ഒരിക്കലും വറ്റില്ലെന്നു കരുതിയ സൌഹൃദത്തിന്റെ
കടലാണ് ഒരു തീയാളലിൽ ആവിയായി പോയത്..!!
കൂടെയുണ്ടാകുമെന്നും എന്ന് വാക്ക് തന്നവളാണ്
ആദ്യമിറങ്ങി പോയത് ..!
ആർക്കും തകർക്കാനാവരുതെന്നുറച്ച്
സ്‌നേഹത്തിൽ കുഴച്ചു കെട്ടിയുയർത്തിയതായിരുന്നു ചുറ്റും..
തകർന്നു വീഴുന്ന മണല്കൊട്ടാരം,
ചുറ്റുമുള്ളത് ആൾകൂട്ടം മാത്രമാണെന്ന്
എത്ര നിസ്സാരമായാണ് കാട്ടിത്തരുന്നത്..!!
പെട്ടെന്നായതു കൊണ്ട്
തുണിയുടുക്കാനാകാതെ പുറത്തേക്ക് ചാടിയ,
എന്നും ഞാൻ വെള്ള പൂശി കാണിക്കാറുള്ള
പ്രിയപെട്ടവരുടെ തനിനിറം കാണാനൊത്തല്ലോ..!!
ഇനിയിപ്പോൾ
ലോകം പെട്ടന്നൊന്നും അവസാനിക്കുന്നില്ലെങ്കിൽ
നിങ്ങൾ വാ
നമുക്കൊരു കവിത വായിച്ചിരിക്കാം ഇവിടെ..!!
വാക്കറ്റം :
വരി (ഴി) തെറ്റിപോകാതിരിക്കാൻ
അടിവരയിടുക തന്നെ വേണം..
പ്രണയത്തിലായാലും
പ്രളയത്തിലായാലും...
അടിവരയിടുക തന്നെ വേണം..
പ്രണയത്തിലായാലും
പ്രളയത്തിലായാലും...