ഓരോരുത്തരും ഒരാളെയെങ്കിലും സൂക്ഷിച്ചു വെക്കുന്നുണ്ട്.





















ഓരോരുത്തരും ഒരാളെയെങ്കിലും
സൂക്ഷിച്ചു വെക്കുന്നുണ്ട്.
ഏറെ പ്രിയപ്പെട്ടതെങ്കിലും
കൂടെ കൊണ്ടു നടക്കാതെ..
നീണ്ട ഇടവേളകളിൽ പാഞ്ഞു ചെന്നാലും
തലയാട്ടി ചിരിച്ചു ചേർത്ത് പിടിക്കുന്നവർ
മുൻപത്തെ തിരക്കിൽ ഇറങ്ങിപ്പോയപ്പോൾ
മുറിഞ്ഞു പോയ കഥകൾ പിണക്കമില്ലാതെ
വീണ്ടും തുടരുന്നവർ
വേദനകളിൽ ഓർത്തു വിളിക്കുകയും
ആഹ്ലാദത്തിൽ മാഞ്ഞ് പോവുകയും ചെയ്യുന്നവര്
പുഴ വറ്റുമ്പോൾ മാത്രം തെളിഞ്ഞു വരാറുള്ള
തുരുത്തുകൾ പോലെ അവരവിടെത്തന്നെയുണ്ട്


കാത്തിരിപ്പ് 
 
എത്ര കാലം മുൻപേ പകർത്തി വെച്ചതാണ്
നിന്റെ വീട്, നാട്, നാട്ടുകാർ, വഴികൾ, യാത്രകൾ
നിന്നെയല്ലാതെ മറ്റൊന്നുമിനി
ചേർത്ത് വെക്കാനില്ലാത്തതിനാൽ
കാത്തിരിപ്പെന്ന വാക്കു പുതച്ചുറങ്ങാൻ കിടക്കുന്നു.








 
 മഴക്കാലം

ഓർമ്മകളെയത്രയും
ഉണങ്ങാതെ കാത്തു വെക്കുന്നുണ്ട് ഇൗ മഴക്കാലം
എത്ര കാലം കൊണ്ട്
വെയിലുണക്കി വെച്ചതിനെയാണ്
ഒറ്റ മഴയിൽ കുതിർത്ത് കളഞ്ഞത്



 ഒഴുക്ക് 

വരണ്ടുണങ്ങിയയിടങ്ങളില്
നനവ് പടരുമ്പോൾ
ചിലയോർമകളിൽ തടഞ്ഞങ്ങനെ
നിന്ന് പോകുന്നുവെന്നെയുള്ളൂ
ഇൗ ഒഴുക്കിൽ
നിന്നിലേക്കെത്തിച്ചേരുക തന്നെ ചെയ്യും 



ശിക്ഷ 
കവിതയ്ക്കുള്ളിൽ നിന്നെയൊളിച്ച്
കടത്തിയെന്ന
കുറ്റത്തിനാണെന്നെ
ജീവപര്യന്ത പ്രണയത്തിന് വിധിച്ചത്



കൂട്ട് 
 
ചിറകു തളരുമ്പോൾ ,
കൂടിനേക്കാൾ
ഉറപ്പുള്ള അഭയസ്ഥാനമാണ്
കൂട്ട്. ! 

  

വാക്കറ്റം :
അതൊന്നും നിങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല.
അവർക്ക് മാത്രം ഡീകോഡ് ചെയ്യാൻ വേണ്ടി
ഒരേ ഫ്രീക്വൻസിയില് അയക്കപ്പെട്ട
രഹസ്യങ്ങൾ.. !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍