നാറാണത്ത്‌ ചിന്തകള്‍

പുനര്‍ജനി

 നീ തന്ന, ആ പഴയ ഗ്രീറ്റിംഗ്  കാര്‍ഡ്
ഇന്നലെ വീണ്ടും തുറന്നപ്പോള്‍,
അതിനുള്ളില്‍ നിന്നും രണ്ടു കുഞ്ഞുറുമ്പുകള്‍
വന്നു കൈവിരലില്‍ തൊട്ടു;
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
തിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു...

കൊതുക് ബാറ്റ്


ഒരു പരിധിക്കപ്പുറത്തു ചിന്തകള്‍
നിന്നെ ചുറ്റി പറക്കാന്‍ തുടങ്ങിയാല്‍,
മെല്ലെയൊന്നു വീശിയാല്‍ മതി
ഓരോ സ്വപ്നവും നൂറായി
പൊട്ടി തെറിച്ചു ഇല്ലാതാകും..

സൈക്കിളോട്ടം


ടോര്‍ച്ചു വെളിച്ചത്തില്‍
സൈക്കിളോടിക്കുന്നത് പോലെയാണ്
നിന്റെ പ്രണയം,
ദൂരെ വെളിച്ചംകണ്ട് ഒരുങ്ങി നില്‍ക്കുമ്പോഴേക്കും
എന്നെയും കടന്നു അടുത്ത തെരുവിലെത്തിയിട്ടുണ്ടാകും..
 
പിന്കുറിപ്പ് :
പാതിയില്‍ മുറിഞ്ഞ
ഇന്നലത്തെ സ്വപ്നത്തില്‍ നീയും ഉണ്ടായിരുന്നു,
 മഴ നനഞ്ഞ വയല്‍ വരമ്പിലൂടെയുള്ള
അറ്റമില്ലാത്ത യാത്രയില്‍....!!

രണ്ടെണ്ണം

ഒറ്റപ്പെടല്‍ 


അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!ഇര പിടുത്തം


എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...


പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

കുടുംബം

അച്ഛന്‍

പുതിയ കാര്‍ ഷെഡ്‌ നു,
അവസാനത്തെ ചട്ടി കോണ്‍ക്രീറ്റ്  വീഴുന്നത് വരെ
മുറ്റത്തിന്, അച്ഛന്റെ
മണമായിരുന്നു !!അമ്മ 


ഏറ്റവും ഒടുവില്‍ തൊട്ടു നക്കാന്‍  മാറ്റിവെക്കുന്ന
ഒരു വിരല്‍ അച്ചാറിനാണോ
ആദ്യം പിഴിഞ്ഞോഴിക്കുന്ന ചെറുനാരങ്ങയ്ക്കാണോ
അമ്മയുടെ സ്വാദ്  ?!!

പെങ്ങള്‍
കോളേജിലെ ഈ വര്‍ഷത്തെ
സിലബസ്  അറിയില്ലെങ്കിലും
വോഡഫോണിന്റെ  എല്ലാ പ്രീ പെയ്ഡ്  പ്ലാനുകളും
മനപാഠം തന്നെ !!


പിന്കുറിപ്പ്:

ആര്‍ക്കും കൊടുക്കാതെ പിശുക്കി പിശുക്കി വെച്ച് ,
ഞാന്‍  കെട്ടിയുയര്‍ത്തിയ വാക്ക് കൊട്ടാരം
ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
തകര്‍ത്ത് എറിഞ്ഞില്ലേ നീ ..

രണ്ടു നുറുങ്ങുകള്‍

സൂചിക്കണിയാന്‍
ഇത് വരെ ഒരാളെയും കുത്തി നോവിച്ചിട്ടില്ല
ഒരു സ്വപ്നത്തെയും തുന്നി ചേര്‍ത്തിട്ടുമില്ല ;
എങ്കിലും സൂചി കണിയാന്‍ എന്ന് തന്നെയാ
എല്ലാരും വിളിക്കുന്നത്‌ ..!!
വിറക്


തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും  എന്നും
വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട് 
എന്ത് പരാതി പറയാന്‍ ...?!!
പിന്കുറിപ്പ് :
ഒളിച്ചു വെക്കപ്പെട്ട പ്രണയമേ...
നീയിനി കത്തുകളയയക്കേണ്ടതില്ല.
നീ പോസ്റ്റ്‌ കാര്‍ഡില്‍ മാത്രം എഴുതുന്നത്‌ കൊണ്ടും,
തപാല്‍ക്കാരന്‍ വായാടിയായതിനാലും
നാട്ടുകാരറിഞ്ഞതിനു  ശേഷമേ ഞാനറിയുന്നുള്ളൂ,  എന്തും ..!!

പ്രണയാസ്തമയം
 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .
പോളി ടെക്നിക് കോളേജ്   മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കവിത . 

ജിതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഇവിടെയും ഓര്‍ക്കുട്ട്  കംമുനിട്ടി ഇവിടെയും കാണാം
സുഹൃത്ത് ടോണി ജോണ്‍, ജിതിനെ കുറിച്ചെഴുതിയത്‌  ഇവിടെ വായിക്കാം

പിറന്നാള്‍


   ഈ ജൂലൈ 31 നു എന്റെ ബ്ലോഗെഴുത്തിനു  ഒരു വയസ്സ്  പൂര്‍ത്തിയാവുകയാണ് . നാളിതു വരെ  മഷിത്തണ്ട്  വായിക്കുകയും എഴുത്തിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
തുടര്‍ന്നും എല്ലാവരുടെയും സഹകരണങ്ങള്‍  പ്രതീക്ഷിക്കുന്നു....


പിറന്നാള്‍  പ്രമാണിച്ചു മഷിത്തണ്ടിലെ  ആദ്യത്തെ 2 പോസ്റ്റുകള്‍ റീ പോസ്റ്റ്‌ ചെയ്യുന്നു
സ്നേഹ പൂര്‍വ്വം
ഉമേഷ്‌ പിലിക്കോട്


ഒറ്റ നോട്ട്ഒരിടത്തൊരിടത്ത് ഒരു കണ്ണുണ്ടായിരുന്നു
നേരിനു നേരെ തുറന്ന് തെറ്റിനെ ചൂണ്ടി കാണിക്കുന്ന
കണ്ണ്
വര്‍ത്തമാനത്തിന്റെ കരിമ്പുകയെറ്റ്‌ മഞ്ഞളിക്കാന്‍
തുടങ്ങിയപ്പോള്‍
ഇന്നലെ അതിനെയരോ
ഒരു ഒറ്റ നോട്ടില്‍ പൊതിഞ്ഞെടുത്തു

കളഞ്ഞു പോയ പ്രണയം


വഴിയരികിലെ തിരക്കില്‍ കൈവിട്ടു പോയ
പ്രണയമേ...

ജീവിതത്തിന്റെ
ഏതൊക്കെ ഇടവഴികളില്‍
നിന്നെ പ്രതീക്ഷിച്ചു
എന്നിട്ടും കണ്ടെത്താനായില്ലല്ലോ
ഇതുവരെ.... 

കാത്തിരിപ്പ്


പുതിയ പാര്‍ക്കര്‍ പെന്നും പിടിച്ചു ഒന്നര മണിക്കൂര്‍ ഇരുന്നിട്ടും
കവിത വരാത്തത് കൊണ്ട്  അതിന്റെ നിബ്ബ് ഒടിച്ച്  കളഞ്ഞു !!
അപ്പോഴാ പാര്‍ക്കിലേക്ക് വരണമെന്ന് പറഞ്ഞു നീ വിളിച്ചത്  ...

എന്റെ പൊന്നേ.. നീ ഒന്ന് വേഗം വന്നേക്കണേ;
ഞാനിവിടെ നിന്നെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
അര മണിക്കൂര്‍ കഴിഞ്ഞു !!!


പിന്കുറിപ്പ് :
മഴ ചതിച്ചില്ല ;
ഇത്തവണയും റോഡിലെ
ടാറിംഗ് കൃഷി നൂറുമേനി കൊയ്യും !!!

ഓന്തുകള്‍ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!

ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!

ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!
 
 

പിന്കുറിപ്പ്  :

അരിയുടെയും പെട്രോളിന്റെയും വില കൂടിയതല്ല
എനിക്കിപ്പോ പ്രശ്നം,
മണി അഞ്ചു ആയിട്ടും  നിന്റെ മിസ്സ്‌ കാള്‍ വരാത്തതാണ് ...!!!

മൂന്നു ജന്മങ്ങള്‍


നിന്റെ തെറ്റിനെയും അബദ്ധങ്ങളെയും  മായ്ച്ചു
തേഞ്ഞു തേഞ്ഞു തീരാനൊരു  ജന്മം
നന്നായി  എഴുതാന്‍  കൂര്‍പ്പിച്ചു കൂര്‍പ്പിച്ചു
ഇല്ലാതായ രണ്ടാമത്തെ   ജന്മം


വെട്ടിയും  തിരുത്തിയും അവസാനം ചവറ്റു കോട്ടയിലേക്ക്
വലിച്ചെറിയാന്‍ മൂന്നാമത്തെ ജന്മം


സ്വപ്നങ്ങള്‍

പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല!!!

ഉറക്കത്തെ പോലും അറിയിക്കാതെ ,
ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!


മറ്റു ചില സ്വപ്‌നങ്ങള്‍ നമ്മെ പേടിപ്പെടുത്തി എഴുന്നെല്പ്പിക്കും,
ആ സമയത്തെ ഞെട്ടലും ഹൃദയമിടിപ്പും,
ചിലപ്പോള്‍ മണിക്കൂറുകളോളം ബാക്കിയാകുകയും ചെയ്യും..!!!എന്നാല്‍,
വിളിച്ചുണര്‍ത്തപ്പെട്ടതിനാല്‍
മുറിഞ്ഞു പോകുന്ന സ്വപ്നങ്ങളുണ്ടാകാറുണ്ട്;
കണ്ണുകള്‍ ഇറുക്കിയടച്ചു സ്വപ്നത്തെ
നമ്മുടെ വഴിക്ക് കൊണ്ടുവരാന്‍ നോക്കും

അവസാനം തോല്‍വി സമ്മതിച്ചു
എണീറ്റ് മുഖം കഴുകി വന്നിരിക്കുമ്പോഴേക്കും,
ഒന്നും ഓര്‍മ്മ‍യിലുണ്ടാകുകയുമില്ല !!

പിന്കുറിപ്പ് :

കൂട്ടുകാരീ
നീ എന്റെ സ്വപ്നമാണെങ്കിലും
ഏതു ഗണത്തില്‍പ്പെടുത്തണം നിന്നെ...!!!

പ്രതീക്ഷ


നിന്റെ പ്രണയത്തിനു
പുതിയ ബ്ലേഡിന്റെ മൂര്ച്ചയുണ്ടാകുമ്പോള്‍
അസ്ഥികള്‍ ഉള്ളത്  ഒരു പ്രതീക്ഷ തന്നെയാണ് ..!!
മുറിയുന്നത്‌ , തൊലിപ്പുറം പോലുമറിയാതെ
രക്തക്കുഴലുകളെയും പേശികളെയും  മുറിച്ച്,
ആഴത്തിലേക്കിറങ്ങി; വെളുത്ത
അസ്ഥി തുളക്കാന്‍ കഴിയാതെ ,
പല്ല് കൊടുന്ന രീതിയില്‍ 
പോറലുകള്‍ ഏല്‍പ്പിക്കുമ്പോള്‍
അസ്ഥികള്‍ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ് .!!!
അതും മുറിച്ചു ഒരു സായന്തന കാറ്റ് പോലെ
ഇറങ്ങി പോവില്ലല്ലോ നീ....!!!

പിന്കുറിപ്പ് :

നെറ്റിയിലും മാറത്തും കൈവെള്ളകളിലും 
ചെറു തുള്ളികള്‍ കൊണ്ട് ഉമ്മ വെക്കുകയും,
ആയിരം കൈകളെറിഞ്ഞു വാരി പുണരുകയും,
ഒടുവില്‍ ഓര്‍മയുടെ 
ഒരു നനുത്ത സ്പര്‍ശം മാത്രം ബാക്കിയാക്കി 
അകന്നു പോവുകയും ചെയ്യുമ്പോള്‍,
കൂട്ടുകാരീ.... 
നീ മഴയല്ലെങ്കില്‍ പിന്നെയെന്താണ് ?

മഴ നനയല്‍

 
മഴ നനയണം ;
നനയുമ്പോള്‍,
ഇടിമുഴക്കത്തില്‍ ഒരു ചുമരെങ്കിലും
വിണ്ടു കീറണം!
മിന്നലെറിയുമ്പോള്‍ ഒരു നിമിഷമെങ്കിലും
കാഴ്ച പോകണം!!
കാറ്റത്ത്‌ ഒരു മരമെങ്കിലും പിഴുതെറിയണം!!!
അല്ലെങ്കില്‍ പിന്നെ
എന്നെത്തെയും പോലെ
ഷവറിലെ കുളി മാത്രമാവും ഈ
മഴക്കാലവും.!!!പിന്‍ കുറിപ്പ് :

പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!

രണ്ടു കുറിപ്പുകള്‍

പച്ച മധുരാ, കപ്പേ, ചെനയാ,

പച്ച മധുരാ, കപ്പേ, ചെനയാ,
ഊമ്പിക്കുടിയാ, ഗോമാവേ...
നിങ്ങളുടെയെല്ലാം മാങ്ങ മണം ആണത്രേ
ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!


പൂട്ടും താക്കോലും

ഏതു ,
പാതി രാത്രിയിലോ
നടുച്ചയ്ക്കോ വന്നാലും
താക്കോലിട്ടു നന്നായൊന്നു
തിരിച്ചാല്‍ , ഒച്ചയുണ്ടാക്കാതെ
തുറന്നു കൊടുക്കണം എല്ലാം ...

വന്ന കാര്യം കഴിഞ്ഞു
തിരിച്ചു പോകുമ്പോഴും
അകത്തെ കുറിച്ച് പുറത്ത് അറിയിക്കാതെ
പൂട്ടി വെക്കണം എല്ലാം ...പിന്കുറിപ്പ് :
രക്തത്തെയും വിയര്‍പ്പിനെയും
നന്നായറിഞ്ഞിട്ടും മനസ്സിനെ അറിയാതിരുന്ന
കൂട്ടുകാരീ
വെറുതെയല്ലല്ലോ നിന്നെ തൂവാല എന്ന് വിളിക്കുന്നെ !!

മീനുകള്‍


ഉറക്കത്തിലും ഉണര്‍വിലും കണ്ണ് തുറന്നിരിക്കുന്നുന്ടെങ്കിലും
രണ്ടു തരത്തിലുണ്ട്

അറിവിന്റെ (അജ്ഞതയുടെ ) ആഴങ്ങളില്‍ തപസ്സിരിക്കുന്നവരും,
അതെ ആഴങ്ങളുടെ മുകളില്‍ നീന്തി തുടിക്കുന്നവരും

ആദ്യത്തെ വിഭാഗം ആരെയും ഒന്നും ചെയ്യാറില്ല ;
എന്ത് പറഞ്ഞാലും ചെയ്താലും...

എന്നാല്‍

രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ്
അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും
എന്നാലും മൃദുവായി ചെതുമ്പലുകള്‍ കളയുക മാത്രമേ ചെയ്യാറുള്ളൂ

വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
തോലുരിക്കുക തന്നെയാണ് പതിവ്

മൂന്നു കുറിപ്പുകള്‍

സൂചി  

 


നീ കൂടെയുണ്ടെങ്കില്‍
കത്രിക എങ്ങനെ മുറിച്ചാലും
പ്രശ്നമില്ല ;
നിന്നെയൊഴിച്ചു !!ടോര്‍ച്ച് 

വഴി കാണാനല്ല ;
വഴി നടക്കുന്നവനെ കാണാന്‍ !!
 നൊസ്റ്റാള്‍ജിയ 
മുക്കാലും തേഞ്ഞ
ഹവായി ചെരുപ്പ് തന്നെയാണ്
ഇപ്പോഴും എന്റെ
നൊസ്റ്റാള്‍ജിയ !!!
പിന്കുറിപ്പ് :
നിന്റെ ഹൃദയം
ഒരിക്കലും തുറക്കുന്നില്ലെങ്കില്‍ ,
വാതിലിനു പകരം ചുമര് വെച്ച് തന്നെ
പണിതാല്‍ മതിയായിരുന്നു ........

പൊതുവേ

 മഴ  
രാത്രി പുലരുവോളം ആര്‍ത്തലച്ചു പെയ്താലും
അറിയാറില്ല;
രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും
നന്നായി നനയുന്നിണ്ടിപ്പോള്‍...!!!


പേടി


 ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും നിന്നെ
തിരിച്ചൊന്നു കടിക്കുക പോലും ചെയ്യാത്തത്
നിന്നെ പേടിയായത് കൊണ്ടല്ല ;
ഇവിടെ നിന്നും അനങ്ങിയാല്‍ ചൂടും തണുപ്പും
വിശപ്പും കാഴ്ചയുമില്ലാത്ത ഈ ലോകം നഷ്ടപ്പെടും
എന്നുള്ളത് കൊണ്ട് തന്നെയാണ്...
പിന്കുറിപ്പ് :

എന്നില്‍ നിന്നും ഇറങ്ങിപ്പോയ ഈ ഇടവഴി
നിന്നെ തിരിച്ചു തരില്ലെന്നറിയാം എങ്കിലും
ഈ വഴിയെത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം കൂടാറുണ്ട്
വെറുതെ ....

പ്രിയ വാലന്റൈന്‍ ........ഓ പ്രിയ വാലന്റൈന്‍ ,
നിനക്കൊരു വയസ്സു  കൂടി .......


      നിന്‍റെ
      ഓര്‍മ്മകള്‍ക്ക് വയസ്സായതിനാല്‍
      വൃദ്ധ സദനത്തിലാക്കിയിട്ടുണ്ട് എല്ലാത്തിനെയും
      ഗര്‍ഭത്തിലെ അലസിപ്പോകുന്നതിനാല്‍
      സ്വപ്നങ്ങളെ കുറിച്ച് പരാതിയെയില്ല

വിശേഷിച്ചു ഒന്നും സംഭവിച്ചില്ലെങ്കിലും
പ്രിയ വാലന്റൈന്‍ ,
കുറച്ചു മണിക്കൂരുകലെങ്കിലും എന്തിനാ 

  നീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത് ....

തിരിച്ചറിവ്

കഥയില്‍  ചോദ്യമില്ല
കവിതയിലും ...
ചോദ്യങ്ങളെല്ലാം ജീവിതത്തിലാണ് !!!

ഉത്തരങ്ങള്‍
നേരത്തെ അറിയാമായിരുന്നിട്ടും
നിന്നിലേക്കുള്ള വഴികള്‍
തെറ്റിയതിനാല്‍
വിജയിച്ചിട്ടില്ല പ്രണയത്തിലും....!!!

നീ നല്ല വഴി നടക്കാനാണ്
ചെളിയാനെന്നരിഞ്ഞിട്ടും അതിലേക്ക്
മാറി നിന്നത്
പക്ഷെ നിന്‍റെ വഴിയും തെറ്റിപ്പോയത്
ആരെ നേര്‍വഴി നടത്താനാണ് .....??!

ഇടത്തരക്കാരന്റെ ജീവിതം


ഇടത്തരക്കാരന്റെ ജീവിതം കുഴിയാനയുടെ
കുഴി പോലെയാണ്  മിനുസമുള്ളതും മനോഹരവും ,
എന്തെന്നാല്‍ 
എത്ര പൊത്തിപ്പിടിച്ചു കയറിയാലും
ഒരു മണല്‍ത്തരി കൊണ്ടുള്ള ഏറു  മതി...........


പിന്കുറിപ്പ് :
നേരിട്ടും ഫോണിലൂടെയും സംസാരിക്കുമ്പോള്‍
നമുക്കിടയില്‍ ഏറി വരുന്ന ഈ
മൌനത്തെ ഏതു പേരിട്ടു വിളിക്കണം ?
പ്രണയമെന്നോ അതോ ........?!!!!!!!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍