ഓരോ തവണയും ഒറ്റയ്ക്കിരിക്കുമ്പോൾ

 













ഓരോ തവണയും

ഒറ്റയ്ക്കിരിക്കുമ്പോൾ, നടക്കുമ്പോൾ

ഒരു കാരമുള്ളായി കുത്തി നോവിക്കുന്നത്

പ്രതീക്ഷിക്കും

എന്നിട്ട്,

പലർക്കൊപ്പവും ജീവിച്ചും മരിച്ചും

കഥകളത്രയും മറന്നെന്ന്

പലകാലങ്ങളിൽ പലവട്ടം

സ്വയം ബോധ്യപ്പെടും.

അങ്ങനെയിരിക്കെ

ആൾക്കൂട്ടത്തിൽ അവരറിയാതെ

ഒരു മുന്നറിയിപ്പുമില്ലാതെ

പഴയ വളർത്തു പൂച്ചയെന്നോണം

ചുറ്റുമുരുമ്മുന്നു

നിന്റെയോർമ്മകൾ




മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ















മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ

വെച്ചു മറന്ന കുടയെ പോലെ

ആരെയെങ്കിലുമൊക്കെ

വെച്ച് മറക്കും പലരും

ചുറ്റിലും പൊതിയുന്ന ആൾക്കൂട്ടത്തിലും

ഒരാളും തൊട്ടു നോക്കില്ല ചിലരെ

വിജന പാതയിൽ ബാക്കിയാവും

മറ്റു ചിലർ

ഇറങ്ങിച്ചെല്ലാൻ പറ്റാത്ത ബസ് യാത്രയിൽ

ജനാലയിലൂടെ അവരെ കാണും

ഓർമ്മകൾ ചാറി തുടങ്ങുമ്പോൾ ജനൽ കർട്ടനിട്ടു കണ്ണടയ്ക്കും.

കാത്തിരിപ്പുകൾക്ക് ശേഷം

ഒരു മഴ നേരത്തേക്ക് മാത്രമെങ്കിലും

മറ്റാരെങ്കിലും കൈപിടിച്ച് നടത്തുക തന്നെ ചെയ്യും



വസന്തം














മുറിഞ്ഞത്

ചേർത്ത് കെട്ടാനാകാത്ത വിധം

മണ്ണുരച്ചത്

പുറന്തോടത്രയും ഉണങ്ങിപ്പൊടിയും

വിധം പൊരിവെയിലിൽ

മണ്ണ് പുതച്ചു കിടന്നത്

ഒക്കെ പോയ വേനലെന്ന്

ചിരിക്കും

പുതു വസന്തം നാമ്പുകൾ

കൊണ്ട് കെട്ടിപ്പിടിക്കും




വാക്കറ്റം 
















ആ വൈകുന്നേരത്തിനു ശേഷം

വെളിച്ചം കെട്ടു പോയല്ലോയെന്ന്

സങ്കടപ്പെടും.

ഏറെ വൈകാതെ,

മുന്നിലുണ്ടായിട്ടും

തിരിച്ചറിയപ്പെടാതെ പോയ

ചെറു വഴികൾ കണ്ടമ്പരയ്ക്കും




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍