കണ്ടുമുട്ടാനുള്ള വഴികൾ


നിന്റെ വീട്ടിലേക്കുള്ള വഴിയിൽ
തപാൽക്കാരൻ
എന്നെയെല്പിക്കുന്നു
നിനക്കയച്ച
കണ്ടുമുട്ടാനുള്ള വഴികൾ


 ഒറ്റ  
 
ഏകാന്തതയുടെ കാഴ്ചയിൽ
അത്രമേൽ മനോഹരമായ
പൂർണതയാണ്
ഒറ്റ  


ചോർച്ച 
 
ഒരു മുഴുവൻ വാക്ക് കൊണ്ട് പോലും
മുറിഞ്ഞു പോകേണ്ട
ഒരു സ്വര ചിഹ്നം പിഴച്ചാൽ മാത്രം മതി
"ചേർന്ന്" നിൽക്കേണ്ടവർ
"ചോർന്ന് " പോകാൻ !


കവിത 
 
വന്നിട്ടുണ്ടാകും
കണ്ടിട്ടുണ്ടാകും
ഇനിയും കവിതയിലേക്ക്
പകർത്തി വെക്കരുതെന്ന് കരുതി
പരിചയം കാണിക്കാതെ
മാറി പോയതാകും  


#വളർച്ച
 
വെട്ടിയൊതുക്കുന്നത് നാടും
അല്ലാത്തത് കാടും !!
സമൃദ്ധമായി വളരുക
എന്നതിനെ കാട് പിടിക്കുക
എന്ന് ഓർമ്മയിലേക്ക് എഴുതി ചേർത്തത് ഏതു കാലത്തിലാകും ? വിശപ്പ്

കവിതകളുടെ
ചിറകു മുറിഞ്ഞു
താഴെ വീഴുമ്പോൾ
കൂടെ ബാക്കിയാകുന്നു
വിശപ്പ്..


 മറവി

ആഴത്തിൽ,
ദാഹിച്ചു
മരിച്ചു പോയതറിയാതെ
വേരുകളെ
തട്ടിവിളിക്കുന്നു
മഴ.നക്ഷത്രം 
 
 നക്ഷത്രമാണെന്ന്
പലപ്പോഴും
തെറ്റിദ്ധരിച്ചു പോകാറുണ്ട്,
ചുറ്റിനും ഇരുള് പരക്കുമ്പോൾ
ഉയരത്തിലെ
മിന്നാമിനുങ്ങിനെ ! മഴ മുറിച്ചു മാറ്റിയ

നീണ്ട കാലം നട്ടു നനച്ചിട്ടും
ഒറ്റ വേനലിൽ വേരുണങ്ങുന്നവർ
മഴ മുറിച്ചു മാറ്റിയ ശിഖരങ്ങൾ
വേനലിൽ എങ്ങനെ തളിർക്കനാണ്  


ഉറക്കം 

യാത്രയുടെ അവസാനം
ഒരു ഉറക്കത്തിൽ
പറിച്ചു നട്ടിരിക്കുകയാണ്
വഴിയരികിൽ നിധികൾ
കളഞ്ഞു കിട്ടുന്ന ലോകത്തേക്ക് 
വാക്കറ്റം : 
ഏറെ അകലത്തിലായതിനാലാകണം
നുണയൂതി വീർപ്പിച്ചു
നിറക്കുന്നു
വിടവുകളത്രയും !! 

ജീവിതം


ഏറെയകലെയല്ലാത്ത
ലെവൽ ക്രോസിൽ
തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു
കൺമുന്നിലൂടെ
കൂവി വിളിച്ചു
ജീവിതം
കടന്നു പോകുന്നു.

 

 ഫോസിൽ  
 
മണൽ പാടെന്ന്
തെറ്റായി വിളിക്കുന്നതാണ്.
കടലെത്തും മുൻപേ
തീർന്നു പോയ
പുഴയുടെ
ഫോസിൽ   കടൽ ക്ഷോഭം 

ചെവി ചേർത്തു വെക്കാം
ശംഖിൽ
കടലിരമ്പത്തെ കേൾക്കാൻ
ചെവിയോർത്തു പോകരുത്
ഓർമകൾക്ക്
കടൽക്ഷോഭമാണ്‌
 അമ്മ
 
വേനല് തളർത്തിയ
മരങ്ങളെ
കുളിപ്പിച്ചുണക്കി
പുതിയ ഇലക്കുപ്പായം ഇടീച്ച്
വരിവരിയായി ഒരുക്കി നിർത്തുന്നു മഴ.
ആ നേരങ്ങളിൽ സ്കൂൾ കുട്ടിയുടെ അമ്മയാണ് ഞാൻ
എന്ന് മഴയ്ക്ക് തോന്നുന്നുണ്ടാകണം !കാത്തുനിൽപ്പ് 
 
ഒരേ ആകാശത്തിൻ കീഴിൽ
ഇരു ധ്രുവങ്ങളിൽ
ഒരുമിച്ചു നിലാവ് കാണുന്നു.
അന്യോന്യം വീടെത്തും വരെ ഉറങ്ങാതെ കാത്തിരിക്കുന്നു.
വേറൊരു പുലരിക്ക്‌ ശേഷം
അതേ അകലത്തിൽ , അതേ ആകാശത്തിൻ കീഴിൽ
ഒരാള് വെയില് കൊള്ളുമ്പോൾ
മറ്റേയാൾ നിലാവ് നനയുന്നു.
ആരും ആരെയും കാത്തു നിൽക്കുന്നതായി
ഉറക്കെ വിളിച്ചു പറയുന്നില്ല. നക്ഷത്രങ്ങളാണ്
 
നക്ഷത്രങ്ങളാണ് ,
ഏറെ നേരം മറഞ്ഞിരിക്കനാകില്ല
ഇരുള് പരക്കുമ്പോൾ
എന്നെഴുതിയത് വായിച്ച്
ഉള്ളിൽ ചിരിച്ചു
അപരിചിതരായ നമ്മൾ
പരസ്പരം കടന്നു പോകുന്നു


 വാക്കറ്റം : 

കളഞ്ഞു പോയതല്ല
കളവ് പോയതാണ്
മുറിവ് തുന്നുന്ന സൂചി !

ഓരോരുത്തരും ഒരാളെയെങ്കിലും സൂക്ഷിച്ചു വെക്കുന്നുണ്ട്.

ഓരോരുത്തരും ഒരാളെയെങ്കിലും
സൂക്ഷിച്ചു വെക്കുന്നുണ്ട്.
ഏറെ പ്രിയപ്പെട്ടതെങ്കിലും
കൂടെ കൊണ്ടു നടക്കാതെ..
നീണ്ട ഇടവേളകളിൽ പാഞ്ഞു ചെന്നാലും
തലയാട്ടി ചിരിച്ചു ചേർത്ത് പിടിക്കുന്നവർ
മുൻപത്തെ തിരക്കിൽ ഇറങ്ങിപ്പോയപ്പോൾ
മുറിഞ്ഞു പോയ കഥകൾ പിണക്കമില്ലാതെ
വീണ്ടും തുടരുന്നവർ
വേദനകളിൽ ഓർത്തു വിളിക്കുകയും
ആഹ്ലാദത്തിൽ മാഞ്ഞ് പോവുകയും ചെയ്യുന്നവര്
പുഴ വറ്റുമ്പോൾ മാത്രം തെളിഞ്ഞു വരാറുള്ള
തുരുത്തുകൾ പോലെ അവരവിടെത്തന്നെയുണ്ട്


കാത്തിരിപ്പ് 
 
എത്ര കാലം മുൻപേ പകർത്തി വെച്ചതാണ്
നിന്റെ വീട്, നാട്, നാട്ടുകാർ, വഴികൾ, യാത്രകൾ
നിന്നെയല്ലാതെ മറ്റൊന്നുമിനി
ചേർത്ത് വെക്കാനില്ലാത്തതിനാൽ
കാത്തിരിപ്പെന്ന വാക്കു പുതച്ചുറങ്ങാൻ കിടക്കുന്നു.
 
 മഴക്കാലം

ഓർമ്മകളെയത്രയും
ഉണങ്ങാതെ കാത്തു വെക്കുന്നുണ്ട് ഇൗ മഴക്കാലം
എത്ര കാലം കൊണ്ട്
വെയിലുണക്കി വെച്ചതിനെയാണ്
ഒറ്റ മഴയിൽ കുതിർത്ത് കളഞ്ഞത് ഒഴുക്ക് 

വരണ്ടുണങ്ങിയയിടങ്ങളില്
നനവ് പടരുമ്പോൾ
ചിലയോർമകളിൽ തടഞ്ഞങ്ങനെ
നിന്ന് പോകുന്നുവെന്നെയുള്ളൂ
ഇൗ ഒഴുക്കിൽ
നിന്നിലേക്കെത്തിച്ചേരുക തന്നെ ചെയ്യും ശിക്ഷ 
കവിതയ്ക്കുള്ളിൽ നിന്നെയൊളിച്ച്
കടത്തിയെന്ന
കുറ്റത്തിനാണെന്നെ
ജീവപര്യന്ത പ്രണയത്തിന് വിധിച്ചത്കൂട്ട് 
 
ചിറകു തളരുമ്പോൾ ,
കൂടിനേക്കാൾ
ഉറപ്പുള്ള അഭയസ്ഥാനമാണ്
കൂട്ട്. ! 

  

വാക്കറ്റം :
അതൊന്നും നിങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല.
അവർക്ക് മാത്രം ഡീകോഡ് ചെയ്യാൻ വേണ്ടി
ഒരേ ഫ്രീക്വൻസിയില് അയക്കപ്പെട്ട
രഹസ്യങ്ങൾ.. !!

വിഷാദം

#വിഷാദം
ഒരു തുള്ളിയിൽ
കടലാസ് പോലെ കുതിരുന്നു
പേമാരി പുറത്ത് കാത്തു നിൽക്കുന്നു

 പൂർണത

എത്രകാലം ആ വാക്ക് തണുത്തു വിറച്ചിട്ടാകും
തണുപ്പ് എന്നു കേൾക്കുമ്പോൾ ഉള്ളിൽ കുളിരുന്നത്,
എത്രകാലം ഒറ്റയ്ക്കിരുന്നിട്ടുണ്ടാകും ഏകാന്തത എന്ന വാക്ക്
അതിനെ വായിച്ചു തീരുമ്പോഴേക്കും
നമ്മളെ ഒറ്റയാക്കി നിർത്താൻ
നനഞ്ഞു കുതിർന്നു പോയാലല്ലാതെ
മഴ എന്നോർക്കു മ്പോഴേക്കും
നമ്മളിങ്ങനെ നനഞൊലിക്കുകയില്ലാല്ലോ
അങ്ങനങ്ങനെ
ഒന്നോർത്തു നോക്കണം
ധാരാളിത്തത്താൽ എടുത്തുപയോഗിക്കുന്ന ഓരോ വാക്കും
അനുഭവങ്ങളുടെ
തീ ചൂളയിൽ
എത്ര കാലം ധ്യാനിച്ചിരുന്നിട്ടാണ്
അതിന്റെ പൂർണതയിൽ എത്തിയതെന്ന്ഓർമ്മ 
പൂർത്തിയാക്കാൻ കഴിയാതെ പോയ എഴുത്തിനെ
മാഞ്ഞ് പോകാത്ത മഴവില്ലിനൊപ്പം ഓർക്കുന്നു
കുട ചൂടാതെ മഴയ്ക്കൊപ്പം വഴി നടക്കുന്നു. വഴികൾ

 
അടുത്ത വളവിൽ,
ഇറക്കത്തിൽ, ഇടവഴി തുടക്കത്തിൽ
നഷ്ടപ്പെട്ടു പോകുമെന്നോർത്ത്
നീ മുറുകെ പിടിച്ചു
നാം നടന്നു തീർത്ത വഴികൾ..
വീടെത്തി തിരിഞ്ഞു നോക്കുമ്പോൾ
കാണുന്നില്ലല്ലോ നിന്നെ..  


വാക്കറ്റം :

നനവ് ബാക്കിയില്ല,
മരത്തിലും മണലിലും.
പെയ്ത് പോയതിനു
പുതച്ച തണുപ്പ് സാക്ഷി
!

കടലാസ് തോണികൾ
ഒറ്റ ലക്ഷ്യത്തിലേക്ക്
കവിഞ്ഞൊഴുകിയ കാലത്ത്
നീയൊഴുക്കി വിട്ടതാണ്
മഴ നിലച്ചപ്പോൾ
ഏതോ മണ് തിട്ടയിൽ
തങ്ങി നിൽപുണ്ടാവണം
നമ്മുടെ പേരെഴുതിയ കടലാസ് തോണികൾ നിശ്വാസക്കാറ്റ് 

നിന്റെ നിശ്വാസക്കാറ്റ് മതി
മേഘങ്ങൾ മറച്ചു വെച്ച
നമ്മുടെ ആകാശം വെളിപ്പെടുത്താൻ
ചിതറി കിടക്കുന്നുണ്ടാകും
മഴവില്ല്, നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ ...
നിന്നോളം മറ്റാർക്ക് പറ്റും
ഒന്നൊന്നായി അടുക്കി വെക്കുവാൻ 


 വാർഷിക വലയങ്ങൾ

മരങ്ങളെല്ലേയെന്ന് കരുതി
മുറിച്ചിടുമ്പോൾ കാണാം
ഓർമകളുടെ വാർഷിക വലയങ്ങൾ
മൂപ്പെന്നത്‌ മറ്റൊന്നുമല്ല ഓർമ്മകൾ നിറഞ്ഞു ചീർത്തത്  നനവ് 

പണ്ടൊരു തവണയെങ്കിലും
ഒഴുകിയുണങ്ങി കടന്നു പോയതിന്റെ
നനവ് ബാക്കിയുണ്ട് , മണ്ണിൻ നെഞ്ചില്.
അതിന് മുകളിലൂടെയാണ്
നീയാർത്തലച്ച് പാഞ്ഞു തീരുന്നതും  വാക്കറ്റം :
 
ഇരുട്ടിൽ
നിഴലുമുപേക്ഷിച്ച്
ഒറ്റയാകുമ്പോഴൊക്കെയും
ചേർത്തു പിടിക്കുന്നു
ഏകാന്തത !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍