നിറങ്ങളിൽ
ഒന്ന് കുറവുള്ളതിനെ
മഴവില്ലെന്ന്
വിളിക്കാറുണ്ടോ നമ്മൾ ?
വൈവിധ്യങ്ങളുടെ
കടലിനു മുകളിൽ
ഇന്ത്യയെന്നെഴുതി
അടിവരയിടുന്നു നമ്മൾ !
ചരിത്രത്തിലേക്കുളള കാൽച്ചുവടുകൾ
നീണ്ട സമരങ്ങളിൽ
നീണ്ടു നടന്ന പദയാത്രകളുടെ
അടയാളമുണ്ട്.
പലരും മായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ കിടപ്പുണ്ട് ചരിത്രത്തിന്റെ തീരങ്ങളിൽ,
അവയ്ക്കൊപ്പം
ചേർത്ത് വെക്കുന്നു ചരിത്രത്തിലേക്കുളള
കാൽച്ചുവടുകൾ നമ്മൾ
പ്രതിരോധം.
ഒറ്റ വാക്കിലിങ്ങനെയൊതുക്കുന്നു,
തോറ്റു പോകേണ്ടവരല്ലായിരുന്നിട്ടും
നെറികെട്ട ഭരണകൂടം
തോൽപിച്ച
ജനതയുടെ പ്രതിരോധം.
വിളിച്ചു പറയും..
അവസാനത്തെ ആണിയും
അടിച്ചു കഴിഞ്ഞ് അവരുറക്കെ വിളിച്ചു പറയും
ഞങ്ങൾ കൂടെയുണ്ടെന്ന്..
മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത്
കഥയിൽ മാത്രമല്ലെന്ന്
ഒരു നാട് അവരോടും
വിളിച്ചു പറയും. !
ഉയിർത്തെഴുന്നേൽപ്പ്
കൊന്നു തീർക്കാമെന്ന്
കരുതും
തച്ചു തകർക്കാമെന്നും.
ചെറുതും വലുതുമായി,
നാളിതുവരെയുള്ള
(നിങ്ങള് കളിയാക്കിയ)
സമരങ്ങളിൽ,
നാം നട്ട് പോയിടങ്ങളിൽ
നിന്നൊക്കെ
പുതു നാമ്പുകളുയർന്ന്
വരും. !
വഴി
ഒന്നിന് പിറകെ
ഒരാള്
അതിനും പിറകെ
മറ്റൊരാൾ
നമ്മളിങ്ങനെ നടന്നു നടന്നാണ്
ഓരോ വഴിയും തെളിഞ്ഞിട്ടുള്ളത്..!
#കാവൽ
ഊതിക്കെടുത്താൻ
നോക്കുമ്പോഴൊക്കെ
കനലാളി പടരുക
തന്നെ ചെയ്യും
വാക്കറ്റം :
എവിടെയും നിങ്ങൾക്ക്
കാണാൻ കഴിയും
ചവിട്ടി മെതിക്കുന്തോറും
ഒരം കൂടി കൂടി വരുന്ന
കമ്യൂണിസ്റ്റ് പച്ച !!