തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..!

തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..!എങ്ങനെ മായ്ചാലും തെളിഞ്ഞു കാണുന്ന
പോയ കാലത്തിന്റെ വാക്കേറു പാടുകൾ.. 
നിന്നിലെഴുതിയെഴുതി 
തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..!
ജീവിതം

സ്വാതന്ത്ര്യത്തിന്റെ ആകാശമെന്നൊക്കെ പറയുന്നത്‌
വെറുതെയാണെന്നേ,
ചിറകു കുഴയുമ്പോൾ താഴേക്കിറങ്ങാതെ വയ്യല്ലോ..!
നടന്നു പോലും നീങ്ങാനാകാത്ത, 
നിഴലുകളെ പോലും ചങ്ങലയ്ക്കിടുന്ന, 
ഒറ്റ വലിക്ക്‌ തകർക്കാമെന്ന് തോന്നിപ്പിക്കുന്ന,
നൂൽകെണികളുടെ ചരടു വലികളാണ്‌ ജീവിതം ..!!
പുതു നിറങ്ങളുടെ പ്രപഞ്ചം


ഏറെ നേരം പൊള്ളിച്ച
വെയിലു തീരുന്നത്‌
നോക്കി നില്ല്കുന്നു
ചുറ്റും പുതു നിറങ്ങളുടെ പ്രപഞ്ചം

അകന്നിരിക്കുന്നവർ
അടുക്കാനിടമുണ്ടായിട്ടും
അകന്നിരിക്കുന്നവർ നമ്മൾ..
സ്വപ്നങ്ങളുടെ മുട്ടയിൽ
അടയിരിക്കാനാകാത്തവർ...!!
പിണക്കത്തിന്റെ മൊട്ടുകൾ.


വെയിൽ ചൂടിൽ പൂത്ത കൊന്നമരം ,
വേനൽമഴയിൽ പൂവുതിർത്തു
ഇലകൾ തളിർക്കുന്ന പോലെ

വിരഹ മൂർച്ഛയിലെ നട്ടുച്ചയിൽ
ചേർത്തുപിടിച്ചു വെക്കുന്നൊരൊറ്റയുമ്മയിൽ
ഉതിർന്നു തീരുന്നു
നിന്റെ പിണക്കത്തിന്റെ മൊട്ടുകൾ..


വാക്കറ്റം :

ആദ്യതുള്ളിയായി,
മടിച്ചു മടിച്ച്‌ നീയിറങ്ങി പോകുന്നു..
പിന്നാലെയൊലിച്ചു തീരുന്നു
ജീവിതം..!!


പ്രണയത്തിന്റെ ചൂണ്ട്‌ വിരല്‍


മതിലുകൾഒരു തള്ളിനു തകരാത്ത 
മുമ്പെങ്ങോ 
ഉയർത്തി കെട്ടിയ മതിലുകൾ..
വിള്ളലുകളിൽ കാത്തിരുന്നൊരു 
വിത്ത്‌ വളർന്ന് പൂക്കുന്നു..!!
അച്ചടക്കം 
വളഞ്ഞു പോകാത്ത ജീവിതം
വളർച്ചയുടെ അച്ചടക്കമെത്രെ..
ഏറെ നിവർന്ന് പോയതിനാൽ
ചോദ്യചിഹ്നമായി
എളുപ്പത്തിലൊടിഞ്ഞു തൂങ്ങുന്നു
എന്റെ ജീവിതം..!!പ്രണയ വരള്‍ച്ച സ്നേഹ നദിയുടെ
ഒഴുക്കിലേക്ക്‌ ചാടിയിറങ്ങി
തലകുത്തി മറിഞ്ഞ പ്രണയകാലത്തെ ഓർത്തെടുക്കുന്നു,
ഒരോ തവണ ചുണ്ട്‌ നനയ്ക്കാൻ തുറന്നെടുക്കുമ്പോഴും..!


പ്രണയത്തിന്റെ ചൂണ്ട്‌ വിരല്‍ പ്രണയത്തിന്റെ ചൂണ്ട്‌ വിരലാണ്‌
കൂട്ടത്തിലെ ഒറ്റ..
മഹാമൗനത്തിന്റെ ഉൾക്കടൽ നീന്തി,
തീരത്ത്‌ വാക്കുകളുടെ തിരമാലകൾ തീർക്കുന്നു നാം..
ജീവിത വൃത്തം അകന്നു പോകുന്നത്ര അടുക്കാൻ
ആക്കം കൂട്ടുന്ന റബ്ബർ ബാന്റിന്റെ
മുറിഞ്ഞു പോയ രണ്ടറ്റങ്ങൾ..
ഓർക്കുന്നുവോ നാം ചേർന്നിരുന്ന ജീവിത'വൃത്ത' കാലത്തെ...!!വാക്കറ്റം :

വിഷാദത്തിന്റെ വേനൽപ്പെയ്ത്തിൽ,
കുടക്കീഴിൽ നമ്മളൊത്തു ചിരിച്ച,
പ്രണയകാലത്തിന്റെ ഓർമ്മകൾ പോലും
നനഞ്ഞലിഞ്ഞു തീരുന്നു.. !!

പ്രണയ നിലാവ്‌


ഓര്‍മ്മ ചുമരു ചാരി നിന്ന്
ഓരോ മഴക്കൂറ്റിനും
ഓർത്തെടുക്കുന്നുണ്ടാവണം
നമ്മുടെ പ്രണയ'കാലവർഷ'ത്തെ

കയ്യെത്തുന്നില്ലല്ലോ നിന്നെ
പകലു പോലെ 
പ്രണയ നിലാവ്‌ പരന്നിട്ടും
കയ്യെത്തുന്നില്ലല്ലോ
നിന്നെ..!!

ഓർമ്മകളുടെ ബാലൻസ്‌ഒരു നിലം പൊത്തലിനുടഞ്ഞു പോകുന്ന 
ചില്ലു പാത്രങ്ങളിലാണത്രെ സ്വപ്നങ്ങൾ
ഉയർച്ച താഴ്ചകളില്ലാത്ത ഇന്നലെകൾ കഴിഞ്ഞ്‌
ഒറ്റ നൂൽപാലത്തിലൂടെയുള്ള യാത്രയിൽ
നിന്റെ ഓർമ്മകളുടെ ബാലൻസ്‌.. !!

ഇലഞ്ഞരമ്പുകൾ
ഇലഞ്ഞരമ്പുകൾ,
മരത്തിന്റെ കൈരേഖകൾ..
എത്രയെത്ര
കിളികളും പൂമ്പാറ്റകളും 
എന്നെന്നും ഒരുമിച്ചെന്ന് ഫലം പറഞ്ഞ രേഖകളാണ്‌
 ഇലയ്ക്കൊപ്പം
ഉണങ്ങി പൊടിഞ്ഞു തീരുന്നത്‌.. !!


വാക്കറ്റം :

നീ തകർത്തു പോയിട്ടും 
അനങ്ങാതിരിക്കുന്നു, 
 നിനക്ക്‌ വിരിച്ച വലയ്ക്ക്‌ മുകളിലെ 
പൊങ്ങു പൊന്തുകൾക്കൊപ്പം ഞാനും..


വിശപ്പ്‌ കാത്തിരിക്കുന്ന ആമ

ചായം

എത്ര ശ്രദ്ധിച്ചാലും
അരികുകൾ വഴി ഒലിച്ചിറങ്ങി തീർന്നു പോകുന്ന
നിറങ്ങൾ കൊണ്ടാണത്രെ
ജീവിതത്തിന്റെ ചുവരുകളിൽ ചായം പൂശുന്നത്‌.. 

ചതവ്
 
വെയിലുയരത്തിൽ
തലയുയർത്തി നിൽക്കുന്ന
ജാതിമരത്തിന്റെ
തളിരില ചതച്ചതിൻ
ചുവപ്പാണത്രെ കയ്യിൽ...!

ഉപഗ്രഹം 
 
ഗുരുത്വാകർഷണത്തിന്റെ നൂലറ്റം എന്നേ പൊട്ടിപ്പോയതാണ്‌
എന്നെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്നും മാറി
അതിരുകളില്ലാത്ത ആകാശത്തിൽ
നക്ഷത്രങ്ങൾക്കൊപ്പം കണ്ണു ചിമ്മി ചിരിക്കുന്നു നീ..


വിശപ്പ്‌ കാത്തിരിക്കുന്ന ആമ
 
പൊരിവെയിലിൽ
കരിയിലകൾക്കിടയിൽ
കയ്യും തലയും പുറത്തിടാതെ
വിശപ്പ്‌ കാത്തിരിക്കുന്നൊരു
ആമ..!!

കല്ലരയാൽ
 
കരിമ്പാറക്കെട്ടുകളിലേക്ക്‌ വേരുകളാഴ്ത്തി
പ്രണയജലമന്വേഷിക്കുന്നൊരു
കല്ലരയാൽ..!!


കരിമ്പ്‌ പൂക്കുന്നു
 
അരികു വേലികളിൽ
കരിമ്പ്‌ വളർന്ന പറമ്പ്‌..
നോക്കിനോക്കിയിരിക്കെ
വേനലാന്തളിൽ
കരിമ്പ്‌ പൂക്കുന്നു..!!ബലൂൺ വിമാനം

മടുപ്പിന്റെ
ഉഷ്ണകാറ്റേറ്റ്‌
പൊങ്ങിയുയരുന്നു
നീയിരിക്കുന്ന
ബലൂൺ വിമാനം..!!

വാക്കറ്റം :

നമുക്കിടയിലെന്താ..?
ഒന്നുമില്ല,
പകലുദിച്ച നക്ഷത്രങ്ങളല്ലാതെ..!!

പിണക്കം


 മിണ്ടാതിരുന്നു തുരുമ്പിച്ചു പൊടിയുന്നു
നമ്മെ ചേർത്തു കെട്ടിയ
വാക്കിന്റെ നൂലുകൾ..!!

പിറകിലെ വാതിലും വഴിയും..!!

ഇന്നലെ നിന്നിലേക്ക്‌ നടന്നെത്തുമ്പോളെന്ന പോലെ
ഇറങ്ങി നടക്കുമ്പോഴും മാഞ്ഞു പോകുന്നു
പിറകിലെ വാതിലും വഴിയും..!!
  

 ഒരു കുടം സ്നേഹം


ഉറവകൾ വറ്റുന്ന വേനൽ,
പരന്ന കായലും മെലിഞ്ഞ പുഴയും
വെറുപ്പിന്റെ മണലുകളെ നിരത്തി തുടങ്ങിയിരിക്കുന്നു..
ആഴത്തിലെ കിണറിൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രം
ഒരു കുടം സ്നേഹം
ഊറിക്കൂടുന്നു.. !!


 


 തൂങ്ങി നില്‍പ്പ് 
 
തൊലിപ്പുറം മുറിഞ്ഞതിനു
പിണങ്ങിമാറി നിന്ന
 പ്രണയ കാലമോർത്ത്‌
 ഉള്ളിൽ ചിരിക്കുന്നു
മുഴുവനായ്‌ മുറിഞ്ഞിട്ടും
ഇന്ന് തൊലിപ്പുറത്ത്‌ തൂങ്ങിനിൽക്കുമ്പോൾ..!!


വാക്കറ്റം:

ഉപരിതലം ശാന്തമായ കടൽ കരയിൽ നിന്നും എത്രയകലത്തിലായിരിക്കും?!
ഒരു കടലകലത്തിൽ ശാന്തരായിരിക്കുന്നു നാം ..!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍