കണ്ടുമുട്ടാനുള്ള വഴികൾ


നിന്റെ വീട്ടിലേക്കുള്ള വഴിയിൽ
തപാൽക്കാരൻ
എന്നെയെല്പിക്കുന്നു
നിനക്കയച്ച
കണ്ടുമുട്ടാനുള്ള വഴികൾ


 ഒറ്റ  
 
ഏകാന്തതയുടെ കാഴ്ചയിൽ
അത്രമേൽ മനോഹരമായ
പൂർണതയാണ്
ഒറ്റ  


ചോർച്ച 
 
ഒരു മുഴുവൻ വാക്ക് കൊണ്ട് പോലും
മുറിഞ്ഞു പോകേണ്ട
ഒരു സ്വര ചിഹ്നം പിഴച്ചാൽ മാത്രം മതി
"ചേർന്ന്" നിൽക്കേണ്ടവർ
"ചോർന്ന് " പോകാൻ !


കവിത 
 
വന്നിട്ടുണ്ടാകും
കണ്ടിട്ടുണ്ടാകും
ഇനിയും കവിതയിലേക്ക്
പകർത്തി വെക്കരുതെന്ന് കരുതി
പരിചയം കാണിക്കാതെ
മാറി പോയതാകും  


#വളർച്ച
 
വെട്ടിയൊതുക്കുന്നത് നാടും
അല്ലാത്തത് കാടും !!
സമൃദ്ധമായി വളരുക
എന്നതിനെ കാട് പിടിക്കുക
എന്ന് ഓർമ്മയിലേക്ക് എഴുതി ചേർത്തത് ഏതു കാലത്തിലാകും ? വിശപ്പ്

കവിതകളുടെ
ചിറകു മുറിഞ്ഞു
താഴെ വീഴുമ്പോൾ
കൂടെ ബാക്കിയാകുന്നു
വിശപ്പ്..


 മറവി

ആഴത്തിൽ,
ദാഹിച്ചു
മരിച്ചു പോയതറിയാതെ
വേരുകളെ
തട്ടിവിളിക്കുന്നു
മഴ.നക്ഷത്രം 
 
 നക്ഷത്രമാണെന്ന്
പലപ്പോഴും
തെറ്റിദ്ധരിച്ചു പോകാറുണ്ട്,
ചുറ്റിനും ഇരുള് പരക്കുമ്പോൾ
ഉയരത്തിലെ
മിന്നാമിനുങ്ങിനെ ! മഴ മുറിച്ചു മാറ്റിയ

നീണ്ട കാലം നട്ടു നനച്ചിട്ടും
ഒറ്റ വേനലിൽ വേരുണങ്ങുന്നവർ
മഴ മുറിച്ചു മാറ്റിയ ശിഖരങ്ങൾ
വേനലിൽ എങ്ങനെ തളിർക്കനാണ്  


ഉറക്കം 

യാത്രയുടെ അവസാനം
ഒരു ഉറക്കത്തിൽ
പറിച്ചു നട്ടിരിക്കുകയാണ്
വഴിയരികിൽ നിധികൾ
കളഞ്ഞു കിട്ടുന്ന ലോകത്തേക്ക് 
വാക്കറ്റം : 
ഏറെ അകലത്തിലായതിനാലാകണം
നുണയൂതി വീർപ്പിച്ചു
നിറക്കുന്നു
വിടവുകളത്രയും !! 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍