ഓരോ തവണയും ഒറ്റയ്ക്കിരിക്കുമ്പോൾ

 













ഓരോ തവണയും

ഒറ്റയ്ക്കിരിക്കുമ്പോൾ, നടക്കുമ്പോൾ

ഒരു കാരമുള്ളായി കുത്തി നോവിക്കുന്നത്

പ്രതീക്ഷിക്കും

എന്നിട്ട്,

പലർക്കൊപ്പവും ജീവിച്ചും മരിച്ചും

കഥകളത്രയും മറന്നെന്ന്

പലകാലങ്ങളിൽ പലവട്ടം

സ്വയം ബോധ്യപ്പെടും.

അങ്ങനെയിരിക്കെ

ആൾക്കൂട്ടത്തിൽ അവരറിയാതെ

ഒരു മുന്നറിയിപ്പുമില്ലാതെ

പഴയ വളർത്തു പൂച്ചയെന്നോണം

ചുറ്റുമുരുമ്മുന്നു

നിന്റെയോർമ്മകൾ




മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ















മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ

വെച്ചു മറന്ന കുടയെ പോലെ

ആരെയെങ്കിലുമൊക്കെ

വെച്ച് മറക്കും പലരും

ചുറ്റിലും പൊതിയുന്ന ആൾക്കൂട്ടത്തിലും

ഒരാളും തൊട്ടു നോക്കില്ല ചിലരെ

വിജന പാതയിൽ ബാക്കിയാവും

മറ്റു ചിലർ

ഇറങ്ങിച്ചെല്ലാൻ പറ്റാത്ത ബസ് യാത്രയിൽ

ജനാലയിലൂടെ അവരെ കാണും

ഓർമ്മകൾ ചാറി തുടങ്ങുമ്പോൾ ജനൽ കർട്ടനിട്ടു കണ്ണടയ്ക്കും.

കാത്തിരിപ്പുകൾക്ക് ശേഷം

ഒരു മഴ നേരത്തേക്ക് മാത്രമെങ്കിലും

മറ്റാരെങ്കിലും കൈപിടിച്ച് നടത്തുക തന്നെ ചെയ്യും



വസന്തം














മുറിഞ്ഞത്

ചേർത്ത് കെട്ടാനാകാത്ത വിധം

മണ്ണുരച്ചത്

പുറന്തോടത്രയും ഉണങ്ങിപ്പൊടിയും

വിധം പൊരിവെയിലിൽ

മണ്ണ് പുതച്ചു കിടന്നത്

ഒക്കെ പോയ വേനലെന്ന്

ചിരിക്കും

പുതു വസന്തം നാമ്പുകൾ

കൊണ്ട് കെട്ടിപ്പിടിക്കും




വാക്കറ്റം 
















ആ വൈകുന്നേരത്തിനു ശേഷം

വെളിച്ചം കെട്ടു പോയല്ലോയെന്ന്

സങ്കടപ്പെടും.

ഏറെ വൈകാതെ,

മുന്നിലുണ്ടായിട്ടും

തിരിച്ചറിയപ്പെടാതെ പോയ

ചെറു വഴികൾ കണ്ടമ്പരയ്ക്കും




മൊട്ടു സൂചിയോളം കരുതലുള്ള ചിലർ

 













ചിലരുണ്ട്,

കീറി മുറിഞ്ഞിരിക്കുമ്പോഴും

തകർന്ന് പോകാൻ വിടാതെ

ചേർത്ത് പിടിക്കുന്നവർ

മുനയൊടിഞ്ഞാലും

വേദനിപ്പിക്കാതെ

ചോര പൊടിക്കാതെ

ചേർന്ന് നിൽക്കുന്നവർ.


തീർച്ചയായും

മൊട്ടു സൂചിയോളം കരുതലുള്ള

പലരുള്ളത് കൊണ്ടാണ്

ലോകമിപ്പോഴും ഉടു തുണിയഴിയാതെ

ഞെളിഞ്ഞു നിൽക്കുന്നത്




ചിലർ 















നിർത്താതെ കലപില പറയുന്ന ചിലരുണ്ട്

നാമൊന്നുമറിയാതെ

ഉള്ളിലൊരു കടലൊളിപ്പിച്ചു വെച്ചവർ.

അല്ലെങ്കിലും തീരത്ത്

തലതല്ലി ചിരിക്കുന്ന തിരകൾ

ആഴത്തെ വെളിപ്പെടുത്താറേയില്ലല്ലോ!


ഐ മിസ് യു















വൈകുന്നേരങ്ങളിൽ

കടപ്പുറത്ത്

കണ്ടു മുട്ടി പിരിഞ്ഞു പോയ

നമ്മളെ പോലെ,

ഓരോ വേലിയിറക്കത്തിലും

ഒരു നീണ്ട തിര വന്നു

ഐ മിസ് യു എന്നെഴുതി

തിരിച്ചു പോകും








എന്നെ പറ്റിയെഴുതാമോ

























എന്നെ പറ്റിയെഴുതാമോ
എന്നൊരാൾ ചോദിക്കുന്നു
ഇത്രയും നാളെഴുതിയതൊക്കെ
ആരും കാണാതെ
കീറിയെറിഞ്ഞു
നടക്കാൻ പോകുന്നു.
തിര മായ്ക്കാൻ പാകത്തിൽ പേരെഴുതി
അവൾക്കൊപ്പം തിരിച്ചു നടക്കുന്നു




വാക്കറ്റം :























ഇലമുളച്ചിയെ പോലെ,
മുറിഞ്ഞു വീണിടത്തുനിന്നും
വാക്കുകൾ
പുതിയ ജീവിതത്തിലേക്കുള്ള
വഴി നോക്കുന്നതിനെ
നിങ്ങൾ
കവിതയെന്ന്
തെറ്റിദ്ധരിക്കുന്നതാണ്




മഷിത്തണ്ടിന്റെ കൂട്ടുകാര്‍