ഓർമ്മകളുടെ വെയിൽ
വെയിലിനിട്ട ഓര്‍മ്മകളെ നനച്ചു കൊണ്ട്
ഒരു മഴക്കഷണം വെറുതെ പാഞ്ഞു പോയി
എല്ലാത്തിനേം അടുക്കി വെച്ചിട്ടും
നിന്റെ മണത്തെ മാത്രം നനഞ്ഞ മണ്ണ്‍
ഓര്‍ത്തെടുത്തു കൊണ്ടേയിരുന്നു !!


അപ്പൂപ്പന്‍താടി

ഒന്ന് പൊട്ടിത്തെറിക്കാനാണ് എല്ലാവരും കാത്തിരുന്നത്
എത്രകാലമാണ്
ഉണങ്ങിയ പുറന്തോടിനുള്ളില്‍ അടയിരിക്കുക
നേര്‍ത്ത നാരുകള്‍, വിസ്മയത്തിന്റെ ചിറകുകള്‍
വിത്തുകള്‍ 
ഭാരമാറിയാതെ ഉയരങ്ങളില്‍ പറന്നെത്തുക തന്നെ ചെയ്യും


ചിന്തകളുടെ കാട്

എത്ര നേരം പണിപ്പെട്ടാണ് ഒന്ന് വെട്ടിത്തെളിച്ചത്
എന്നിട്ടുമെത്ര പെട്ടെന്നാണ് 
വളര്‍ന്നു പന്തളിക്കുന്നത് 
വഴികള്‍ ഒന്നില്‍ നിന്നുമാറ്റൊന്നിലെക്ക്
കാക്കത്തൊള്ളായിരം ഇടവഴികളുള്ള 
വെളിച്ചമെത്തിനോക്കാത്ത
നിറഞ്ഞ ചിന്തകളുടെ കാട് !!പ്രണയമേ

വിരഹത്തിൻ പകലെത്ര നീണ്ടാലും 
ഏതൊക്കെ കടൽ കടന്ന് പറന്നാലും
ഇരുട്ടു വീഴും മുമ്പേ കൂടെത്തി കുറുകുന്ന
പക്ഷിക്ക്‌, പ്രണയമേ 
നിന്റെ പേരിട്ട്‌ വിളിക്കുന്നു..!


വാക്കറ്റം : 

ഒരൊച്ച പോലും കൂട്ടിനെത്താത്ത 
മരുഭൂമിയിലെ ഇരുട്ടില്‍ 
ഒറ്റയ്ക്ക് മഞ്ഞു നനയുന്നു 
നട്ടുച്ചകളില്‍ മരീചികകള്‍ എങ്കിലും കണ്ടേനെ !

ഇണപ്പേജ്‌ !


വാശിപ്പുറത്ത്‌ കീറിയെറിഞ്ഞിട്ടും 
നാളുകൾക്ക്‌ ശേഷം 
എഴുതിയെഴുതി നടുപ്പേജും കഴിഞ്ഞ്‌ മുന്നോട്ടു പോകുമ്പോൾ കാണാം 
ഇളകി കിടക്കുന്ന 
ഇണപ്പേജ്‌ ! 
ഒറ്റനൂലുകൊണ്ട്‌ തുന്നിച്ചേർത്ത പ്രണയപുസ്തകമല്ലോ
നമ്മൾ!!നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


കൂട്ടിനു വന്ന നക്ഷത്രങ്ങൾ 
മേഘക്കീറിൽ മൂടിപ്പുതച്ചുറങ്ങുന്നു
തണുപ്പിൽ, ഏകാന്തതയിൽ 
നിന്നെ കാത്തിരുന്ന് 
നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


പ്രപഞ്ചം 


പ്രണയമുറഞ്ഞു കിടന്ന കടലാഴത്തിൽ നിന്ന്
മുകളിലേക്ക്‌ പുറപ്പെട്ട വായുകുമിള,
ഇരയെന്ന് കരുതി വിഴുങ്ങിയ കുഞ്ഞുമീനിന്റെ ചെകിള വഴി പുറത്തെത്തി,
ജലപ്പരപ്പിലൊരു ജലകുമിളയായി ;
തന്നിലൊരു ഭൂമിയെയും ആകാശത്തെയും വരച്ചു കാട്ടുന്നു.. !വാക്കറ്റം :

വിരഹത്തണുപ്പിൽ 
ഇനിയുമെത്രകാലം 
നിനക്കായെഴുതിയ അക്ഷരങ്ങൾക്ക്‌ തീകൊളുത്തി 
ചൂടു കായും നീ

മഞ്ഞ്‌ വീഴ്ച

മഞ്ഞ്‌ വീഴ്ചയിൽ കുട പിടിച്ച്‌ നൽകുന്നവരോട്‌ 
ഇലകളില്ലാത്ത ശിഖരത്തിനു താഴെ,
വലിയ മഴക്കാലം ഒറ്റയ്ക്കാണത്രെ 
നനഞ്ഞു തീർത്തത്‌..


കിണർ 

കടലിലേക്കുള്ള ഉൾവഴികളിലെ ഞരമ്പിലാവണം 
കിണറു കൊണ്ട്‌ മുറിവേൽപ്പിച്ചത്‌. 
അടിയൊഴുക്ക്‌ ശക്തമായതിനാലാകണം 
മഴ പെയ്തു തോർന്നിട്ടും 
ഇടയ്ക്കിടയ്ക്കിങ്ങനെ 
കിണർ കലമ്പി കലങ്ങുന്നത്‌.

കാശിത്തുമ്പ
രാവിൽ എത്ര നേരം പെയ്തിട്ടാണ്‌ മഞ്ഞ്‌,
ഇലയിലൊരു തുള്ളിയായി താഴേക്ക്‌ കുതിച്ചത്‌.
എന്നിട്ടും 
ഒന്നു ചുണ്ട്‌ ചേർക്കുന്നതിനു മുമ്പേ
പിണങ്ങി പൊട്ടിത്തെറിച്ച്‌ പോകുന്നു
കാത്തു സൂക്ഷിച്ച വിത്തുകൾ..


വാക്കറ്റം :

തിരിക്ക്‌ തീ കൊടുക്കേണ്ടയാൾ 
ഉറങ്ങിപ്പോയതു കൊണ്ട്‌
രാത്രിമഞ്ഞ്‌ നനഞ്ഞ്‌,
വിറച്ചിരിക്കുന്ന പൂക്കുറ്റി.. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍