കളഞ്ഞു പോയ കുട ഓര്‍മ്മിപ്പിക്കുന്നത്

നമ്മുടെ ആ പഴയ
കാലു പോയ 'കാലൻ' കുടയാണ്
ഇന്നലെ കളഞ്ഞു പോയത്..

അല്ലികൾ താമര ആകൃതിയിൽ
വിടർത്തി ചിരിച്ചു നിന്നിരുന്ന താമര
മാർക്ക് കുട..

എത്ര മഴ നനച്ചിട്ടും
അച്ഛന്റെ , ഓർമ്മയുടെ മണം
ഇളകി പോകാത്തത്...

അമ്മയോടൊപ്പം,
 റേഷൻ കടയുടെ മുന്നിൽ 'ക്യൂ ' നിന്ന്
തളരുമ്പോൾ
പൊരിവെയിലത്തും, ആകാശത്തിലെ
നക്ഷത്രങ്ങളെ കാണിക്കാൻ
വിടർത്തി ചൂടിക്കാറുള്ള അതേ കറുമ്പൻ കുട..

മുദ്രാവാക്യങ്ങൾ ഉറക്കെ ഏറ്റു വിളിച്ചു
നീളൻ വരാന്തയിലൂടെ പോകുമ്പോഴും
പിന് കോളറിൽ കൂട്ടുകാരനെന്ന
വണ്ണം തൂങ്ങി നിന്നത്..

എടീ നിനക്കോർമ്മയില്ലേ,
സൈക്കിളിൽ
നിന്നെയുമിരുത്തി പോകുമ്പോൾ
അകം പുറം മറിഞ്ഞു പ്രണയത്തിന്റെ
മഴ മുഴുവൻ നനച്ചത് ..
നീ ആദ്യമായി ഉമ്മ തന്നപ്പോൾ
ലോകത്തെ മുഴുവൻ മറച്ചത് ..


കളഞ്ഞു പോയ ഒരു കുട
നമ്മെ  നനയ്ക്കുന്നത് ,
വെറും മഴയെ മാത്രമല്ല
ഓർമ്മകളുടെ പെരുമഴയെ കൂടിയാണ്..


സെപ്തംബർ ലക്കം  യുവധാരയിൽ വന്നത് 1 അഭിപ്രായം:

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍