1.
അടുക്കുമ്പോൾ ചൂടെന്നും
അകലുമ്പോൾ തണുപ്പെന്നും പറഞ്ഞ്
ഒളിച്ചു കളിച്ചതോർക്കുന്നുവോ...
നീയിപ്പോഴും,
കയ്യെത്താത്ത അകലത്തിലായതിനാലാവണം
പുറത്തിപ്പോഴും
കൊടും തണുപ്പ്
2.
ഒരു ചിത കത്തുന്ന
മണമുയരുന്നതറിഞ്ഞുവോ നീ..
ഇന്നലെ നാമൊരുമിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ
നമ്മുടെ പ്രണയത്തിന്റെയാണത്..
3.
ചില സ്വപ്നങ്ങൾ അങ്ങനെയാണ്
ഭാരമില്ലായ്മയുടെ ചിറകിൽ നമ്മേം കൊണ്ട് ഉയരത്തിൽ പേരറിയാത്ത ഏതൊക്കെയോ തലങ്ങളിൽ
ഊളിയിട്ടങ്ങനെ...
തിരിച്ചുയരുമെന്ന് ഉറപ്പില്ലെങ്കിലും
ഒന്നു നിലം തൊടാതെ എത്ര കാലമാണിങ്ങനെ...
വാക്കറ്റം :
കമ്പിളി പുതപ്പിച്ചു ഉറക്കി കിടത്തിയിട്ടും
എഴുന്നേറ്റ്
കൂടെ വരുന്നു,
ഓർമ്മകളുടെ
ചൂടു കായാൻ
നിന്നെ കുറിച്ചുള്ള ചിന്തകൾ...