ഓർമ്മ

ഓർമ്മകളുടെ നനവിലേക്ക്‌ വേരിറക്കി
വളരുന്ന ഒരു മരമുണ്ടാകും എല്ലാ മനസ്സിലും..

മഞ്ഞു കാലത്തിൽ
ഇലകൾ പൊഴിക്കുമ്പോൾ നഗ്നമാകുന്ന
ശരീരത്തിൽ ഓർമ്മകളുടെ എന്തൊക്കെ
അടയാളങ്ങളായിരിക്കും തെളിഞ്ഞു കാണുക ..

ഓരോ വേനലിലും അപ്പൂപ്പൻ താടി പോലെ
കുറേ ഓർമ്മ വിത്തുകൾ പൊട്ടിത്തെറിച്ച്‌
പറന്നു പോകും, നാടു ചുറ്റി
പിടി കിട്ടാത്ത അകലത്തിലേക്ക്‌..

ആദ്യ മഴയ്ക്കു തന്നെ വിത്തുകളെല്ലാം
പൊട്ടി മുളച്ച്‌ ഓർമ്മയുടെ കാടുകൾ
വളർന്നു വരാറുണ്ടൊ നിനക്കു ചുറ്റിലും..

അവസാനമായി കൈ ചേർത്തു പിടിച്ച
സായാഹ്നത്തിൽ പാലിക്കപ്പെടാതെ പോയ വാക്കും ഓർമ്മ വിത്തായി
അലയുന്നുണ്ടാവണം വായുവിലെവിടെയോ...


പിന്‍ കുറിപ്പ്  :

ഹലോ ..

ഓര്‍മ്മയിലുണ്ടോ
എന്റെ പേരെങ്കിലും ... 

ഫോട്ടൊ : © മാനസ സ്റ്റുഡിയോ പാടിയൊട്ടു ചാൽ

രക്ത സാക്ഷി
നിന്റെ ഒറ്റ നിമിഷത്തെ നിശബ്ദത ഒരു നിഷേധം...

സ്വപ്നങ്ങളുടെ രക്ത സാക്ഷികളെ
ശൃഷ്ടിക്കാറുണ്ട്‌ ...
ഒരു തുള്ളി
രക്തം പോലും ചിന്താതെ മനസ്സിനകത്തു..
പൂർണ്ണമാകും മുൻപെ മുറിഞ്ഞു വീണതു കൊണ്ട്‌
യുവത്വം അസ്തമിക്കാത്തത്‌... തെളിച്ചം മങ്ങാത്തത്‌..

പെണ്ണേ.. എന്നാണു നമുക്കൊരുമിച്ച്‌ ഒരടുപ്പിൽ വെച്ചുണ്ണാൻ കഴിയുന്നത്‌..??!!പിന്‍ കുറിപ്പ്  : 
 എന്നെ സഹിക്കാൻ കഴിയാത്തതിനാൽ 
ഇറങ്ങി നടന്ന 
നിഴൽ 
പിന്നിൽ നിന്നും മുരടനക്കുന്നു...
അമ്പട ഞാനേ.. 

ഇനി നിന്നെ കൂടെ കൂട്ടൂല...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍