#മുറിവ്/അറിവ്
ഒറ്റയക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ,
ഓരോ ദിനവും
പുതുക്കിയെഴുതുന്നുണ്ട്
മുറിവുകളുടെ നിഘണ്ടു.
ഓർമകൾ
മായ്ച്ചു കളയാൻ അമർത്തിയുരച്ചതാണ്,
മാറ്റു നോക്കാനെന്നു കരുതി
തെളിഞ്ഞു വരുന്നു ഓർമകൾ !
നിഴലുകൾ
ഉറങ്ങാൻ വിടാതെ
തട്ടിവിളിക്കുന്ന
ഓർമകളാണ്,
ഉണരുമ്പോൾ
നിഴലുകളായി
പിന്തുടരുന്നത്.
വീട്ടിൽ പൂട്ടിയിടുന്നത്
മണൽക്കാട്, വെയിൽ, വിജനത
അരസികമായ ജീവിതമിങ്ങനെ നീണ്ടു നീണ്ടു പോകുമ്പോൾ
മുന്നറിയിപ്പുകളില്ലാതെ
അവൾ വരും
സംസാരിച്ചിരിക്കുമ്പോൾ
ചുറ്റിനുമായിങ്ങനെ പറന്നു വരും
ജനാലകൾ, വാതിലുകൾ, ചുമരുകൾ...
വിരസമെങ്കിലും നടന്നു പോകുന്ന ഒന്നിനെ
എത്ര എളുപ്പത്തിലാണ്
വീട്ടിൽ പൂട്ടിയിടുന്നത്.
വീഴ്ച
മുങ്ങി ചത്ത പാമ്പ്
ഒലിച്ചു പോയി.
ഇഴഞ്ഞു പോയ കാലത്ത്
വഴിയിലത് പൊഴിച്ചിട്ട പടം
കടിച്ചത്രേ
വിഷം തീണ്ടി വീണു പോകുന്നതിടക്കിടെ !
ഒറ്റ നോട്ടത്തിൽ
ഒറ്റ നോട്ടത്തിൽ പരുക്കരായ
കുറെ മനുഷ്യരുണ്ട്.
പ്രണയത്തിൽ, ജീവിതത്തിൽ,
എത്ര ശ്രമിച്ചിട്ടും മുന്നിലെത്താൻ കഴിയാത്തവരാണ്.
ജയിച്ചു മുന്നേറിയവരുടെ കൂട്ടത്തിൽ അവരുടെ പേര് കാണാനിടയില്ല, തോറ്റ് പോയവരുടെ കൂട്ടത്തിലും.
പൂർത്തിയാക്കാൻ ബാക്കിയുള്ള ജീവിതത്തിന്റെ കനമാണ് അവരുടെ പുറന്തോടിന്.
നിങ്ങൾക്കിടയിൽ അതുള്ളത് കൊണ്ടാണ്
അവരെ പറ്റി പറയുമ്പോൾ ആമകളെ ഓർത്തുപോകുന്നത്.
വാക്കറ്റം :
മഴ തോർന്നാലും
ഇളങ്കാറ്റിന്റെ ഒരു തലോടൽ മതി.
നിന്ന നിൽപ്പിൽ,
മരം പെയ്‌ത്തിൽ
ആകെ നനയ്ക്കാൻ !