
വേലിയേറ്റത്തിലെ കടൽ
സ്കൂൾ വിട്ട മഴ നേരങ്ങളിൽ
പത്ത് ഡി യിൽ നിന്ന്
എട്ട് എ യിലേക്ക്
ജനൽക്കമ്പി കടത്തി
പറത്തി വിടാറുള്ള
കടലാസ് വിമാനങ്ങളിലായിരുന്നു
നിനക്കൊപ്പം
ചിറകു വിടർത്തി പറക്കാൻ
കൊതിച്ചെഴുതിയ
പ്രണയ ലേഖനങ്ങൾ.
സ്കൂൾ വിട്ട മഴ നേരങ്ങളിൽ
ഒറ്റ നോട്ടത്തിൽ കാണാം
ഓട്ടിൻപുറത്തു നിന്നുറ്റി വീണു
കടല് തീർത്ത ക്ലാസ് മുറ്റത്ത്
ആദ്യ യാത്രയിൽ മുങ്ങിപ്പോയ
ടൈറ്റാനിക് ആയി
രൂപാന്തരപ്പെട്ട ആകാശ ചിറകുകൾ
ഓരോ തവണയും ഒറ്റയ്ക്കിരിക്കുമ്പോൾ
ഓരോ തവണയും
ഒറ്റയ്ക്കിരിക്കുമ്പോൾ, നടക്കുമ്പോൾ
ഒരു കാരമുള്ളായി കുത്തി നോവിക്കുന്നത്
പ്രതീക്ഷിക്കും
എന്നിട്ട്,
പലർക്കൊപ്പവും ജീവിച്ചും മരിച്ചും
കഥകളത്രയും മറന്നെന്ന്
പലകാലങ്ങളിൽ പലവട്ടം
സ്വയം ബോധ്യപ്പെടും.
അങ്ങനെയിരിക്കെ
ആൾക്കൂട്ടത്തിൽ അവരറിയാതെ
ഒരു മുന്നറിയിപ്പുമില്ലാതെ
പഴയ വളർത്തു പൂച്ചയെന്നോണം
ചുറ്റുമുരുമ്മുന്നു
നിന്റെയോർമ്മകൾ
മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ
മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ
വെച്ചു മറന്ന കുടയെ പോലെ
ആരെയെങ്കിലുമൊക്കെ
വെച്ച് മറക്കും പലരും
ചുറ്റിലും പൊതിയുന്ന ആൾക്കൂട്ടത്തിലും
ഒരാളും തൊട്ടു നോക്കില്ല ചിലരെ
വിജന പാതയിൽ ബാക്കിയാവും
മറ്റു ചിലർ
ഇറങ്ങിച്ചെല്ലാൻ പറ്റാത്ത ബസ് യാത്രയിൽ
ജനാലയിലൂടെ അവരെ കാണും
ഓർമ്മകൾ ചാറി തുടങ്ങുമ്പോൾ ജനൽ കർട്ടനിട്ടു കണ്ണടയ്ക്കും.
കാത്തിരിപ്പുകൾക്ക് ശേഷം
ഒരു മഴ നേരത്തേക്ക് മാത്രമെങ്കിലും
മറ്റാരെങ്കിലും കൈപിടിച്ച് നടത്തുക തന്നെ ചെയ്യും
വസന്തം
മുറിഞ്ഞത്
ചേർത്ത് കെട്ടാനാകാത്ത വിധം
മണ്ണുരച്ചത്
പുറന്തോടത്രയും ഉണങ്ങിപ്പൊടിയും
വിധം പൊരിവെയിലിൽ
മണ്ണ് പുതച്ചു കിടന്നത്
ഒക്കെ പോയ വേനലെന്ന്
ചിരിക്കും
പുതു വസന്തം നാമ്പുകൾ
കൊണ്ട് കെട്ടിപ്പിടിക്കും
വാക്കറ്റം
ആ വൈകുന്നേരത്തിനു ശേഷം
വെളിച്ചം കെട്ടു പോയല്ലോയെന്ന്
സങ്കടപ്പെടും.
ഏറെ വൈകാതെ,
മുന്നിലുണ്ടായിട്ടും
തിരിച്ചറിയപ്പെടാതെ പോയ
ചെറു വഴികൾ കണ്ടമ്പരയ്ക്കും
മൊട്ടു സൂചിയോളം കരുതലുള്ള ചിലർ
ചിലരുണ്ട്,
കീറി മുറിഞ്ഞിരിക്കുമ്പോഴും
തകർന്ന് പോകാൻ വിടാതെ
ചേർത്ത് പിടിക്കുന്നവർ
മുനയൊടിഞ്ഞാലും
വേദനിപ്പിക്കാതെ
ചോര പൊടിക്കാതെ
ചേർന്ന് നിൽക്കുന്നവർ.
തീർച്ചയായും
മൊട്ടു സൂചിയോളം കരുതലുള്ള
പലരുള്ളത് കൊണ്ടാണ്
ലോകമിപ്പോഴും ഉടു തുണിയഴിയാതെ
ഞെളിഞ്ഞു നിൽക്കുന്നത്
ചിലർ
നിർത്താതെ കലപില പറയുന്ന ചിലരുണ്ട്
നാമൊന്നുമറിയാതെ
ഉള്ളിലൊരു കടലൊളിപ്പിച്ചു വെച്ചവർ.
അല്ലെങ്കിലും തീരത്ത്
തലതല്ലി ചിരിക്കുന്ന തിരകൾ
ആഴത്തെ വെളിപ്പെടുത്താറേയില്ലല്ലോ!
ഐ മിസ് യു
വൈകുന്നേരങ്ങളിൽ
കടപ്പുറത്ത്
കണ്ടു മുട്ടി പിരിഞ്ഞു പോയ
നമ്മളെ പോലെ,
ഓരോ വേലിയിറക്കത്തിലും
ഒരു നീണ്ട തിര വന്നു
ഐ മിസ് യു എന്നെഴുതി
തിരിച്ചു പോകും
വീട്ടിലേക്കുള്ള ദൂരം
ബസിറങ്ങിയാൽ
വീട്ടിലേക്ക്
അച്ഛനൊരു ദിനേശ് ബീഡിയുടെ
ദൂരമായിരുന്നത്രെ.
ഓരോരുത്തർക്കും ഓരോ ദൂരമാണല്ലോ
പണ്ടെനിക്കൊരു പൊതി
നിലക്കടലയുടെതായിരുന്ന ദൂരമാണ്
ഇപ്പോൾ നിന്റെ ഫോൺ വിളിയുടെ
ദൈർഘ്യം
ഇലരേഖകൾ
ഓരോ കയ്യും
ഓരോ ഇലകൾ.
ഒട്ടുമാവർത്തിക്കാത്ത
കൈരേഖകൾ പോലെ
ഇല ഞരമ്പുകൾ!
ഭാവിയിൽ ഉണങ്ങി വീണാലും
കൂടെയുള്ളിടത്തോളം കാലം
പട്ടിണിയില്ലെന്ന് മാത്രം
പറയുന്ന
ഇലരേഖകൾ!
ഒറ്റയ്ക്കൊറ്റക്ക്
ഒറ്റയ്ക്കൊറ്റക്ക് യാത്ര പോയപ്പോൾ
നീണ്ടു നീണ്ടു പോയ പാതകൾ
ഒരുമിച്ചു തിരിച്ചു വരുമ്പോൾ
ചെറുതായി പോയതായി ഓർക്കുന്നുണ്ടോ
പെട്ടെന്ന് വീടെത്തിയത് കൊണ്ട് മാത്രം
അവസാനിപ്പിക്കേണ്ടി വന്ന കഥകളെത്രയാണ്
സത്യമെന്ന് തോന്നിക്കുന്ന
പല ചിന്തകളുടെയും
ആകെ തുകയാണ് പ്രണയം
മനുഷ്യർ
ഉണങ്ങിയ ഇല
മരം പോലുമറിയാതെയാണ്
അവസാനമായി
ചുംബിച്ചു പിരിയുന്നത്
അത്രമേൽ പൂർണതയോടെ
കണ്ടുമുട്ടി പിരിഞ്ഞു പോകുന്നു
പോയ പ്രണയകാലത്തിലെ
മനുഷ്യർ.
വാക്കറ്റം
ആർക്കും സ്വന്തമാകാത്ത
കണ്മുന്നിലെ ആകാശം.
ഇപ്പോഴെത്ര നോക്കിയിട്ടും
കാണുന്നില്ല,
നിന്നെ കണ്ടുമുട്ടില്ലെന്ന്
കണ്ണു ചിമ്മി ചിരിച്ച
നക്ഷത്രങ്ങളെ!
ആണി
ചെറുത്, മൂർച്ചയേറിയത്
വേദനിപ്പിക്കാൻ പ്രാപ്തിയുള്ളത്
ഇളകിയാടാതിരിക്കാൻ,
വീണു പോകാതിരിക്കാൻ
അടിച്ചുറപ്പിക്കുന്നത്
സ്നേഹത്തിനും ആണിക്കും
ഒത്തു ചേരുന്ന വിശേഷങ്ങൾ
എത്രയെണ്ണമാണ്!
ജീവിതമെന്ന്
കൂടെയുള്ളവർ,
കണ്ടുമുട്ടുന്നവർ
മായ്ച്ചെഴുതാൻ പ്രേരിപ്പിക്കും.
എത്ര മായ്ച്ചാലും മായാത്ത
അടയാളങ്ങൾ വീണ്ടുമുണ്ടാക്കി
ഓരോരുത്തരും
അതിനെ ജീവിതമെന്ന്
വിളിക്കും.
പ്രണയം
വേലിക്കലെ ചെമ്പരത്തി ചെടി പോലെ,
പ്രണയം.
എത്ര തവണ കൊത്തിയരിഞ്ഞാലും
ഒരു വേനൽമഴക്കിപ്പുറം
ചിരിക്കുന്നു, തളിർക്കുന്നു
പ്രണയത്തിന്റെ
ചെമ്പരത്തിപ്പൂ ജീവിതം
വാക്കറ്റം :
ഉള്ളിലെ വേലിയേറ്റങ്ങളെ
ചുംബനം കൊണ്ടൊളിച്ചു പിടിക്കുന്നു.
തിരകൾ വിരലുകളെ
നനച്ച് തിരിച്ചു പോകുന്നു.
രണ്ടിടങ്ങളിലെ ഒറ്റയൊറ്റ ചിറകുകൾ.
രണ്ടിടങ്ങളിലെ
ഒറ്റയൊറ്റ ചിറകുകൾ.
ആകാശത്തെ സ്വപ്നം കണ്ടിരുന്നവർ
തേടികിട്ടിയ കൂട്ടിനൊപ്പം
ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ
ആയവും ആവൃത്തിയും
മാറി പലതവണ പരാജയപ്പെട്ടവർ.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്
പരസ്പരം കണ്ടു മുട്ടി
ആകാശം തൊട്ടിറങ്ങി
ഇണച്ചിറകുകളെന്നു
പ്രഖ്യാപിക്കുന്നു.
ഒരു പോലെ പറക്കുന്ന
ചിറകുകൾ എന്നാൽ
ആത്മവിശ്വാസം എന്നാണർത്ഥമെന്ന്
ചില്ലകൾ ചിരിക്കുന്നു
സന്തോഷങ്ങൾ
പകലസ്തമിച്ചാലും
നിഴലുകളില്ലാത്ത നിലാവിൽ
നിനക്കൊരുക്കി വെക്കുന്നു
സന്തോഷങ്ങൾ.
കൈചൂട് പകർന്നു മുത്തി കുടിക്കുന്ന ലഹരി
നിന്റെ ചുണ്ടോ
ചായയോ?
ഓരോ കാഴ്ചയിലും
കൈചൂട് പകർന്നു
മുത്തി കുടിക്കുന്ന
ലഹരി!
ദൂരം
ഒരു നിമിഷത്തിന്റെ ദൂരമേയുള്ളൂ
നിന്നിലേക്ക്
കൂടെയുള്ളപ്പോഴുള്ളതിന്റെയാവില്ല
കാത്തിരിക്കുമ്പോളുള്ളത്!
അസാധ്യം
പെയ്യാൻ പോകുന്നതോ
പെയ്തു തീർന്നതോ ആയ
മഴയെ ഒളിപ്പിക്കാനുള്ള
ആകാശത്തിന്റെ ശ്രമത്തെ
മഴവില്ല് പൊളിച്ചു കളയുന്ന പോലെ
കണ്ടുമുട്ടുന്നതിനു മുൻപോ ശേഷമോ
നിന്റെ സാനിധ്യത്തെ ഒളിപ്പിക്കാൻ
കഴിയുന്നില്ലെനിക്കും
സ്വപ്നങ്ങളെ
സ്വപ്നങ്ങളെ
ഊതിവീർപ്പിക്കുകയാണ്.
പൊട്ടിപ്പോകുമെന്നറിഞ്ഞാലും
ചിലപ്പോഴെങ്കിലും
നമ്മെളെയും കൊണ്ടുയരത്തിൽ
പറന്നാകാശത്തെ
തൊടുമെന്നോർത്ത്!
വാക്കറ്റം :
ദൂരെ നിന്ന് നോക്കുമ്പോൾ
ഇലയുണങ്ങിയ മരങ്ങൾക്കിടയിൽ
വേനലിൽ, തീപ്പിടിച്ചതെന്ന് കരുതും
വേരുകൾ പ്രണയത്തെ തൊടുമ്പോൾ
ചുവന്നു പൂക്കുന്നതാണ്
ഉടലു പൊള്ളിക്കാതെ ഉയർന്നു കത്തുന്നു
പ്രണയത്തിന്റെ പൂ ജ്വാലകൾ
രണ്ടുടൽ മരങ്ങളുടെ ഒറ്റ വേര്!
പ്രണയത്തിന്റെ
വേരുകളത്രേ
ചുംബനങ്ങൾ...
പരന്നു പടരുന്ന
ചെറു ചുംബനങ്ങൾ...
ആഴത്തിലേക്ക്
നീണ്ടു പോകുന്ന
ദീർഘ ചുംബനങ്ങൾ...
പൂക്കാൻ കൊതിക്കുന്ന
രണ്ടുടൽ മരങ്ങളുടെ
ഒറ്റ വേര്!
ഇലമുളച്ചികൾ
മണ്ണിൻ നനവിൽ,
ചെയ്തു തീർന്നിട്ടും
മതി വരാത്തഏതോ
ചെയ്തിയുടെ ഓർമ്മകൾ
ഓരോ അണുവിലും
തികട്ടുമ്പോഴകണം
പറിച്ചെടുത്തിട്ടും
പുതു വേരുകൾ
വിടർത്തി ഇലമുളച്ചികൾ
മണ്ണിലേക്കൂർന്നിറങ്ങാൻ
ശ്രമിക്കുന്നത്
വിരഹം :
പഴയ കാൽപാടുകൾ മായ്ച്ചു കളഞ്ഞെങ്കിലും
ചിര പരിചിതനെപ്പോലെ
തിര വന്നു കുശലം ചോദിക്കുന്നു.
വേനലിനെ അതിജീവിക്കാനാവാതെ
വയലറ്റ് പൂക്കളത്രയും
വാടിക്കരിഞ്ഞിരിക്കുന്നു.
പൊള്ളുന്ന വെയിലിൽ
കാറ്റാടി മരങ്ങൾ മാത്രം
ചില്ല കുലുക്കി നിന്നെയന്വേഷിക്കുന്നു.
ക്രമരഹിത സന്ദേശങ്ങളല്ല
ക്രമരഹിത സന്ദേശങ്ങളല്ല,
ഉണർവ്വിൽ നഷ്ടപ്പെട്ടു പോകുന്നതാണ്.
ചിറകുകളിൽ കവിതകൾ നിറച്ച,
ഉറക്കത്തിൽ
ഇടിച്ചു കയറുന്ന
സ്വപ്നങ്ങളുടെ കടലാസ് വിമാനങ്ങൾ
ഉത്തരമില്ലാതിരുന്ന
ഉത്തരമില്ലാതിരുന്ന
ഒരു ചോദ്യമുനയിൽ
തകർന്നു പോയതെന്ന് നടിക്കും.
പറയാതെ വെച്ച
ഉത്തരങ്ങളാണ്
ആ മൗനത്തിൽ
ഒഴുക്കി കളഞ്ഞതെന്ന്
പിന്നീട് പറയും
വാക്കറ്റം :
ഓരോ ആൾക്കൂട്ടത്തിൽ നിന്നും
ആരെങ്കിലുമൊക്കെ അടുത്തേക്ക്
നടന്നടുക്കുമ്പോൾ
നിന്നെ പറ്റി ചോദിക്കാനെന്ന് കരുതി
ഹൃദയമിടിപ്പ് കൂടുന്നു.
നീയുണ്ടാവില്ലെന്നറിഞ്ഞിട്ടും
യാത്രയ്ക്കിടെ ഓരോ കവലയിലും
നിന്നെ പരതുന്നു കണ്ണുകൾ..!