
പൂവാകകൾ ഗുൽമോഹറിലേക്ക് പേര് മാറ്റിക്കൊണ്ട്
ഗസറ്റ് വിജ്ഞാപനം നടത്തിയതിന്റെ തലേന്നാളാണ്
ഞാനവനെ അവസാനമായി കണ്ടത് ...
കാവിമുണ്ട് മടക്കി കുത്തി അരയിൽ അരിവാളിറക്കി
പശുവിനരിഞ്ഞു വെച്ച പുല്ലു വലിച്ചു കയറ്റുകയായിരുന്നു
കൂട്ടുകാരിയുടെ പേരിട്ടു വളർത്തിയ കയ്യാലപ്പുറത്തെ
ചെമ്പരത്തി ആട് കടിക്കാതെ നോക്കണമെന്നാണ്
അവസാനം പറഞ്ഞത് ..
അമ്മേടെ കെട്ടുതാലി വിറ്റു നാടുവിട്ടവൻ
മുതലാളിയായി തിരിച്ചു വന്ന്
കതകിൽ മുട്ടി ചിരിച്ചു നിൽക്കുന്നത്
സ്വപ്നം കണ്ടു ഞെട്ടിയെണീറ്റിട്ടുണ്ട് പല തവണ
' ആടുജീവിതം ' വായിച്ചതിനു ശേഷമാണ്
അവനെപറ്റി ആധി കൂടിയത്..
വെള്ളപ്പൊക്കത്തിന്റെ പേരു പറഞ്ഞ് കുപ്പായം
ചോദിക്കാൻ വന്ന ആസാമീ ചെറുപ്പക്കാരന്
അവന്റെ ഛായ ഉണ്ടെന്നു വരെ തോന്നീട്ടുണ്ട്
കഴിഞ്ഞ ആഴ്ച രക്തസാക്ഷി ദിനാചരണത്തിന്
പോയപ്പോഴാണ് അവനെ വീണ്ടും കണ്ടത്
മൂന്ന് പശുക്കളും തൂമ്പയും അരിവാളും കയ്യാലപ്പുറത്തെ
ആ പഴയ പെണ്ണും കൂടെയുണ്ട്..
ജീവിതത്തെ മുഖത്തു കാണാമെങ്കിലും
സുഖം തന്നെ സഖേ.. എന്ന മറുപടിയും..
അല്ലെങ്കിലും സാധാരണക്കാരന്റെ ജീവിതത്തിലൊന്നും
ഒരു " തേങ്ങയും" സംഭവിക്കാറില്ല ന്നേ ...
പിന്കുറിപ്പ് :
വാക്കുകളുടെ ഒരു കടൽപ്പാലം
പണിതു വെച്ചിട്ടുണ്ട്
എനിക്കറിയാം
ഓർമ്മകളുടെ കടലിൽ
പിടിവള്ളികളില്ലാതെ
തുഴയുകയായിരിക്കും
നീയെന്ന് ..
നിങ്ങൾ ഒരു നിഘണ്ടു ആണ് സുഹൃത്തേ
മറുപടിഇല്ലാതാക്കൂഒരു ഉറുമ്പ് പോലെ ഇതിൽ പലപ്പോഴും ഒട്ടി പോകുന്നുണ്ട് ഗുൽമോഹറിനെ കുറിച്ചുള്ള നിരീക്ഷണം പരമ സത്യമാണ്
ഞാനും വിചാരിച്ചിട്ടുണ്ട് ഇതെന്തു പണ്ടാരമാണെന്നു
ആശംസകൾ
തേങ്ങ എന്ന് പേര് കണ്ടപ്പോൾ എന്തായിരിക്കും എന്ന് കരുതി.
മറുപടിഇല്ലാതാക്കൂഅവസാന വരി വായിച്ചപ്പോൾ തേങ്ങ തലയിൽ വീണ വരെ ഉണ്ടായിരുന്ന ആ സംശയം.
നല്ലവരികൾ. ആശംസകൾ !
സാധാരണക്കാരന്റെ ജീവിതത്തിലൊന്നും ഒരു തേങ്ങയും സംഭവിക്കാറില്ലന്നേ..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു ഈ നിരീക്ഷണങ്ങള്..
;)
മറുപടിഇല്ലാതാക്കൂ