സ്നേഹം


 












നിവർന്നു നിൽക്കാൻ

പോലുമാകാത്ത പുഴു ജീവിതത്തിന്

ഇലത്തണല് നൽകും

വെയിലു തട്ടാതെ

മഴ നനയാതെ..

മഴവില്ല് മേലങ്കി പുതച്ച്

നീണ്ട നാൾ

പറ്റിച്ചേർന്ന് കിടക്കും

ആ ഒട്ടിച്ചേരലിൽ,

സഹനങ്ങളിൽ, സ്നേഹത്തിൽ

സ്വന്തമെന്ന് കരുതും.

എങ്കിലും

ചിറകു മുളക്കുന്ന

ആദ്യനാളിൽ

പറന്ന് പോവുക തന്നെ

ചെയ്യും

പണ്ടാരാണ്ട് പറഞ്ഞ പോലെ

ചേർത്തു പിടിക്കുന്നത് മാത്രമല്ല

സ്നേഹം

വിട്ടു കൊടുക്കുന്നതുമാണ്.


തോറ്റു പോകാത്തവർ


ഇരുളു വീഴും മുമ്പേ

അവസാനിപ്പിക്കേണ്ട യാത്രയിലും

വീണു പോയവരെ എഴുന്നേൽപ്പിക്കുന്നു

ജീവിതത്തിൽ നിന്നൊരു

ചീന്ത് ചേർത്ത് കെട്ടി

മുറിവുണക്കുന്നു, വേദനകൾക്ക്

കൂട്ടിരിക്കുന്നു.

യാത്ര

അവസാനിപ്പിക്കാത്തത് കൊണ്ട് മാത്രം

തോറ്റു പോകാത്തവർ



യാത്ര


കൂടെയുണ്ടെന്ന് ഇടയ്ക്കിടെ

ഓർമിപ്പിക്കും, ചേർത്തു പിടിക്കും

ഒറ്റ നാളിൽ

തിരിച്ചെത്തുമെന്നുറപ്പിൽ

നിറഞ്ഞിരുന്ന ഇടങ്ങളിൽ

ഓർമ്മകൾ നിറച്ച്

തിരിച്ചു വരാത്ത യാത്ര പോകും.



വാക്കറ്റം 

പുതിയ പുതിയ
മണൽപ്പാടുകൾ തീർത്ത്,
മറന്നിട്ടേയില്ലെന്ന്
ഓരോ തിരയിലും
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും
ഏകാന്തത!


ജീവിതം നിലച്ചു തുടങ്ങുമ്പോൾ മാത്രം നിങ്ങൾ ഓർത്തു പോകുന്ന ചിലർ!









നിങ്ങളോർത്തു വെക്കാറുണ്ട്

ഇലകളെ, പൂക്കളെ

മണങ്ങളെ, നിറങ്ങളെ...

ആരുമാരുമറിയാത്ത ചിലരുണ്ട്

ആഴങ്ങളിലെ വേര് പോലെ

കരിങ്കല്ല് തുളച്ച് ഉറവ നേടി

ജീവിതം നിലച്ചു തുടങ്ങുമ്പോൾ

മാത്രം നിങ്ങൾ

ഓർത്തു പോകുന്ന ചിലർ!



സന്തോഷം റീചാർജ് ചെയ്യുന്നതാണ്


ഒരു ദിവസം മുഴുവൻ

പിറകോട്ടു വലിച്ച സങ്കടത്തെ

നിനക്കയക്കുന്നു,

ഊതി വീർപ്പിച്ച ബലൂണ് പോലെ

നീയതിനെ കുത്തിപ്പൊട്ടിക്കുന്നു.

ചിലത് വെറും

ഫോൺ വിളികളല്ല

സന്തോഷം

റീചാർജ് ചെയ്യുന്നതാണ്


മാറ്റാർക്കുമറിയാത്തത് കൊണ്ട്


കാത്തിരുന്ന് മടുത്തു

പിണക്കം കൂട്ടിനു വരുമ്പോൾ,

പരസ്പരം പ്രണയമല്ലെന്ന് തിരുത്തും.

ആരെ?

മാറ്റാർക്കുമറിയാത്തത് കൊണ്ട്

നമ്മളെത്തന്നെ.



വേനലല്ലേ


വേനലല്ലേ,

ഓരോ തണലിടവും

വീടെന്ന് നിനയ്ക്കും.

നട്ടുച്ചയിൽ,

തണൽ കൊഴിച്ചിട്ട്

ഒറ്റയാക്കും

മരങ്ങൾ..!


നീയിറങ്ങിയ ഇടങ്ങളിലേക്ക്


നീയിറങ്ങിയ

ഇടങ്ങളിലേക്ക്

ചെറുതിനെയും

പലതിനെയും

കൊണ്ട് നിറക്കാൻ

ശ്രമിക്കുന്നു.

ഓരോ കാൽവെപ്പിലും

അവയത്രയും

തുളുമ്പി തെറിച്ചു പോകുന്നു


പ്രണയമെന്ന തോന്നല് പോലും ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്


ഓരോ അവഗണനയ്ക്ക് ശേഷവും

പിണങ്ങിയിരിക്കണം

പിന്നാലെ നടത്തണമെന്ന്

ഉറപ്പിക്കും.

ഗേറ്റ് തുറന്ന്

വീടെത്തും മുൻപേ

വാലാട്ടി കാലു നക്കി ചിരിക്കും.

പ്രണയമെന്ന തോന്നല് പോലും

ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്

അറിയാവുന്ന പലരും

പറഞ്ഞു ചിരിക്കും.


നിശാശലഭ ജീവിതം.


കണ്ടുമുട്ടുന്നേയില്ല

പകലൊളിച്ചിരിക്കാവുന്ന

തണലിനെ,

കവിതകൾക്ക്

ചിറകു നൽകുന്നവളെ..

ഒരു രാത്രിയിൽ കൂടുതൽ

അതിജീവിക്കുന്നില്ല

ഓർമകളുടെ

നിശാശലഭ ജീവിതം.


വാക്കറ്റം :


ഒരുമിച്ചെന്ന്

കൂടെ ചേർന്നവർക്കൊക്കെ

മുന്നിലോടിപ്പോകേണ്ടി വരും.

ഒറ്റയാൾക്ക് മാത്രം

നടന്നു പോകാനുള്ള

വഴിയാണ് ജീവിതം

 

തൊട്ടാവാടി










പിണങ്ങുമ്പോഴും

തൊട്ടാവാടിയിതളുകൾ

പോലെ ചേർന്നിരിക്കുന്നു.

ഒളിപ്പിച്ചു വെച്ച,

വേദനിപ്പിക്കുന്ന കൂർത്ത മുള്ളുകൾ

പുറത്തു കാട്ടുന്നു



ഓർമകളിങ്ങനെ


 ഇരുട്ടിലെ തിളക്കം

കനല്ലെന്ന് കരുതും.

ഏറെ നേരം കാത്തിരിക്കാതെ

ഓർമകളുടെ കരിയിലകൾ

കത്തി തീരുമെന്നും.

വെളിച്ചം വരുന്നത് വരെയും

ഓർമകളിങ്ങനെ സ്വർണ്ണ നിറത്തിൽ

മിന്നി തിളങ്ങുന്നതും

കണ്ട് ഉറങ്ങാതെ ഉണ്ണാതെ



കളഞ്ഞു പോയതിനെ


കണ്ണാടി കാണും വരെ

പരതി നടക്കാറുണ്ട്

മുഖത്ത് വെച്ചിരിക്കുന്ന

കണ്ണട

കൂടെയുള്ളതിനെ

മറന്ന് വെച്ച്

കളഞ്ഞു പോയതിനെ

ഓർത്തു കൊണ്ടേയിരിക്കും



കടൽ


ആദ്യത്തെ തിരയിൽ

തന്നെ മാഞ്ഞു പോകും

നീ വരച്ചിടുന്ന

മുറിവുകൾ, കുമ്പസാരങ്ങൾ

എത്രയാഴത്തിൽ മുറിച്ചാലും

സ്നേഹം കൊണ്ട്

ആകെ മൂടുന്ന

വേലിയേറ്റത്തിന് ശേഷം

ഒരു അടയാളം കൊണ്ട് പോലും

ഓർമ്മിപ്പിക്കില്ല, കടൽ..!



അവസാനത്തെ മുറിവെന്ന്


അവസാനത്തെ മുറിവെന്ന്

ആണയിടും,

വെളിച്ചം മുറിവുണക്കും,

തിരിച്ചു നടക്കുമ്പോൾ

ഒളിച്ചു വെച്ചതിൽ തട്ടി വീണ്

ചോര വാർന്ന് മരിക്കും



മണ്ണാങ്കട്ടയും കരിയിലയും


മണ്ണാങ്കട്ടയും കരിയിലയും പോലെ

പരസ്പരം ഉറപ്പും പുതപ്പുമെന്നാവർത്തിക്കും

പണ്ടെങ്ങോ കൊണ്ട വെയിലിന്റെ

ഓർമയിൽ ഇലത്തണലിൽ

പൊടിഞ്ഞു തുടങ്ങും



നിലാവ് 


പോകുന്നിടത്തൊക്കെ

കൂടെയുണ്ടാകും

നമുക്ക് വേണ്ടി പ്രകാശിക്കുന്നത്

എന്നൊക്കെ കരുതും

നിലാവിന്റെ കുളിർമ്മയെന്നൊക്കെ

കവിതയിൽ അടയാളപ്പെടുത്തും

വലിയ മറ്റൊന്നിനെ

നോക്കിയിരുന്ന്

തിളങ്ങുന്നതെന്ന്

മറ്റാരെങ്കിലും തിരുത്തും



വാക്കറ്റം :

വരച്ചു ചേർക്കപ്പെട്ടിട്ടില്ലാത്ത

അതിരുകളുണ്ട് ഓരോരുത്തരുടെ ആകാശത്തിനും.

നമ്മളെന്ന് ചേർത്ത് വെച്ചാലും മുകളിലൂടെ ഒന്നു പറന്ന് നോക്കണം

വാക്കേറ്റ് മുറിഞ്ഞു വീഴുന്നത് കാണാം




ഏകാന്തത









ഒരു വാക്കും

മുറിവേൽപ്പിക്കില്ല

ഒരു വെയിലും പൊള്ളിക്കില്ല

ഒരു മഴയും നനയ്ക്കില്ല

മരവിച്ചു

മരിച്ചു പോകുന്ന

ഏതോ ഹിമയുഗത്തിലേക്കുള്ള

വാതിലാണ്

ഏകാന്തത


സ്നേഹം 


കടലെടുത്തു തീർക്കുന്നില്ല,

തീരത്തെ;

കടലിറക്കത്തിൽ

ഉപേക്ഷിക്കുന്നുമില്ല

നമുക്കിടയിലെ

സ്നേഹത്തെ പോലെ

രാപ്പകലില്ലാതെ

തിരകളയച്ചു

തലോടുന്നു.!


വിശ്രമിച്ചു മറയും


വിജന പാതയിലെ,

കാത്തിരുന്ന കാലൊച്ചയെന്ന്

കരുതും.

പൊരിവെയിലിൽ

തളർന്നൊരാൾ

പല കഥകൾ പറഞ്ഞു

വെള്ളം ചോദിച്ചു

വിശ്രമിച്ചു മറയും..





അതിജീവനം 


ഈ വേനൽ

അതിജീവിക്കില്ലെന്ന്

ഉറപ്പിക്കും,

വറ്റാത്ത ഉറവകളിലേക്കുള്ള

വഴികാട്ടികളായി

ചിലർ വരും..


വെയിൽ ചില്ലയ്ക്ക്

കീഴിലെ

ജല ചുംബനമെന്ന്

ആരും വായിക്കാനിടയില്ലാത്ത

ഒരു കവിതയിൽ

എഴുതി വെക്കും.



വാക്കറ്റം :


പിണങ്ങി

വീഴുമ്പോഴറിയുന്നു,

നിന്റെ വാക്കിൻ

ചിറകിലേറി

കീഴടക്കിയ

ഉയരങ്ങൾ...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍