പൂക്കൾ, പുഴകൾ,
സുഗന്ധം, പച്ചപ്പ്, ചലനം...
ഇറങ്ങിപ്പോകുന്ന
നിനക്ക് പിറകെ
ഓടിയെത്തുന്നു
വസന്തം.
തിരിഞ്ഞു നോക്കിയാലും
കാണാത്ത അകലത്തിൽ
ചേർന്നിരുന്ന
മരുക്കാലം.
എത്രയിഷ്ടം എന്നെ?
എത്രയിഷ്ടം എന്നെ?
അരക്കഷണം.
അത്രേയുള്ളൂ?
പകലിരവുകൾ
തുല്യമാകുന്ന
രണ്ടേ രണ്ടു ദിനങ്ങളത്രെ
വർഷത്തിൽ!!
ഏകാന്തതയെ
ഏകാന്തതയെ
ചൂണ്ടയിൽ കോർത്തെറിയുന്നു.
മൗനത്തിന്റെ
ചെറു ഇടവേളകളിൽ
ചെറുതെങ്കിലും
കവിതകൾ കൊത്തുന്നു.
അടച്ചിടുമ്പോൾ ചേർന്നിരിക്കുന്ന വാതിലുകൾ
അകന്നിരിക്കുമ്പോൾ
ഉള്ളിൽ വെളിച്ചവും
അടുക്കുമ്പോൾ ഇരുട്ടും നിറയ്ക്കുന്ന,
പ്രണയമേ പ്രണയമേയെന്ന്
ഞരങ്ങി വിളിക്കുന്നു
അടച്ചിടുമ്പോൾ
ചേർന്നിരിക്കുന്ന വാതിലുകൾ
തോറ്റുപോകാതെ
തകർന്നിരിക്കുമ്പോൾ
ചേർന്നിരിപ്പുകൾ കൊണ്ട്
ജീവിതത്തെ കളറാക്കുന്ന ചിലരുണ്ട്
വലിച്ചെറിയപ്പെടും മുൻപേ
ഒരിക്കലും പരിഗണിക്കപ്പെടാത്തവർ
സ്ഥിരതയില്ലായ്മയെ
വെളിച്ചമില്ലായ്മയെ
പരിഹസിച്ചു മാറ്റി നിർത്തിയവർ
ഭൂതകാലത്തെ പറ്റി
ചോദ്യങ്ങളേതുമില്ലാതെ
ചേർത്തു പിടിക്കുന്നവർ
കെട്ടുപോയാലും വീണ്ടും മിന്നി തുടങ്ങുന്ന അവരുടെ പ്രകൃതം തന്നെയാണ് തോറ്റുപോകാതെ
ജീവിതത്തെ മുന്നോട്ട് നടത്തുന്നതും
വാക്കറ്റം :
ആയുസ്സെത്തും മുന്നേ
ചത്തു പോകുന്ന പൂമ്പാറ്റ കുഞ്ഞുങ്ങളെ പോലെ
കൗതുകം തീരും മുൻപേ അനക്കമില്ലാതാകുന്നു
പൂമ്പാറ്റക്കെണി വെച്ചു പിടിച്ച
പ്രണയ ശലഭങ്ങൾ