നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക് സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ
മറ്റെന്തിനാണ് വിട്ടിനടുത്തെ ഇടവഴിയില്‍
ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് ?
ഒരൊറ്റയുമ്മ കൊണ്ട് നിന്റെ പിണക്കം
മാറ്റാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കാവിനുള്ളിലെ വഴിയില്‍ ഇത്ര ഇരുട്ട് ?
കൈകോര്‍ത്തു പിടിച്ചു തോളുരുമ്മി
നടക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കുന്നിന്‍ മുകളിലേക്ക് ഈ ഒറ്റയടിപ്പാത ?
ഒരു സൈക്കിളില്‍ ഒരു വലിയ മഴ
ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?
ഇടവഴി റോഡാകുമ്പോഴും
കാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
പിന്കുറിപ്പ് :
നേരായ വഴിയിലൂടെ ഒരിക്കല്‍ പോലും വരാത്തത് കൊണ്ട്
നിന്നിലേക്കുള്ള ഓരോ കുറുക്കു വഴിയും
എനിക്ക് മന പാഠമാണ് !!