ഇനിയും ഏറെ നേരം കൂടെയുണ്ടാകില്ലെന്ന്









 ഇനിയും ഏറെ നേരം

കൂടെയുണ്ടാകില്ലെന്ന്,

അയക്കുന്ന ഓരോ മെസേജിലും

ഓർമ്മപ്പെടുത്തുന്നത്

കാണുന്നു


പറയാതെ വെച്ച

വാക്കുകളെ

കൊക്കൂണിലൊളിപ്പിക്കുന്നു


ഏറെയകലെയല്ലാതെ ഒരുനാൾ ജനൽചില്ലുകളിൽ

പൂമ്പാറ്റകൾ തട്ടി വിളിക്കും

പുറത്തിറങ്ങുന്ന നിന്നെ പൊതിയുന്ന

ശലഭങ്ങളെ കണ്ട് അത്ഭുതപ്പെടുന്ന

ചിത്രം ഇപ്പോഴേ ഓർത്തെടുക്കുന്നു





മുറിവുണക്കത്തിന്


മുറിവുണക്കത്തിന്

മരുന്ന് തേടി പോകുന്നു.

വടക്ക് നോക്കിയന്ത്രം പോലെ

ഒറ്റ ദിശയിലേക്ക് പോയി

ഓരോ തവണയും

തെറ്റായ ആളുകളുടെ അടുത്ത്

നടപ്പവസാനിക്കുന്നു.

തൊലിപ്പുറത്തോ ആഴത്തിലോ

പുതിയ മുറിവുകൾ ഏറ്റുവാങ്ങി

മരിച്ചു പോകാതെ

തിരിച്ചു നടക്കുന്നു.



കടലിറക്കം!


തിര മായ്ക്കുമെന്ന് കരുതി

തീരത്തെഴുതിയിട്ടതൊന്നും

കടല് കാണുന്നേയില്ല.

പൊരിവെയിലിൽ ഉപ്പു കാറ്റിൽ

അരികു പൊടിയുന്നുണ്ടക്ഷരങ്ങൾക്ക്..


വാക്കറ്റം :


മനസ്സ് പോലെ

തെളിഞ്ഞു,

പരന്നു കിടപ്പുണ്ടാകാശം.

എളുപ്പത്തിൽ

മാഞ്ഞു പോകാത്ത

അടയാളങ്ങൾ സമ്മാനിച്ച്

പാഞ്ഞു പോകുന്നു

ചിലർ








ചേർന്നിരുന്നവരൊക്കെ




 









ചേർന്നിരുന്നവരൊക്കെ

കൊഴിഞ്ഞു പോകും

ഇലകൾ കൊണ്ട് മറച്ച

രഹസ്യങ്ങളൊക്കെ വെളിപ്പെടും

പതിയെ പതിയെ അരിച്ചിറങ്ങുന്ന

മഞ്ഞിനൊപ്പം പൊതിയുന്ന

ഏകാന്തതയോട് പൊരുതി തോക്കും

പിരിഞ്ഞു പോയവർ, ഓർമ്മകൾ

ഒക്കെയും കനലായെരിഞ്ഞു

മറ്റാരുടെയോ തണുപ്പകറ്റുന്നത്

അകലെയല്ലാതെ നോക്കി കാണും


ഓർമകൾ


പരിചിതമോ അല്ലാത്തതോ

ആയ വഴിയെന്നതൊന്നും

വിഷയമല്ല

വേഗത്തിലോടി പോകുമ്പോൾ

കണ്ണിൽപ്പെടുക കൂടിയില്ല


പശിമയുള്ള കണ്ണികളാൽ

വലിഞ്ഞു മുറുക്കി

നിന്നെ വലിച്ചൂറ്റി

വലിച്ചെറിയുന്നുണ്ടെന്നെ


ഓർമകൾ,

രക്ഷപ്പെട്ടു പോകലെളുപ്പമല്ലാത്ത

എട്ടുകാലി വലകളാകുന്നു.



വാക്കറ്റം



അ വിഹിതം

ഇലമുളച്ചിട്ട്,

അധിക നാള് വേണമെന്നില്ല

മുറിഞ്ഞു വീണ്

മറ്റൊരിടത്തുയിർക്കാൻ

ഇലമുളച്ചിക്ക്!!






സ്നേഹം


 












നിവർന്നു നിൽക്കാൻ

പോലുമാകാത്ത പുഴു ജീവിതത്തിന്

ഇലത്തണല് നൽകും

വെയിലു തട്ടാതെ

മഴ നനയാതെ..

മഴവില്ല് മേലങ്കി പുതച്ച്

നീണ്ട നാൾ

പറ്റിച്ചേർന്ന് കിടക്കും

ആ ഒട്ടിച്ചേരലിൽ,

സഹനങ്ങളിൽ, സ്നേഹത്തിൽ

സ്വന്തമെന്ന് കരുതും.

എങ്കിലും

ചിറകു മുളക്കുന്ന

ആദ്യനാളിൽ

പറന്ന് പോവുക തന്നെ

ചെയ്യും

പണ്ടാരാണ്ട് പറഞ്ഞ പോലെ

ചേർത്തു പിടിക്കുന്നത് മാത്രമല്ല

സ്നേഹം

വിട്ടു കൊടുക്കുന്നതുമാണ്.


തോറ്റു പോകാത്തവർ


ഇരുളു വീഴും മുമ്പേ

അവസാനിപ്പിക്കേണ്ട യാത്രയിലും

വീണു പോയവരെ എഴുന്നേൽപ്പിക്കുന്നു

ജീവിതത്തിൽ നിന്നൊരു

ചീന്ത് ചേർത്ത് കെട്ടി

മുറിവുണക്കുന്നു, വേദനകൾക്ക്

കൂട്ടിരിക്കുന്നു.

യാത്ര

അവസാനിപ്പിക്കാത്തത് കൊണ്ട് മാത്രം

തോറ്റു പോകാത്തവർ



യാത്ര


കൂടെയുണ്ടെന്ന് ഇടയ്ക്കിടെ

ഓർമിപ്പിക്കും, ചേർത്തു പിടിക്കും

ഒറ്റ നാളിൽ

തിരിച്ചെത്തുമെന്നുറപ്പിൽ

നിറഞ്ഞിരുന്ന ഇടങ്ങളിൽ

ഓർമ്മകൾ നിറച്ച്

തിരിച്ചു വരാത്ത യാത്ര പോകും.



വാക്കറ്റം 

പുതിയ പുതിയ
മണൽപ്പാടുകൾ തീർത്ത്,
മറന്നിട്ടേയില്ലെന്ന്
ഓരോ തിരയിലും
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും
ഏകാന്തത!


ജീവിതം നിലച്ചു തുടങ്ങുമ്പോൾ മാത്രം നിങ്ങൾ ഓർത്തു പോകുന്ന ചിലർ!









നിങ്ങളോർത്തു വെക്കാറുണ്ട്

ഇലകളെ, പൂക്കളെ

മണങ്ങളെ, നിറങ്ങളെ...

ആരുമാരുമറിയാത്ത ചിലരുണ്ട്

ആഴങ്ങളിലെ വേര് പോലെ

കരിങ്കല്ല് തുളച്ച് ഉറവ നേടി

ജീവിതം നിലച്ചു തുടങ്ങുമ്പോൾ

മാത്രം നിങ്ങൾ

ഓർത്തു പോകുന്ന ചിലർ!



സന്തോഷം റീചാർജ് ചെയ്യുന്നതാണ്


ഒരു ദിവസം മുഴുവൻ

പിറകോട്ടു വലിച്ച സങ്കടത്തെ

നിനക്കയക്കുന്നു,

ഊതി വീർപ്പിച്ച ബലൂണ് പോലെ

നീയതിനെ കുത്തിപ്പൊട്ടിക്കുന്നു.

ചിലത് വെറും

ഫോൺ വിളികളല്ല

സന്തോഷം

റീചാർജ് ചെയ്യുന്നതാണ്


മാറ്റാർക്കുമറിയാത്തത് കൊണ്ട്


കാത്തിരുന്ന് മടുത്തു

പിണക്കം കൂട്ടിനു വരുമ്പോൾ,

പരസ്പരം പ്രണയമല്ലെന്ന് തിരുത്തും.

ആരെ?

മാറ്റാർക്കുമറിയാത്തത് കൊണ്ട്

നമ്മളെത്തന്നെ.



വേനലല്ലേ


വേനലല്ലേ,

ഓരോ തണലിടവും

വീടെന്ന് നിനയ്ക്കും.

നട്ടുച്ചയിൽ,

തണൽ കൊഴിച്ചിട്ട്

ഒറ്റയാക്കും

മരങ്ങൾ..!


നീയിറങ്ങിയ ഇടങ്ങളിലേക്ക്


നീയിറങ്ങിയ

ഇടങ്ങളിലേക്ക്

ചെറുതിനെയും

പലതിനെയും

കൊണ്ട് നിറക്കാൻ

ശ്രമിക്കുന്നു.

ഓരോ കാൽവെപ്പിലും

അവയത്രയും

തുളുമ്പി തെറിച്ചു പോകുന്നു


പ്രണയമെന്ന തോന്നല് പോലും ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്


ഓരോ അവഗണനയ്ക്ക് ശേഷവും

പിണങ്ങിയിരിക്കണം

പിന്നാലെ നടത്തണമെന്ന്

ഉറപ്പിക്കും.

ഗേറ്റ് തുറന്ന്

വീടെത്തും മുൻപേ

വാലാട്ടി കാലു നക്കി ചിരിക്കും.

പ്രണയമെന്ന തോന്നല് പോലും

ഒരാളെ പട്ടിയാക്കുന്ന വിധമെന്ന്

അറിയാവുന്ന പലരും

പറഞ്ഞു ചിരിക്കും.


നിശാശലഭ ജീവിതം.


കണ്ടുമുട്ടുന്നേയില്ല

പകലൊളിച്ചിരിക്കാവുന്ന

തണലിനെ,

കവിതകൾക്ക്

ചിറകു നൽകുന്നവളെ..

ഒരു രാത്രിയിൽ കൂടുതൽ

അതിജീവിക്കുന്നില്ല

ഓർമകളുടെ

നിശാശലഭ ജീവിതം.


വാക്കറ്റം :


ഒരുമിച്ചെന്ന്

കൂടെ ചേർന്നവർക്കൊക്കെ

മുന്നിലോടിപ്പോകേണ്ടി വരും.

ഒറ്റയാൾക്ക് മാത്രം

നടന്നു പോകാനുള്ള

വഴിയാണ് ജീവിതം

 

തൊട്ടാവാടി










പിണങ്ങുമ്പോഴും

തൊട്ടാവാടിയിതളുകൾ

പോലെ ചേർന്നിരിക്കുന്നു.

ഒളിപ്പിച്ചു വെച്ച,

വേദനിപ്പിക്കുന്ന കൂർത്ത മുള്ളുകൾ

പുറത്തു കാട്ടുന്നു



ഓർമകളിങ്ങനെ


 ഇരുട്ടിലെ തിളക്കം

കനല്ലെന്ന് കരുതും.

ഏറെ നേരം കാത്തിരിക്കാതെ

ഓർമകളുടെ കരിയിലകൾ

കത്തി തീരുമെന്നും.

വെളിച്ചം വരുന്നത് വരെയും

ഓർമകളിങ്ങനെ സ്വർണ്ണ നിറത്തിൽ

മിന്നി തിളങ്ങുന്നതും

കണ്ട് ഉറങ്ങാതെ ഉണ്ണാതെ



കളഞ്ഞു പോയതിനെ


കണ്ണാടി കാണും വരെ

പരതി നടക്കാറുണ്ട്

മുഖത്ത് വെച്ചിരിക്കുന്ന

കണ്ണട

കൂടെയുള്ളതിനെ

മറന്ന് വെച്ച്

കളഞ്ഞു പോയതിനെ

ഓർത്തു കൊണ്ടേയിരിക്കും



കടൽ


ആദ്യത്തെ തിരയിൽ

തന്നെ മാഞ്ഞു പോകും

നീ വരച്ചിടുന്ന

മുറിവുകൾ, കുമ്പസാരങ്ങൾ

എത്രയാഴത്തിൽ മുറിച്ചാലും

സ്നേഹം കൊണ്ട്

ആകെ മൂടുന്ന

വേലിയേറ്റത്തിന് ശേഷം

ഒരു അടയാളം കൊണ്ട് പോലും

ഓർമ്മിപ്പിക്കില്ല, കടൽ..!



അവസാനത്തെ മുറിവെന്ന്


അവസാനത്തെ മുറിവെന്ന്

ആണയിടും,

വെളിച്ചം മുറിവുണക്കും,

തിരിച്ചു നടക്കുമ്പോൾ

ഒളിച്ചു വെച്ചതിൽ തട്ടി വീണ്

ചോര വാർന്ന് മരിക്കും



മണ്ണാങ്കട്ടയും കരിയിലയും


മണ്ണാങ്കട്ടയും കരിയിലയും പോലെ

പരസ്പരം ഉറപ്പും പുതപ്പുമെന്നാവർത്തിക്കും

പണ്ടെങ്ങോ കൊണ്ട വെയിലിന്റെ

ഓർമയിൽ ഇലത്തണലിൽ

പൊടിഞ്ഞു തുടങ്ങും



നിലാവ് 


പോകുന്നിടത്തൊക്കെ

കൂടെയുണ്ടാകും

നമുക്ക് വേണ്ടി പ്രകാശിക്കുന്നത്

എന്നൊക്കെ കരുതും

നിലാവിന്റെ കുളിർമ്മയെന്നൊക്കെ

കവിതയിൽ അടയാളപ്പെടുത്തും

വലിയ മറ്റൊന്നിനെ

നോക്കിയിരുന്ന്

തിളങ്ങുന്നതെന്ന്

മറ്റാരെങ്കിലും തിരുത്തും



വാക്കറ്റം :

വരച്ചു ചേർക്കപ്പെട്ടിട്ടില്ലാത്ത

അതിരുകളുണ്ട് ഓരോരുത്തരുടെ ആകാശത്തിനും.

നമ്മളെന്ന് ചേർത്ത് വെച്ചാലും മുകളിലൂടെ ഒന്നു പറന്ന് നോക്കണം

വാക്കേറ്റ് മുറിഞ്ഞു വീഴുന്നത് കാണാം




ഏകാന്തത









ഒരു വാക്കും

മുറിവേൽപ്പിക്കില്ല

ഒരു വെയിലും പൊള്ളിക്കില്ല

ഒരു മഴയും നനയ്ക്കില്ല

മരവിച്ചു

മരിച്ചു പോകുന്ന

ഏതോ ഹിമയുഗത്തിലേക്കുള്ള

വാതിലാണ്

ഏകാന്തത


സ്നേഹം 


കടലെടുത്തു തീർക്കുന്നില്ല,

തീരത്തെ;

കടലിറക്കത്തിൽ

ഉപേക്ഷിക്കുന്നുമില്ല

നമുക്കിടയിലെ

സ്നേഹത്തെ പോലെ

രാപ്പകലില്ലാതെ

തിരകളയച്ചു

തലോടുന്നു.!


വിശ്രമിച്ചു മറയും


വിജന പാതയിലെ,

കാത്തിരുന്ന കാലൊച്ചയെന്ന്

കരുതും.

പൊരിവെയിലിൽ

തളർന്നൊരാൾ

പല കഥകൾ പറഞ്ഞു

വെള്ളം ചോദിച്ചു

വിശ്രമിച്ചു മറയും..





അതിജീവനം 


ഈ വേനൽ

അതിജീവിക്കില്ലെന്ന്

ഉറപ്പിക്കും,

വറ്റാത്ത ഉറവകളിലേക്കുള്ള

വഴികാട്ടികളായി

ചിലർ വരും..


വെയിൽ ചില്ലയ്ക്ക്

കീഴിലെ

ജല ചുംബനമെന്ന്

ആരും വായിക്കാനിടയില്ലാത്ത

ഒരു കവിതയിൽ

എഴുതി വെക്കും.



വാക്കറ്റം :


പിണങ്ങി

വീഴുമ്പോഴറിയുന്നു,

നിന്റെ വാക്കിൻ

ചിറകിലേറി

കീഴടക്കിയ

ഉയരങ്ങൾ...

കടം കൊടുത്ത് തിരികെ കിട്ടിയ കാതുകളെ പറ്റി


 













കടം കൊടുത്ത്

തിരികെ കിട്ടിയ

കാതുകളെ പറ്റിയാണ്.

നിശബ്ദതയാണെന്ന് തോന്നും,

പറഞ്ഞു തീർത്ത കഥകളെ

അവ  ഓർത്തെടുക്കാൻ

ശ്രമിക്കുന്നതാണ്



തിരിഞ്ഞു നോക്കുന്നേയില്ല


പഴയത് പോലെ

പെൺകുട്ടി

കഥ കേൾക്കാനാളുണ്ടോയെന്ന്

ഉറക്കെ വിളിച്ചു ചോദിക്കുന്നു

ചൂട് വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ

അങ്ങോട്ട് തിരിഞ്ഞു നോക്കുന്നേയില്ല

കഥയെന്ന് കരുതി

ജീവിതം കേട്ട ഒറ്റയാളും.


വഴി തെറ്റി വന്നൊരു വാക്ക്


വഴി തെറ്റി വന്നൊരു

വാക്ക് കുശലാന്വേഷണം

നടത്തി തിരിച്ചു പോകുന്നു.

ഭൂമിയിൽ കാലുറപ്പിച്ച് നിന്ന്

ഒരേ ആകാശത്തിന്റെ

സന്തോഷം  ഡൗൺലോഡ്

ചെയ്യുന്നു



ആ വണ്ടി


പ്രധാനപ്പെട്ട

സ്റ്റോപ്പല്ലേയെന്നു കരുതി

കൈ നീട്ടാതെ കാത്തിരിക്കും

ആരുമാരും ഇറങ്ങാനില്ലാത്തതിനാൽ

കണ്മുന്നിലൂടെ

നിർത്താതെ കടന്നു പോകും

സ്നേഹം നിറച്ചു വരുന്നതാണെന്ന്,

കാത്തിരുന്ന ആ വണ്ടി



വിവർത്തനം


മുല്ല പൂത്തതെന്നു നീ പറയുന്നു

പ്രണയ ഗന്ധമെന്നും.

രാത്രിയിലെ

നമ്മുടെ സംസാരത്തെ

അതിനു സാധ്യമാകുന്ന

ഭാഷയിലേക്ക്

വിവർത്തനം ചെയ്തതാകാം

മുല്ല വള്ളികൾ



മുറിവുകൾക്ക് മേൽ നിന്നെ ചേർത്ത് കെട്ടുന്നു


ഉണങ്ങിയിട്ടില്ലൊരു മുറിവും, 

നീ തൊടുമ്പോൾ, തളിരുകൾ

അവയെ ഒളിച്ചു വെക്കുന്നു.

മുറിവുണക്കാൻ നീ തരുന്ന

ഒറ്റമൂലികൾ താൽക്കാലത്തേക്ക്

വേദനകളെ  മായ്ക്കുന്നു

പറിച്ചെടുത്തു കൊണ്ടല്ലാതെ

പിരിഞ്ഞു പോകാൻ പറ്റാത്ത വിധം 

മുറിവുകൾക്ക് മേൽ

നിന്നെ ചേർത്ത് കെട്ടുന്നു


എത്ര നേരം 


എത്ര നേരം 

മിണ്ടാതിരിക്കാം..?

അനങ്ങിത്തുടങ്ങിയിട്ടും

അലിയാതെ, കലരാതെ

കല്ലും  വെള്ളവുമായിയിരിക്കാൻ

കഴിയുന്നത്രയും കാലം..!


വാക്കറ്റം: 

 

ഊതി വീർപ്പിച്ചതെന്നു കരുതി

കുത്തിപ്പൊട്ടിക്കുന്നു,

പരിഭവത്തിലാകെ

നനയ്ക്കുന്നു

പിണക്കത്തിന്റെ

വാട്ടർ ബലൂണുകൾ..




ഒരിക്കലെങ്കിലും ആരുടെയെങ്കിലും




 









ഒരിക്കലെങ്കിലും

ആരുടെയെങ്കിലും 

അക്വേറിയത്തിലെ മീനായി  മാറാത്ത ഒരാളുമുണ്ടാകില്ല

കൃത്യമായ ഇടവേളകളിൽ

കുശലാന്വേഷണം, ഭക്ഷണം, കാഴ്ച

വിരുന്നു വന്നവർക്ക് വിളിച്ചു കാണിക്കുന്ന വി  ഐ പി 

ഒരുമിച്ചെടുക്കുന്ന

ഓരോ ഫോട്ടോയും നിരവധിപേർ കാണുന്ന സ്റ്റാറ്റസ്

കാണുന്നവരൊക്കെ ജീവിതത്തിലിടമെന്നും

ഓരോ ശ്വാസത്തിലെയും ഓർമ്മയെന്നും തെറ്റിദ്ധരിച്ചു പോകും

ചില്ലു കൂടൊന്നു പൊട്ടി

ശ്വാസം  കിട്ടാതെ മരിച്ചാലും

ഏറെ വൈകാതെ അതേ സ്ഥാനത്ത് പുതിയ പുതിയ...


പകുത്തു നൽകാതെ


പകുത്തു നൽകാതെ

നാരങ്ങാ മിട്ടായി തിന്നുന്നു,

ബാക്കി വന്നവ

കൈയിൽ വെച്ച്

ഫോട്ടോയെടുക്കാൻ തുടങ്ങുമ്പോൾ

തെളിഞ്ഞു വരുന്നു

നീല മഷി കൊണ്ട് വരച്ചിട്ട

ഉള്ളം കയ്യിലെ

ജോളി, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച്

പിന്നെ നിന്റെ പേരിന്റെ

ആദ്യാക്ഷരം.

ചില നേരങ്ങളിൽ 

ഓർമകൾക്ക് നാരങ്ങാ മിട്ടായിയുടെ

 രുചിയാണ്


അളവെടുത്തു നിർമ്മിച്ച


അളവെടുത്തു നിർമ്മിച്ച

ശവപ്പെട്ടി പോലെ

ഒറ്റയാൾക്കുമാത്രം പാകമാവുന്ന

കൂടാണ് ഏകാന്തത

കൂടെയുണ്ടെന്ന് പലവുരു

പറഞ്ഞവർ അളന്നു നോക്കി

എന്റെ പേര് വിളിക്കുന്നു


രുചി നോക്കി നോക്കി


രുചി നോക്കി നോക്കി

നേരമെത്തും മുൻപേ

തീർന്നു പോകുന്ന

മധുരപലഹാരം പോലെ

കണ്ടുമുട്ടിയ നേരം തൊട്ട് 

പറഞ്ഞു പറഞ്ഞു

തീർന്നു പോകുന്നു

വാക്കുകൾ



വാക്കറ്റം :


കൂടെയുണ്ടെന്ന് 

ചേർത്ത് പിടിക്കുമ്പോഴൊക്കെയും 

ഉള്ളിലോർമ്മകൾ ഞെരിയും

ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്ന് 

വീണ്ടും ചോര പൊടിയും


മായ്ച്ചു കളയാനുണ്ടാവില്ല ഒന്നും..














 ഒരു പൊതിച്ചോർ

ഒരു യൂണിറ്റ് രക്തം

ചിരിച്ചു പിരിഞ്ഞ അതിർത്തി തർക്കം

പെൻഷൻ, പഞ്ചായത്തോഫീസ്, വില്ലേജോഫീസ്

എല്ലാരും ഒരുമിച്ചിരിക്കുന്ന ഓണപ്പരിപാടി അല്ലെങ്കിൽ  ഉത്സവം

ജീവിതത്തിൽ വീണു പോയവന്റെ, തട്ടി നിൽക്കുന്നവന്റെ 

കോള് ലിസ്റ്റിലെ ആദ്യത്തെ നമ്പർ

നിങ്ങൾ കൊന്നു തീർക്കുന്നവരുടെ പേര് മാത്രമേ മാറുന്നുള്ളൂ

ഓർത്തെടുക്കാൻ ഇതിലേതെലും ഒന്നുണ്ടാകും എല്ലാവർക്കും, 

എവിടെ ഏതു നാട്ടിൽ ചെന്ന് ചോദിച്ചാലും

ഈ പറഞ്ഞവയിലേക്ക് കൂട്ടി വെക്കുന്നതല്ലാതെ

മായ്ച്ചു കളയാനുണ്ടാവില്ല ഒന്നും..



ഹത് റാസ് 

അധികാരം കൊണ്ട് മായ്ച്ചു കളഞ്ഞ

ഇടങ്ങളിൽ പുതിയ അതിരുകളെ വരയ്ക്കുന്നു

ആഴത്തിൽ കുഴിച്ചിട്ടും കണ്ടെത്താനാവാത്ത ഇടങ്ങളിൽ നിന്നും

കൊണ്ട് വച്ചെതെന്നു തോന്നിപ്പിക്കാതെ

മനുവിനെയും രാമനെയും തെളിയിച്ചെടുക്കുന്നു

ഇന്ത്യയെ കണ്ടെത്തൽ എന്നെഴുതാനിരുന്ന

കവിതയ്ക്ക്

ഹത് റാസ്  കൊണ്ടടിവരയിടുന്നു..



മറന്നിട്ടുമില്ല


വളഞ്ഞു വളഞ്ഞു

നീണ്ടു പോയ,

ഓർമ്മിക്കപ്പെടേണ്ടുന്ന

യാത്രയുടെ, 

അടയാളമായി

ചേർത്ത് വെക്കുന്ന

ചിത്രമാണ്. 

സ്കെയിൽ വെച്ചു 

വരച്ച മാർജിന് പോലെ

നിവർന്നിരുന്ന 

വഴികളെ 

മറന്നിട്ടുമില്ല



വാക്കറ്റം 

കണ്ടു മുട്ടിയിട്ടേയില്ലാത്ത

രണ്ടു പേരെന്ന്

മാറി നിൽക്കുന്നു

വാക്കുകളുടെ വിടവിൽ

കടല് വളരുന്നു.

സ്വന്തമെന്ന് തോന്നുന്ന










സ്വന്തമെന്ന് തോന്നുന്ന

ആ ഒരു നിമിഷത്തിൽ

കുത്തി വരയ്ക്കുന്നതാണ്,

ഒരിക്കലും മാഞ്ഞു പോകാത്ത

ആഴത്തിൽ..

എത്രയെത്ര  പേരുകളെയും

 ചിഹ്നങ്ങളെയും മുറിവുകളെയും

വഹിച്ചാണ്  ഓരോരുത്തരും

അവരവരുടെ പാളങ്ങളിലൂടെ

കൂകി വിളിച്ചു പാഞ്ഞു പോകുന്നത്..



പെരുമഴയിൽ നനഞ്ഞിട്ടും


പെരുമഴയിൽ നനഞ്ഞിട്ടും

കുതിർന്നു പോകാത്തൊരു

കടലാസ് തോണിയിൽ

ഏകാന്തത തേടിവരും..

ഒപ്പ് കടലാസിൽ

മഷിയെന്ന പോലെ

ഞാനലിഞ്ഞു പോകും..



വെയിൽ പുതപ്പിൻ കീഴിൽ 


വെയിൽ പുതപ്പിൻ കീഴിൽ 

കാത്തിരിക്കുന്നവരെ നോക്കൂ,  

വെളിച്ചം കെട്ടു പോകും മുമ്പേ 

നക്ഷത്രങ്ങൾ കൊതിപ്പിച്ച

അവരുടെ  ആകാശത്തെ 

കാത്തിരിക്കുന്നവരാണവർ.


നീണ്ട  കാലം


നീണ്ട  കാലം തുരുമ്പെടുത്തിട്ടും

ഒറ്റ വാക്കിനു തുറക്കുന്ന 

പൂട്ടുകളുള്ള  ഇടങ്ങളെ പറ്റിയാണ്. 

കെട്ടുപോയ കാലത്തെ 

അടച്ചു വെച്ചതിൽ നിന്നും 

ചികഞ്ഞെടുത്ത് കുളിരു കായാനിരിക്കുന്നുണ്ടവിടെ.. !



വാക്കറ്റം :

തേഞ്ഞു തീർന്നതല്ലേയെന്ന്

ചിരിച്ചു തള്ളും..

തേച്ചുരച്ചു മൂർച്ച കൂട്ടുന്നതിനെ പറ്റി

മുറിഞ്ഞു വീഴുമ്പോൾ മാത്രം

ഓർക്കും..

വഴികളെപ്പറ്റി

 

 

 

 

 

 


 

 

 

 

 

 

 

 

 

വഴികളെപ്പറ്റി
കൂടുതലൊന്നുമില്ല.
എല്ലാവരുമെഴുതിയത് വായിച്ച്,
തിരിഞ്ഞു നടക്കാനുള്ളതും കൂടിയാണെന്നതിനു 

അടിവരയിട്ട്
തിരിച്ചു നടക്കുന്നു !


വഴികാട്ടി

 
അവസാനത്തെ
 മിനുക്കു പണിയിൽ
തകർന്ന
ഒറ്റക്കൽ ശില്പങ്ങളെയും
ഒറ്റവാക്കിലെ ഉത്തരത്തിൽ
തോൽവിയിലേക്ക്
രേഖപ്പെടുത്തും.
അനുഭവ സമ്പത്തിന്റെ
പരീക്ഷയിൽ
ഒറ്റവഴി മാത്രമറിയുന്നവൻ
വഴികാട്ടിയാകും.

 

നിഷ്കളങ്കതയുടെ കുമ്പസാരങ്ങൾ.

ഒറ്റ മെസേജ്,
വാട്ട്സ്ആപ്പ് ഡിപി,
സ്റ്റാറ്റസ്.
മറ്റാർക്കും മനസ്സിലാവാതെ
ഒറ്റ നോട്ടത്തിൽ
വായിച്ചെടുക്കുന്നു,
നിഷ്കളങ്കതയുടെ
കുമ്പസാരങ്ങൾ.


നീ വന്ന ശേഷം തുടങ്ങാൻ


നീണ്ട കാലത്തിനപ്പുറം ഓർത്തെടുക്കാൻ പറ്റാത്ത,
കൂടെ നിൽക്കുന്ന ചില ഫോട്ടോ നിമിഷങ്ങളിൽ നിറയെ ചിരിച്ച്
അവനവന്റെ സങ്കടങ്ങളിലേക്ക് നടന്നു പോകുന്നു.
നിറഞ്ഞിരിക്കുന്നതത്രയും പിന്നത്തേക്ക് മാറ്റി വെച്ചതാണ്
നീ വന്ന ശേഷം തുടങ്ങാൻ. 


പ്രണയ നീരാളി


കറുത്ത ചിറകു വീശി
കഥകൾ പറന്നെത്തും മുമ്പ്,
ചേർത്തു പിടിക്കാൻ പോലും
പറ്റാത്ത കൈകൾ കൊണ്ട്
കടലാഴങ്ങളെ പകുത്തെടുക്കുന്നു
 പ്രണയ നീരാളി !


കീറിപ്പോവുക തന്നെ ചെയ്യും

ഏറെ സങ്കടപ്പെടുന്നൊരുവളെ,
വാക്കുകൾ കൊണ്ട് പൊതിഞ്ഞു കെട്ടി
തിരിച്ചയക്കും.
ചത്തു പോയതാണ് ഞാനെന്ന്,
ഉറക്കെ വിളിച്ചു പറയുമെങ്കിലും
വാക്ക് പതിയുന്ന ഏതു കടലാസിലാണ്
ജീവനുള്ള ഒരാളെ പൊതിഞ്ഞു കെട്ടാനാകുക ?
അവസാനത്തെ ശ്വാസമെടുക്കാനുള്ള
 വെപ്രാളത്തിലെങ്കിലും,
എല്ലാ പൊതിഞ്ഞു കെട്ടലുകളും,
കീറിപ്പോവുക തന്നെ ചെയ്യും.


വളർന്ന ശേഷം തിരിച്ചു കിട്ടുന്ന

 
വളർന്ന ശേഷം തിരിച്ചു കിട്ടുന്ന,
മുമ്പെങ്ങോ കളഞ്ഞുപോയ
ബാലപുസ്തകത്തിലെ
കുത്തുകളെ യോജിപ്പിക്കുന്നു.
നഷ്ടപ്പെട്ടുപോയ പണ്ടത്തെ
സന്തോഷങ്ങളെ രഹസ്യമായെങ്കിലും
ഓമനിക്കുന്നു.
കിളച്ചു ചെന്നാലറിയാം
ഓരോ പാറയ്ക്കുള്ളിലും ഒളിച്ചിരിക്കുന്ന
തെളിനീർ ഹൃദയം.

 

വാക്കറ്റം :

ഫോൺ കോൾ കട്ടു ചെയ്ത ശേഷം
വരകളില്ലാത്ത നോട്ട് പുസ്തകത്തിലേക്
പകർത്തുന്നു.
ഓർമയോളം പഴക്കമുള്ള
ആദ്യത്തെ ലഹരി !

അവനവന്റെ മാത്രം ആകാശം


 

 

 

 

 

 

 

 

 

 

 

നട്ടു വളർത്തുകയാണ്
സ്വന്തം ആകാശത്തെ
നക്ഷത്രങ്ങളെ ഭൂമിയെ..
വേരുകൾ മുറിച്ചു വളർത്തുന്ന
ബോണ്സായ്‌ മരം പോലെ
ചുരുക്കി ചുരുക്കിയെടുക്കുന്ന
അവനവന്റെ മാത്രം
 ആകാശം

തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം 

 
വീട്ടിലേക്ക് വിളിച്ചില്ല
കാത്തു നിർത്തിയുമില്ല.
വാക്ക് കൊണ്ടൊരു മുറിയുണ്ടാക്കി
ഒളിച്ചു വെച്ചതുമില്ല.
മുറിവുകളത്രയും തുന്നി കെട്ടി
വെറുതെ വിട്ട ശേഷം,
തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം
എന്നൊരു വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ
മുഖമൊളിപ്പിക്കുന്നു.

ഒറ്റമരം 

 
ഉൾ നനവുകളുടെ നിനവിൽ
വേര് നീട്ടി നടന്നെത്തുന്നു,
വേനലിൽ ബാക്കിയായ
ഉള്ളു പൊള്ളയായ
ഒറ്റമരം

പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം

 
പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം
കാശിത്തുമ്പ വിത്തു പോലെ
കവിത പൊട്ടിത്തെറിക്കും
ചിറകുകൾ എന്നു കരുതി ഇലകൾ
ലോക സഞ്ചാരത്തിനിറങ്ങും.
മണ്ണരിച്ചിട്ടും ബാക്കിയാകും
ഇല ഞരമ്പുകൾ..

വാക്കറ്റം :


വഴി തെറ്റിപ്പോയ
പൂമ്പാറ്റയെ കാത്തു നിൽപ്പാണ്
വസന്തം കഴിഞ്ഞു
ഏറെ വൈകി വിരിഞ്ഞ
ഗന്ധമില്ലാത്ത പൂവ്

വളർച്ചയുടെ പാഠങ്ങൾ


 

 

 

 

 

 

 

 

 

 

 

 കലപില പറഞ്ഞവർ
പറ്റിച്ചേർന്നിരുന്നവർ
ഓരോരുത്തരായി വിട്ടുപോകും
വെളിച്ചപ്പെട്ടുപോയ
മുറിവുകളെ പറ്റിയും
ഇപ്പോഴത്തെ ഏകാന്തതയെ പറ്റിയും
വാനമ്പാടികൾ ദേശാടനക്കിളികളോട്
പറഞ്ഞു കൊടുക്കും.
മണ്ണിനടിയിൽ
ശബ്ദമെത്താത്ത ആഴത്തിലെ
വേരുകൾ മാത്രമത് കേൾക്കില്ല.
ഏറെ കാത്തിരിക്കാത്ത മഴയെ,
വലിച്ചെടുത്തു പുതിയ ഇലകൾക്ക്
വേരുകൾ പറഞ്ഞു കൊടുക്കും
ഉപേക്ഷിക്കുക എന്നതും വളർച്ചയുടെ
പാഠമാണെന്ന്

 

എല്ലാവർക്കും പാകമാകുന്ന കവിതയെന്നാൽ

എല്ലാവർക്കും പാകമാകുന്ന
കവിതയെന്നാൽ
നിന്നെ കണ്ടുമുട്ടിയിട്ടില്ല
എന്നു മാത്രമാണർത്ഥം.
കാത്തു വെച്ചിട്ടുണ്ട്
നിന്നെയെഴുതാനുള്ള
കടലാസുകൾ !

 

 കവിതയിലിരിക്കുക എളുപ്പമാണ്

കവിതയിലിരിക്കുക എളുപ്പമാണ്.
ഇരുട്ടിനെ പകലാക്കിയും
പകലിനെ ഇരുട്ടാക്കിയും
കണ്ണു പൊത്തിക്കളിച്ചും
ഉറക്കെ ചിരിച്ചും, ഉറക്കെ പറഞ്ഞും
 ചൂണ്ടിക്കാണിച്ചും വിറപ്പിച്ചു നിർത്തിയും
വരിതീരും വരെ അതങ്ങനെ ഒഴുകും..
പുറത്തിറങ്ങുന്നതും
കാത്തിരിപ്പാണ്
ജീവിതം !

വാക്കറ്റം  :

 ഇലകളിൽ
മഴവില്ലിനെ
വരച്ചു പഠിക്കുന്നു
മരങ്ങൾ !

 

ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ


 

 

 

 

 

 

 

 

 

 

 

ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ,
അലറാം വച്ചെന്ന പോലെ ചിലർ കയറി വരും.
കഥകൾ കൊണ്ടു പടവുകൾ കെട്ടി
ആകാശത്തേക്ക് കൊണ്ടു പോകും
തൂങ്ങിച്ചാവാനെടുത്ത കയറിൽ
ഊഞ്ഞാലിട്ട് ഭൂമിയെ നോക്കി ചിരിക്കും.

 

 

 ഓരോ തണലും

ഓരോ തണലും
അവസാനത്തേതെന്നു കരുതും..
വാതിലുകൾക്ക് പിറകിൽ
ഏകാന്തത കൈമാടി വിളിക്കും.
കാത്തിരുന്നു മുഷിഞ്ഞൊരു
കവിത എങ്ങോട്ടോ ഇറങ്ങി നടക്കും.

 

 ദൂരം

 കൂട്ടായ്മയെന്നു
അകലെയിരിക്കുന്നവർക്ക് തോന്നുന്നതാണ്.
ഒരു വിരൽ കൊണ്ട് 

മറക്കാൻ പാകത്തിലടുത്തു നിൽക്കുമ്പോഴും 

നക്ഷത്രകൂട്ടങ്ങളിലെ അകലത്തിന്
 പ്രകാശ വർഷങ്ങളുടെ ദൂരം

വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
വരച്ചു ചേർക്കുകയാണ്
ആകാശത്തെ.
മറന്നതല്ല,
അതിരുകളൊക്കെ
മായ്ച്ചു നിന്നിലേക്കുള്ള
വഴികൾ വരയ്ക്കാൻ.

ഒറ്റയാകാൻ കാത്തു നിൽപ്പാണവർ

 


 

 

 

 

 

 

 

ഏറ്റവും പ്രിയപ്പെട്ട തെരുവിൽ കാത്തിരിക്കുന്നു.
മഴയൊടുക്കത്തിൽ അവര് കയറിവരും.
ഉപയോഗിച്ചു പോയവരോട്
പോലും ചോദ്യങ്ങളുണ്ടായിരുന്നില്ല.
നീണ്ടു നിന്ന കാത്തിരിപ്പിനെ പറ്റി
ഒരക്ഷരം മിണ്ടാതെ
മഞ്ഞു കാലത്തിലേക്ക് ചുവട് വെക്കും.
അവസാനമായി കിട്ടിയ കത്തിൽ
തന്നെ കാൻവാസ് പോലെയെന്നുപമിച്ചത്
ഓർത്തുപോകും
ചിത്രം വരച്ചവർ, കവിതയെഴുതിയവർ
ഒപ്പുമരത്തിലേക്ക് ചേർത്തു കെട്ടിയവർ
അരികു ചീന്തി നെഞ്ചോട് ചേർത്തവർ
കീറിയെറിഞ്ഞവർ, ഉപേക്ഷിച്ചു പോയവർ...
ഓർമ്മകളുടെ വെയിൽച്ചൂടിലുണക്കാൻ
ഒറ്റയാകാൻ കാത്തു നിൽപ്പാണവർ!


ഏറെയൊന്നും കണ്ടിട്ടില്ല ആരും

ഏറെയൊന്നും കണ്ടിട്ടില്ല ആരും.
ഒരേയളവിലെ
റെഡിമെയ്ഡ്
കുപ്പായങ്ങൾക്കുള്ളിൽ
 അവരൊതുങ്ങാറുണ്ടെന്നു മാത്രം
ഉടുപ്പിലേക്ക്,
അതിനുള്ളിലെ നഗ്നതയിലേക്ക്.
അതിനുമുള്ളിലേക്ക്
എത്തിനോക്കാൻ
മെനക്കെടാറിലൊരുത്തനും


വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
കണ്ട് കണ്ട് മനപഠമാണ്
ഏഴു നാട്ടിലെ ജീവിതം.
കൂട്ടുകൂടലിന്റെ,
കടൽ ജീവിതം കാണാത്ത
അലങ്കാര മത്സ്യത്തിനു
എന്റെ കണ്ണുകൾ !


ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം





















 മഴ മാറിയിട്ടില്ലാത്ത 

ഓരോണക്കാലത്താവും 

മുന്നറിയിപ്പില്ലാതെ ഞാൻ മരിച്ചു പോവുക.

ബോഡി എത്രമണിക്ക് എടുക്കുമെന്ന്

പരസ്പരം ചോദിച്ച് അവരവരുടെ വീട്ടിൽ 

നിങ്ങളിരിക്കുമ്പോൾ

നിങ്ങൾക്ക് അപരിചിതരായ ചിലർ

കിട്ടാവുന്ന വാഹനങ്ങളിൽ ഓടിപ്പിടിച്ചെത്തും

ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നതിനാൽ

ഭൂതകാലത്തെ മുറികളിൽ പരതി

എനിക്ക് വേണ്ടി കഥകളുണ്ടാക്കും

നായകനായ ഞാൻ മരിച്ചു

 പോകേണ്ടവനെയല്ലെന്നു വരെ പ്രസ്താവിച്ചു കളയും

നന്നായറിയുന്ന ചിലർ മാത്രം 

അതു കേട്ട് ഉള്ളിൽ ചിരിക്കും.

ഓർമ്മകൾ പോലുമവശേഷിപ്പിക്കാതെ

മരിച്ചു പോകുന്നതിനെ പറ്റി

ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം,

അടുത്ത വർഷം 

ഈ കവിത ഫേസ്‌ബുക്ക്

 ഓര്മിപ്പിക്കുമ്പോൾ അവർ ഓർത്തെടുക്കും.


ഉണങ്ങിയ വേരിലും വസന്തം തൊടുന്ന മാന്ത്രിക നിമിഷങ്ങൾ.!


തണലെന്ന് 
മറ്റാരെങ്കിലും അടയാളപ്പെടുത്തുന്ന
നേരത്താവും ഇളവെയിലിൽ
ഉണങ്ങിപ്പൊടിയുന്നത്.
എന്നിട്ടും
ബാക്കിയാവുന്നതെങ്ങനെയെന്നറിയുമോ ?
ആർക്കുമറിയാത്ത
അവനവൻ നേരങ്ങളുണ്ട്,
ഉണങ്ങിയ വേരിലും
വസന്തം തൊടുന്ന
മാന്ത്രിക നിമിഷങ്ങൾ.!


വാക്കറ്റം 

അവസാനത്തെ  ബസ് മിസ്സായതല്ല, 
നിന്റടുത്തെത്താനുള്ള ആവേശത്താൽ 
ബസിനു വേഗം പോരാ തോന്നി 
ഇറങ്ങി നടന്നതാണെന്ന്.



മഴവില്ല്





 





എത്രയമർത്തി വരച്ചിട്ടും,

നിറം പിടിക്കാത്ത ജീവിതങ്ങൾ

മഴവില്ല് കാണുന്നു.

കവിതയിലൊരു വരി മാറ്റിവെച്ചതാണ്

മാഞ്ഞു പോകും മുൻപേ പകർത്തണം.


വീട് 

മഴയത്ത് വീട്ടിലേക്ക് നടന്നെത്തുന്നു.

ഓടാമ്പലില്ലാത്തത് കൊണ്ട് മാത്രം 

എനിക്ക് നേരെ കൊട്ടിയടക്കാൻ

പറ്റാത്ത വീടിന്റെ വാതിലെന്നത്

ആരുടെ നിസ്സഹായതയാണ് ?

ഉള്ളിൽ ജീവനിരിക്കുമ്പോഴുള്ള കരുതൽ,

പേമാരിയിലും

നിലം പൊത്താതെ നിവർന്നിരിക്കുന്ന

വീടിനെ നോക്കി പഠിക്കാം. 

നിസ്സഹായതയുടെ ചോദ്യങ്ങൾ ശബ്ദമില്ലാതെ ഉയരും,

ഉത്തരങ്ങൾ

അകം പുറം പെയ്യുന്ന മഴയിലൊളിക്കും. 

പുറത്തേക്കൊഴുകാതെ വീട് തടയും.


വിഷാദവും പൂച്ചയും 


എത്ര തവണ പുറത്താക്കി

വാതിലടച്ചാലും

പിന്നെയും വന്നു കുറുകുന്ന,

ഇരയെ കൊല്ലാതെ, തിന്നാതെ 

തട്ടി കളിക്കുന്ന,

വിഷാദത്തിനു പൂച്ചയുടെ ശരീരഭാഷയാണ്, 

വന്യതയെ അത്രമേൽ ഒളിപ്പിക്കുന്ന 

മറ്റൊരു മുഖവുമില്ല !


വാക്കറ്റം 

അറിഞ്ഞിട്ടു പോലുമുണ്ടാകില്ലവർ

വിശേഷം തിരക്കാനായി

ചോദിച്ച വാക്കുകളാണ്

എന്നെന്നേക്കുമായടച്ചിട്ട

പലയോർമകളുടെയും 

താക്കോലെന്ന്

അവനവന്റെ ആകാശത്തിലേക്കുള്ള വാതിലുകൾ














 തട്ടി നോക്കാത്തത് കൊണ്ട്

തുറക്കാതിരിക്കുന്ന

അവനവന്റെ 

ആകാശത്തിലേക്കുള്ള

വാതിലുകൾ

ഉത്തരത്തിലോ കക്ഷത്തിലോ

ഒന്നുമില്ലാതിരുന്നിട്ടും

ഓരോ തവണയും 

വന്നു തിരിച്ചു നടക്കുന്നു



മഴ.

വലിപ്പ ചെറുപ്പമില്ലാതെ

മുഖത്തെഴുത്തുകളെ

മായ്ച്ചു കളയുന്നു, മഴ. 

ചിരി വരച്ചു ചേർത്തവർ

കരഞ്ഞു തീരാത്തവർ

ചമയങ്ങളില്ലാതെ

നനഞ്ഞൊട്ടി വെളിപ്പെടുന്നു.

നീണ്ടകാലം എന്നത് എല്ലാ കാലത്തേക്കും എന്നല്ലല്ലോ



അധികമാർക്കും മനസ്സിലാകാനിടയില്ല.


ഓരോ അനക്കത്തെയും,

നിന്റേതെന്ന് നിനയ്ക്കും. 

ഉടനെ തന്നെ, 

നേരമായില്ലെന്ന് തിരുത്തും. 

കണ്ടുമുട്ടിയിട്ടേയില്ലാത്തൊരാളെ 

കൂടെ കൊണ്ട് നടക്കുന്നതിനെ 

അധികമാർക്കും മനസ്സിലാകാനിടയില്ല.



വേരുകളോട് ചോദിക്കണം


സ്വന്തം വഴി കണ്ടെത്തുന്നതിനു മുൻപേ

ഒരിടത്തു നിന്നു 

മറ്റൊരിടത്തേക്ക്

പറിച്ചു നടുന്ന മരങ്ങളുടെ

വേരുകളോട് ചോദിക്കണം

പറിച്ചു നടലിന്റെ 

വേദനകളെ പറ്റി.



കാത്തിരിപ്പിനൊടുവിൽ 


കാത്തിരിപ്പിനൊടുവിൽ 

കണ്ടുമുട്ടാതെ പോയാൽ 

അടയാള കല്ല്‌ വെക്കണമെന്നായിരുന്നു നിയമം. 

പല കുറി പെയ്തിട്ടും കുത്തിയൊലിച്ചിട്ടും

മഴ തൊട്ടു നോക്കിയിട്ടില്ല 

പണ്ടെങ്ങോ നീ വച്ചു പോയ അടയാളങ്ങളെ


പക വീട്ടുന്നതാകണം 


മറ്റൊരാൾക്ക് 

തേടി വരാൻ പറ്റാത്ത വിധമാണ് 

വഴികൾ മറഞ്ഞു പോകുന്നത്. 

നീണ്ട കാലം ചവിട്ടി മെതിച്ചതിന്റെ 

പക വീട്ടുന്നതാകണം 

അല്ലെങ്കിൽ ഇത്രപെട്ടെന്ന്‌

എങ്ങനെ വളരാനാണ് 

നാം നടന്ന വഴികളിലേക്കീ 

മുൾക്കാടുകൾ



വാക്കറ്റം  :

ഉണങ്ങാത്ത മുറിവുകളെ
കൂട്ടക്ഷരങ്ങളെന്നു അടയാളപ്പെടുത്തുന്നു.
എപ്പോഴേ പൂർത്തിയായതാണ്
മുറിവുകളുടെ അക്ഷരമാല. !

നിറങ്ങളുടെ ആൽബം

 











ലോകത്തെവിടെയും

കറുപ്പൊരിക്കലും,

ഒരു നിറം മാത്രമായിരുന്നിട്ടില്ല !


എത്രയാഴത്തിലേറ്റാലും, 

ഒരു മുറിവിന്റെ അടയാളത്തെ പോലും  സ്വന്തമാക്കാതെ, 

കൊണ്ടു നടക്കാതെ

കടൽ നീല !

ആകാശ നീല !!


മറ്റെല്ലാ തണലുകളുമുണങ്ങിയ

വേനലിൽ, 

പ്രണയം,  തണൽ വിരിക്കുന്ന 

ചുവപ്പെന്നു വാക  


കേവലമൊരു നിറമല്ല

മുറിച്ചിട്ടാലും

തളിർക്കുമെന്നൊരു

ജീവന്റെ ഉറപ്പാണ്

പച്ചയെന്ന് 

പ്രകൃതി


വാക്കറ്റം  :

വരണ്ടുണങ്ങിയ പാടത്ത്

ഒറ്റമഴ എഴുതിവെക്കുന്ന

പച്ചപ്പുകളെ കണ്ടിട്ടുണ്ടോ

കവിതയെന്നത്

കുട്ടിക്കളിയല്ല !


പഴയ പ്രണയം












 പഴയ  പ്രണയം 

ഫിലമെന്റ് ബൾബ് പോലെയാണ് 

കെട്ടു പോയതിനു ശേഷവും 

മഞ്ചാടി നിറച്ചും 

കളർ വെള്ളം നിറച്ചും

ഗപ്പിയെ വളർത്തിയും 

 കൗതുകത്തോടെ

താലോലിക്കുന്നു  ചിലർ



വെയില് കായുന്ന മരങ്ങൾ 


ഇലയഴിച്ചിട്ട് 

വെയില് 

കായുന്നു മരങ്ങൾ 

നീ കോറിയിട്ട 

മുറിവുകളെ 

എങ്ങനെയുണക്കാനാണ്

വേനൽ 




ഏകാന്തത


വഴി നീളെ ഒളിച്ചു വെച്ച, 

വീണാൽ സ്വയമടയുന്ന 

ചില്ലു കൂടിനെ 

ഏകാന്തതയെന്നു 

വിളിക്കുന്നു.

സ്വന്തം വീടെന്ന പോലെ 

എത്ര പരിചിതമാണ് ആ ഇടങ്ങൾ


വാക്കറ്റം  :

ഒറ്റമഴത്തണുപ്പിലെ പുതപ്പ്
നട്ടുച്ച വെയിലിലെ കാറ്റ്
അനുഭവിച്ചവർക്കറിയാം
ഏകാന്തത വേഷം മാറി വരുന്ന നേരങ്ങൾ

മാജിക്ക്
















 കൈകാലുകൾ കെട്ടി 

ഇരുമ്പു കൂട്ടിനകത്തിട്ടു വെള്ളത്തിലേക്കെറിഞ്ഞ മജീഷ്യൻ 

കാണികൾക്കിടയിൽ നിന്നും 

ചിരിച്ചു കൊണ്ട് കടന്നു വരുന്നു 


അതോക്കെ വെറും മാജിക്കല്ലേ 


ഒരിക്കലുമാവില്ലൊരാൾക്കും

അത്രവേഗം തിരിച്ചെത്താൻ, 

വിഷാദം കൊണ്ട് വരിഞ്ഞു

ജീവിതത്തിലേക്കെറിഞ്ഞാൽ

വിഷാദം പൂത്തൊരുവൻ 


ഏതു കാട്ടിലും  ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാനാകും 

വേനൽ തൊടുമ്പോൾ പൂവിടുന്ന ചുവപ്പിനെ 

എല്ലാ ആൾക്കൂട്ടത്തിലും 

ഒറ്റപ്പെട്ടു നിൽക്കുന്നുണ്ടാകും

വിഷാദം പൂത്തൊരുവൻ 


വെറുതെയിരിക്കുമ്പോൾ 


വെറുതെയിരിക്കുമ്പോൾ 

എത്ര വലുതാണ് നമ്മുടെ 

ആകാശം

പൂമ്പാറ്റക്കെണി കൊണ്ട് 

രാത്രിയിൽ നക്ഷത്രങ്ങളെ 

പിടിക്കാം 

വെയിലുദിക്കുമ്പോൾ 

അവ പൂച്ചട്ടിയിൽ 

പൂക്കളായി ചിരിക്കും


വാക്കറ്റം  :

ഇലകളെ നോക്കി പഠിക്കണം 

വളർച്ചയുടെ നിറഭേദങ്ങളത്രയും 

ഒറ്റച്ചോദ്യത്തിൽ ഒരു ചെടിയും പറയാറില്ല ഒന്നും 

വേദനകളെ പറ്റി

 









വേദനകളെ പറ്റി 

നീയെഴുതുമ്പോൾ

അക്ഷരങ്ങൾ പട്ടാള ക്യാമ്പിൽ നിന്നെന്ന

പോലെ വരിവരിയായി പേപ്പറിലേക്കിറങ്ങി പോകുന്നു.

ശസ്ത്രക്രിയ കത്തികളെ പോലെ വാക്കുകൾ

അത്ര സൂക്ഷ്മതയിൽ

വേണ്ട ആഴത്തിൽ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു. 

പൊട്ടിച്ചിരി എന്ന വാക്കിനരിക് കൊണ്ടു

 മുറിഞ്ഞത്  ഇനിയുമുണങ്ങാതെ പഴുത്തത്

ഉപയോഗിക്കാതെ തുരുമ്പിച്ചതിനാലത്രേ



പുതുമഴ നനയരുതെന്ന്


പുതുമഴ നനയരുതെന്ന്

ഒരു കുടയോ വീടോ 

വിളിച്ചു പറയും

അല്ലെങ്കിലും

ഓർമകളെ പറ്റി അവർക്കെന്തറിയാം 

നനഞ്ഞൊട്ടും

തണുത്ത് വിറക്കും

ദിവസങ്ങൾ നീളുന്ന

പനിയോ ചുമയോ തുമ്മലോ 

ശല്യപ്പെടുത്തും

എങ്കിലും 

ഓര്മകളിങ്ങനെ ആർത്തലച്ചു 

പെയ്യുമ്പോൾ

നനായതിരിക്കുവാതെങ്ങനെ


വാക്കറ്റം :


മുറിവേറ്റാലും

നിങ്ങൾ

തല്ലി കൊഴിക്കുന്നതല്ലാതെ

ഒരിലയും

ആത്മഹത്യ ചെയ്യാറില്ല. 

ജീവിതം

പറയുന്ന

ഇല നിറങ്ങൾ...


ഒറ്റയ്ക്കിരിക്കുമ്പോൾ




 









ഒറ്റയ്ക്കിരിക്കുമ്പോൾ

നമ്മൾ വെളിച്ചം തീർന്നു പോയ 

നക്ഷത്രങ്ങളാകുന്നു.

സ്നേഹവെളിച്ചം തെളിച്ചാരു വന്നാലും

മുറുകെ മുറുക്കെ ചേർത്തു പിടിക്കും.

വെള്ളത്തിൽ, 

മുങ്ങിത്താഴുന്നതിനു മുന്നേ എത്തിപ്പിടിക്കുന്ന

കച്ചിത്തുരുമ്പ് പോലെയാണത്. 

അതിൽ നിന്നും രക്ഷപ്പെട്ടു പോയൊരാൾ 

പറഞ്ഞ കഥകൾ കൊണ്ടാണ് നമുക്ക് ചുറ്റും വേലി കെട്ടുന്നത്. 

 ജീവനും കൊണ്ടൊരാൾ

 രക്ഷപ്പെട്ടു പോകും വഴിക്ക് തീർത്ത

കഥകളുടെ വേലി ആര് തകർക്കാനാണ്. 

വെറുതെയിരിക്കുമ്പോൾ ആകാശത്തേക്ക് നോക്കുക

നക്ഷത്രങ്ങളെക്കാൾ ഇരുട്ട് കൂടുതലെന്ന്‌ 

കാണുമ്പോൾ വെളിച്ചം നഷ്ടപ്പെട്ട നക്ഷത്രങ്ങളെയോർക്കുക



വാക്കറ്റം :

പ്രണയത്തിന്റെ

വരണ്ട വേനൽക്കാലം

അനുഭവിച്ചവർക്കറിയാം

കൊയ്ത പാടത്ത്

വെയില് കാണാതെ 

ഒളിച്ചു വെച്ചതൊക്കെയും

ഒരു മഴക്കൂറ്റിന്

മുളച്ചു പൊന്തുന്നതിനെ പറ്റി



വേനലല്ലേ








 #വേനലല്ലേ,

ആഴത്തിൽ
വേരു പിടിപ്പിച്ചിട്ടുണ്ട് വെയിൽ.
അവസാനത്തെ ദിനമെന്ന് കരുതി
വെറുതേയിരിക്കുന്നേയില്ല അവ

#വേനലല്ലേ,

അവസാനത്തെ തുള്ളിയും വലിച്ചെടുത്തു
ഉണക്കിയെടുക്കും
കരുതലാണ്
വരും നാളിലെന്നോ
മഴയിൽ അലിയിച്ചെടുക്കാൻ

#വേനലല്ലേ,

നീണ്ട ആഴത്തിൽ നിന്നും
കോരിയെടുത്ത് അയച്ചു തരുന്നതാണ്
നിനക്ക് തട്ടി തൂവാൻ
തെളി നീരോർമകൾ

#വേനലല്ലേ,

ഇതുവരെ വന്നിട്ടില്ലാത്ത
നിനക്ക്
അകലെ നിന്നേ
ഒറ്റ നോട്ടത്തിൽ വീട് മനസ്സിലാക്കാനാകണം
വേലിക്കൽ നിറയെ
പൂത്തു നില്പുണ്ട്
ചുവന്ന ചെമ്പരത്തി..

#വേനലല്ലേ,

വഴിയിൽ ഏറെ അകലെയല്ലാതെ
കാത്തിരിക്കുന്നതായി തോന്നും.
മരീചികയെ പറ്റി
പറഞ്ഞു പഠിപ്പിച്ചത്
എത്ര ശ്രമിച്ചാലും ഓർമയിലെത്താതെ
ഒളിച്ചിരിക്കും.

#വേനലല്ലേ,

കൊഴിഞ്ഞു പോകുന്ന ഓരോ ഇലയും
എന്റേത് എന്റേത് എന്നു ഓർത്തു കരയാതെ ഇരിക്കുന്നതിനാലാണ്
ഏതു പൊള്ളുന്ന വേനലും
അതിജീവിക്കാൻ പറ്റുന്നതെന്ന്
ഇലകൊഴിച്ചിട്ട മരങ്ങൾ പഠിപ്പിക്കുന്നു.

#വേനലല്ലേ,

വെയില് വെള്ളം കുടിക്കാൻ
പോകുന്ന പോലെ ഇടയ്ക്കിടെ
പാഞ്ഞു പോയെത്തി നോക്കും,
ആരും കാത്തിരിപ്പില്ലെന്നു
മുരിക്കിൻ പൂമണം നെഞ്ചേറ്റിയ
കാറ്റ് അപ്പോഴൊക്കെ ഓർമ്മിപ്പിക്കും.

#വേനലല്ലേ,

തണല് തേടി കിളികളൊക്കെ പറന്നു പോകും.

വെയിലേറ്റ് ഉണങ്ങാറൊന്നുമില്ലന്നെ
ഓർമ്മകളിൽ പൊള്ളിപ്പോകുന്നതാണ്.

ഒറ്റയാകുമ്പോഴെല്ലാം,
കൊഴിഞ്ഞു വീണ ഓർമകൾ
കാട്ടുതീയായി പടരും.

#വേനലല്ലേ,

ഓർമകൾ വറ്റുമ്പോൾ
വലിഞ്ഞു മുറുകി വിണ്ടു കീറിയതാണെന്നു തോന്നും.

മുന്നറിയിപ്പില്ലാതെ
നീ പെയ്താലും
ഏറ്റവുമുള്ളിലേക്ക്
ചേർത്തു വെക്കാൻ
പാകപ്പെടുന്നതാണ്. !

#വേനലല്ലേ,

പതിവു പോലെ
ഓര്മകളുരഞ്ഞു
പുകഞ്ഞു കത്തും.
കനലാകുന്നതിനു മുൻപ്
ഊതിക്കെടുത്താൻ വിട്ടതാണ്
ഊതിയൂതി ആളിക്കത്തിച്ചു, തിരിച്ചു വന്നു
തല കുനിച്ചിരിക്കുന്നു കാറ്റ്.

വാക്കറ്റം :

പെയ്യാൻ വൈകുന്നതല്ല. 

ഉണങ്ങിയ മുറിവുകളുടെ

അടയാളങ്ങളെ മായ്ച്ചു കളയാൻ

വേണ്ടുന്നത്രയും കരുതി വെക്കുന്നതാണ്,

വേനൽ !


നല്ല കുട്ടി

















 
 നല്ല കുട്ടി

ചോക്കുയർത്തി കാട്ടി
കുട്ടികളെ , ഇത് ടെസ്റ്റ് ട്യൂബ് ആണെന്ന് വിചാരിക്കാൻ പറഞ്ഞപ്പോൾ
ഇതു വെറും ചോക്കല്ലേ മാഷേ ടെസ്റ്റ് ട്യൂബ് നമ്മൾ കണ്ടിട്ടേയില്ലല്ലോ എന്ന മറുപടി
അടി പേടിച്ചിട്ടാണ് വിഴുങ്ങിയത്.
ആ പരീക്ഷണങ്ങളത്രയും തല കുലുക്കി സമ്മതിച്ചതിനു ശേഷം കാലമിത്ര കഴിഞ്ഞിട്ടും
ഇന്റർനെറ്റ് കട്ടു ചെയ്‌ത് അഭിപ്രായ സ്വാതന്ത്ര്യത്തെയും
വാർത്തകൾ വിലക്കി മാധ്യമ സ്വാതന്ത്ര്യത്തെയും
തോക്ക് ചൂണ്ടി ജനാധിപത്യത്തെയും
പറയുമ്പോൾ
അതേ ഓർമയിൽ
തല കുലുക്കി നല്ല കുട്ടി സർട്ടിഫിക്കറ്റിന് കാത്തിരിക്കുന്നു നമ്മൾ..
ഭാരതവും ഭരണവും തുടങ്ങുന്നത് ഭയ(പ്പെടുത്തലിന്റെ ) ത്തിന്റെ ഭ കൊണ്ടാണ്... !


 ചിലർ 
എല്ലാ കാലത്തെയും വസന്തമാക്കുന്ന
ചിലരുണ്ട്
പ്രായാധിക്യം കൊണ്ട്
ഓർമ തെറ്റി പൂക്കുന്നതാണെന്നു
തെറ്റിദ്ധരിക്കും.
മുറിച്ചു മാറ്റപ്പെട്ടുവെങ്കിലും,
ഒരുമിച്ചു മണ്ണിലേക്ക് പടർന്ന,
ഇനിയും ദ്രവിക്കാത്ത
വേരുകളിലെ ഓർമ വലിച്ചെടുക്കുമ്പോൾ
സംഭവിച്ചു പോകുന്നതാണത്. !


ചെറുത് 
നീണ്ട വാക്കുകളിൽ എന്തു എഴുതാനാണ്
കുറുക്കി കുറുക്കി ചെറുതാക്കുകയാണ്.
ആദ്യ നിമിഷത്തിന്റെ തുടർച്ചയല്ലാതെ മറ്റെന്താണ് നീട്ടി പറയാനുള്ളത്.
ഒരാട്ട് അല്ലെങ്കിൽ ഒരുമ്മ
എഴുതി നോക്കിയാൽ രണ്ടക്ഷരത്തിന്
അപ്പുറം പോകില്ല
അത്രമേൽ ചെറുതാണ് കാര്യങ്ങൾ..

ഒളിയിടങ്ങൾ 
കടന്നു പോകുന്ന
ഓരോ തെരുവിലും പ്രതീക്ഷിക്കും.
കണ്ടുമുട്ടിയില്ലാത്ത രണ്ടുപേർക്ക്
പരസ്പരം
ഒളിച്ചിരിക്കാൻ
ഓരോ തെരുവിലും
എത്ര ഇടങ്ങളുണ്ടെന്നോ !  


 ഉറവ
മണൽക്കാടെന്നു വിളിക്കും
നീ വന്ന ശേഷം മരുപ്പച്ചയെന്നു തിരുത്തും.
നിന്നെ കണ്ടുമുട്ടിയ യിടത്തിൽ നിന്ന്
ഏറെ ആഴത്തിലാവില്ല
കടൽ ചുരത്തുന്ന ഉറവ.  



സ്നേഹം
ഉണക്കി കളയുമായിരുന്ന
വേനലിലെല്ലാം
അണകെട്ടി നിന്ന്
നിന്നെ നനച്ചു വളർത്തിയ
സ്നേഹത്തെ,
ഒഴുക്കില്ലാത്തതെന്നും
വറ്റി വരളുന്നതെന്നും
പരിചയപ്പെടുത്തുന്നു.



 വാക്കറ്റം :
തുളുമ്പി തൂവിയത് ആരുടെ
ഓർമയാണെന്നതിന്റെ,
വിരലടയാളമാണ്.
തെളിഞ്ഞു നിൽക്കുന്ന മഴവില്ല്..  

രാഷ്ട്രമനുഷ്യൻ

മടുപ്പ് 






















മടുപ്പൊരു ചാവ് കടലാണ്
മുക്കി കൊല്ലാതെ
കരയ്ക്കടുപ്പിക്കാതെ
കിടത്തും.
സ്വന്തമായൊരു ലോകം ചുമലിലുള്ളത്
കൊണ്ടാണ് എനിക്ക് പോകാനൊരു
തിരക്കുമില്ലാത്തത് എന്നു വഴിയേ പോകുന്ന
ആമ വരെ കളിയാക്കും..

 ദലമർമ്മരമല്ല
മരച്ചുവട്ടിൽ നട്ടുച്ചകളിൽ ചെവിയോർത്താൽ കേൾക്കുന്നത്
ദലമർമ്മരമല്ല,
ഒറ്റയാകുമ്പോൾ കഥകളെ ഓർത്തെടുത്ത് പിറുപിറുക്കുന്നതാണ്.
കൂടുവെക്കാതെ,
ചില്ലകളിൽ ചിറകൊതുക്കിയ
ദേശാടനക്കിളികൾ
പറഞ്ഞു പോയവ.


രാഷ്ട്രമനുഷ്യൻ 
രാഷ്ട്രമനുഷ്യൻ എന്നത് ആരുടെ ചിന്തയാണ്
ഒറ്റവെട്ടിനു രണ്ടായി മുറിക്കപ്പെട്ട
തലയെ കശ്മീർ എന്നും
ചേർത്തു പിടിക്കാൻ നീട്ടിയപ്പോൾ
വിലങ്ങു വെച്ച കൈകളെ ആസാം എന്നും
ജയ്‌ശ്രീറാം പറഞ്ഞു നെഞ്ചു തുളച്ചതിനെ
ഡല്ഹിയെന്നും അടയാളപ്പെടുത്തുന്നു
ചിത്രവധത്തിനു മതങ്ങളോളം പഴക്കം.

 ചൂണ്ട 
എത്രയാഴത്തിലായാലും
ഓർമകളെ കോർത്തെറിയുന്ന
ചൂണ്ടലിൽ കൊത്തുക തന്നെ ചെയ്യും.
വലിച്ചിടുന്നത് ശ്വാസം കിട്ടാതെ
പിടയുന്ന ലോകത്തിലേക്കെന്നറിഞ്ഞാലും..

 വാക്കറ്റം :
തമ്മിൽ പരിചയമുള്ള
അവസാനത്തെയാളും
വന്നു ചോദിക്കും.
ഉത്തരത്തെ
ജീവിതമെന്നോ പ്രതീക്ഷയെന്നോ
അടയാളപ്പെടുത്തും.

 

ചായം തേച്ചു മറച്ച പോറലുകൾ..
















കവിത കൊണ്ടു
പൊതിഞ്ഞു കെട്ടുന്നതാണ്
ഇനിയുമുണങ്ങാത്ത
മുറിവുകളെ..
ഒറ്റ നോട്ടത്തിൽ ആർക്കു മനസ്സിലാകാനാണ്
ചായം തേച്ചു മറച്ച പോറലുകൾ..



വേദനകളെ പറ്റി  
 
വേദനകളെ പറ്റി
വേരുകളോട് ചോദിക്കണം
മുറിഞ്ഞിടത്ത്
ചില്ലകൾ തളിർക്കാതെ
പോകുന്നതിനെ പറ്റി
തീർച്ചയായും പറയാനുണ്ടാകും..  


#പ്രണയം 
ആവർത്തിച്ചെഴുതി
മനോഹരമാക്കിയതാണ്.
മറ്റൊന്നിനെയുമാവില്ല,
ചെറുവാക്കിൽ
ഇതു പോലെ പകർത്താൻ..


വാക്കറ്റം :
വേര് നീട്ടി തൊട്ടിട്ടുണ്ടാകണം
ആഴത്തിലെ ഓർമകളെ,
ചില്ലയിൽ പൂക്കൾ കൊണ്ട്
പേരെഴുതാൻ ശ്രമിക്കുന്നു.

ഇന്ത്യ കാർഷിക രാജ്യമാണ്..!

























വിത്തിട്ടത് മുളച്ചു പാകമായാൽ,
പറിച്ചു നട്ട് ശീലമുള്ള നാട്ടിൽ,
പല നൂറ്റാണ്ടു കാലം,
കഥകളിൽ മൂപ്പെത്തിയ
രാമനെയും കൃഷ്ണനെയും മറ്റുള്ളവരെയും

ചരിത്രത്തിലേക്ക് പറിച്ചു നടുന്നുണ്ട്, ചിലർ.
അഞ്ചു വർഷത്തിനപ്പുറവും
നീളുന്ന നല്ല വിള കിട്ടാൻ..
ഇന്ത്യ കാർഷിക രാജ്യമാണ്..!




 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്

തൊഴിലില്ലായ്മയാണ്
സാമ്പത്തിക മാന്ദ്യമാണ്..
ഓ,
സാരമില്ലെന്നേ,
ഓർത്തു നോക്കിയേ നമ്മളിപ്പോൾ
അയോധ്യയിൽ രാമക്ഷേത്രം കെട്ടുമല്ലോ..

പെട്രോളിനും ഗ്യാസിനും
അരിക്കും പച്ചക്കറിക്കും തീവിലയായി
കണ്ണു തുറന്നൊന്നു നോക്കിയേ
ഓടുന്ന ട്രെയിനിൽ നമ്മൾ ശിവക്ഷേത്രം ഉണ്ടാക്കിയല്ലൊ
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്..



 ഓർമകളുടെ മഞ്ചാടി മണികൾ. 
 
നാളുകളെടുത്ത്
നിറമില്ലാത്ത ചില്ലു ഭരണിക്കകത്ത് ശേഖരിച്ചു വെച്ചതാണ്.
സോറി പറഞ്ഞൊഴിഞ്ഞു പോയാലും
എവിടൊക്കെ ഒളിച്ചിരിക്കുന്നുണ്ടാകും
അബദ്ധത്തിലെങ്കിലും,
നീ തട്ടി തൂവിയ ഓർമകളുടെ മഞ്ചാടി മണികൾ. 




 വാക്കറ്റം :

 രക്ഷപ്പെട്ടു പോകലെളുപ്പമല്ല,
എഴുതി നോക്കിയാലറിയാം
തൂക്കുകയർ കൊണ്ടു നടക്കുന്ന
വാക്കാണ്
മടുപ്പ് !!

മുറിവുകളുടെ നിഘണ്ടു














#മുറിവ്/അറിവ്
ഒറ്റയക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ,
ഓരോ ദിനവും
പുതുക്കിയെഴുതുന്നുണ്ട്
മുറിവുകളുടെ നിഘണ്ടു.



 ഓർമകൾ
മായ്ച്ചു കളയാൻ അമർത്തിയുരച്ചതാണ്,
മാറ്റു നോക്കാനെന്നു കരുതി
തെളിഞ്ഞു വരുന്നു ഓർമകൾ !  


നിഴലുകൾ
ഉറങ്ങാൻ വിടാതെ
തട്ടിവിളിക്കുന്ന
ഓർമകളാണ്,
ഉണരുമ്പോൾ
നിഴലുകളായി
പിന്തുടരുന്നത്.





 വീട്ടിൽ പൂട്ടിയിടുന്നത്
മണൽക്കാട്, വെയിൽ, വിജനത
അരസികമായ ജീവിതമിങ്ങനെ നീണ്ടു നീണ്ടു പോകുമ്പോൾ
മുന്നറിയിപ്പുകളില്ലാതെ
അവൾ വരും
സംസാരിച്ചിരിക്കുമ്പോൾ
ചുറ്റിനുമായിങ്ങനെ പറന്നു വരും
ജനാലകൾ, വാതിലുകൾ, ചുമരുകൾ...
വിരസമെങ്കിലും നടന്നു പോകുന്ന ഒന്നിനെ
എത്ര എളുപ്പത്തിലാണ്
വീട്ടിൽ പൂട്ടിയിടുന്നത്.  


 

 വീഴ്ച 
മുങ്ങി ചത്ത പാമ്പ്
ഒലിച്ചു പോയി.
ഇഴഞ്ഞു പോയ കാലത്ത്
വഴിയിലത് പൊഴിച്ചിട്ട പടം
കടിച്ചത്രേ
വിഷം തീണ്ടി വീണു പോകുന്നതിടക്കിടെ !


 
 ഒറ്റ നോട്ടത്തിൽ
ഒറ്റ നോട്ടത്തിൽ പരുക്കരായ
കുറെ മനുഷ്യരുണ്ട്.
പ്രണയത്തിൽ, ജീവിതത്തിൽ,
എത്ര ശ്രമിച്ചിട്ടും മുന്നിലെത്താൻ കഴിയാത്തവരാണ്.
ജയിച്ചു മുന്നേറിയവരുടെ കൂട്ടത്തിൽ അവരുടെ പേര് കാണാനിടയില്ല, തോറ്റ് പോയവരുടെ കൂട്ടത്തിലും.
പൂർത്തിയാക്കാൻ ബാക്കിയുള്ള ജീവിതത്തിന്റെ കനമാണ് അവരുടെ പുറന്തോടിന്‌.
നിങ്ങൾക്കിടയിൽ അതുള്ളത് കൊണ്ടാണ്
അവരെ പറ്റി പറയുമ്പോൾ ആമകളെ ഓർത്തുപോകുന്നത്.  



വാക്കറ്റം :

മഴ തോർന്നാലും
ഇളങ്കാറ്റിന്റെ ഒരു തലോടൽ മതി.
നിന്ന നിൽപ്പിൽ,
മരം പെയ്‌ത്തിൽ
ആകെ നനയ്ക്കാൻ !
 

മേശ വലിപ്പിലെ അവസാന വെടിയുണ്ട















തലവേദനയുടെ ഗുളിക കാണുന്നില്ല,
ഈയിടെയായി മറവി കൂടുകയാണ്.
ഗാന്ധിയെ ഗോഡ്‌സെ കൊന്നെന്നാണോ കൊന്നില്ലെന്നാണോ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നത് ?
മറന്നെങ്കിൽ പോട്ടെ
ഗാന്ധിയെ പണ്ടാരു കൊന്നെങ്കിലെന്താ
ഞാൻ പണിക്ക് പോയാലല്ലേ
എനിക്ക് ജീവിക്കാനാകൂ..
മേശ വലിപ്പിൽ മൂന്നു വെടിയുണ്ടകൾ !
ഒന്നെടുത്തു വിഴുങ്ങി വെളളം കുടിച്ചു.
തല വേദനയുടെ ഗുളിക എവിടെ ഇരിക്കുന്നുവെന്തോ
അഖ്‌ലാക്കിന്റെ വീട്ടിൽ
ആട്ടിറച്ചി ആയിരുന്നു എന്നാണോ
അല്ലെന്നാണോ അവർ പറഞ്ഞത്?
എന്തായാലെന്താ
ഹോട്ടലിൽ പോയാൽ ഇഷ്ടം പോലെ കിട്ടില്ലേ
ഇവിടെ വല്ല പ്രശ്നവും ഉണ്ടോ?
മേശവലിപ്പിൽ രണ്ടു വെടിയുണ്ടകൾ !
ഭക്ഷണത്തിനു മുൻപ് കഴിക്കണം എന്നാണോ ശേഷം എന്നാണോ?
നശിച്ച തലവേദന മാറുന്നില്ലല്ലോ !
നാളെ മുതൽ
പണിക്ക് വരേണ്ടെന്നാണോ
ഓഫീസ് വിറ്റെന്നാണോ അവർ പറഞ്ഞത്?
ഈയിടെയായി മറവി കൂടിയത് ഭാഗ്യമാണ്!
മേശവലിപ്പിൽ ഒറ്റ വെടിയുണ്ട!
അവസാനത്തെ അവസരമാണ്
കൊണ്ടു ചാകാനായാലും തിരിച്ചടിക്കാനായാലും.



വാക്കറ്റം :

ഉള്ളിലടുപ്പമില്ലാത്തത് കൊണ്ടാകും
വാക്കുകൾ കൊണ്ടിത്രയേറെ
സ്നേഹിക്കാനാകുന്നത്...
കൊഴിഞ്ഞ ഇലകളെന്നാൽ
വളർന്ന പടവുകളെന്നു
മരം പഠിപ്പിക്കുന്നു. 



എഴുത്തിലെ വേനൽക്കാലം


















നിന്നെ പറ്റി മാത്രം കുറിക്കുമ്പോൾ
തുടങ്ങുന്നതാണ്
എഴുത്തിലെ വേനൽക്കാലം.
ഇലകൾ കൊഴിച്ചിട്ട
മറ്റ് മരങ്ങൾക്കിടയിൽ
വാക ചുവന്നു പൂക്കുന്ന കാലം..!!



കുഴിയാനക്കുഴി
ചെറുതല്ലേ എളുപ്പത്തിൽ
രക്ഷപ്പെട്ടു കളയാം എന്നൊക്കെ,
നിസ്സാരമായി കരുതും,
എങ്കിലും ഓരോ കാൽവെയ്പ്പിലും
വഴുതി വീഴുന്ന
കുഴിയാനക്കുഴിയാണ്
ചില ഓർമകൾ


 വേനൽമരമാണ് ഞാൻ
ഫുട്‌ബോൾ മൈതാനികളിൽ
പുസ്തകശാലകളിൽ
അതുമല്ലെങ്കിൽ
കൂട്ടുകാരോത്ത് ചായ കുടിക്കുമ്പോൾ
അവരുടെ കൂടെയല്ല ഞാനെന്ന്
അവർക്ക് പോലും മനസ്സിലാകാൻ ഇടയില്ല.

ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം
മുറിഞ്ഞു പോയ ശിഖിരങ്ങൾ
കിളിർത്തു വരുന്ന, പേരറിയാത്ത
വേനൽമരമാണ് ഞാൻ..



 ഇന്ത്യ
അന്ന്,
വൈകിപ്പോയ
പ്രാർത്ഥനയെ
ഒറ്റ വെടിയുണ്ട കൊണ്ടാണ്
തീർത്തു കളഞ്ഞത്..
ഇന്ന്,
തോക്ക് താഴ്ത്താത്ത
പ്രത്യയശാസ്ത്ര ത്തിന് മുന്നിൽ
ഇട നെഞ്ചു കാട്ടി
നിവർന്നു നിൽക്കുന്നു ഇന്ത്യ !  



 ഗാന്ധി
സാധ്യമായ ഇടങ്ങളിൽ
നിന്നെല്ലാം മായ്ച്ചു കളയു കയാണവർ,
അവർ തന്നെ
മൂന്ന് തുളയിട്ട്‌ അവസാനിപ്പിച്ച
ഗാന്ധിയെ,
ശൈത്യ നിദ്രയിൽ നിന്നും ചരിത്രത്തെ വിളിച്ചുണർത്തി
ഓരോ തവണയും വരച്ച് ചേർക്കുന്നു
വീണ്ടും മറ്റു ചിലർ
 



വാക്കറ്റം 
കവിതയിപ്പോൾ
പഴയ പുഴകളെ പോലെ
നീണ്ടു പരന്നൊഴുകാറില്ല,
കിണറുകുത്തി കുഴിച്ചെടുക്കും പോലെ
ചെറിയ വട്ടത്തിൽ
സ്വന്തമാവശ്യത്തിനു
കോരിയെടുക്കുന്നു 
 

"പിന്നെ ? "





















 "പിന്നെ ? " 

ലൈബ്രറിക്ക് പുറത്തെ
മരത്തണലിൽ
മുഖത്തോട് മുഖം നോക്കിയിരുന്നു.
"പിന്നെ ? "
ഒരേ നേരത്ത് ഇരുവരും നിശ്വസിച്ചു,
വർഷങ്ങൾക്കപ്പുറത്ത് മുറിഞ്ഞു പോയ
സംഭാഷണം തുടർന്നു.
പാഞ്ഞു പോയ കാലം,
എന്തോ ഓർത്തിട്ടെന്ന പോലെ
തിരികെ വന്ന്
നേരത്തെ കുടഞ്ഞിട്ടു പോയ
വാർധക്യത്തിന്റെ അടയാളങ്ങളെ
മായ്ച്ചു തുടങ്ങി.  



 ജീവിതം 
വഴിയരികിലെ
മരം കൊണ്ട വെയിലിനെ
തണലെന്ന് രേഖപ്പെടുത്തിയ
പുസ്തകത്തിൽ
നടന്ന ദൂരത്തെ
വഴിയെന്നും
മരിച്ചു പോയ കാലത്തെ
ജീവിതമെന്നും
അടയാളപ്പെടുത്തുന്നു.. 


സമരം
ഒറ്റയ്ക്കും കൂട്ടമായും
നാം നട്ടു പൊന്ന സ മര ങ്ങളത്രയും
വിത്തോളം ചെറുതത്രെ
അവരിങ്ങനെ നോക്കി നിൽക്കെ
പടർന്നു പന്തലിക്കുന്ന
ആൽമരങ്ങളെ കാട്ടി ക്കൊടുക്കുന്നു
നിവർന്നു നിൽക്കുന്നതത്രയും
നാം നട്ട സമരങ്ങളുടെ തണലിൽ തന്നെയാണ് !





#അതിജീവനം  

എളുപ്പത്തിൽ ഒടിച്ചു കളയാമെന്ന്
തോന്നും
തായ് വേരുകൾ ഇല്ലാത്ത ചില നീണ്ട മരങ്ങളെ,
കൊടുങ്കാറ്റിൽ ഉടയാതെ
ചാഞ്ഞു വീണാലും
അവിടെ നിന്നും മുകളിലേക്ക്
ഉടലിൽ പുതിയ മുകുളങ്ങൾ ഉയർന്നു വരും. 





വന്മരം  
പല ദേശങ്ങളിൽ
പല ഭാഷകളിൽ
പല പേരുകളിൽ
പാഞ്ഞു പോകുന്ന നദി
എവിടെ തുടങ്ങിയെന്ന
ദിശാ സൂചിക മാത്രമാകുന്നു
അനങ്ങാതെ നിൽക്കുന്ന
ആരംഭ സ്ഥാനത്തെ വന്മരം  


 വാക്കറ്റം : 
എത്രയെത്ര
വേവലാതിക്കടല് താണ്ടി വന്നതാണ്,
ഇരുൾ കനക്കു മ്പോൾ
നിന്റെ ഓർമയുടെ ചിറകിന് കീഴിൽ പതുങ്ങുന്നത്.. 
 

ഒരു പേരിലെന്തിരിക്കുന്നു ?

 
ഇടം 
 
ഒന്നുമില്ല
എഴുതാൻ , ചേർത്തുവെക്കാൻ
നീണ്ടു പോകുന്ന
പകൽയാത്രകൾ...
ഒരിടം
ഒത്തുചേർന്നിടം
ഒത്തുചേരുമെന്നോർത്തിടം



ഒരേ തോണിയിൽ
നമ്മുടെ പേരുറക്കെ വിളിക്കുമ്പോൾ
അവസാനിക്കുന്ന അൽഭുതമുണ്ട്,
ഒരേ തോണിയിൽ
ഒരുമിച്ചിരുന്ന്
ഇരുകരകളിലേക്ക്
തുഴഞ്ഞെത്തുന്നത്.. !



ആത്മഹത്യ 
ജനിച്ചിട്ടിന്നേവരെ
കടല് കണ്ടിട്ടില്ലാത്തൊരു മീൻ
കടല് സ്വപ്നം കാണുന്നു
അക്വേറിയത്തിലെ വെള്ളത്തിൽ
കടൽ രുചികളെ പരതുന്നു
അവസാനത്തെ തുള്ളിയും രുചിച്ചു നോക്കി
കരയിലേക്കെടുത്ത് ചാടി
ആത്മഹത്യ വരെ ചെയ്യുന്നു.  


 
 മറവി 
ഉറങ്ങിയെണീറ്റിട്ടും,
മുറിഞ്ഞ സ്വപ്നത്തിൽ
നീ പറഞ്ഞതൊന്നും
മാഞ്ഞ്/ മറന്ന് പോകുന്നേയില്ല. !  



#മഴപ്പാറ്റ
 
ബസിലെ വിൻഡോ സീറ്റിലിരുന്ന്
പ്രിയപ്പെട്ട പാട്ടിനൊപ്പം
ചിറകു നൽകി
പറത്തി വിട്ട എത്രയെത്ര
ചിന്തകൾ


 വാക്കറ്റം : 
ഒരു
പേരിലെന്തിരിക്കുന്നു ?
ഒന്നുമില്ല സാർ,
ഇന്ത്യൻ പൗരത്വം. !

ഇന്ത്യയെന്നെഴുതി അടിവരയിടുന്നു നമ്മൾ !





















നിറങ്ങളിൽ
ഒന്ന് കുറവുള്ളതിനെ
മഴവില്ലെന്ന്
വിളിക്കാറുണ്ടോ നമ്മൾ ?
വൈവിധ്യങ്ങളുടെ
കടലിനു മുകളിൽ
ഇന്ത്യയെന്നെഴുതി
അടിവരയിടുന്നു നമ്മൾ ! 


 


ചരിത്രത്തിലേക്കുളള കാൽച്ചുവടുകൾ
 

 നീണ്ട സമരങ്ങളിൽ
നീണ്ടു നടന്ന പദയാത്രകളുടെ
അടയാളമുണ്ട്.
പലരും മായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ കിടപ്പുണ്ട് ചരിത്രത്തിന്റെ തീരങ്ങളിൽ,
അവയ്ക്കൊപ്പം
ചേർത്ത് വെക്കുന്നു ചരിത്രത്തിലേക്കുളള
കാൽച്ചുവടുകൾ നമ്മൾ


 പ്രതിരോധം.

ഒറ്റ വാക്കിലിങ്ങനെയൊതുക്കുന്നു,
തോറ്റു പോകേണ്ടവരല്ലായിരുന്നിട്ടും
നെറികെട്ട ഭരണകൂടം
തോൽപിച്ച
ജനതയുടെ പ്രതിരോധം. 



 വിളിച്ചു പറയും..

അവസാനത്തെ ആണിയും
അടിച്ചു കഴിഞ്ഞ് അവരുറക്കെ വിളിച്ചു പറയും
ഞങ്ങൾ കൂടെയുണ്ടെന്ന്..
മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത്
കഥയിൽ മാത്രമല്ലെന്ന്
ഒരു നാട് അവരോടും
വിളിച്ചു പറയും. !



ഉയിർത്തെഴുന്നേൽപ്പ് 
 
കൊന്നു തീർക്കാമെന്ന്
കരുതും
തച്ചു തകർക്കാമെന്നും.
ചെറുതും വലുതുമായി,
നാളിതുവരെയുള്ള
(നിങ്ങള് കളിയാക്കിയ)
സമരങ്ങളിൽ,
നാം നട്ട് പോയിടങ്ങളിൽ
നിന്നൊക്കെ
പുതു നാമ്പുകളുയർന്ന്
വരും. ! 



 വഴി

ഒന്നിന് പിറകെ
ഒരാള്
അതിനും പിറകെ
മറ്റൊരാൾ
നമ്മളിങ്ങനെ നടന്നു നടന്നാണ്
ഓരോ വഴിയും തെളിഞ്ഞിട്ടുള്ളത്..!  





#കാവൽ
ഊതിക്കെടുത്താൻ
നോക്കുമ്പോഴൊക്കെ
കനലാളി പടരുക
തന്നെ ചെയ്യും
 
 


വാക്കറ്റം :
 
എവിടെയും നിങ്ങൾക്ക്
കാണാൻ കഴിയും
ചവിട്ടി മെതിക്കുന്തോറും
ഒരം കൂടി കൂടി വരുന്ന
കമ്യൂണിസ്റ്റ് പച്ച !! 
 

  

മഷിത്തണ്ടിന്റെ കൂട്ടുകാര്‍