ബസിറങ്ങിയാൽ
വീട്ടിലേക്ക്
അച്ഛനൊരു ദിനേശ് ബീഡിയുടെ
ദൂരമായിരുന്നത്രെ.
ഓരോരുത്തർക്കും ഓരോ ദൂരമാണല്ലോ
പണ്ടെനിക്കൊരു പൊതി
നിലക്കടലയുടെതായിരുന്ന ദൂരമാണ്
ഇപ്പോൾ നിന്റെ ഫോൺ വിളിയുടെ
ദൈർഘ്യം
ഇലരേഖകൾ
ഓരോ കയ്യും
ഓരോ ഇലകൾ.
ഒട്ടുമാവർത്തിക്കാത്ത
കൈരേഖകൾ പോലെ
ഇല ഞരമ്പുകൾ!
ഭാവിയിൽ ഉണങ്ങി വീണാലും
കൂടെയുള്ളിടത്തോളം കാലം
പട്ടിണിയില്ലെന്ന് മാത്രം
പറയുന്ന
ഇലരേഖകൾ!
ഒറ്റയ്ക്കൊറ്റക്ക്
ഒറ്റയ്ക്കൊറ്റക്ക് യാത്ര പോയപ്പോൾ
നീണ്ടു നീണ്ടു പോയ പാതകൾ
ഒരുമിച്ചു തിരിച്ചു വരുമ്പോൾ
ചെറുതായി പോയതായി ഓർക്കുന്നുണ്ടോ
പെട്ടെന്ന് വീടെത്തിയത് കൊണ്ട് മാത്രം
അവസാനിപ്പിക്കേണ്ടി വന്ന കഥകളെത്രയാണ്
സത്യമെന്ന് തോന്നിക്കുന്ന
പല ചിന്തകളുടെയും
ആകെ തുകയാണ് പ്രണയം
മനുഷ്യർ
ഉണങ്ങിയ ഇല
മരം പോലുമറിയാതെയാണ്
അവസാനമായി
ചുംബിച്ചു പിരിയുന്നത്
അത്രമേൽ പൂർണതയോടെ
കണ്ടുമുട്ടി പിരിഞ്ഞു പോകുന്നു
പോയ പ്രണയകാലത്തിലെ
മനുഷ്യർ.
വാക്കറ്റം
ആർക്കും സ്വന്തമാകാത്ത
കണ്മുന്നിലെ ആകാശം.
ഇപ്പോഴെത്ര നോക്കിയിട്ടും
കാണുന്നില്ല,
നിന്നെ കണ്ടുമുട്ടില്ലെന്ന്
കണ്ണു ചിമ്മി ചിരിച്ച
നക്ഷത്രങ്ങളെ!