നല്ല കുട്ടി
ചോക്കുയർത്തി കാട്ടി
കുട്ടികളെ , ഇത് ടെസ്റ്റ് ട്യൂബ് ആണെന്ന് വിചാരിക്കാൻ പറഞ്ഞപ്പോൾ
ഇതു വെറും ചോക്കല്ലേ മാഷേ ടെസ്റ്റ് ട്യൂബ് നമ്മൾ കണ്ടിട്ടേയില്ലല്ലോ എന്ന മറുപടി
അടി പേടിച്ചിട്ടാണ് വിഴുങ്ങിയത്.
ആ പരീക്ഷണങ്ങളത്രയും തല കുലുക്കി സമ്മതിച്ചതിനു ശേഷം കാലമിത്ര കഴിഞ്ഞിട്ടും
ഇന്റർനെറ്റ് കട്ടു ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യത്തെയും
വാർത്തകൾ വിലക്കി മാധ്യമ സ്വാതന്ത്ര്യത്തെയും
തോക്ക് ചൂണ്ടി ജനാധിപത്യത്തെയും
പറയുമ്പോൾ
അതേ ഓർമയിൽ
തല കുലുക്കി നല്ല കുട്ടി സർട്ടിഫിക്കറ്റിന് കാത്തിരിക്കുന്നു നമ്മൾ..
ഭാരതവും ഭരണവും തുടങ്ങുന്നത് ഭയ(പ്പെടുത്തലിന്റെ ) ത്തിന്റെ ഭ കൊണ്ടാണ്... !
ചിലർ
എല്ലാ കാലത്തെയും വസന്തമാക്കുന്ന
ചിലരുണ്ട്
പ്രായാധിക്യം കൊണ്ട്
ഓർമ തെറ്റി പൂക്കുന്നതാണെന്നു
തെറ്റിദ്ധരിക്കും.
മുറിച്ചു മാറ്റപ്പെട്ടുവെങ്കിലും,
ഒരുമിച്ചു മണ്ണിലേക്ക് പടർന്ന,
ഇനിയും ദ്രവിക്കാത്ത
വേരുകളിലെ ഓർമ വലിച്ചെടുക്കുമ്പോൾ
സംഭവിച്ചു പോകുന്നതാണത്. !
ചെറുത്
നീണ്ട വാക്കുകളിൽ എന്തു എഴുതാനാണ്
കുറുക്കി കുറുക്കി ചെറുതാക്കുകയാണ്.
ആദ്യ നിമിഷത്തിന്റെ തുടർച്ചയല്ലാതെ മറ്റെന്താണ് നീട്ടി പറയാനുള്ളത്.
ഒരാട്ട് അല്ലെങ്കിൽ ഒരുമ്മ
എഴുതി നോക്കിയാൽ രണ്ടക്ഷരത്തിന്
അപ്പുറം പോകില്ല
അത്രമേൽ ചെറുതാണ് കാര്യങ്ങൾ..
ഒളിയിടങ്ങൾ
കടന്നു പോകുന്ന
ഓരോ തെരുവിലും പ്രതീക്ഷിക്കും.
കണ്ടുമുട്ടിയില്ലാത്ത രണ്ടുപേർക്ക്
പരസ്പരം
ഒളിച്ചിരിക്കാൻ
ഓരോ തെരുവിലും
എത്ര ഇടങ്ങളുണ്ടെന്നോ !
ഉറവ
മണൽക്കാടെന്നു വിളിക്കും
നീ വന്ന ശേഷം മരുപ്പച്ചയെന്നു തിരുത്തും.
നിന്നെ കണ്ടുമുട്ടിയ യിടത്തിൽ നിന്ന്
ഏറെ ആഴത്തിലാവില്ല
കടൽ ചുരത്തുന്ന ഉറവ.
സ്നേഹം
ഉണക്കി കളയുമായിരുന്ന
വേനലിലെല്ലാം
അണകെട്ടി നിന്ന്
നിന്നെ നനച്ചു വളർത്തിയ
സ്നേഹത്തെ,
ഒഴുക്കില്ലാത്തതെന്നും
വറ്റി വരളുന്നതെന്നും
പരിചയപ്പെടുത്തുന്നു.
വാക്കറ്റം :
തുളുമ്പി തൂവിയത് ആരുടെ
ഓർമയാണെന്നതിന്റെ,
വിരലടയാളമാണ്.
തെളിഞ്ഞു നിൽക്കുന്ന മഴവില്ല്..