ഞാനെന്ന ഒറ്റ മരം .!

പ്രണയത്തിന്റെ മയിൽപീലി.

പെറ്റുപെരുകാൻ 
ഉള്ളിന്റെയുള്ളിൽ ഒളിച്ചു വെച്ചിട്ടും 
ഏറെ നാൾ കഴിഞ്ഞ്‌
തുറന്ന് നോക്കുമ്പോൾ
ആളു കാൺകെ
ഒറ്റയ്ക്കിറങ്ങി പോകുന്നു
പ്രണയത്തിന്റെ മയിൽപീലി. വേദന 

മുറിഞ്ഞു പോയിട്ടും
നിറഞ്ഞിരിക്കുന്ന തോന്നൽ,
പഴയ ഓർമ്മയിൽ വിളിച്ചു പോകുമ്പോഴൊക്കെ
മുറിഞ്ഞ വേദന വിളി കേൾക്കുന്നു..!!


മഴ

സീബ്രാ ലൈനില്ലാത്ത റോഡിന്റെ
രണ്ട്‌ വശങ്ങളിൽ നമ്മൾ കണ്ട്‌ മുട്ടുന്നു
നോക്കി നിൽക്കെ കുടയ്ക്ക്‌ കീഴിൽ
നീ നടന്നകലുന്നു
ഭാരങ്ങളില്ലാതെ മഴയിൽ ഞാനലിഞ്ഞു ചേരുന്നു.


ഞാനെന്ന ഒറ്റ മരം

ചില്ലയിൽ നിന്നും അവസാനത്തെ
മിന്നമിനുങ്ങും പറന്നു പോകുന്നു,
ഏറെ വിശന്നു വന്ന വീട്ടുകാരനെ പോലെ
ഇരുട്ട്‌ ഒന്നാകെ വിഴുങ്ങുന്നു..
സൂക്ഷിച്ചു നോക്കിയാലും കാണാത്ത ഇരുട്ടിൽ 
ഞാനെന്ന ഒറ്റ മരം .!വാക്കറ്റം :

വാക്കു കൊണ്ടെത്ര കാലം പകരം വെക്കാനാകും നിന്നെ..
ഓർമ്മകൾക്ക്‌ ഉറക്ക ഗുളിക നൽകി മയക്കി കിടത്തിയിട്ടുണ്ട്‌
സ്വപ്നങ്ങളിൽ നീ കയറി വരാതിരിക്കാൻ

അകൽച്ച
ഡിസ്പോസിബിൾ 

എല്ലാം വെളിപ്പെടുത്തരുത്‌. 
ഇത്തിരിയെങ്കിലും, ഏറെയുണ്ടെന്നൊരു തോന്നലെങ്കിലും 
ബാക്കിയാക്കണം.
തീർന്നു കഴിഞ്ഞാൽ വലിച്ചെറിയുന്ന 
കാലത്താണല്ലോ നാം പ്രണയിക്കുന്നത്‌.. 


അകൽച്ച 

വാശിയുടെ മുഷ്ടി എത്ര മുറുക്കെ ചുരുട്ടി പിടിച്ചിട്ടും 
തുറന്ന് നോക്കുമ്പോൾ
കാണുന്ന ഈ ശൂന്യതയ്ക്ക്‌ 
വേണ്ടിയാണല്ലോ,
കൈയെത്തുന്ന അകലത്തിലിരുന്നിട്ടും 
ചേർത്തു പിടിക്കാനാകാതെ
അകന്ന് പോയത്‌..രണ്ട്‌ ചിറകുകൾ

രണ്ടിടങ്ങളിൽ നിന്നും വന്നെത്തിയ
രണ്ട്‌ ചിറകുകൾ ഒരുമിച്ച്‌ പറക്കാൻ ശ്രമിക്കുന്നു
ഒടുവിൽ അകന്നിരുന്ന്
ഒറ്റയ്ക്കൊറ്റയ്ക്കോരോ മരങ്ങളായി
വെവ്വേറെ ഇടങ്ങളിൽ 
വേരുകളാഴ്ത്തുന്നു.ഓർമ്മകൾ

മഴയത്തു നിന്നും
വെയില്‌ നനയാനിറങ്ങി നിൽക്കുന്നു
ഓർമ്മകൾ ഉറ്റി വീണു
തീർന്നു പോയിട്ടുണ്ടാവണം,

എത്ര പിഴിഞ്ഞിട്ടും നനവു മാറാത്ത
ഓർമ്മകളെ വെയിലത്തേക്ക്‌ മാറ്റിയിട്ട്‌ തുടങ്ങുന്നു.

പരസ്പര വിശ്വാസത്തിന്റെ കണ്ണാടി 

പരസ്പര വിശ്വാസത്തിന്റെ കണ്ണാടി
ഒരോ വീഴ്ചയിലും ഒന്നിലധികം
കാഴ്ചകളെ തുറന്ന് വെക്കുന്നു.
ചുരുങ്ങി ചുരുങ്ങി വരുന്തോറും
മൂർച്ചപ്പെട്ട അരിക്‌ തൊട്ട്‌ മുറിഞ്ഞ്‌ ചോര പൊടിയുന്നു

തെളിച്ചം

ജനൽ ചില്ലകളിൽ നിന്നും
മഞ്ഞു മായ്ചു കളയുന്ന പോലെ
ഞാൻ തുടച്ചു നീക്കപ്പെടുന്നു,
പുറം കാഴ്ചകൾക്കെന്തൊരു തെളിച്ചം..


അത്ഭുതം 
പൂവും കായും ഇലകളും കൊഴിച്ചിട്ട്‌,
പ്രണയമുപേക്ഷിച്ച,
കിളികളും പൂമ്പാറ്റകളും ഇട്ടേച്ചു പോയ
വയസ്സൻ മരത്തിൽ,
മഴയെന്തൽഭുതം കാട്ടാനാണ്‌ !

വാക്കറ്റം :

ഉള്ളിലങ്ങനെ പൊടി പിടിച്ച്‌ കിടപ്പാണെന്ന് പറഞ്ഞാണ്‌
എടുത്ത്‌ പുറത്തിട്ടത്‌,
വെയില്‌ മാറിയപ്പോൾ മഴയത്തൊലിച്ചു പോകുന്നത്‌ കാണുന്നു
എടുത്ത്‌ വെക്കാൻ മറന്നതാവില്ല !!

നനവ്

എന്നത്തെയും പോലെ
 ഒരേ സ്ഥാനത്ത്‌ ഓരോ തവണയും നട്ടു നോക്കുന്നു
വേരിറക്കാതെ ഇലകൾ പൊഴിച്ച്‌ 
ഉണങ്ങി പോകുന്നു നീ


നിന്നിടം

പതിവ്‌ പോലെ 
വേനല്‌ മൂർച്ഛയിൽ 
വറ്റിപോയതാണ്‌
നിർത്താതെ പെയ്ത്‌
മഴ നിലച്ചിട്ടും 
ഒഴിഞ്ഞിരിക്കുന്നു നിന്നിടം..ചില്ലകൾ മുറിഞ്ഞ മരം

ചില്ലകൾ മുറിഞ്ഞ മരം
മഴ നനയുന്നു
തളിർക്കാമായിരുന്നിട്ടും
നീ മുറിഞ്ഞിടം ഒഴിച്ചിടുന്നു
സ്വപ്നങ്ങളുടെ പൂക്കൾ വിടർന്നിടംനിലം പൊത്തിയ മരം

ചെറുകാറ്റിലൊരു പൂവുതിർന്നു വീഴുന്നു,
ഉണ്ടായിരുന്നിട്ടും വലിച്ചെടുക്കാത്ത
വെള്ളത്തെയാകെ കലക്കി മറിക്കുന്നു
നിലം പൊത്തിയ മരം


ഏകാന്തതയ്ക്കൊപ്പം കുളിരു പുതയ്ക്കുന്നു

തുറന്നിട്ടില്ലാത്ത
വാതിലിനു പുറത്ത്‌
മഴ നനയുന്നു.
മഴ ചില്ലുകൾ ജാലകങ്ങളിൽ
ഓർമ്മകളുടെ ചിത്രങ്ങൾ 
വരയ്ക്കുന്നത്‌ കണ്ട്‌,
ഏകാന്തതയ്ക്കൊപ്പം
കുളിരു പുതയ്ക്കുന്നു.നനവ് 

പുഴയിലെത്തും മുമ്പ്‌
മണൽ വഴികൾ കുടിച്ചു തീർത്ത
മഴത്തുള്ളിക്കൊപ്പം
അമർന്നു പോയ സ്വപ്നങ്ങളുണ്ട്‌,
പിറകെ വരുന്നവരുടെ 
ഒഴുക്കിനെ നെഞ്ചേറ്റുന്ന നനവും.. !
വാക്കറ്റം : 

തണലു 
മുറിച്ചെറിഞ്ഞ ശൂന്യതയിൽ
 വന്ന വെളിച്ചത്തെ 
ചേർത്തു വെക്കുന്നവർ..

വിരഹകാലത്തിന്റെ മുറിഞ്ഞ പാടുകൾ


മഴ നനഞ്ഞ 
മരം പെയ്യുന്നതും കാത്ത്‌
വെയിലുണക്കിയ 
വിത്തുകൾക്കിടയിൽ
വിരഹകാലത്തിന്റെ മുറിഞ്ഞ പാടുകൾ


പൊതിയൽ 

ഒറ്റയായിപ്പോയ നിന്നെ
വാക്കു കൊണ്ടെത്ര കാലം
പൊതിഞ്ഞു വെക്കാനാകും
കഥകളുടെ നീണ്ട വരമ്പുകൾക്ക്‌ മീതെ
നടന്നു മറയുന്നു നീ


 നീ കൂടെയില്ലാത്തതിന്റെ കൗതുക കണ്ണുകൾ..!!


കര(കവി)ഞൊഴുകിയിരുന്നൊരു 
ജീവിതമലിഞ്ഞു ചേരുന്നു..
കടലിന്റെ തിരയടക്ക്‌..
വഴി നീളെ നീ കൂടെയില്ലാത്തതിന്റെ 
കൗതുക കണ്ണുകൾ..!!


അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ

ഓരോ വീഴ്ചയിലും മുറിവേൽക്കുന്നുണ്ട്‌
ചോര പൊടിയുമ്പോൾ ഉറക്കെ പേരു വിളിച്ചു പോവുകയും,
അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ.


വാക്കറ്റം :


അലിഞ്ഞു തീരും മുൻപേ 
നിലച്ചു പോയ മഴ 
ബാക്കിയാക്കിയ 
മറു പാതി !

മണൽഘടികാരം
കണ്മുന്നിലുതിർന്ന് തീർന്ന്
സമയമോർമ്മിപ്പിക്കുന്ന
മണൽഘടികാരം,
സൂക്ഷിച്ചു നോക്കിയാൽ കാണാം
ഒഴിഞ്ഞ ഭാഗത്തെന്റെ പേരും
നീ നിറഞ്ഞിരുന്നതിന്റെ അടയാളങ്ങളും..


നമ്മൾ

ഏറെ നാൾ ഉള്ളിലിട്ടിട്ടും
ഒട്ടും കുതിരാതെ, അലിയാതെ
പരസ്പരം കല്ലും വെള്ളവുമായി
നമ്മൾ..
ചേർന്നിരിക്കുന്നതിനിടയിലുണ്ടൊരു കടൽ !!

കല്ല് 

നാറാണത്ത്‌ കുന്നിൻ മുകളിൽ നിന്നും 
കല്ലിനു പകരം ഉരുണ്ട്‌, ഉരുണ്ടുരുണ്ട്‌
താഴെയെത്തി 
തള്ളിയിട്ട കല്ലിനെ നോക്കി 
വെറും കല്ലല്ലേയെന്നോർത്ത്‌ പുഞ്ചിരിച്ച്‌
വീണ്ടും കുന്നു കയറുന്നു ഞാൻ
മായക്കണ്ണാടി പോലൊരു ജീവിതം

പിടിവാശി കൊണ്ട്‌ വികൃതമായ,
പറഞ്ഞിട്ടും ഉൾക്കൊള്ളാനാവാത്ത,
തെറ്റിനെ പ്രതിഫലിപ്പിക്കാത്ത
മായക്കണ്ണാടി പോലൊരു ജീവിതം


ശരിവഴി മറുകര

കരയിലെത്തിയാൽ മാത്രം തിരിച്ചറിയാൻ പറ്റുന്ന 
രണ്ടുവഴികൾ
ഒന്ന് ശെരിയിലേക്ക്‌,
നീണ്ടകാലം പിറകെ തുഴഞ്ഞെത്തിയിട്ടും 
മുന്നിലൊരു കര കാണാൻ തുടങ്ങുമ്പോൾ
ശരിവഴി മറുകരയെന്ന തോന്നലിൽ
തിരിച്ചു പോകുന്നു നീ ...വാക്കറ്റം :

ഇരുട്ടും മുമ്പേ നിലാവസ്തമിച്ചിരിക്കുന്നു
നക്ഷത്ര തുളകളുള്ള ആകാശക്കുടയ്ക്ക്‌ കീഴെ
പകൽ മൊട്ടിട്ട ഏകാന്തതയുടെ
മണം നുകരുന്നു ഞാൻ..


വാശിയുടെ കല്ലെഴുത്ത്‌


ഏകാന്തതയേൽപ്പിച്ച മുറിവുകൾ
ആഴത്തിൽ വരച്ചിട്ടതാകണം,
മായ്ക്കുന്തോറും തെളിഞ്ഞു വരുന്നതത്രയും 
വാശിയുടെ കല്ലെഴുത്ത്‌.. 
എടുത്ത്‌ നടന്ന് പാതിവഴിയിൽ കിതച്ചിരിക്കുന്നു ജീവിതം

ഏകാന്തത 

നിന്റെയേകാന്തതയുടെ തമോ ഗർത്തത്തിലേക്ക്‌ 
നമ്മുടെ ലോകം വീണു പോയിരിക്കുന്നു
തിളങ്ങുന്ന നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ... 
ചേർത്തു പിടിച്ചിട്ടും 
വീഴ്ചയിൽ, ഇരുളിൽ
തമ്മിലകന്നു പോകുന്നു നാംഹോം വർക്ക്‌ കാലം

ഏതുയരത്തിലേക്ക്‌ എടുത്തുയർന്ന് പറന്നതാണ്‌
ഒന്ന് കൈവിടുമ്പോഴേക്കും
നിറഞ്ഞിരുന്നതൊക്കെയും ഒഴിഞ്ഞ്‌ തീർന്ന്
നിലത്തൊട്ടി പോകുന്നു..
ഭാരമില്ലായ്മയുടെ വസന്തത്തിനു ശേഷം
ഭൂഗുരുത്വത്തിന്റെ ഹോം വർക്ക്‌ കാലംവാശി


ചത്തുവീണാലും തകർന്നു പോകാത്ത
വാശിയുടെ കൂട്ടിലാണിപ്പോഴെന്ന്
കാറ്റ്‌ പറഞ്ഞിട്ട്‌ പോയി

വെള്ളമില്ലാത്ത വേനലിൽ
പൊള്ളുന്ന പാറയ്ക്ക്‌ മുകളിൽ
ചുവന്നു കാ (പൂ) ത്തിരിക്കുന്നു ഞാൻ ..

 ആലിംഗനം

ഇലകൾ കൊഴിഞ്ഞ്‌ മരമുണങ്ങിയെന്ന്
തോന്നിപ്പിച്ച
ഏകാന്തതയിൽ നിന്നാണ്‌
പിടി വിട്ട്‌ വീണ്‌
നിലത്ത്‌ നിൽക്കുന്നത്‌, 
വേരുകളുടെ കഥപറച്ചിലുകളിൽ
അറിഞ്ഞ മണ്ണിന്റെ ആലിംഗനം..

വാക്കറ്റം :

തിരിച്ചു വിളിച്ചതാണ്‌ വേരുകളെ,
ഉണങ്ങിത്തുടങ്ങിയിരിക്കുന്നു..
വിരഹ വേനലിലല്ല, സ്വയം തീകൊളുത്തിയത്‌..
നിന്റെ ഏകാന്തതയുടെ തോടു തകർക്കാനാകാതെ
പുറത്തൊരു മഴ പെയ്തു തീരുന്നു..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍