നിങ്ങളോർത്തു വെക്കാറുണ്ട്
ഇലകളെ, പൂക്കളെ
മണങ്ങളെ, നിറങ്ങളെ...
ആരുമാരുമറിയാത്ത ചിലരുണ്ട്
ആഴങ്ങളിലെ വേര് പോലെ
കരിങ്കല്ല് തുളച്ച് ഉറവ നേടി
ജീവിതം നിലച്ചു തുടങ്ങുമ്പോൾ
മാത്രം നിങ്ങൾ
ഓർത്തു പോകുന്ന ചിലർ!
സന്തോഷം റീചാർജ് ചെയ്യുന്നതാണ്
ഒരു ദിവസം മുഴുവൻ
പിറകോട്ടു വലിച്ച സങ്കടത്തെ
നിനക്കയക്കുന്നു,
ഊതി വീർപ്പിച്ച ബലൂണ് പോലെ
നീയതിനെ കുത്തിപ്പൊട്ടിക്കുന്നു.
ചിലത് വെറും
ഫോൺ വിളികളല്ല
സന്തോഷം
റീചാർജ് ചെയ്യുന്നതാണ്
മാറ്റാർക്കുമറിയാത്തത് കൊണ്ട്
കാത്തിരുന്ന് മടുത്തു
പിണക്കം കൂട്ടിനു വരുമ്പോൾ,
പരസ്പരം പ്രണയമല്ലെന്ന് തിരുത്തും.
ആരെ?
മാറ്റാർക്കുമറിയാത്തത് കൊണ്ട്
നമ്മളെത്തന്നെ.
വേനലല്ലേ
വേനലല്ലേ,
ഓരോ തണലിടവും
വീടെന്ന് നിനയ്ക്കും.
നട്ടുച്ചയിൽ,
തണൽ കൊഴിച്ചിട്ട്
ഒറ്റയാക്കും
മരങ്ങൾ..!
നീയിറങ്ങിയ ഇടങ്ങളിലേക്ക്
നീയിറങ്ങിയ
ഇടങ്ങളിലേക്ക്
ചെറുതിനെയും
പലതിനെയും
കൊണ്ട് നിറക്കാൻ
ശ്രമിക്കുന്നു.
ഓരോ കാൽവെപ്പിലും
അവയത്രയും
തുളുമ്പി തെറിച്ചു പോകുന്നു
പ്രണയമെന്ന തോന്നല് പോലും ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്
ഓരോ അവഗണനയ്ക്ക് ശേഷവും
പിണങ്ങിയിരിക്കണം
പിന്നാലെ നടത്തണമെന്ന്
ഉറപ്പിക്കും.
ഗേറ്റ് തുറന്ന്
വീടെത്തും മുൻപേ
വാലാട്ടി കാലു നക്കി ചിരിക്കും.
പ്രണയമെന്ന തോന്നല് പോലും
ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്
അറിയാവുന്ന പലരും
പറഞ്ഞു ചിരിക്കും.
നിശാശലഭ ജീവിതം.
കണ്ടുമുട്ടുന്നേയില്ല
പകലൊളിച്ചിരിക്കാവുന്ന
തണലിനെ,
കവിതകൾക്ക്
ചിറകു നൽകുന്നവളെ..
ഒരു രാത്രിയിൽ കൂടുതൽ
അതിജീവിക്കുന്നില്ല
ഓർമകളുടെ
നിശാശലഭ ജീവിതം.
വാക്കറ്റം :
ഒരുമിച്ചെന്ന്
കൂടെ ചേർന്നവർക്കൊക്കെ
മുന്നിലോടിപ്പോകേണ്ടി വരും.
ഒറ്റയാൾക്ക് മാത്രം
നടന്നു പോകാനുള്ള
വഴിയാണ് ജീവിതം
കാത്തിരുന്ന് മടുത്തു
മറുപടിഇല്ലാതാക്കൂപിണക്കം കൂട്ടിനു വരുമ്പോൾ,
പരസ്പരം പ്രണയമല്ലെന്ന് തിരുത്തും.
ആരെ?
മാറ്റാർക്കുമറിയാത്തത് കൊണ്ട്
നമ്മളെത്തന്നെ.
സന്തോഷം റീ- ചാർജ്ജ് ചെയ്യുന്ന വിളികൾ ...
മറുപടിഇല്ലാതാക്കൂ