ഒറ്റയ്ക്കിരിക്കുന്ന പെണ്കുട്ടി





















ഒറ്റയ്ക്കിരിക്കുന്ന പെണ്കുട്ടി
സ്വന്തം ആകാശത്തെയും നക്ഷത്രങ്ങളെയും
വരയ്ക്കുന്നു
കാൻവാസിലേക്ക് അവളെത്തന്നെ പകർത്തി വെക്കുന്നു.
ചിത്രത്തിലെ പെണ്കുട്ടി
ഒറ്റയ്ക്കാണല്ലോ എന്നോർത്തു,
ഏകാന്തതയെ പറ്റി
കവിതയെഴുതാൻ തുടങ്ങുന്നു.



സ്വപ്നങ്ങൾ


ഇതളു കൊഴിഞ്ഞു വീണാലും
തലയിലേറ്റി നടക്കാൻ പാകത്തിൽ
ചില
സ്വപ്നങ്ങൾ.. 
തോറ്റു മാറാതെ ചേർത്തു പിടിക്കുന്ന കയ്യുകൾ..



മൂർച്ച



















ഒറ്റ 
വാക്കിന്റെ 
മൂർച്ചയ്ക്ക്
ഒരായുസ്സ് 
കൂർപ്പിച്ചു
തീരുന്നു





ഒറ്റയെന്നോ ആദ്യത്തെ യെന്നോ


"1"
എന്നെഴുതിയതിനെ
ഒറ്റയെന്നോ ആദ്യത്തെ യെന്നോ ഓർത്തു പോകുക ?
ഉള്ളിലൊറ്റയെന്ന് അലറുമ്പോഴും
പുറത്ത് ആദ്യത്തെയെന്നു പറഞ്ഞു ചിരിക്കുന്നു. !




വാക്കറ്റം :


ചുണ്ടു ചേർത്ത-
യിത്തിരി ഉമിനീരിൽ
കരിഞ്ഞു പോകാനുള്ള
മുറിവുകള് തന്നെയാണ്
തടവി വലുതാക്കി 
നമ്മെ മുറിച്ചു മാറ്റുന്നതും.

ഓർത്തെടുപ്പ്















ടെറസിന് മുകളിലെ
ഗ്രോ ബാഗുകളിൽ നിന്നും,
വേരുകൾ വെള്ളം കുടിക്കുന്ന
ഒച്ച ചെവിയോർത്തു കേട്ട്;
വയലായിരുന്ന കാലത്തെ 
ഓർത്തെടുക്കുന്നുണ്ടാകും
വീടുകൾ.. !


ബോണ്സായ്

പടർന്നു പന്തലിക്കാനുള്ള
ഇടമെന്നു പറഞ്ഞു തന്നെയാണ്
പറിച്ചു നട്ടത്.
അടുക്കള മുതൽ സ്വീകരണമുറി ജനല്
വരെ പടർന്ന് , 
വേരു മുറിച്ച,
വീടലങ്കരിക്കുന്ന
ബോണ്സായ് ആണത്രേ ഇപ്പോൾ !


Odd man out 


കുത്തിട്ടതിനെ പൂരിപ്പിക്കാനും
നോക്കി വരക്കാനും 
അടങ്ങിയിരിക്കാനും 
പറയുന്നതു പോലെ അനുസരിക്കാനും പഠിപ്പിച്ചു 
ആൾക്കൂട്ടത്തിൽ ഇരുത്തുന്നു.
Odd man out എന്നൊരു കളിയെ പറ്റി പറഞ്ഞു തരുന്നു.
കൂട്ടത്തിൽ പെടാത്തവരെ 
നമ്മളിപ്പോൾ എണ്ണി തുടങ്ങുന്നു
ഗോവിന്ദ് പൻസാരെ, കല്ബുര്ഗി , ഗൗരി ലങ്കേഷ്‌..


വാക്കറ്റം  :
ചോർന്നു പോയതൊക്കെയും
കവിത കൊണ്ട് ചേർത്തു പിടിക്കാനാകാത്ത
അകലത്തിലാണ്.
വാക്കുകൾ കൊണ്ടെത്ര കെട്ടിയിട്ടും
പൂർത്തിയാകുന്നില്ല
നിന്നിലേക്കെത്താനുള്ള കടൽപ്പാലം !


വഴി കാട്ടി





























വഴി നടക്കാൻ വെളിച്ചം 
തരില്ലെങ്കിലും
വഴി കാട്ടി കൂടെ നിൽക്കുന്ന
നക്ഷത്രങ്ങൾ



(അമ്മ) വീട്


എങ്ങോട്ടാണെന്നോ 
കൂടെ വരണമെന്നോ 
ആവശ്യപ്പെടാതെ 
എത്ര വൈകിയാലും
വാതിലടക്കാതെ 
കാത്തിരിക്കുന്ന
(അമ്മ) വീട്



നീയാകല്ലേ 


വിളിക്കാതെയായതിനു ശേഷം ഇന്ന് യാത്രയ്ക്കിടെ ,
പണ്ട് , നീയടയാളം പറഞ്ഞ
നീലകോളാമ്പി പൂത്ത കയ്യാലയുള്ള
വീടിനു മുന്നിലെത്തി
( ആ അടയാളങ്ങളുള്ള വീട് ഇപ്പോഴുണ്ടാകില്ല എന്ന് ചിന്തിച്ചതിനാൽ 
ഞാനത് വിശ്വസിച്ചിട്ടേയില്ലായിരുന്നു )

പിറകിൽ നിന്നും പേരെടുത്ത് വിളിക്കുന്നത്
നീയാകല്ലേ എന്നു പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തുടർന്നു


അവരവരുടെ വഴികൾ

നടക്കുകയാണ് ,
പൊതുവഴിയിൽ പകർത്തിയ
ചിത്രങ്ങളിൽ മാത്രമാണവർ
കൂടെയുണ്ടായത്.
അവരവരുടെ വഴികൾ , വരുന്നതിനും പോകുന്നതിനും



വാക്കറ്റം  : 


വഴി തെറ്റി വന്നൊരു ഫോൺ കോൾ,
ശബ്ദത്തെ തിരിച്ചറിയാതെ,
പേരിനെ ഓർത്തെടുത്തു
നിശ്ശബ്ദമാകുന്നു




മഷിത്തണ്ടിന്റെ കൂട്ടുകാര്‍